Wednesday, May 25, 2011

റിയാദ് ഇസ്‍ലാമിക് സെന്‍റര്‍: വിദ്യാര്‍ത്ഥി ഫെസ്റ്റ്

റിയാദ് : കുട്ടികള്‍ അനേകം നൈസര്‍ഗിക കഴിവുകള്‍ അന്തര്‍ലീനമായി കിടക്കുന്നവരാണ്. അവരുടെ കഴിവുകള്‍ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും നാം അവസരങ്ങള്‍ സൃഷ്ടിക്കണം. സിനിമാറ്റിക് ഡാന്‍സുകളും മിമിക്രികളും മാത്രമായി കല ചുരുങ്ങുകയും കലകള്‍ വഴിതെറ്റുകയും ചെയ്യുന്ന വര്‍ത്തമാന കാലത്ത് മതമൂല്യങ്ങള്‍ പാലിച്ചുകൊണ്ട് കലാ സാഹിത്യ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ പോലെയുള്ള സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് മോഡേണ്‍ സ്കൂള്‍ (റിയാദ്) പ്രിന്‍സിപ്പാള്‍ മുഹമ്മദ് ഹനീഫ പറഞ്ഞു.
റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ നടത്തുന്ന പ്രവാചകനെ അനുഗമിക്കുക; അഭിമാനിയാവുക എന്ന ത്രൈമാസ കാന്പയിന്‍റെ ഭാഗമായ വിദ്യാര്‍ത്ഥി ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബുട്ടി മാസ്റ്റര്‍ ശിവപുരം അധ്യക്ഷത വഹിച്ചു. മുസ്ഥഫ ബാഖവി പെരുമുഖം, എന്‍.സി. മുഹമ്മദ് കണ്ണൂര്‍, സലീം വാഫി മുത്തേടം തുടങ്ങിയവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടൂര്‍, റസാഖ് വളകൈ തുടങ്ങിയവര്‍ പങ്കെടുത്തു.
ഖിറാഅത്ത്, ഹിഫ്ള്, പ്രസംഗം, അറബി മലയാളം ഗാനം, ബാങ്ക് വിളി, പ്രബന്ധ രചന, മെമ്മറി ടെസ്റ്റ്, ക്വിസ്, വേഡ് പവര്‍ ടെസ്റ്റ്, നഅ്ത്ത് , ദഫ് തുടങ്ങിയ ഇനങ്ങളില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നാലു സ്റ്റേജിലാണ് പ്രോഗ്രാം നടന്നത്.
മത്സര വിജയികള്‍ക്കുള്ള വിവിധ സമ്മാനങ്ങള്‍ ജൂണ്‍ രണ്ടിന് നടക്കുന്ന കാന്പയിന്‍ സമാപന സമ്മേളനത്തില്‍ വെച്ച് നല്‍കും. എം.ടി.പി. മുനീര്‍ അസ്അദി പയ്യന്നൂര്‍ സ്വാഗതവും സഈദ് ഓമാനൂര്‍ നന്ദിയും പറഞ്ഞു.

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കാസര്‍ഗോഡ്‌ ജില്ല

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കാസര്‍ഗോഡ്‌ ജില്ല
ദുബൈ: കാസര്‍ഗോഡ്‌ ജില്ലാ എസ്‌.കെ.എസ്‌.എസ്‌.എഫ്‌
27/05/2011 വെള്ളിയാഴ്‌ച്ച വൈകുന്നേരം 4 മണിക്ക്‌ ദുബൈ സുന്നി സെന്ററില്‍ വെച്ച്‌ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രമുഖ പ്രഭാഷകന്‍ അഷ്‌റഫ്‌ അഷ്‌റഫി പന്താവൂര്‍ പ്രഭാഷണം നടത്തുന്നതാണ്‌.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 055 9256583, 055 1390735
സെക്രട്ടറി
കെ.വി.വി അബ്ദുള്ള വള്‍വക്കാട്‌

Saturday, May 21, 2011

ജില്ലാ സര്‍ഗലയം 2011

കാസര്‍ഗോഡ് : SKSSF സര്‍ഗലയം 2011 ന്‍റെ ഭാഗമായി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 21ശനി വൈകുന്നേരം 4 മണിക്ക് ഖസ്റജിയുടെ കത്തും കാന്തപുരത്തിന്‍റെ കേശവും എന്ന വിഷയത്തില്‍ എം.പി. മുഹമ്മദ് മുസ്‍ലിയാര്‍ കിടങ്ങല്ലൂര്‍ എല്‍.സി.ഡി. ക്ലിപ്പിങ്ങ് സഹിതം പ്രഭാഷണം നടത്തുന്നു.

