Wednesday, October 31, 2012

സി.കോയക്കുട്ടി മുസ്ലിയാര്‍ സമസ്ത പ്രസിഡണ്ട്

 സമസ്തയുടെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ആനക്കര സി.കോയക്കുട്ടി മുസ്ലിയാര്‍ കേരളത്തിലെ പള്ളിദര്സുകള്‍ ജന്മം നല്‍കിയ മറ്റൊരു പണ്ഡിതപ്രതിഭയാണ്. ഭൌതികതയുടെ ഭ്രമങ്ങള്‍ തൊട്ടുതീണ്ടാതെ നേരിന്റെ പക്ഷത്ത് നിലയുറപ്പിച്ച ഒരു ജീവിതം. സ്വാതികമാണാ നടത്തം പോലും.
1934 ചോലായില്‍ ഹസൈനാരുടെയും ആലത്തില്‍ ഫാത്വിമയുടെയും മകനായിട്ടാണ് പാലക്കാട് ജില്ലയിലെ ആനക്കരയില്‍ ജനിക്കുന്നത്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിശും സഹോദരനുമായിരുന്ന സി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സിലായരുന്നു കിതാബോതി തുടങ്ങിയത്. കടുപ്രം മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്ന് ഓത്ത് തുടര്‍ന്ന ഉസ്താദ് പിന്നെ ചേരുന്നത് കണ്ണിയത്ത് ഉസ്താദിന്റെ ദര്‍സിലാണ്. കരിങ്ങനാട് കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍, കെകെ.അബൂബക്കര്‍ ഹസ്രത്ത്, ഒ.കെ.സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരാണ് മറ്റു ഉസ്താദുമാര്‍.
കണ്ണിയത്ത് ഉസ്താദിന് ശിഷ്യനായ കോയക്കുട്ടി ഉസ്താദിനോട് വലിയ സ്‌നേഹമായിരുന്നു. ഇടക്ക് വീട്ടില്‍ പോവുമ്പോള്‍ കൂടെ കൂട്ടിയിരുന്നത് ഉസ്താദിനെയായിരുന്നു. കണ്ണിയത്ത് ഉസ്താദ് പൊന്നാനിയിലെ ദര്‍സ് അവസാനിപ്പിച്ചപ്പോള്‍ ശിഷ്യനോട് പറഞ്ഞു: ‘നീ എന്റെ വീട്ടില് നിന്നോ, നിനക്ക് ഞാന്‍ ഓതിത്തരാം’. അത്രമേലായിരുന്നു ഉസ്താദുമായുള്ള ബന്ധം.
കുഴിപ്പുറത്ത് ഓ.കെ സൈനുദ്ദീന്‍ മുസ്ലിയാരുടെ ദര്‍സില് ഓതിക്കൊണ്ടിരിക്കെ ഒഴിവുസമയങ്ങളില്‍ വഅദ് പറഞ്ഞാണ് ബാഖിയാത്തിലേക്ക് പോകാനുള്ള പണം സമ്പാദിക്കുന്നത്. അങ്ങനെ വെല്ലൂരിലേക്ക് ഉപരിപഠനത്തിന് പോയി. ശൈഖ് ഹസന്‍ ഹസ്രത്ത്, ആദം ഹസ്രത്ത് തുടങ്ങിയവരാണ് ബാഖിയാത്തിലെ പ്രധാന അധ്യാപകര്‍‍.
ബാഖിയാത്തിലെ പഠനം കഴിഞ്ഞ് തിരിച്ചുവന്നത് തിരൂരങ്ങാടി ജുമുഅത്ത് പള്ളിയില്‍ മുദരിസാകാനായിരുന്നു. അക്കാലത്ത്  അന്യദേശക്കാരായ 75 വിദ്യാര്‍ഥികളുണ്ടായിരുന്നു അവിടെ. കുറച്ച് കാലത്തെ സേവനത്തിന് ശേഷം അവിടം വിട്ടു. പിന്നെ നന്നമ്പ്ര, കൊയിലാണ്ടി, അരീക്കോട്, മൈത്ര, വാണിയന്നൂര്‍, പൊന്മുണ്ടം, എടക്കുളം, കൊടിഞ്ഞി തുടങ്ങി വിവിധ പള്ളികളില്‍ ദര്‍സു നടത്തി. നിരവധി ശിഷ്യഗണങ്ങള്‍ ആ ദര്‍സിലിരുന്നു മതത്തിന്റെ മര്‍മമറിഞ്ഞു. അല്ലാഹുവിന്റെ മാര്‍ഗവും തൃപ്തിയുമായിരുന്നു അരനൂറ്റാണ്ടിലേറെ കാലം ഉസ്താദിനെ ദര്‍സ് രംഗത്ത് ഉറപ്പിച്ചു നിര്‍ത്തിയത്. അതിനു ശേഷം കാരത്തൂര്‍ ജാമിഅ ബദരിയ്യയില്‍ പ്രിന്‍സിപ്പളായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1988 ലാണ് സമസ്തയുടെ മുശാവറയില് അംഗമാകുന്നത്. 2001 ല്‍ സമസ്തയുടെ വൈസ് പ്രസിഡണ്ടു സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ആനക്കരയടക്കം പത്തോളം മഹല്ലുകളുടെ ഖാദിയാണ്. കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന ദുആസമ്മേളനങ്ങളില്‍ ഉസ്താദിന്റെ സാന്നിധ്യം കാണാം.
സമസ്ത പാലക്കാട് ജില്ലാകമ്മിറ്റി പ്രസിഡണ്ട്,  മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട്, സമസ്ത പരീക്ഷ ബോഡിലെയും വിദ്യാഭ്യാസ ബോഡിലെയും അംഗം തുടങ്ങി നിരവധി പദവികള്‍ വഹിക്കുന്നു.
കാവുമ്പുറം കുഞ്ഞു ഹൈദര്‍ മുസ്ലിയാരുടെ മകള്‍ ഫാതിമയാണ് ഭാര്യ. അഞ്ചു ആണ്‍മക്കളും രണ്ടു പെണ്‍മക്കളുമുണ്ട്.
http://www.islamonweb.net/article/2012/10/13143/

