Sunday, February 20, 2011

മലയാളം കൊയ്യാന്‍ കടല്‍കടന്ന് ജോണ്‍

ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആടും മലയാള സാഹിത്യത്തിലെയും ഭാഷയിലെയും നാടന്‍ പ്രയോഗങ്ങളുമെല്ലാം ജോണ്‍ മത്തേയൂസ് എന്ന അമേരിക്കക്കാരന് പാല്‍പായസം പോലെയാണ്. മലയാളം പറയുന്നതിനിടെ നാഴികക്ക് നാല്‍പ്പത് വട്ടം ഇംഗ്ലീഷ് ഉപയോഗിക്കുന്ന ഒറിജിനല്‍ മലയാളി പോലും ഈ അമേരിക്കക്കാരനോട് സംസാരിച്ചാല്‍ നാണിച്ച് തലതാഴ്ത്തും. കാരണം കഴിഞ്ഞ ഏഴുമാസമായി കേരളത്തില്‍ ചുറ്റിക്കറങ്ങുന്ന യു.എസ്സിലെ ഡെട്രോയിറ്റ് സ്വദേശി ജോണ്‍ എന്ന മുപ്പത്തൊന്നുകാരന്‍ പഠിക്കാത്ത മലയാളം വാക്കുകളില്ല.
അമേരിക്കക്കാരനാണെങ്കിലും തനി മലയാളിയെപ്പോലെയാണ് ജോണിന്റെ സംസാരം, മാതൃഭാഷയായ ആംഗലേയം ഒട്ടും കടന്നുവരാതെ. ഇടക്ക് ചോദ്യകര്‍ത്താവ് ഇംഗ്ലീഷിലേക്ക് തിരിഞ്ഞാലും മറുപടി ശുദ്ധ മലയാളത്തില്‍ മാത്രം. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കേരള സ്റ്റഡീസിന്റെ കീഴിലാണ് ജോണ്‍ മലയാളത്തിന്റെ മല കയറുന്നത്. ഇംഗ്ലീഷും ഫ്രഞ്ചും നന്നായി സംസാരിക്കുന്ന തനിക്ക്, സംസ്കൃതത്തിന്റെ സ്വാധീനമാവാം മലയാളം വഴങ്ങാന്‍ കഠിന പ്രയത്നം തന്നെ വേണ്ടിവന്നുവെന്ന് ജോണ്‍ പറഞ്ഞു.
മിഷിഗണ്‍ സര്‍വകലാശാലയിലെ പഠനകാലത്ത് തിരുവനന്തപുരത്തുകാരി അധ്യാപിക വി.കെ ബിന്ദുവാണ് മലയാളത്തിന്റെ ആദ്യാക്ഷരം പകര്‍ന്നുതന്നത്. അന്ന് തുടങ്ങിയതാണ് മലയാളഭാഷയെ അടുത്തറിയാനും പഠിക്കാനുമുള്ള മോഹം. മലയാള ഭാഷയോടുള്ള ഒടുങ്ങാത്ത അഭിനിവേശമാണ് തന്നെ തിരുവനന്തപുരത്തെത്തിച്ചതെന്നും ജോണ്‍ പറഞ്ഞു. എങ്കിലും അപൂര്‍വ്വം ചില അക്ഷരങ്ങളും ചില മലബാരി വാക്കുകളും ഇപ്പോഴും ജോണിനു മുമ്പില്‍ വഴങ്ങാതെ നില്‍ക്കുന്നു. ഴ യും ള യുമാണ് അക്ഷരങ്ങളിലെ വില്ലന്മാര്‍.
മലയാളം മാത്രമല്ല, മലയാളിയുടെ സംസ്കാരത്തെയും ജീവിത ശൈലിയെയുമെല്ലാം അടുത്തറിയാനുള്ള ശ്രമത്തിലാണ് ഈ യുവാവ്. സുഹൃത്ത് ഇല്യാസിനൊപ്പം ജോണ്‍ ഇന്നലെ പാലക്കാട്ടെത്തിയത് എരിമയൂരില്‍ കേരള ജൈവവൈവിധ്യ ബോര്‍ഡിന്റെ പാടശേഖരത്തിലെ കൊയ്ത്തില്‍ പങ്കെടുക്കാനായിരുന്നു. തിരുവനന്തപുരത്തേക്ക് മടങ്ങും വഴി തൃശൂരിലെത്തിയ ജോണ്‍ ചന്ദ്രിക പത്രം എന്ന് പറഞ്ഞപ്പോള്‍ അത് വായിക്കാനും സമയം കണ്ടെത്തി. അമേരിക്കക്കാരെ കേരളീയര്‍ അല്‍പം സംശയത്തോടെയാണ് കാണുന്നതെന്ന് പറഞ്ഞ് പ്രകോപിപ്പിക്കാന്‍ നോക്കിയെങ്കിലും വീണില്ല. മറുപടി ഇങ്ങനെ: ഇന്ത്യന്‍ സര്‍ക്കാര്‍ ഏതായാലും അങ്ങനെയല്ല (ചിരിക്കുന്നു).
അമേരിക്കന്‍ പൗരത്വം സ്വീകരിച്ച ഡോ. ദീപ്തി എന്ന ആന്ധ്രക്കാരിയെ വിവാഹം കഴിച്ചതുമുതല്‍ തുടങ്ങിയതാണ് ഇന്ത്യ കാണാനുള്ള മോഹം. കേരളത്തിന്റെ തേങ്ങാച്ചമ്മന്തിയാണ് ഏറെ പ്രിയങ്കരം. കഴിഞ്ഞ രാത്രി കഴിച്ചതും കഞ്ഞിയും തേങ്ങാച്ചമ്മന്തിയും. ബഷീറിന്റെ മതിലുകള്‍, വിശപ്പ് തുടങ്ങിയവ വായിച്ച ശേഷം "മരണത്തിന്റെ നിഴലില്‍ ' കൂടെ കൊണ്ടുനടക്കുകയാണിപ്പോള്‍. ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ് വായിക്കാന്‍ കൊതിക്കുന്ന മറ്റൊരു പുസ്തകം.
ഭാര്യ ദീപ്തിയോടൊപ്പം അടുത്ത മേയില്‍ നാട്ടിലേക്ക് തിരിക്കാനിരിക്കുന്ന ജോണിന് കറുത്ത വര്‍ഗക്കാര്‍ തിങ്ങിത്താമസിക്കുന്ന ഡെട്രോയിറ്റില്‍ സാമൂഹിക പ്രവര്‍ത്തനം നടത്താനും താല്‍പര്യമുണ്ട്. ജോണ്‍ മാത്രമല്ല, ആന്ധ്രക്കാരിയാണെങ്കിലും ഭാര്യ ദീപ്തിയും നന്നായി മലയാളം പറയും. നാട്ടില്‍ ചെറിയൊരു കൂട്ടായ്മയും ജോണിന്റേതായുണ്ട്. ചെല്ലുമ്പോള്‍ ഈ കൂട്ടായ്മക്ക ് ഇടാന്‍ ഒരു പേരും കണ്ടുവെച്ചിട്ടുണ്ട് ജോണ്‍ മുകുളശാല!

No comments:

Post a Comment