22 ഞായറാഴ്ച 9 മണി മുതല്‍ ഇസ്‍ലാമിക കലാ സാഹിത്യ മത്സരവും നടക്കും.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കെ.എസ്. അലി തങ്ങള്‍ കുംബോല്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, ശൈഖുനാ ത്വാഖ ഉസ്താദ്, നാസര്‍ ഫൈസി കൂടത്തായി തുടങ്ങിയവര്‍ സംബന്ധിക്കും. തത്സമയം കേരള ഇസ്‍ലാമിക് ക്ലാസ് റൂമില്‍ ഉണ്ടായിരിക്കുന്നതാണ്.

ആറ് മദ്റസകള്‍ക്കു അംഗീകാരം

മലപ്പുറം: സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി ആറ് മദ്റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. ലക്ഷദ്വീപില്‍ മൂന്നും അല്‍ക്കോബാര്‍, ബാംഗ്ലൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോ മദ്റസകള്‍ക്ക് വീതവുമാണ് അംഗീകാരം നല്‍കിയത്. ഇതോടെ ബോര്‍ഡിന്‍റെ അംഗീകൃത മദ്റസകളുടെ എണ്ണം 9031 ആയി. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ടി.എം.കെ. ബാവ മുസ്‍ലിയാര്‍ അധ്യക്ഷത വഹിച്ചു. പി.കെ.പി. അബ്ദുസ്സലാം മുസ്‍ലിയാര്‍ സ്വാഗതവും പിണങ്ങോട് അബൂബക്കര്‍ നന്ദിയും പറഞ്ഞു.

Wednesday, May 18, 2011

മുനവ്വിര്‍: രക്ഷിതാക്കള്‍ക്ക് പഠന ക്ലാസ്സ് ഇന്ന്

ത്രിക്കരിപ്പൂര്‍: എസ്.കെ.എസ്.എസ് എഫ് മുനവ്വിര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍
മെയ് 18 ബുധനാഴ്ച വൈകീട്ട് 7 മണിക്ക്
ത്രിക്കരിപ്പൂര്‍ മുനവ്വിര്‍ മദ്രസ്സയില്‍ വെച്ച്
രക്ഷിതാക്കള്‍ക്കായി പഠന ക്ലാസ്സ് നടത്തുന്നു.
കുടുംബം, മക്കളുടെ വിദ്യാഭ്യാസം എന്നീ വിഷയങ്ങളിലാണ് പഠന ക്ലാസ്സ് നടത്തുന്നത്.
ചടങ്ങില്‍ വെച്ച് ശാഖാ കമ്മിറ്റി നടത്തിയ വീഡിയോ വിഷ്വല്‍ എക്സാം വിജയികളെ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


Thursday, May 12, 2011

വാഫി കോഴ്സ്: അപേക്ഷ ക്ഷണിക്കുന്നു

തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്ലാം അറബിക് കോളേജിലേക്ക് വാഫി കോഴ്സ് നു അപേക്ഷ ക്ഷണിക്കുന്നു



