Sunday, August 26, 2012

ദാറുല്‍ ഇര്‍ശാദ് അക്കാദമി, ചട്ടഞ്ചാല്‍

കാസര്‍ഗോഡിന്റെ വിദ്യാഭ്യാസ ചരിതം ശൈഖുനാ ശഹീദെ മില്ലത്ത് സി.എം അബ്ദുല്ല മൗലവിയുടെയും കൂടി വിദ്യാഭ്യാസ ചരിതമാണ്. വടക്കേ കേരളത്തിന്റെ സാമൂഹിക വിദ്യാഭ്യാസ നവോത്ഥാന നായകനാണ് മഹാനവര്‍കള്‍. കേരളക്കരയില്‍ സച്ചരിതരായ സ്വഹാബത്ത് പകര്‍ന്ന ദീനീ പാഠങ്ങള്‍ പിന്‍ഗാമികള്‍ ഏറ്റെടുത്ത് പ്രചരിപ്പിച്ചു. ആ സ്വഹാബീ പരമ്പരയില്‍ പെട്ടവരായിരുന്നു ചെമനാടില്‍ നിന്ന് ചെമ്പരിക്കയിലേക്ക് താമസം മാറിയ സൂഫി വര്യന്‍ പോകൂഷാ. അവരും മകന്‍ അബ്ദുല്ലാഹില്‍ ജവാഹിരിയും പേരമകന്‍ ചെമ്പരിക്ക എന്നറിയപ്പെട്ട സി മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരും നാടിന്റെ ആത്മീയ ധാരയിലെ നിലക്കാത്ത പ്രവാഹങ്ങളായിരുന്നു. ധാര്‍മിക വിജ്ഞാനീയങ്ങളായിരുന്നു അവര്‍ക്ക് കൊടുക്കാനും വാങ്ങാനും ഉണ്ടായിരുന്നത്. അവരുടെ പിന്‍ഗാമി സി.എം ആ വഴിയെ നടന്നു. ദര്‍സ് പഠന കാലത്തും ബാഖിയാത്ത് കോളെജ് പഠന കാലത്തും ശേഷം അധ്യാപന കാലത്തും സമുദായത്തിന്റെ മത ജ്ഞാനത്തിലുള്ള ആകുലതകളായിരുന്നു ആ മനം നിറയെ . ഭൗതിക പ്രസരിപ്പ് മതത്തെ നിരാകരിക്കുന്ന വിധത്തിലാകുന്ന അത്യാധുനികതയാണ് പ്രശ്‌നം. അങ്ങനെയാണ് മത ഭൗതിക സമന്വയ വിദ്യാഭ്യാസമെന്നാശയം മുള പൊട്ടുന്നതും നാട്ടിലെ പ്രമാണിയും മത ഭക്തനുമായിരുന്ന  കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ സഹകരണത്തോടെയും വന്ദ്യ പിതാവ് ഖാസി  സി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ ആശീര്‍ വാദത്തോടെയും 1971 ഏപ്രില്‍ 28ന് സഅദിയ്യ കോളജ് സ്ഥാപിക്കുന്നതും. സഅദിയ്യയുടെ സംസ്ഥാപനത്തിന് മുമ്പ് പരവനുടുക്കം ആലിയ കോളജ് സമന്വയ വിദ്യാഭ്യാസത്തിനുള്ള വേദിയാക്കാമെന്ന ഉമറാക്കളുടെ ആഗ്രഹത്തിന് വഴങ്ങി അവിടെയെത്തിയെങ്കിലും ഭരണ ഘടനയിലെ ജമാഅത്തെ ഇസ്‌ലാമി വിധേയ മത നവീകരണ വാദം മൂലം ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