Monday, October 29, 2012

എസ്.കെ.എസ്.എസ്.എഫ്. ആദര്‍ശ സമ്മേളനം നവംബര്‍ ഒന്നിന്

നവംബര്‍ ഒന്നിന് വ്യാഴാഴ്ച്ച വൈകുന്നേരം 4 മണിക്ക്
കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്ത്
കാസര്‍കോട് : ജിന്നും മുജാഹിദും പരിണാമങ്ങളുടെ ഒരു നൂറ്റാണ്ട് എന്ന പ്രമേയവുമായി നവമ്പര്‍ മുതല്‍ ജനുവരി വരെ എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിക്കുന്ന ആദര്‍ശ ക്യാമ്പയിനിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ആദര്‍ശ സമ്മേളനം നവംബര്‍ ഒന്നിന് വ്യാഴാഴ്ച്ച വൈകുന്നേരം 4 മണിക്ക് കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് പ്രതേകം സജ്ജമാക്കിയ മര്‍ഹൂം കാളമ്പാടി ഉസ്താദ് നഗറില്‍ നടക്കും. സംസ്ഥാന ഇസ്തിഖാമ കമ്മിറ്റി ചെയര്‍മാന്‍ സലീം ഫൈസി ഇര്‍ഫാനി എല്‍.സി.ഡി. ക്ലിപ്പിംഗ് സഹിതം വിഷയം അവതരിപ്പിക്കും. പരിപാടി വിജയിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്. ബദിയടുക്ക മേഖല പ്രവര്‍ത്തക സമിതി യോഗം തൂരുമാനിച്ചു.പ്രസിഡണ്ട് അബ്ദുല്ലാഹി മുനീര്‍ ഫൈസി ഇഡിയടുക്കയുടെ അധ്യക്ഷതയില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു.ആലികുഞ്ഞി ദാരിമി, റസാഖ് അര്‍ശദി കുമ്പടാജ, സിദ്ദീഖ് ബെളിഞ്ചം, ബഷീര്‍ മൗലവി കുമ്പടാജ, ജലാലുദ്ദീന്‍ ദാരിമി, ബഷീര്‍ ദാരിമി നെക്രാജ, അബ്ദുള്‍ ഖാദര്‍ കുമ്പടാജ, ഹസ്സന്‍ കുഞ്ഞി ദര്‍ക്കാസ്, ബി.എം.അശ്‌റഫ്, ആദം ദാരിമി നാരമ്പാടി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Monday, October 22, 2012

ഗള്‍ഫ് സത്യധാര കാലത്തിന്റെ ആവശ്യം - ഖാസി ത്വാഖ അഹ്മദ് മൌലവി അല്‍അസ്ഹരി

അബുദാബി: സത്യധാരയുടെ ഗള്‍ഫ് പതിപ്പ് പുറത്തിറങ്ങുന്നതില്‍ സന്തോഷമുണ്ടെന്നും `ഗള്‍ഫ് സത്യധാര` കാലത്തിന്റെ ആവശ്യമാണെന്നും അതിനെ വിജയിപ്പിക്കുവാന്‍ ഏവരും കര്‍മ്മ രംഗത്തിറങ്ങണമെന്നും കീഴൂര്‍--മംഗലാപുരം ഖാസിയും മലബാര്‍ ഇസ്‌ലാമിക് കൊംബ്ലെക്സ് പ്രസിഡന്റുമായ ത്വാഖ അഹ്മദ് മൌലവി അല്‍അസ്ഹരി ആവശ്യപ്പെട്ടു. 'ഗള്‍ഫ് സത്യധാര'യുടെ യു.എ.ഇ തല പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് മറ്റെവിടെയും കാണാത്തവിധം ധാര്‍മിക മൂല്യത്തിലൂന്നിയ ജീവിതം നയിക്കുന്ന ഒരു ദിശാബോധമുള്ള സമൂഹത്തെ ശ്രഷ്ടിച്ചെടുക്കുന്നതില്‍ സമസ്ത വഹിച്ച പങ്ക് നിസ്തൂലമാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ഒന്ന് തീരുമാനമെടുത്തിട്ടുന്ടെങ്കില്‍ അതില്‍ തിരുത്തല്‍ വന്നതായോ തെറ്റ് സംഭവിച്ചതായോ ചരിത്രമില്ലെന്ന് അദ്ദേഹം പറഞ്ഞു. എളിമയും ലാളിത്യവും നിറഞ്ഞ ജീവിതം നയിച്ച് ആധുനിക സമൂഹത്തിനു ഒരു ഉത്തമ ജീവിത മാത്രക കാഴ്ച വെച്ച് കടന്നുപോയ സമസ്ത പ്രസിഡന്റ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരുടെ ജീവിത വഴി നാം പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

അബുദാബി സുന്നീ സെന്റര്‍ പ്രസിഡന്റ്‌ ഡോ.അബ്ദുറഹ്മാന്‍ മൌലവി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. `ഗള്‍ഫ് സത്യധാര`യുടെ പ്രവാസീ ലോകത്തെ പ്രസക്തിയെ കുറിച്ച് ഇല്യാസ് വെട്ടം മുഖ്യ പ്രഭാഷണം നടത്തി. ഫണ്ടുദ്ഘാടനം ദാവൂദ് ഹാജി തൃശൂരില്‍ നിന്നും സ്വീകരിച്ചുകൊണ്ട് പല്ലാര്‍ മുഹമ്മദ്‌കുട്ടി മുസ്‌ലിയാര്‍ നിര്‍വഹിച്ചു. കേരള-ഇസ്ലാമിക്‌-ക്ലാസ്സ്-റൂം അഡ്മിന്‍ അബ്ദുറഹ്മാന്‍ പടന്ന (എ.ആര്‍.സി.കെ.പി)ക്ക് പരിപാടിയില്‍ വെച്ച് സ്വീകരണം നല്‍കി.എസ്.കെ.എസ്.എസ്.എഫ് അബുദാബി സ്റ്റേറ്റ് പ്രസിഡന്റ്‌ സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി ഹാരിസ് ബാഖവി കടമേരി, കെ.എം.സി.സി അബുദാബി സ്റ്റേറ്റ് പ്രസിഡന്റ്‌ എന്‍. കുഞ്ഞിപ്പ എന്നിവര്‍ പ്രസംഗിച്ചു. ഉസ്മാന്‍ ഹാജി തൃശൂര്‍ സ്വാഗവും കരീം മൌലവി നന്ദിയും പറഞ്ഞു.