Sunday, May 8, 2011

ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി സമാപനം

മലപ്പുറം : വൈജ്ഞാനിക വിപ്ലവത്തിന്റെ പുതിയ കാഹളം മുഴക്കി ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക്‌ പ്രൗഡോജ്ജ്വല സമാപനം. അറിവിന്റെയും തിരിച്ചറിവിന്റെയും മൂന്ന്‌ ദിനരാത്രങ്ങള്‍ക്കു ശേഷം ജനലക്ഷങ്ങള്‍ ഒത്തുചേര്‍ന്ന സമാപന മഹാസമ്മേളനത്തോടെയാണ്‌ ആഘോഷങ്ങള്‍ക്ക്‌ തിരശ്ശീല വീണത്‌. ഹിദായാ നഗറിന്റെ മണ്ണും മനവും കവര്‍ന്നെടുത്ത്‌ ദാറുല്‍ ഹുദായുടെ അങ്കണത്തില്‍ ഒരുമിച്ചു കൂടിയ ജനസഞ്ചയം കേരള ചരിത്രത്തില്‍ പുതിയ അധ്യായം രചിക്കുന്നതായിരുന്നു. രണ്ടര പതിറ്റാണ്ടു കാലം കേരളീയ മുസ്‌ലിം വിദ്യാഭ്യാസത്തിന്‌ പകര്‍ന്ന ഈ അറിവിന്റെ തിരിവെട്ടം ഇന്ത്യയിലാകമാനം വ്യാപിപ്പിക്കാന്‍ ഈ മഹാസംഗമത്തില്‍ ദാറുല്‍ ഹുദാ പ്രതിജ്ഞയെടുത്തു.
നോര്‍വേയിലെ സ്‌കാന്റിനേവിയന്‍ യൂനിവേഴ്‌സിറ്റി ചെയര്‍മാന്‍ ഡോ. സാമിര്‍ മുദ്‌ഹിര്‍ കണ്ടാക്‌ജി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ദാറുല്‍ ഹുദാ ചാന്‍സലര്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രൊചാനസലറും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. പത്മശ്രീ എം.എ യൂസുഫലി, പത്മശ്രീ ഡോ. ആസാദ്‌ മൂപ്പന്‍ എന്നിവര്‍ വിശിഷ്‌ടാതിഥികളായിരുന്നു. ദാറുല്‍ ഹുദായുടെ ബംഗാള്‍ പ്രോജക്‌ട്‌ വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി അവതരിപ്പിച്ചു.
വ്യാഴായ്‌ച വൈകീട്ട്‌ നടന്ന ബഹുജന വിളംബര ജാഥയോടെ തുടക്കം കുറിച്ച വൈജ്ഞാനിക സംഗമമാണ്‌ ഇതോടെ സമാപിച്ചത്‌. സമ്മേളന വിളംബരമറിയിച്ച്‌ ചെമ്മാട്‌ നഗരത്തില്‍ നടന്ന ജാഥയില്‍ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളുമടക്കം ആയിരത്തോളം പേര്‍ അണിനിരന്നിരുന്നു. വെള്ളിയാഴ്‌ച വൈകീട്ട്‌ ദാറുല്‍ ഹുദാ ചാന്‍സലര്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ പതാക ഉയര്‍ത്തി. മഹാരാഷ്‌ട്രാ ഗവര്‍ണ്ണര്‍ കെ. ശങ്കരനാരായണനാണ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌.
തുടര്‍ന്ന്‌ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും വൈജ്ഞാനിക സംവേദനങ്ങളുടെയും മൂന്നു ദിനരാത്രങ്ങളായിരുന്നു കടന്നുപോയത്‌. വിവിധ വിഷയങ്ങളിലുള്ള പഠനശിബിരങ്ങളും സെമിനാറുകളും അരങ്ങേറിയ സമ്മേളനം ഉദ്‌ഘാടനദിനം മുതല്‍ തന്നെ ജനബാഹുല്യം കൊണ്ട്‌ ശ്രദ്ധേയമായിരുന്നു. സമ്മേളനത്തിന്റെ വ്യത്യസ്‌ത സെഷനുകളില്‍ യമന്‍, സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്‌, ന്യൂസിലാന്റ്‌, സുഡാന്‍, നോര്‍വേ, തുര്‍ക്കി തുടങ്ങിയ രാഷ്‌ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. രണ്ടായിരത്തോളം ക്യാമ്പ്‌ പ്രതിനിധികള്‍ സമ്മേളനത്തിലെ സ്ഥിരാംഗങ്ങളായിരുന്നു.
