Friday, August 10, 2012

ജാമിഅ നൂരിയ അറബിക് കോളേജ്


തെന്നിന്ത്യയിലെ പ്രമുഖ മുസ്‌ലിം മത കലാലയങ്ങളിലൊന്നാണ് ജാമിഅഃ നൂരിയഃ അറബിക് കോളേജ്, ഫൈസാബാദ്, പട്ടിക്കാട്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത പട്ടിക്കാട് ആണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനം. കേരളത്തിലെ മുസ്‌ലിം പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ 1962-ല്‍ തുടക്കം കുറിക്കപ്പെട്ട ഈ കലാലയം അതിന്റെ പ്രവര്‍ത്തന പഥത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കി. ഇവിടെ നിന്നും മൗലവി ഫാസില്‍ ഫൈസി (എം.എഫ്.എഫ്) ബിരുദം നേടിയ പണ്ഡിത വ്യൂഹം ഇന്ന് കേരളത്തിനകത്തും പുറത്തും സേവനമനുഷ്ഠിക്കുന്നു. കേരളത്തിലെ ആദ്യത്തെ ഇസ്‌ലാം മത പഠന ബിരുദ ദാന കലാലയമായിട്ടാണ് ജാമിഅഃ നൂരിയഃ അറബിക് കോളെജ് അറിയപ്പെടുന്നത്. പ്രമുഖ മുസ്‌ലിം നവോഥാന നായകനായിരുന്ന പാണക്കാട് സയ്യിദ് പി.എം.എസ്.എ പൂക്കോയ തങളാണ് ഈ സ്ഥാപനത്തിന്റെ മുഖ്യ ശില്‍പി. സമ്പന്നനും ഉദാരമതിയുമായ ബാപ്പുഹാജി എന്ന വ്യക്തിയാണ് ജാമിഅ നൂരിയ അറബിക് കോളേജ് സ്ഥാപിക്കുന്നതിന്ന് 250-ഓളം ഏക്കര്‍ സ്ഥലവും സമ്പത്തും നല്‍കി സഹായിച്ചത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനും ഈ സ്ഥാപനത്തിന്റെ തന്നെ ഇപ്പോഴത്തെ പ്രിന്‍സിപ്പലുമായ പ്രൊഫ. ആലികുട്ടി മുസ്‌ലിയാര്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, എസ്.വൈ.എസ്. എന്നിവയുടെ സംസ്ഥാന അദ്ധ്യക്ഷനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മുന്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പരേതനായ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ , സത്യധാര ദ്വൈവാരിക പത്രാധിപര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി തുടങ്ങിയവര്‍ ഈ സ്ഥാപനത്തില്‍ നിന്നും പുറത്തിറങ്ങിയ പ്രമുഖരാണ്. ഓരോ വര്‍ഷവും നടക്കുന്ന സനദ് ദാന സമ്മേളനത്തില്‍ വെച്ചാണ് നൂറുകണക്കിന് ഫൈസികള്‍ക്ക് ബിരുദം നല്‍കുന്നത്.
മുത്വവ്വല്, മുഖ്തസര്‍ കോഴ്‌സുകളിലേക്ക് പ്രവേശനം നല്‍കുന്ന ഇവിടെ അനിവാര്യമായ ഭൗതിക വിഷയങ്ങളും അഭ്യസിപ്പിക്കപ്പെടുന്നു. വിദ്യാര്‍ഥികളുടെ നാനോന്മുഖ അഭിവൃദ്ധിക്കായി സ്ഥാപിപിക്കപ്പെട്ടതാണ് നൂറുല്‍ ഉലമാ എന്ന വിദ്യാര്‍ത്ഥി സമാജം . ഇതിന്റെ മേല്‍നോട്ടത്തില്‍ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണമാണ് അല്‍മുനീര്‍ മാസിക. നൂരിയ്യഃ യതീംഖാന, ജാമിഅഃ അപ്ലൈഡ് സയന്‍സ് കോളേജ്, ഇസ്ലാമിക് ലൈബ്രറി, എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് എന്നിവയും അനുബന്ധ സ്ഥാപനങ്ങളാണ്.

No comments:

Post a Comment