സഅദിയ്യ വിട്ടതിന് ശേഷമാണ് ഒരു നിയോഗമെന്നോണം തെക്കില്‍ മൂസ ഹാജി സമീപിച്ച് ചട്ടഞ്ചാല്‍ മാഹിന ബാദിലുള്ള വിശാല സ്ഥലം കൈമാറുന്നതും ഒരു വിജ്ഞാന കേന്ദ്രം സ്ഥാപിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നതും. തുടര്‍ന്ന് 1993 ജൂലൈ 4ന് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മഹനീയ കരങ്ങളാല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന് ശിലാസ്ഥാപനം നിര്‍വ്വഹിക്കപ്പെട്ടു. ആദ്യം ഇംഗ്ലീഷ് മീഡിയം സ്‌കൂളും യതീം ഖാനയും മദ്രസയും സ്ഥാപിച്ച് ലക്ഷ്യത്തിലേക്ക് അടുക്കുകയായിരുന്നു ഈ വിദ്യാഭ്യാസ സമുച്ചയം.1999 ഒരു തീര്‍ഥയാത്രയുടെ സുവര്‍ണ സാഫല്യത്തിന്റെ വര്‍ഷമായിരുന്നു. താന്‍ വര്‍ഷങ്ങളിത് വരെ കൊണ്ട് നടന്ന മത ഭൗതിക വിദ്യാഭ്യാസ പദ്ധതി നാട്ടില്‍ നടപ്പാക്കാന്‍ പോകുന്നു. അപ്പോഴേക്കും സമന്വയ വിദ്യാഭ്യാസം കേരളക്കരയില്‍ ഒരു വിഷയമായിക്കഴിഞ്ഞിരുന്നു. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ അഫിലിയേറ്റഡ് സ്ഥാപനമായി മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ്, ദാറുല്‍ ഇര്‍ശാദ് അക്കാദമിയെ അംഗീകരിച്ചതോടുകൂടിയായിരുന്നു ആ സാക്ഷാല്‍കാരം.
മഹല്‍ സ്ഥാപനത്തിന്റെ ആദ്യ ബാച്ച് ദാറുല്‍ ഹുദായിലെ രണ്ട് വര്‍ഷത്തെ പി.ജി പഠനത്തിന് ശേഷം ഹുദവികളായി പ്രവര്‍ത്തന ഗോദയിലിറങ്ങിക്കഴിഞ്ഞു. ഒന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകള്‍ ഉദുമ പടിഞ്ഞാര്‍ ജൂനിയര്‍ വിങ് കാമ്പസിലും ആറു മുതല്‍ ഡിഗ്രി ഫൈനല്‍ വരെയുള്ള ക്ലാസുകള്‍ ചട്ടഞ്ചാല്‍ മാഹിനാബാദ് മെയിന്‍ കാമ്പസിലും പ്രവര്‍ത്തിച്ചുവരുന്നു. മുന്നോറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ദാറുല്‍ ഇര്‍ശാദ് അക്കാദമി നിലവിലെ പ്രിന്‍സിപ്പള്‍ അന്‍വര്‍ അലി ഹുദവി മാവൂരാണ്. സി.എം ഉസ്താദ് തന്നെയായിരുന്നു വിയോഗം വരെയുള്ള പ്രിന്‍സിപ്പാള്‍.
എം.ഐ.സി വിദ്യാഭ്യാസ സമുച്ചയത്തിന് കീഴില്‍ ദാറുല്‍ ഇര്‍ശാദിന് പുറമെ ബഹുമുഖ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകള്‍ക്ക് പുറമെ കര്‍ണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള പഠിതാക്കളും വിദ്യ നുകരുന്നു.  മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ നിലവിലെ പ്രസിഡന്റ് പ്രമുഖ പണ്ഡിതനും സി.എം ഉസ്താദിന്റെ സഹോദരി പുത്രനുമായ ത്വാഖ അഹ്മദ് അല്‍ അസ്ഹരിയാണ്. ജന. സെക്രട്ടറി സമസ്ത കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയും സി.എം ഉസ്താദിന്റെ നിഴല്‍പോലെ പ്രവര്‍ത്തിച്ച പ്രമുഖ പണ്ഡിതനുമായ യു.എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരാണ്.