സമ്മേളനത്തിലെ ശ്രദ്ധേയ ഇനമായിരുന്ന ദേശീയ സംഗമം ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാവി മുന്നേറ്റത്തിന്‌ പുതിയ പ്രതീക്ഷകള്‍ നല്‍കി. ദേശീയ മുസ്‌ലിംകള്‍ കേരളീയ മാതൃക സ്വീകരിക്കേണ്ടതിന്റെ ആവശ്യകത സമ്മേളനം ഊന്നിപ്പറഞ്ഞു. കേരളത്തിലെ വൈജ്ഞാനിക രംഗത്ത്‌ വിപ്ലവം സൃഷ്‌ടിച്ച മത-ഭൗതിക സമന്വയ രീതിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദാറുല്‍ ഹുദായുടെ കീഴില്‍ ഇതര സംസ്ഥാങ്ങളിലും ആരംഭിക്കുമെന്ന ചാന്‍സലര്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങളുടെ പ്രഖ്യാപനവും വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി അവതരിപ്പിച്ച ബംഗാള്‍ പ്രോജക്‌ടും ഈ പ്രതീക്ഷകള്‍ക്ക്‌ ശക്തി പകരുന്നതായിരുന്നു. ദേശീയ സംഗമത്തിന്റെ ഭാഗമായി നാഷണല്‍ ലീഡേഴ്‌സ്‌ ഡയലോഗ്‌, നാഷണല്‍ സ്റ്റുഡന്റ്‌സ്‌ മീറ്റ്‌, ഉര്‍ദു മീഡിയാ ഡയസ്‌ എന്നിവയും അരങ്ങേറി.
സമ്മേളനത്തിനു മുന്നോടിയായി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടന്ന `നസ്‌ര്‍' ഡോക്യുമെന്ററി പ്രദര്‍ശനവും ശ്രദ്ധയാകര്‍ഷിച്ചു. മുസ്‌ലിം പൈതൃകങ്ങളുടെയും ഇസ്‌ലാമിക കലകളുടെയും നേര്‍ക്കാഴ്‌ചയായിരുന്നു രണ്ടു ദിവസം നീണ്ടുനിന്ന ഡോക്യു ഫെസ്റ്റ്‌.
ലോക മുസ്‌ലിംകളുടെ വര്‍ത്തമാനവും ഭാവിയും ചര്‍ച്ചചെയ്‌ത `മുസ്‌ലിം ലോകം ദൂരക്കാഴ്‌ച' അവലോകന സെമിനാര്‍, ആധ്യാത്മികതയുടെ അകപ്പൊരുളുകള്‍ തേടിയ ആത്മീയ സംഗമം, ഇസ്‌ലാമിക സാമ്പത്തിക സെമിനാര്‍, ഫിഖ്‌ഹ്‌ കോണ്‍ഫറന്‍സ്‌, അഹ്‌ലുസ്സുന്ന ആശയ സംവേദനം, സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി സെമിനാര്‍, പ്രഭാത ചിന്ത എന്നിവയും സമ്മേളനത്തിലെ ശ്രദ്ധേയ ഇനങ്ങളായിരുന്നു. വിവിധ രംഗങ്ങളിലെ പ്രഗത്ഭ വ്യക്തിത്വങ്ങളും ഗവേഷക പണ്ഡിതരും സെമിനാറുകളില്‍ പഠനപ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഇസ്‌താംബൂള്‍ ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി പ്രതിനിധികളായ ആകിഫ്‌ കനാലിസി, അബൂദര്‍ അകികോസ്‌, അബ്‌ദുല്‍ കരീം എ. സ്വമദ്‌ ന്യൂസിലാന്റ്‌, ഡോ. മുസ്‌തഫാ നജ്‌മുല്‍ ഖാദിരി, ഇ.ടി.വി ചെയര്‍മാന്‍ മുഫ്‌തി മുഹമ്മദ്‌ സല്‍മാന്‍, ഡോ. ഹാഫിസ്‌ അഹ്‌മദ്‌ ഹസന്‍ റസ്‌വി ഹൈദരാബാദ്‌, ഡോ. അബ്‌ദുല്ല തമിഴ്‌നാട്‌, മുസ്‌ലിം ലീഗ്‌ സംസ്ഥാന ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എം.പി അബ്‌ദുസ്സമദ്‌ സമദാനി, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ബാപ്പുമുസ്‌ലിയാര്‍, അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, ഹാജി യു. മുഹമ്മദ്‌ ശാഫി, അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ്‌, കെ.പി ശംസുദ്ദീന്‍ ഹാജി വെളിമുക്ക്‌ എന്നിവര്‍ പ്രസംഗിച്ചു.