Saturday, October 20, 2012

ബലി പെരുന്നാള്‍ ദിനത്തില്‍ മാറ്റം; കേരളത്തിലും ഗള്‍ഫിലും ബലി പെരുന്നാള്‍ 26ന് വെള്ളിയാഴ്ച


കോഴിക്കോട് : നേരത്തെ അറിയിച്ചതില്‍ നിന്നും വിത്യസ്തമായി കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്ടോബര്‍ 26 ന്  വെള്ളിയാഴ്ചയായിരിക്കുമെന്നു പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, സമസ്ത ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ അറിയിച്ചു. മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒക്ടോബര്‍ 27 ശനിയാഴ്ചയായിരിക്കും ഈദുല്‍ അദ്ഹയെന്നു നേരത്തെ വിവിധ ഖാദിമാരും സംഘടന നേതാക്കളും അറിയിച്ചിരുന്നു. എന്നാല്‍ മാസപ്പിറ കണ്ടവര്‍ ഖാദിമാരെ സമീപിച്ചതിനെ തുടര്‍ന്നാണ് കേരളത്തില്‍ ഒക്ടോബര്‍ 25 വ്യാഴാഴ്ച അറഫ ദിനമായും 26 വെള്ളിയാഴ്ച ബലിപെരുന്നാള്‍ ദിനമായും ഖാദിമാര്‍ മാറ്റിയുറപ്പിച്ചത്.

Wednesday, October 17, 2012

ബലി പെരുന്നാള്‍ വെള്ളിയാഴ്ച – സൌദി മതകാര്യകോടതി

ദുല്‍ഖഅ്ദ 29ന് തിങ്കളാഴ്ച രാജ്യത്ത് എവിടെയും മാസം കണ്ടതായി സ്ഥിരപ്പെടാത്തതിനാല്‍ ദുല്‍ഹിജ്ജ ഒന്നാം തിയതി ബുധനാഴ്ചയായിരിക്കുമെന്നും ഈ വര്‍ഷത്തെ അറഫ ദിനം ഒക്ടോബര്‍ 25 വ്യാഴാഴ്ചയും ബലിപെരുന്നാള്‍ വെള്ളിയാഴ്ചയുമായിരിക്കുമെന്നും സൌദി മതകാര്യ ഉന്നതാധികാരകോടതി അറിയിച്ചു.  ഓരോ ചന്ദ്രമാസത്തിന്റെയും പിറവി നിരീക്ഷിക്കാനായി കോടതി പ്രത്യേകം സംഘത്തെ നിശ്ചയിക്കാറുണ്ട്. ദുല്‍ഖഅ്ദ ഒന്ന് സപ്തംബര്‍ 17നാണെന്ന് സ്ഥിരപ്പെട്ടതനുസരിച്ച് ഒക്ടോബര്‍ 15 തിങ്കളാഴ്ചയായിരുന്നു ദുല്‍ഖഅ്ദ 29. അത് പ്രകാരമാണ് ഇന്നലെ ദുല്‍ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാനായി സംഘത്തെ നിയോഗിച്ചത്. പക്ഷെ, എവിടെയും പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന്, ഹദീസുകള്‍ നിര്‍ദ്ദേശിക്കുന്നപോലെ, ദുല്‍ഖഅ്ദ മാസം 30 ആയും ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായും തീരുമാനിക്കുകയായിരുന്നു കോടതി.
ബലി പെരുന്നാള്‍ ദിനത്തെ സംബന്ധിച്ച് അറബ് ലോകത്ത് നിലനിന്നിരുന്ന ആശയക്കുഴപ്പത്തിന് ഇതോടെ അറുതിയായിരിക്കയാണ്. ഇന്നലെ മാസം കണ്ടതായും അതനുസരിച്ച് ഇന്ന് ചൊവ്വാഴ്ച ദുല്‍ഹിജ്ജ ആരംഭിച്ചതായും മേഖലയിലെ ചില പ്രമുഖ പത്രങ്ങളില്‍ വാര്‍ത്ത വന്നതും ആശയക്കുഴപ്പത്തിന് ആക്കം കൂട്ടിയിരുന്നു. ഭൂരിഭാഗ ഗള്‍ഫ് രാഷ്ട്രങ്ങളും മാസപ്പിറവിയിലും അനുബന്ധ കാര്യങ്ങളിലും സൌദി കോടതിയുടെ തീരുമാനത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കാറ്.

Tuesday, October 16, 2012

ഫത്ഹുല്‍മുഈന്‍ രചയിതാവിന്റെ നാട് തേടി ബ്രിട്ടീഷ് പൗരന്‍


കോഴിക്കോട്: പ്രമുഖ കര്‍മ്മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്റെ രചയിതാവ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ നാട് തേടി ബ്രിട്ടിഷ് പൗരന്‍ കേരളത്തില്‍.
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ രചനകളും അദ്ദേഹത്തിന്റെ ജീവിത വേരുകളും തേടിയുള്ള അന്വേഷണ യാത്രയുടെ ഭാഗമായി കേരളത്തിലെ കര്‍മശാസ്ത്ര പഠനത്തിന്റെ സാധ്യതകള്‍ നേരിട്ടറിയാനാണ് ലണ്ടന്‍ സ്വദേശിയായ ജമീര്‍ മിയ എന്ന മുപ്പത്തിരണ്ടുകാരന്‍ എത്തിയത്.
സൈനുദ്ദീന്‍ മഖ്ദുമിന്റെ വിജ്ഞനവും രചനാ വൈഭവവും തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ പഠനത്തിനു വിധേയമാക്കിയപ്പോള്‍ മഖ്ദൂമിന്റെ ജന്മനാടും കര്‍മ്മഭൂമികയും കാണാന്‍ ആഗ്രഹമുണ്ടയെന്നും ജമീര്‍ മിയ പറയുന്നു.
കേരളത്തിലെ പാരമ്പര്യ മതപഠന രീതിയായ പളളി ദര്‍സുകളിലെ അന്തരീക്ഷം ലോകത്ത് ഒരിടത്തും ലഭിക്കാത്തതാണെന്നും ഈ പഠന സംവിധാനം തന്നെ വല്ലാതെ ആകര്‍ഷിച്ചതായും ഇദ്ദേഹം പറയുന്നു.
ബംഗ്ലാദേശില്‍ ജനിച്ച ജമീര്‍ മിയ ചെറുപ്രായത്തില്‍ തന്നെ കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് കുടിയേറിപ്പാര്‍ത്തു. ലണ്ടനില്‍ നിന്ന് തന്നെ ബിരുദവും വെബ് ഡിസൈനിംഗില്‍ ബിരദാനന്തര ബിരുദവുംനേടിയ മിയ ഇപ്പോള്‍ അഞ്ച് വര്‍ഷമായി യമനിലെ തരീമിലാണ് ഉന്നത പഠനം നടത്തുന്നത്.
കേരളത്തിലെ മതകീയ അന്തരീക്ഷവും വിദ്യാഭ്യാസ രീതിയും മതാധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഗുരൂ ശിഷ്യബന്ധവും തന്നെ വല്ലാതെ സ്വാധീനിച്ചെന്നും വിദേശ വിദ്യാര്‍ത്ഥികളുടെ മത പഠനത്തിനും ഗവേഷണത്തിനും കേരളത്തില്‍ അവസരമുണ്ടെങ്കില്‍ ഇവിടെ പഠിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടാണ് ഒരാഴ്ച്ചത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തിയത്.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍, മുഈനലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരുടെ വസതികള്‍ സന്ദര്‍ശിക്കുകയും അവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കേരളത്തിലെ മത വിദ്യാഭ്യാസ രീതികള്‍ കണ്ടെത്താന്‍ വിവിധ പള്ളി ദര്‍സുകളും മത വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിക്കുന്നുണ്ട്. പ്രമുഖ സൂഫിവര്യരുടെ മഖ്ബറകളും പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലും സന്ദര്‍ശനവും നടത്തുന്നുണ്ട്.
സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഖബറുണ്ടെന്ന കരുതപ്പെടുന്ന വടകര ചോമ്പാലയിലെ കുഞ്ഞിപ്പളളിയും സന്ദര്‍ശിച്ചു. ജമീര്‍ മിയ സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി എന്നിവരെ സമീപിക്കുകയും കേരളത്തിലെ മതവിദ്യഭ്യാസത്തിന്റെ പുരോഗതിയും വിദേശികളുടെ വിദ്യാഭ്യാസ സാധ്യതകള്‍ ചോദിച്ചറിയുകയും ചെയ്തു.
 http://www.chandrikadaily.com/kerala_fathahul-mueen_british.html (ചന്ദ്രിക)

ജിന്നും മുജാഹിദും പരിണാമങ്ങളുടെ ഒരു നൂറ്റാണ്ട് - എസ്.കെ.എസ്.എസ്.എഫ്. ആദര്‍ശ സമ്മേളനം നവമ്പര്‍ 1 ന് കാസറകോട്ട്

കാസര്‍കോട് : ജിന്നും മുജാഹിദും പരിണാമങ്ങളുടെ ഒരു നൂറ്റാണ്ട് എന്ന പ്രമേയവുമായി നവമ്പര്‍ മുതല്‍ ജനുവരി വരെ എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിക്കുന്ന ആദര്‍ശ ക്യാമ്പയിനിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ആദര്‍ശ സമ്മേളനം നവമ്പര് ഒന്നിന് വ്യാഴാഴ്ച്ച വൈകുന്നേരം 4 മണിക്ക് കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് സംഘടിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറിയേറ്റ്‌യോഗം തീരുമാനിച്ചു. പരിപാടിയില്‍ സംസ്ഥാന ഇസ്തിഖാമ കമ്മിറ്റി ചെയര്‍മാന്‍ സലീം ഫൈസി ഇര്‍ഫാനി എല്‍.സി.ഡി. ക്ലിപ്പിംഗ് സഹിതം വിഷയം അവതരിപ്പിക്കും. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാരിസ് ദാരിമി ബെദിര, എം.എ.ഖലീല്‍,ഹാഷിം ദാരിമി ദേലമ്പാടി, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, കെ.എം. ശറഫുദ്ദീന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

24 മദ്‌റസകള്ക്ക് സമസ്ത അംഗീകാരം നല്കി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ പ്രസിഡണ്ട് ടി.കെ.എം.ബാവ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പാണക്കാട് സയ്യിദ് സ്വാദിഖ്അലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ജനറല്‍സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. മുണ്ടൂര്‍ നൂറുല്‍ഇസ്‌ലാം മദ്‌റസ, അറസിന മക്കി ഖലന്തര്‍ ശാഹ് യതീംഖാന മദ്‌റസ, സല്‍മറ മഅ്ദനുല്‍ഉലൂം മദ്‌റസ, സജീപനടു-ബയിലഗുത്തു നൂറുല്‍ഹുദാ മദ്‌റസ, ബോളിയാര്‍ നൂറുല്‍ഇസ്‌ലാം മദ്‌റസ, കടപ്പള്ള ലിറ്റില്‍ സ്റ്റാര്‍ ഇന്ത്യന്‍ സ്‌കൂള്‍ മദ്‌റസ (ദക്ഷിണകന്നഡ)
, മജിര്‍പ്പള്ള ഖിദ്മത്തുല്‍ ഇസ്‌ലാം മദ്‌റസ, കടവത്ത് കുഞ്ഞിപ്പ ഹാജി മെമ്മോറിയല്‍ മദ്‌റസ, ഇടിയടുക്ക കണ്ടിജെ മമ്മിഞ്ഞിഹാജി മെമ്മോറിയല്‍ മദ്‌റസ, സാന്ത്യാടി മിസ്ബാഹുല്‍ ഹുദാ മദ്‌റസ (കാസര്‍ഗോഡ്), കീരിയോട് മദ്‌റസത്തുല്‍ മദനിയ്യ(കണ്ണൂര്‍), മുട്ടുനട ശംസുല്‍ഹുദാ മദ്‌റസ (കോഴിക്കോട്), വടക്കുംപാടം മിസ്ബാഹുല്‍ ഉലൂം മദ്‌റസ, തടപ്പറമ്പ് കളരി മിസ്ബാഹുല്‍ ഹുദാ മദ്‌റസ, കുരുന്തിപൊയില്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ, നീറ്റിങ്ങര ഇര്‍ശാദുസ്വിബ്‌യാന്‍ മദ്‌റസ, കാര്‍ത്തല മര്‍കസ് ഇംഗ്ലീഷ് സ്‌കൂള്‍ മദ്‌റസ (മലപ്പുറം), കണ്ണിയ്യിംക്കാട്ട്പറമ്പില്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ, ഗാന്ധിനഗര്‍ ഹസനാത്തുല്‍ ജാരിയ മദ്‌റസ, ചെട്ടിയാര്‍കാട് അല്‍മദ്‌റസത്തുനൂരിയ്യ, എം.എച്ച്.എസ്.റോഡ്-ചിരട്ടപള്ളി നൂറുല്‍ ഇസ്‌ലാം മദ്‌റസ (പാലക്കാട്), കുട്ടഞ്ചാല്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ (ആലപ്പുഴ), ചങ്ങന്‍കുളങ്ങര ദാറുല്‍അമാന്‍ മദ്‌റസ (കൊല്ലം), വെട്ടുറോഡ്-കണിയാപുരം മുഹ്‌യദ്ദീന്‍ മദ്‌റസ (തിരുവനന്തപുരം) എന്നീ 24 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9206 ആയി ഉയര്‍ന്നു.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ടി.കെ.പരീക്കുട്ടി ഹാജി, എം.സി മായിന്‍ ഹാജി, ഹാജി.കെ.മമ്മദ് ഫൈസി, ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.എം.ഖാസിം മുസ്‌ലിയാര്‍ കുമ്പള, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എം.മുഹ്‌യദ്ദീന്‍ മൗലവി ആലുവ, ഒ.അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ.ഉമ്മര്‍ ഫൈസി മുക്കം, മൊയ്തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു

Sunday, October 14, 2012

കാളമ്പാടി ഉസ്താദ് അനുസ്മരണ സമ്മേളനം 20ന് കാസര്‍കോട്ട്

കാസര്‍കോട് :സമസ്ത കേന്ദ്ര മുശാവറ പ്രസിഡണ്ടും പട്ടികാട് ജാമിഅ നൂരിയ അറബിക്ക് കോളേജ് പ്രൊഫസറും സമസ്ഥ ഫത്ത്‌വ കമ്മിറ്റി അംഗവുമായിരുന്ന ശൈഖുന റഈസുല്‍ ഉലമ കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ പേരിലുള്ള അനുസ്മരണ സമ്മേളനവും ദിഖ്‌റ്-ദുഅ മജ്‌ലിസും എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 20ന് ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കും. പരിപാടിയില്‍ സമസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നാസര്‍ ഫൈസി കൂടത്തായി അനുസ്മരണ പ്രഭാഷണം നടത്തും. പരിപാടിയില്‍ സമസ്ഥയുടെയും കീഴ്ഘടകങ്ങളുടെയും നേതാകളെ പങ്കെടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാരിസ് ദാരിമി ബെദിര,എം.എ.ഖലീല്‍, ഹാഷിം ദാരിമി ദേലമ്പാടി, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, കെ.എം. ശറഫുദ്ദീന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

Tuesday, October 9, 2012

ഖാസിയാറകത്ത് മുഹമ്മദ്കുഞ്ഞി ഹാജി: തെറ്റുകളോട് കലഹിച്ച പണ്ഡിതന്‍

http://utharadesamonline.com/article_details&article_id=615 (T.A.Shafi)

(പഴയ ഒരു ലേഖനമാണ് )
പാണ്ഡിത്യത്തിന്റെ പ്രഭ ചൊരിഞ്ഞ് കാസര്‍കോടിന്റെ പരിസരങ്ങളെ പ്രകാശിതമാക്കിയ തളങ്കര ഖാസിയാറകത്ത് കുടുംബത്തില്‍ നിന്ന് ഒരു വിളക്കുകൂടി കണ്ണടച്ചു.
നാട്ടുകാരുടെ പ്രിയപ്പെട്ട കുന്‍ച്ച ഇന്ന് രാവിലെ തളങ്കര മാലിക്ദീനാര്‍ ജുമാമസ്ജിദില്‍ തിങ്ങിക്കൂടിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തി ആറടിമണ്ണിലമര്‍ന്നപ്പോള്‍ അസ്തമിച്ചത് ഒരു കാലഘട്ടത്തിനുതന്നെ തേജസായി ജ്വലിച്ച സൂര്യപ്രകാശമാണ്.


അപൂര്‍വ്വ സൌഭാഗ്യങ്ങളുടെ നടുക്കായിരുന്നു ഖാസിയാറകത്ത് മുഹമ്മദ്കുഞ്ഞി ഹാജി എന്ന ഞങ്ങളുടെ പ്രിയപ്പെട്ട കുന്‍ച്ചയുടെ ജനനവും ജീവിതവും. ഉപ്പ 38 വര്‍ഷം കാസര്‍കോട് ഖാസിയായിരുന്ന പണ്ഡിത ശ്രേഷ്ഠന്‍ ഖാസി അബ്ദുല്‍ഖാദര്‍ ഹാജി. ഉപ്പൂപ്പ പണ്ഡിതരുടെ നായകന്‍ എന്നു പേരെടുത്ത \'അഉള ഹാജിക്ക\' എന്ന ഖാസി അബ്ദുല്ല ഹാജി. ഭാര്യയാണെങ്കില്‍ ചെമ്പരിക്ക ഖാസിയായിരുന്ന സി. മുഹമ്മദ്കുഞ്ഞി മുസ്ള്യാരുടെ മകളും ഖാസി സി.എം. അബ്ദുല്ല മൌലവിയുടെ സഹോദരിയുമായ ആയിഷ ഹജ്ജുമ്മ. മകന്‍ പ്രമുഖ പണ്ഡിതനും മംഗലാപുരം-കീഴൂര്‍ ഖാസിയുമായ ത്വാഖ അഹമ്മദ് മൌലവി അല്‍ അസ്ഹരി.
ഒരു തരത്തില്‍ പറഞ്ഞാല്‍ ആരും കൊതിച്ചുപോകുന്ന ജന്മമായിരുന്നു അത്. ചുറ്റും പണ്ഡിതര്‍. മേലെയും താഴെയും പണ്ഡിതര്‍.
ആ പണ്ഡിത്യത്തിന്റെ സൌരഭ്യത്തില്‍ നല്ലജീവിതം എഴുതിത്തീര്‍ത്ത കുന്‍ച്ച തളങ്കരക്ക് ആശ്വാസം ചൊരിഞ്ഞ രോഗശുശ്രൂഷകന്‍ കൂടിയായിരുന്നു.
വയറൊന്ന് വേദനിക്കുമ്പോഴും മനസിന്റെ നിയന്ത്രണമൊന്ന് തെറ്റുമ്പോഴും നാട്ടുകാര്‍ ഓര്‍ത്തതും ഓടിച്ചെന്നതും കുന്‍ച്ചയുടെ അരികിലേക്കാണ്. അവിടെ ആശ്വാസത്തിന്റെ ഒരു തീരം അവര്‍ കണ്ടെത്തിയിരുന്നുവെന്നതാണ് നേര്. ആ സന്നിധിയില്‍ ഏത് വിഷമത്തിനും പ്രതിവിധി ഉണ്ടാവും എന്ന് നാട്ടുകാര്‍ വിശ്വസിച്ചിരുന്നുവെന്നതിനും കാലം സാക്ഷി.
തെറ്റുകളോട് വിട്ടുവീഴ്ചയില്ലാതെ പോരാടിയ കുന്‍ച്ചയുടെ പ്രകൃതം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നേരിന്റെ വഴിയില്‍ നിന്ന് ഒരിക്കലും അണുകിട തെറ്റില്ല അദ്ദേഹം. അങ്ങനെ തന്നെയായിരിക്കണം എല്ലാവരുമെന്ന നിര്‍ബന്ധബുദ്ധി കുന്‍ച്ച വെച്ചുപുലര്‍ത്തിയിരുന്നുവെന്നതിന് നിരത്താന്‍ ഉദാഹരണങ്ങള്‍ നിരവധിയുണ്ട് നാട്ടുകാര്‍ക്ക്.
ഖുര്‍ആന്‍ പാരായണത്തില്‍ അതീവ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തിയിരുന്ന കുന്‍ച്ച തജ്വീദില്‍ തനിക്കുള്ള പ്രാവീണ്യം കാലത്തിനു കാട്ടിക്കൊടുത്തിട്ടുണ്ട്. തജ്വീദ് അനുസരിച്ച് മാത്രമേ ഖുര്‍ആന്‍ പാരായണം നടത്താന്‍ പാടുള്ളൂവെന്ന് കുന്‍ച്ചക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അക്ഷരതെറ്റുകളോട് എന്നും തെറ്റിയേ അദ്ദേഹം സംസാരിക്കാറുണ്ടായിരുന്നുള്ളൂ. നിസ്കാരത്തിന് നേതൃത്വം നല്‍കുന്ന ഇമാമിനാണ് പരായാണ തെറ്റ് സംഭവിക്കുന്നതെങ്കില്‍ സലാം വീട്ടേണ്ട താമസം കുന്‍ച്ച അത് ചൂണ്ടിക്കാണിക്കുകയും തിരുത്തുകയും ചെയ്തിരിക്കും.
കുന്‍ച്ചയുടെ ഖുര്‍ആന്‍ പാരായണത്തിന് വല്ലാത്തൊരു സൌന്ദര്യമുണ്ടായിരുന്നു. ആ ശബ്ദമാധുരി കേട്ട് കാലം സായൂജ്യം പൂണ്ടത് ആര്‍ക്കും മറക്കാനാവില്ല. മാലിക്ദീനാര്‍ ഉറൂസ് വേളകളില്‍ മതപ്രഭാഷണത്തിന് മുമ്പ് കുന്‍ച്ചയുടെ ഖുര്‍ആന്‍ പാരായണം നിര്‍ബന്ധമാണെന്ന് എല്ലാവരുമങ്ങ് കൊതിച്ചുപോയത് അതുകൊണ്ടുതന്നെയാണ്. മണിക്കൂറുകളോളം അക്ഷരതെറ്റ് കൂടാതെ കൂടാതെ, മധുരമായ ശൈലിയില്‍ ഖുര്‍ആന്‍ പാരായണം നടത്തിയിരുന്ന കുന്‍ച്ചയെ കേള്‍ക്കാന്‍ നാട് ഒന്നടങ്കം ഒഴുകിയെത്തിയിരുന്നുവെന്നതാണ് സത്യം.
കവിയും തജ്വീദില്‍ അഗ്രഗണ്യനുമായിരുന്ന ടി. ഉബൈദിന്റെ കീഴില്‍ തജ്വീദും ഖുര്‍ആന്‍ പാരായണവും ശീലിച്ച കുന്‍ച്ച പിന്നീട് ടി. ഉബൈദിനെ അതിശയിപ്പിച്ചുകൊണ്ട് പാരായണത്തിലൂടെ ശ്രദ്ധേയനായതിനും കാലം സാക്ഷി. അതുകൊണ്ടുതന്നെ ടി. ഉബൈദിന് കുന്‍ച്ചയോട് വല്ലാത്ത സ്നേഹവുമായിരുന്നു.
ഖാസിലേന്‍ മദ്രസയില്‍ കുന്‍ച്ചക്ക് കീഴില്‍ ഖുര്‍ആന്‍ പാരായണം പഠിക്കാന്‍ നിരവധിപേരെത്തുമായിരുന്നു. കുന്‍ച്ചക്ക് കീഴില്‍ ഖുര്‍ആന്‍ പഠിച്ചാലേ അത് യഥാര്‍ത്ഥ പഠനമാവുകയുള്ളൂവെന്ന തിരിച്ചറിവ് നാട്ടുകാര്‍ക്കുണ്ടായിരുന്നു.
തെറ്റുകളോട് സമപ്പെട്ടുപോകാന്‍ മാത്രം ചാഞ്ചാട്ടമുള്ള ഹൃദയമായിരുന്നില്ല അദ്ദേഹത്തിന്റേത്. ആരെയും കൂസാത്ത ഒരു ശൈലി കുന്‍ച്ചയുടെ പ്രത്യേകതയായിരുന്നു. വാക്കുകളില്‍ അല്‍പം കാര്‍ക്കശ്യമുണ്ടായിരുന്നുവെന്ന് ആ സംസാരവും നോട്ടവും പലപ്പോഴും തോന്നിച്ചിരുന്നുവെങ്കിലും സ്നേഹത്തിന്റെ ലേപനം ആ കാര്‍ക്കശ്യത്തിനു പിന്നില്‍ ഒളിച്ചിരുന്നുവെന്നും ആ സ്നേഹ ലേപനത്തിന്റെ ആശ്വാസം നാട് അനുഭവിച്ചിരുന്നുവെന്നതുമാണ് യാഥാര്‍ത്ഥ്യം.
ആര്‍ഭാടങ്ങളോട് വല്ലാത്ത കലിയായിരുന്നു കുന്‍ച്ചക്ക്. ഭക്ഷണം അനാവശ്യമായി കളയാന്‍ ഒരാളെയും അനുവദിക്കുമായിരുന്നില്ല. കല്യാണ വീടുകളില്‍ കുട്ടികള്‍ക്ക് പാത്രം നിറയെ ഭക്ഷണം വിളമ്പുമ്പോള്‍ കുന്‍ച്ച ഇടപെടും. \'കഴിക്കാന്‍ കഴിയുന്നത്ര വിളമ്പിയാല്‍ പോരേ, ഭക്ഷണമാണ്, കളഞ്ഞാല്‍ ഖേദിക്കേണ്ടി വരും...\' അങ്ങനെയൊരു മുന്നറിയിപ്പും.
തളങ്കര മദ്രസാ മാനേജ്മെന്റ് അസോസിയേഷന്റെ തലപ്പത്ത് കുന്‍ച്ച പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ സംഘടനക്ക് നേരിന്റെ ഒരു ചാല് കീറിക്കൊടുത്തുകൊണ്ടാണ് അദ്ദേഹം ആ സ്ഥാനത്തിനിന്ന് ഒഴിഞ്ഞത്. രാഷ്ട്രീയത്തിലും കുന്‍ച്ച തന്റെ പ്രവര്‍ത്തനം അടയാളപ്പെടുത്തിയിട്ടുണ്ട്. മുസ്ളിംലീഗിന്റെ ഖാസിലേന്‍ വാര്‍ഡ് പ്രസിഡണ്ടായിരുന്നു. സ്ഥാനങ്ങളോടും അധികാരത്തോടും അടുക്കാന്‍ അദ്ദേഹത്തിന് ഒരിക്കലും താല്‍പര്യമുണ്ടായിരുന്നില്ല. സ്ഥാനങ്ങള്‍ ഭവ്യതയോടെ പിന്നാലെ പോയി നിന്നപ്പോഴും സ്നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു അവയെയെല്ലാം. വ്യാപാരിയായും കുന്‍ച്ച ജീവിതത്തിന്റെ ഒരു ഭാഗം ചെലവഴിച്ചിട്ടുണ്ട്. കാസര്‍കോട് ടൌണില്‍ അലൂമിനിയം പാത്രങ്ങള്‍ വില്‍ക്കുന്ന കട അദ്ദേഹം നടത്തിയിരുന്നു.
ഇന്നലെ, കുന്‍ച്ചയുടെ മരണവിവരമറിഞ്ഞ് ഖാസിലേനിലെ വീട്ടിലേക്ക് ഒഴുകിയെത്തിയ സ്ത്രീകളടക്കമുള്ള ജനസഞ്ചയം ആ പണ്ഡിതനോടുള്ള ആദരവ് തങ്ങള്‍ എത്രമാത്രം കാത്തുസൂക്ഷിച്ചിരുന്നുവെന്ന് അടയാളപ്പെടുത്തുകയായിരുന്നു. രാവേറെ വൈകിയിട്ടും ആ ഒഴുക്ക് തുടര്‍ന്നു.
നൂറ്റാണ്ട് പഴക്കമുള്ള, ഖാസിമാര്‍ വാണ, ഖാസിലേനിലെ ആ മാളിക വീടിന്റെ അകമുറിയില്‍ ജീവനറ്റ്, വെള്ളമുണ്ട് പുതച്ച് കിടക്കുമ്പോഴും ഉദിച്ചുനില്‍ക്കുന്ന നിലാവ് കണക്കെ പ്രകാശിക്കുന്നുണ്ടായിരുന്നു കുന്‍ച്ചയുടെ മുഖം. കാലത്തെ നേര്‍വഴിയിലേക്ക് നയിച്ച ഒരു വാദ്യാരുടെ സംതൃപ്ത ജീവിതത്തിന്റെ അടയാളമാണ് മുഖത്തെ ആ പ്രഭയെന്ന് എന്റെ മനസ് മന്ത്രിച്ചു.
ഇന്ന് രാവിലെ മാലിക്ദീനാര്‍ ജുമാമസ്ജിദ് മയ്യത്ത് നിസ്കാരത്തിന് എത്തിയവരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞ കാഴ്ചയും കുന്‍ച്ചയെ നാട് എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നതിന്റെ മറ്റൊരു തെളിവായി. മയ്യത്ത് നിസ്കാരം കഴിഞ്ഞിട്ടും ആളുകള്‍ പള്ളിയിലേക്കൊഴുകുന്നുണ്ടായിരുന്നു. അവസാനമായി ആ പണ്ഡിത ശ്രേഷ്ഠനെ ഒരുവട്ടം കൂടി കാണാന്‍ കൊതിച്ച്.

Saturday, October 6, 2012

എസ്.കെ.എസ്.എസ്.എഫ്. ജാഗരണസംഗമം 8 മുതല്‍

കാസര്‍കോട് : വിശുദ്ധിയിലൂടെ, സംഘബോധത്തിലേക്ക് എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. ഒക്‌ടോബര്‍ 13ന് പയ്യന്നൂര് വെച്ച് സംഘടിപ്പിക്കുന്ന ഉത്തരമേഖല ജാഗരണസമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ എല്ലാ മേഖലകളിലും ജാഗരണസംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാസെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പയ്യന്നൂര് നടക്കുന്ന സമ്മേളനത്തില്‍ ശാഖ-ക്ലസ്റ്റര്‍-മേഖല പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ജില്ലാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കണമെന്ന് ജില്ല കമ്മിറ്റി അറിയിച്ചു.ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാരിസ് ദാരിമി ബെദിര,എം.എ.ഖലീല്‍, ഹാഷിം ദാരിമി ദേലമ്പാടി, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, കെ.എം. ശറഫുദ്ദീന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

Tuesday, October 2, 2012

റഈസുല്‍ ഉലമ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ വഫാത്തായി..


സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ ശൈഖുനാ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ വഫാത്തായി.ഖബറടക്കം നാളെ രാവിലെ ഒന്പത് മണിക്ക് കാളന്പാടിയില്‍ ഹൃദായാഘാത ത്തെത്തുടര്‍ന്ന് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്ക പ്പെട്ട അദ്ദേഹം ഇന്ന് ഉച്ചക്ക് ഇന്ത്യന്‍ സമയം 1 മണിയോടെയാണ് വഫാതായത്. 78 വയസ്സായിരുന്നു അദ്ദേഹത്തിന്. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ വെച്ച് മയ്യിത്ത് കുളിപ്പിച്ച ശേഷം വൈകുന്നേരം നാലുമണിയോടെ ജനാസ കോട്ടുമല കോംപ്ലക്സിലേക്ക് കൊണ്ടുവരും. അവിടെ വെച്ച് പൊതുജനങ്ങള്‍ക്ക് മയ്യിത്ത് നമസ്കരിക്കാന്‍ സൌകര്യമുണ്ടായിരിക്കും. നാളെ രാവിലെ ഒന്പത് മണിക്ക് കാളന്പാടി മഹല്ലു മസ്ജിദില്‍ ഖബറക്കം.
സുന്നീ ആദര്‍ശപ്രസ്ഥാനരംഗത്ത് കഴിഞ്ഞ അമ്പത് വര്‍ഷത്തിലേറെ സജീവ സാന്നിധ്യമായിരുന്നു കാളമ്പാടി ഉസ്താദ്. തന്‍റെ സ്വതസിദ്ധമായ ശൈലിയിലൂടെ സത്യമാണെന്ന് ബോധ്യമുള്ളത് ആരുടെ മുമ്പിലും ധൈര്യ സമേതം തുറന്ന് പറയുന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രകൃതം.
1961ല്‍ വെല്ലൂര്‍ബാഖിയാതില്‍നിന്ന് രണ്ടാം റാങ്കോടെ ബാഖവി ബിരുദം നേടിയ അദ്ദേഹം ശിഷ്ടകാലം മുഴുവനും ചെലവഴിച്ചത് അധ്യാപനത്തിലായിരുന്നു. അരീക്കോട് ദര്‍സില്‍നിന്ന് തുടങ്ങിയ അധ്യാപനം മൈത്ര, മുണ്ടക്കുളം, കാച്ചിനിക്കാട്, മുണ്ടംപറമ്പ്, നെല്ലിക്കുത്ത്, പന്തല്ലൂര്‍ എന്നിവിടങ്ങളിലൂടെ തുടര്‍ന്ന് 1961ല്‍ ജാമിഅ നൂരിയ്യയിലെത്തി.
അരീക്കോട്, നെല്ലിക്കുത്ത് തുടങ്ങി ധാരാളം മഹല്ലുകളിലെ ഖാളീ കൂടിയാണ് കാളമ്പാടി ഉസ്താദ്. 1969ല്‍ സമസ്തയിലെത്തിയ അദ്ദേഹം സമസ്തയിലെ ഏറ്റവും മുതിര്‍ന്ന അംഗം കൂടിയാണ്.
മലപ്പുറം കുന്നുമ്മല്‍ സ്കൂളില്‍ അഞ്ചാം ക്ലാസ് വരെ ഭൌതിക പഠനം നടത്തിയ അദ്ദേഹം അതേ സമയം തന്നെ അവിടത്തെ ദര്‍സിലെ കൂടി വിദ്യാര്‍ത്ഥിയായിരുന്നു. ശേഷമുള്ള പഠനം മതരംഗത്ത് മാത്രമായി പരമിതപ്പെടുത്തുകയായിരുന്നു. കൂട്ടിലങ്ങാടി, പഴമള്ളൂര്‍, വറ്റലൂര്‍ തുടങ്ങിയ ദര്‍സുകളില്‍ പഠിച്ച അദ്ദേഹം അവസാനം എത്തിച്ചേര്‍ന്നത് പരപ്പനങ്ങാടി പനയത്തുപള്ളിയിലായിരുന്നു. കോട്ടുമല അബൂബകര്‍ മുസ്ലിയാര്‍, ശെയ്ഖ് ആദം ഹസ്റത്, ശെയ്ഖ് അബൂബക്റ് ഹസ്റത്, ശൈഖ് ഹസന്‍ ഹസ്റത് തുടങ്ങിയവരെല്ലാം അദ്ദേഹത്തിന്‍റെ ഗുരുനാഥരാണ്.
1934ല്‍ മലപ്പുറം ജില്ലയിലെ ഉമ്മത്തൂരിലായിരുന്നു ജനനം. 1959ല്‍ വിവാഹം കഴിച്ചു. ആറ് ആണും അഞ്ച് പെണ്ണുമടക്കം പതിനൊന്ന് മക്കളാണ് അദ്ദേഹത്തിന്.
കേരളത്തിലെ പരമോന്നത പണ്ഡിത സഭയുടെ സാരഥ്യമരുളുമ്പോഴും ലാളിത്യത്തിന്‍റെ നിറകുടമായിരുന്നു ശൈഖുനാ കാളമ്പാടി ഉസ്താദ്. വഴിയരുകിലോ വീട്ടിലോ അദ്ദേഹത്തെ കണ്ടാല്‍ ഒരു സാധാരണക്കാരനെന്നേ ആര്‍ക്കും തോന്നൂ. ജനലക്ഷങ്ങള്‍ ഒരുമിക്കുന്ന മഹാസമ്മേളനങ്ങളിലും തന്‍റേതായ സ്വതസിദ്ധ ശൈലിയുള്ള ആ വാക്കുകള്‍ കേള്‍ക്കാനായിരുന്നു അനുയായികള്‍ പലപ്പോഴും കാത്തുനിന്നത്. ആ വാക്കുകള്‍ എല്ലായ്പ്പോഴും കൃത്യവും അതിലേറെ ഗഹനവുമായിരുന്നു