Thursday, August 16, 2012

വരുമാനത്തിനനുസരിച്ച് വിശ്വാസികള്‍ സക്കാത്ത് നല്‍കണം. ചുഴലി

തൃക്കരിപ്പൂര്‍: ഇസ്ലാമിന്റെ പഞ്ച സതംഭങ്ങളിലൊന്നായ സക്കാത്ത് നല്‍കുന്നതില്‍ വിശ്വാസികള്‍ ശുഷ്‌കാന്തി കാണിക്കണമെന്ന്  ചുഴലി മുഹ്‌യുദ്ധീന്‍ മൌലവി അഭ്യര്‍ത്ഥിച്ചു. തൃക്കരിപ്പൂര്‍ ടൗണ്‍ ജുമാ മസ്ജിദില്‍ സക്കാത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ചുഴലി മൊഹ്‌യുദ്ദീന്‍ മൗലവി.  വിശ്വാസികള്‍ അവരുടെ വരുമാനത്തിനനുസൃതമായ രീതിയില്‍ സക്കാത്ത് നല്കണമെന്ന് അദ്ദേഹം പറഞ്ഞു. 

ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി


മലപ്പുറം ജില്ലയിലെ ചെമ്മാട് ആസ്ഥാനമായി സ്ഥിതിചെയ്യുന്ന ഉന്നത ഇസ്‌ലാമിക കലാലയമാണ് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി.സ്ഥാപനം: 1986 ജൂണ്‍ 26
വൈസ് ചാന്‍സ്‌ലര്‍: ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി
സ്ഥലം: ചെമ്മാട്
ബിരുദം: ഹുദവി
ഇസ്‌ലാമിക വിദ്യാഭ്യാസത്തോടൊപ്പം ഭൗതികവിദ്യാഭ്യാസ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള ഈ സ്ഥാപനത്തില്‍ ആധുനിക ഇസ്‌ലാമിക ചിന്താധാരകളെ കുറിച്ചുള്ള പ്രത്യേകം ഗവേഷണങ്ങള്‍ തന്നെ നടക്കുന്നുണ്ട്. കൂടാതെ വിദ്യാര്‍ഥികളുടെ ഭാഷാപരമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനും പ്രത്യേകം ഊന്നല്‍ നല്‍കിയിരിക്കുന്നു.

ലീഗ് ഓഫ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി, ദ ഫെഡറേഷന്‍ ഓഫ് ദ യൂണിവേഴ്‌സിറ്റീസ് ഓഫ് ദ ഇസ്‌ലാമിക് വേള്‍ഡ്, Al-Fathih University, Libya; Al-Azhar University,Cairo, Egypt; Jamia Milliyya, New Delhi; Aligarh Muslim University, Aligarh and Moulana Azad National Urdu University, Hyderabad തുടങ്ങിയ വ്യത്യസ്ത സ്ഥാപനങ്ങളുടെ സിലബസ് അംഗീകാരവും ഉണ്ട്. ക്ലാസോടൊപ്പം ഹോസ്റ്റല്‍ സൗകര്യവും ലൈബ്രറി, ഡിജിറ്റല്‍ ലൈബ്രറി, സയന്‍സ് ലാബ്, മെഡിക്കല്‍ എയിഡ്, കോണ്‍ഫറന്‍സ് ഹാള്‍, സ്‌പോര്‍ട്‌സ് ആന്റ് റിക്രിയേഷന്‍, ജുമാമസ്ജിദ് മുതലായ സംവിധാനങ്ങളും സ്ഥാപനത്തിലുണ്ട്.
അല്‍ഹുദാ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍(അസാസ്) ആണ് കോളേജിലെ വിദ്യാര്‍ഥി സംഘടന. വിദ്യാര്‍ഥികളുടെ വിവിധോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നു. ഇസ്‌ലാം ഓണ്‍സൈറ്റ് ആണ് കോളേജ് നേതൃത്വം നല്‍കി നടത്തുന്ന ഇസ്‌ലാമിക വെബ്‌സൈറ്റ്. തെളിച്ചം എന്ന മാസികയും സ്ഥാപനത്തില്‍ നിന്നും പുറത്തിറങ്ങി കൊണ്ടിരിക്കുന്നു.
സ്ഥാപനങ്ങള്‍: മൗലാദവീല ഹിഫ്ദുല്‍ ഖുര്‍ആന്‍ കോളേജ്, എന്‍. ഐ. ഐ. സി.എസ്(ഉറുദു), സെന്റര്‍ ഫോര്‍ പബ്ലിക് എഡുക്കേഷന്‍ ആന്റ് ട്രൈനിങ്, മന്‍ഹജുല്‍ ഹുദ ഇസ്‌ലാമിക് കോളേജ്, ഫാതിമ സഹ്‌റ വിമന്‍സ് കോളേജ്.
ചാന്‍സ്‌ലര്‍: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രൊ ചാന്‍സ്‌ലര്‍: ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, വൈസ് ചാന്‍സ്‌ലര്‍: ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി
വിലാസം:
Darul Huda Islamic University Hidaya Nagar, Chemmad Tirurangadi PO Malappuram Dist. Pin: 676306 Kerala, India Phone: 0494-2463155 info@dhiu.info WEBSITE: http://www.darulhuda.com

Friday, August 10, 2012

ജാമിഅ നൂരിയ അറബിക് കോളേജ്


തെന്നിന്ത്യയിലെ പ്രമുഖ മുസ്‌ലിം മത കലാലയങ്ങളിലൊന്നാണ് ജാമിഅഃ നൂരിയഃ അറബിക് കോളേജ്, ഫൈസാബാദ്, പട്ടിക്കാട്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത പട്ടിക്കാട് ആണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനം. കേരളത്തിലെ മുസ്‌ലിം പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ 1962-ല്‍ തുടക്കം കുറിക്കപ്പെട്ട ഈ കലാലയം അതിന്റെ പ്രവര്‍ത്തന പഥത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കി. ഇവിടെ നിന്നും മൗലവി ഫാസില്‍ ഫൈസി (എം.എഫ്.എഫ്) ബിരുദം നേടിയ പണ്ഡിത വ്യൂഹം ഇന്ന് കേരളത്തിനകത്തും പുറത്തും സേവനമനുഷ്ഠിക്കുന്നു. കേരളത്തിലെ ആദ്യത്തെ ഇസ്‌ലാം മത പഠന ബിരുദ ദാന കലാലയമായിട്ടാണ് ജാമിഅഃ നൂരിയഃ അറബിക് കോളെജ് അറിയപ്പെടുന്നത്. പ്രമുഖ മുസ്‌ലിം നവോഥാന നായകനായിരുന്ന പാണക്കാട് സയ്യിദ് പി.എം.എസ്.എ പൂക്കോയ തങളാണ് ഈ സ്ഥാപനത്തിന്റെ മുഖ്യ ശില്‍പി. സമ്പന്നനും ഉദാരമതിയുമായ ബാപ്പുഹാജി എന്ന വ്യക്തിയാണ് ജാമിഅ നൂരിയ അറബിക് കോളേജ് സ്ഥാപിക്കുന്നതിന്ന് 250-ഓളം ഏക്കര്‍ സ്ഥലവും സമ്പത്തും നല്‍കി സഹായിച്ചത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനും ഈ സ്ഥാപനത്തിന്റെ തന്നെ ഇപ്പോഴത്തെ പ്രിന്‍സിപ്പലുമായ പ്രൊഫ. ആലികുട്ടി മുസ്‌ലിയാര്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, എസ്.വൈ.എസ്. എന്നിവയുടെ സംസ്ഥാന അദ്ധ്യക്ഷനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മുന്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പരേതനായ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ , സത്യധാര ദ്വൈവാരിക പത്രാധിപര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി തുടങ്ങിയവര്‍ ഈ സ്ഥാപനത്തില്‍ നിന്നും പുറത്തിറങ്ങിയ പ്രമുഖരാണ്. ഓരോ വര്‍ഷവും നടക്കുന്ന സനദ് ദാന സമ്മേളനത്തില്‍ വെച്ചാണ് നൂറുകണക്കിന് ഫൈസികള്‍ക്ക് ബിരുദം നല്‍കുന്നത്.
മുത്വവ്വല്, മുഖ്തസര്‍ കോഴ്‌സുകളിലേക്ക് പ്രവേശനം നല്‍കുന്ന ഇവിടെ അനിവാര്യമായ ഭൗതിക വിഷയങ്ങളും അഭ്യസിപ്പിക്കപ്പെടുന്നു. വിദ്യാര്‍ഥികളുടെ നാനോന്മുഖ അഭിവൃദ്ധിക്കായി സ്ഥാപിപിക്കപ്പെട്ടതാണ് നൂറുല്‍ ഉലമാ എന്ന വിദ്യാര്‍ത്ഥി സമാജം . ഇതിന്റെ മേല്‍നോട്ടത്തില്‍ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണമാണ് അല്‍മുനീര്‍ മാസിക. നൂരിയ്യഃ യതീംഖാന, ജാമിഅഃ അപ്ലൈഡ് സയന്‍സ് കോളേജ്, ഇസ്ലാമിക് ലൈബ്രറി, എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് എന്നിവയും അനുബന്ധ സ്ഥാപനങ്ങളാണ്.

പെരുന്നാള്‍ അവധി മൂന്ന് ദിവസമാക്കണം: ജില്ലാ എസ്.കെ.എസ്.എസ്.എഫ്


കാസര്‍കോട് : പെരുന്നാള്‍ അവധി മൂന്ന് ദിവസമാക്കി പ്രഖ്യാപിച്ച് ആഘോഷത്തെ ബാധിക്കാത്തവിധം പരീക്ഷകള്‍ പുന:ക്രമീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ പല ആഘോഷങ്ങള്‍ക്കും ആഴ്ച്ചകളോളം അവധി അനുവദിക്കുമ്പോള്‍ പെരുന്നാളുകള്‍ക്ക് ഒരു ദിവസം മാത്രം അവധി അനുവദിക്കുന്ന പ്രവണത ഇനിയെങ്കിലും അവസാനിപ്പിക്കണം. ഇപ്രാവശ്യം സ്‌കൂള്‍, യുണിവേഴ്‌സിറ്റി പരീക്ഷകള്‍ റമദാന്‍ വ്രതവും പെരുന്നാളും പരിഗണിക്കാതെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

Monday, August 6, 2012

ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പി.ജി. ഫൈനല്‍ പരീക്ഷ: ജില്ലയ്ക്ക് രണ്ട് റാങ്കുകള്‍


കാസര്‍കോട്‌ : ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പി.ജി. ഫൈനല്‍ പരീക്ഷയില്‍ കാസറഗോഡ് ജില്ലയ്ക്ക് രണ്ട് റാങ്കുകള്‍. ദാറുല്‍ ഹുദാ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹദീസ് ആന്റ് റിലേറ്റഡ് സയന്‍സില്‍ പഠിതാവായ മന്‍സൂര്‍ ഇര്‍ശാദി കളനാട്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്റ് ഫണ്ടമെന്റല്‍ സ്റ്റഡീസില്‍ പഠിതാവായ ഇബ്രാഹിം ബെളിഞ്ചയും റാങ്ക് ജേതാക്കളായി.

മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ നിന്ന് ഇസ്ലാം ആന്റ് കണ്ടംപററി സ്റ്റഡീസില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ മന്‍സൂര്‍ ഇര്‍ശാദി കളനാട് കൊമ്പംപാറ ഹൗസിലെ മുഹമ്മദ് ദേളി- ആയിഷ ദമ്പതികളുടെ മകനാണ്. മാലിക്ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ നിന്ന് ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ഇബ്രാഹിം ബെളിഞ്ച മുഹമ്മദ് - ആസ്യാമ്മ ദമ്പതികളുടെ മകനാണ്.

ഇസ്ലാമിക് സര്‍വ്വകലാശാല ക്യാമ്പസ്സില്‍ ഇമാം മാലികി (റ) ന്റെ ഹദീസ് സമാഹരണത്തിലെ സംഭാവനകളെകുറിച്ച് ഇംഗ്ലീഷില്‍ മന്‍സൂര്‍ ഇര്‍ശാദി അവതരിപ്പിച്ച പ്രബന്ധവും മുലയൂട്ടലിന്റെ ഇസ്ലാമിക കര്‍മ്മശാസ്ത്ര മാനങ്ങളെക്കുറിച്ച് അറബിയില്‍ ഇബ്രാഹിം അവതരിപ്പിച്ച പ്രബന്ധവും ശ്രദ്ധേയമായിരുന്നു. 

Saturday, August 4, 2012

കൂട്ടായ പ്രവര്‍ത്തനത്തിലൂടെ അനാഥകളുടെ കണ്ണീരൊപ്പുക: അബ്ദുള്ള ഫൈസി.



പവിത്രമായ വിശുദ്ധ റമദാനില്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ അനാഥകളുടെയും അഗതി കളുടെയും കണ്ണീരൊപ്പുക എന്നത് സമൂഹ ബാധ്യതയാണെന്ന് പ്രമുഖ പണ്ഡിതന്‍ അബ്ദുള്ള ഫൈസി കണ്ണൂര്‍ (റിയാദ് ഇസ്ലാമിക്‌ സെന്റര്) ഉത്ഭോധിപ്പിച്ചു. തൃക്കരിപ്പൂര്‍ വള്വക്കാട്  മുസ്ലിം ജമാഅത്ത് സൗദി ശാഖ കമ്മിറ്റിയുടെ കീഴില്‍ നടന്ന സമൂഹ നോമ്പ് തുറയില്‍ മുഖ്യാതിഥി ആയി സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിയാദ് ക്ലാസ്സിക് ഓഡിറ്റോറിയത്തില്‍  വെച്ച് നടന്ന സംഗമം  സൗദി ശാഖാ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്   വി.പി ഹുസൈന്‍ കുഞ്ഞിയുടെ  അധ്യക്ഷതയില്‍ വി.പി. ബഷീര്‍ ഉത്ഘാടനം ചെയ്തു. ത്രിക്കരിപ്പുരിലെ വിവിധ മഹല്ല് ജമാ അത്ത് കമ്മിറ്റികളെ പ്രധിനിധീകരിച്ചു ഖാലിദ്‌ (മെട്ടമ്മല്‍ മഹല്ല്), സാലിഹ് (തങ്കയം മഹല്ല്), എം. കെ. മൂസ്സ (കൈകൊട്ടുകടവ് മഹല്ല്) വി.പി.പി. സലാം (ബീരിച്ചേരി മഹല്ല്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വി.പി. ശഹുല്‍ ഹമീദ് പ്രാര്‍ത്ഥന നടത്തി. സെക്രട്ടറി ജലീല്‍ പൊറോപ്പാട്   സ്വാഗതവും കെ. പി.പി മുഹമ്മദ്‌ കുഞ്ഞി നന്ദിയും പറഞ്ഞു. 

സമസ്ത റിസള്‍ട്ട് 2012


സമസ്ത പൊതുപരീക്ഷ: 94.13% വിജയം: റാങ്കുകളില് പെണ്കുട്ടികള്ക്ക് ആധിപത്യം


പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ ആഗസ്ത് 25 വരെ;  SAY പരീക്ഷ സെപ്തംബര്‍ 2ന് 

+2 ജേതാവിനും,  മുഅല്ലിമിനും മദ്രസ്സക്കും 5000 രൂപ ഉമര്‍ അലി തങ്ങള്‍ സ്മാരക അവാര്‍ഡ്‌


കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2012 ജൂണ്‍ 30, ജൂലൈ 1,8 തിയ്യതികളില്‍ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, യു.എ.ഇ., ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ എന്നിവിടങ്ങളിലെ 9135 മദ്‌റസകളിലെ 5,7,10,+2 ക്ലാസുകളില്‍ നടത്തിയ പൊതുപരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത 2,23,004 വിദ്യാര്‍ത്ഥികളില്‍ 2,14,163 പേര്‍ പരീക്ഷക്കിരുന്നതില്‍ 2,01,590 പേര്‍ വിജയിച്ചു (94.13%). 
 പരീക്ഷാ ഫലംwww.samastha.net, www.samastharesult.org, www.samastha.info, www.result.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.  2011 ലെ SAY പരീക്ഷ RESULT ഉം പ്രസ്തുത സൈറ്റുകളില്‍ ലഭ്യമാണ്

സമസ്ത പൊതുപരീക്ഷ: 94.13% വിജയം: റാങ്കുകളില് പെണ്കുട്ടികള്ക്ക് ആധിപത്യം


പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ ആഗസ്ത് 25 വരെ;  SAY പരീക്ഷ സെപ്തംബര്‍ 2ന് 

+2 ജേതാവിനും,  മുഅല്ലിമിനും മദ്രസ്സക്കും 5000 രൂപ ഉമര്‍ അലി തങ്ങള്‍ സ്മാരക അവാര്‍ഡ്‌


കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2012 ജൂണ്‍ 30, ജൂലൈ 1,8 തിയ്യതികളില്‍ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, യു.എ.ഇ., ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ എന്നിവിടങ്ങളിലെ 9135 മദ്‌റസകളിലെ 5,7,10,+2 ക്ലാസുകളില്‍ നടത്തിയ പൊതുപരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത 2,23,004 വിദ്യാര്‍ത്ഥികളില്‍ 2,14,163 പേര്‍ പരീക്ഷക്കിരുന്നതില്‍ 2,01,590 പേര്‍ വിജയിച്ചു (94.13%). 
 പരീക്ഷാ ഫലംwww.samastha.net, www.samastharesult.org, www.samastha.info, www.result.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.  2011 ലെ SAY പരീക്ഷ RESULT ഉം പ്രസ്തുത സൈറ്റുകളില്‍ ലഭ്യമാണ്