Wednesday, May 4, 2011

ശിഹാബ്് തങ്ങള്‍ വിദ്യാഭ്യാസ സമുച്ചയത്തിന് പഞ്ചാബില്‍ തറക്കല്ലിട്ടു

പഞ്ചാബിലെ മാന്‍സയില്‍ സ്ഥാപിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്് തങ്ങള്‍ സ്്മാരകഇസ്്ലാമിക് ആന്റ് മോഡേണ്‍ എഡ്യുക്കേഷന്‍ ഇന്‍സ്്റ്റിറ്റ്യൂട്ടിന്റ
ശിലാസ്ഥാപനം സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ നിര്‍വ്വഹിച്ചു. തെക്കന്‍ പഞ്ചാബിലെ പിന്നാക്ക ജില്ലയായ മാന്‍സയില്‍ കേരളമാതൃകയില്‍ ഇസ്്ലാമിക
മതശാസ്ത്ര പഠനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനാണ് ശിഹാബ് തങ്ങള്‍ സമുച്ചയം ലക്ഷ്യമിടുന്നത്. മര്‍ഹൂം ശിഹാബ്് തങ്ങളുടെ നാമത്തില്‍ കേരളത്തിന് പുറത്ത് ആരംഭിക്കുന്ന ഏറ്റവുംവലിയ വിദ്യാഭ്യാസ കേന്ദ്രമാണിത്. പഞ്ചാബിനു പുറമെ അയല്‍ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ നവോത്ഥാനത്തിന് കേന്ദ്രം വഴിയൊരുക്കും.
വിദ്യാഭ്യാസത്തിന് മതമെന്നും മതേതരമെന്നും വേര്‍തിരിവില്ലെന്നും എല്ലാതരം വിദ്യാഭ്യാസത്തെയും സ്വീകരിക്കാനും
അവയെ ലോക നന്മക്ക് ഉപയോഗപ്പെടുത്താനും ശ്രമിക്കുകയാണു വേണ്ടതെന്നും വിദ്യാഭ്യാസകേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കവെ മുനവ്വറലി തങ്ങള്‍ അഭിപ്രായപ്പെട്ടു. അറിവിനു ആഹ്വാനം ചെയ്ത് അവതരിച്ച ഖുര്‍ആന്‍ പാരിസ്ഥിതിക സന്തുലനത്തിനും ലോകസമാധാനത്തിനും അടിത്തറ പാകുന്ന വികസന സങ്കല്‍പമാണ് മുന്നോട്ടു വെച്ചിട്ടുള്ളതെന്നും അതു യാഥാര്‍ത്ഥ്യമാക്കാന്‍ മുസ്്ലിം ഗവേഷകരുടെയും രാഷ്ട്ര നേതാക്കന്മാരുടെയും ശ്രമങ്ങളുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാപനത്തോടു ചേര്‍ന്ന് ആരംഭിക്കുന്ന ഹസ്്റത് ഫാത്വിമ മസ്്്ജിദിന്റെ ശിലാസ്ഥാപനകര്‍മ്മവും തങ്ങള്‍
നിര്‍വ്വഹിച്ചു. കേരളത്തിലെ മതവൈജ്ഞാനിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ തങ്ങളെ അത്യാദരപൂര്‍വ്വമാണ് പഞ്ചാബിലെ സിക്കു സമുദായാംഗങ്ങളും മുസ്്്ലിം ഹൈന്ദവ വിഭാഗങ്ങളുമുള്‍പ്പെടെയുളള ആയിരക്കണക്കിനു പേരടങ്ങുന്ന വമ്പിച്ച ജനാവലി സ്വീകരിച്ചത്. വിഭജനം ദുരന്തം വിതച്ച മാന്‍സ പ്രദേശത്തിന്റെ വികസനത്തില്‍ വിദ്യാകേന്ദ്രം വലിയ സംഭാവനകളര്‍പ്പിക്കുമെന്നു പ്രതീക്ഷയുളളതായും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാണപ്പെടാത്ത ജനകീയ താല്‍പര്യമാണ് പ്രദേശത്തു കാണാനായതെന്നും ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ മുനവ്വറലി തങ്ങള്‍ പറഞ്ഞു.
പഞ്ചാബ് മുഫ്തി അഅ്സം മൗലാനാ മുഹമ്മദ് അതീഖുല്‍ ഹസന്‍ റസി
കാന്ദഹ്്ലവി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.സൈന്‍ ഡയറക്ടര്‍ റാശിദ് ഗസ്സാലി കുളവയല്‍ മുഖ്യപ്രഭാഷണം നടത്തി. മുഫ്്തി മുഹമ്മദ് ഖലീല്‍ സാഹിബ്, സി.പി കുഞ്ഞഹമ്മദ്, കുന്നത്ത് മുഹമ്മദ്, നാസര്‍ കൂരിമണ്ണില്‍, അബ്ദുല്‍റഊഫ്, ശഹനാസ് തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മാന്‍സ ജില്ലയിലെ പൊലീസ് മേധാവികളും പൗരപ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.
അവലംബം: ചന്ദ്രിക ഡൈലി

Tuesday, May 3, 2011

അല്‍ ഇത്തിഹാദുല്‍ ആലമി ലി ഉലമാഇല്‍ മുസ്‌ലിമീന്‍:ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വിക്ക്‌ അംഗത്വം

ആഗോള മുസ്‌ലിം പണ്ഡിതന്മാരുടെ അന്താരാഷ്‌ട്ര പൊതു വേദിയായ അല്‍ ഇത്തിഹാദുല്‍ ആലമി ലി ഉലമാഇല്‍ മുസ്‌ലിമീന്‍ (ഇന്റര്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ്‌ മുസ്‌ലിം സ്‌കോളേഴ്‌സി)ല്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറും സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജന.സെക്രട്ടറിയുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വിക്ക്‌ അംഗത്വം നല്‍കിയതായി സെക്രട്ടറി ജനറല്‍ ഡോ.അലി മുഹ്‌യുദ്ദീന്‍ അല്‍ ഖറദാഗി അറിയിച്ചു.

കഴിഞ്ഞ ദിവസം ദോഹയിലെ ആസ്ഥാനത്ത്‌ ചേര്‍ന്ന ഫെഡറേഷന്റെ എക്‌സിക്യൂട്ടീവ്‌ യോഗത്തിന്‌ ശേഷം ഖത്തര്‍ ഹാദിയ ചാപ്‌റ്റര്‍ നേതാക്കളായ ഹാഫിള്‌ ഇസ്‌മാഈല്‍ ഹുദവി, മജീദ്‌ ഹുദവി പുതുപ്പറമ്പ്‌, ഫൈസല്‍ ഹുദവി പട്ടാമ്പി എന്നിവരുമായി പ്രശസ്‌ത പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും കൂടിയായ ഡോ.അലി മുഹ്‌യിദ്ദീന്‍ നടത്തിയ സംഭാഷണത്തിലാണ്‌ ബഹാഉദ്ദീന്‍ നദ്‌വിക്ക്‌ മെമ്പര്‍ഷിപ്പ്‌ നല്‍കിയ കാര്യം വ്യക്തമാക്കിയത്‌. പണ്ഡിതോചിതമായ സാമുദായിക ബാധ്യതകള്‍ നിര്‍വഹിക്കുക, ആവശ്യാനുസൃതമായ മറ്റു ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, ധിഷണാശാലികളായ പണ്ഡിതരെ ഒരു പ്ലാറ്റ്‌ ഫോമില്‍ അണി നിരത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട്‌ രൂപീകൃതമായ ഈ സംഘടനക്ക്‌ യു.കെയിലെ ഡബ്‌ളിനിലും ഈജിപ്‌ത്‌, ഖത്തര്‍ എന്നിവിടങ്ങളിലും ആസ്ഥാനങ്ങളുണ്ട്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്ഥ മദ്‌ഹബുകാരും ചിന്താഗതിക്കാരുമായ പ്രഗത്ഭ പണ്ഡിത ശ്രേഷ്‌ഠര്‍ ഇതില്‍ അംഗങ്ങളാണ്‌.

അന്താരാഷ്‌ട്ര തലത്തിലുള്ള നിരവധി അംഗീകാരങ്ങള്‍ തേടിയെത്തിയ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി ജാമിഅ നൂരിയ്യ, ദാറുല്‍ ഉലൂം ലഖ്‌നൗ, അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി, അല്‍ അസ്‌ഹര്‍ യൂണിവേഴ്‌സിറ്റി കൈറോ, എന്നിവിടങ്ങളില്‍ പഠനം നടത്തിയിട്ടുണ്ട്‌. കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ നിന്ന്‌ പി.എച്ച്‌.ഡിയും പോസ്റ്റ്‌ ഡോക്‌ടറല്‍ ഫെലോഷിപ്പും നേടിയ ഇദ്ദേഹം 97ല്‍ ദുബൈ ഗവണ്‍മെന്റിന്റെ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ പ്രഭാഷണ പരിപാടികളിലേക്ക്‌ ക്ഷണിക്കപ്പെട്ടിരുന്നു. കുവൈത്തിന്റെ അല്‍മഹബ്ബ എക്‌സെലന്‍സി അവാര്‍ഡ്‌, ജൈഹൂന്‍ ടി.വി അവാര്‍ഡ്‌ എന്നിവയും നേടിയിട്ടുണ്ട്‌. അമേരിക്ക, ഇംഗ്ലണ്ട്‌, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്‌, ഫ്രാന്‍സ്‌, തുര്‍ക്കി, മലേഷ്യ തുടങ്ങി 30ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌.