Saturday, June 29, 2013

SKSSF കാസര്‍കോട് ജില്ല സംഘടിപ്പിക്കുന്ന മുഹമ്മദലി ഉമറലി ശിഹാബ് തങ്ങള്‍ , ശൈഖുനാ ടി.കെ.എം. ബാവ മുസ്ലിയാര്‍ അനുസ്മരണം 30 ന്

കാസറകോട്: സമസ്ത കേന്ദ്രമുശാവറ നേരിട്ട് നടത്തുന്ന സ്ഥാപനമായ പട്ടിക്കാട് ജാമിയ്യ:നൂരിയ്യ:അറബിക്ക് കോളേജ് പ്രസിഡണ്ടായിരുന്ന മര്‍ഹും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡണ്ടായിരുന്ന മര്‍ഹും പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ , സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനും കാസറകോട് സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന മര്‍ഹൂം ശൈഖുനാ ടി.കെ.എം. ബാവ മുസ്ലിയാര്‍ എന്നിവരുടെ അനുസ്മരണവും ദിക്‌റ്-ദുആ മജ്‌ലിസും ജൂണ്‍ 30ന് ഞായറാഴ്ച്ച വൈകുന്നേരം 3മണിക്ക് ഹൊസങ്കടി ഹില്‍സൈഡ് ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്.കാസറകോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.പരിപാടിയില്‍ പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍,നാസര്‍ ഫൈസി കൂടത്തായി തുടങ്ങിയവര്‍ സംബന്ധിക്കും.കുമ്പോല്‍ സയ്യിദ് കെ.എസ്.അലി തങ്ങള്‍ ദിക്‌റ്-ദുആ മജ്‌ലിസിന്ന് നേതൃത്വം നല്‍കും.മുഴുവന്‍ പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന,ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.

തൃക്കരിപ്പൂര്‍ മണ്ഡലം സമസ്ത കീഴ്ഘടകങ്ങളുടെ ആഭിമുഖ്യത്തില്‍ ടി.കെ.എം.ബാവമുസ്‍ലിയാർ അനുസ്മരണവും പ്രാർത്ഥന സദസ്സും ഇന്ന് (29)

ത്രിക്കരിപ്പുര്‍: ത്രിക്കരിപ്പുര്‍ മണ്ഡലം സമസ്ത കീഴ്ഘടകങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് മര്‍ഹൂം ടി.കെ.എം. ബാവ മുസ്‍ലിയാര്‍ അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും ഇന്ന് (29-06-12)ന് 2 മണിക്കു മുനവ്വിറുല്‍ ഇസ്‍ലാം റബ്ബാനിയ്യ ശരീആത്ത് കോളേജില്‍ നടക്കും. എസ്.വൈ.എസ് മണ്ഡലം പ്രസിഡന്റ് ടി.കെ.സി അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ അധ്യക്ഷതയില്‍ സംയുക്ത ജമാ‍അത്ത് പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. മൌലാനാ മാണിയൂര്‍ അഹ്‍മദ് മൌലവി പ്രാര്‍ത്ഥനാ സദസ്സിനു നേതൃത്വം നല്‍കും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡെന്റ് താജുദ്ധീന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും. സി.ടി അബ്ദുല്‍ ഖാദിര്‍ ഹാജി, അശ്റഫ് മുന്‍ഷി, ശമീര്‍ ഹൈതമി, സഈദ് ദാരിമി, ബഷീര്‍ അസ്ഹരി, നാഫി അസ്അദി സംസാരിക്കും. ത്രിക്കരിപ്പൂര്‍ റെയിഞ്ച് സെക്രട്ടറി ഖമറുദ്ധീന്‍ ഫൈസി സ്വാഗതവും എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പുര്‍ മേഖല സെക്രട്ടറി ഹാരിസ് ഹസനി മെട്ടമ്മല്‍ നന്ദിയും പറയും.

Monday, June 24, 2013

പൈതൃകപ്പഴമ പുതുക്കി യു.എ.ഇയിലെങ്ങും ഹഖുല്ലൈല ആഘോഷങ്ങള്‍

chandrikadaily
ദുബൈ: പരിശുദ്ധ മാസമായ റമസാന് സ്വാഗതമോതുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്ക് തുടക്കമിട്ട് യു.എ.ഇ പരമ്പരാഗതമായി ആഘോഷിച്ചു വരുന്ന ഹഖുല്ലൈല ആഘോഷങ്ങള്‍ എല്ലാ എമിറേറ്റുകളിലും വര്‍ണാഭമായി നടന്നു.

ഹിജ്‌രി കലണ്ടറില്‍ റമസാനു മുമ്പു വരുന്ന ശഅബാന്‍ മാസത്തിലെ പതിനഞ്ചാം രാവിലാണ് ഈ പൈതൃകപ്പഴമ തുടിക്കുന്ന ആഘോഷങ്ങള്‍ നടക്കാറ്. റമസാനെ സ്വീകരിക്കാന്‍ വീടും നാടും ഒരുക്കം തുടങ്ങുക ഈ രാവിലെ ആഘോഷങ്ങളോടെയാണ്.

മുസ്‌ലിം ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരമൊരു ആഘോഷം പതിവുണ്ട്. കേരളത്തില്‍ ബറാഅത്ത് രാവെന്നു പറയപ്പെടുന്ന ദിനാചരണമാണ് യു.എ.ഇയില്‍ ഹഖുല്ലൈല എന്നും ഹഖുല്ലാഹ് എന്നും അറിയപ്പെടുന്നത്. രാത്രിയുടെ ഓഹരി, അല്ലാഹുവിന്റെ പങ്ക് എന്നിങ്ങനെ ആകാം ഈ വാക്കിന്റെ ഉദ്ദേശ്യം.

കുട്ടികള്‍ക്ക് പുത്തനുടുപ്പുകള്‍ അണിയിച്ചും അവരെ കൊണ്ട് മധുര പലഹാരങ്ങള്‍ വിതരണം നടത്തിയുമാണ് ഹഖുല്ലൈല ആഘോഷം കൊഴുപ്പിക്കുക. കുട്ടികളുടെ വിശേഷ ദിവസമാണ് ഇത്. ചെറുപ്പക്കാരും ചെറുപ്പക്കാരികളും ഈ രാവിലെ ആഘോഷങ്ങളില്‍ പങ്കാളികളാകുന്നത് സൗഹൃദ സന്ദര്‍ശനങ്ങള്‍ നടത്തിയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മധുര വിരുന്നേകിയുമാണ്. മധുര പലഹാരങ്ങളുടെ വിതരണം വീടുകളിലും ആരാധനാലയങ്ങളിലും നടത്തുകയും ചെയ്യും. കുട്ടികളുടെ സംഘങ്ങളാണ് ഇതിന് മുന്നിട്ടിറങ്ങുക.

കേരളത്തിലെ ചീരണി, പായസ വിതരണങ്ങളുടെ അറേബ്യന്‍ മാതൃകയാണ് ഹഖുല്ലൈലയില്‍ യു.എ.ഇ നിവാസികള്‍ പിന്തുടരുന്നത്. മധുര പലഹാരങ്ങള്‍ക്കും മറ്റു വിഭവങ്ങള്‍ക്കുമൊപ്പം നാണയങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ശീലവും അറബികള്‍ക്കുണ്ട്. യു.എ.ഇയിലെ റമസാനുമായി ബന്ധപ്പെട്ട ആചാരമാണ് ഈ ആഘോഷരാവ്. പാരമ്പര്യമായി തുടരുന്ന ഈ ചടങ്ങുകളിലൂടെ ഓര്‍മ്മിക്കപ്പെടുന്നത് പൈതൃകപ്പഴമകളാണ്.

പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് കുട്ടികള്‍ വീടിനു പുറത്തിറങ്ങി ആഹ്ലാദിക്കുന്നതും ഗാനമാലപിക്കുന്നതുമൊക്കെ പഴയ രീതികളാണ്. ഓരോ കുടുംബവും അവരവരുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ഈ ആഘോഷം നടത്തുന്നു. എല്ലാവരും മധുരപ്പൊതികളും മധുരാപാനീയങ്ങളും ഈ രാവിനു വേണ്ടി പ്രത്യേകമായി വാങ്ങി വെക്കുന്നു.

വലിയ സഞ്ചികളുമായെത്തി അറബി വീട്ടുകാര്‍ മധുരപലഹാരങ്ങള്‍ വാങ്ങുന്ന കാഴ്ച പണ്ടു മുതലേ കണ്ടതായി മുപ്പത്തിരണ്ടു വര്‍ഷങ്ങളായി റാസല്‍ ഖൈമയിലെ റംസില്‍ ഇമാമായി സേവനമനുഷ്ടിക്കുന്ന എം.കെ.എം മൗലവി കടിയങ്ങാട് മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു. ഇന്നലെയും റാസല്‍ഖൈമയിലെ ഇറാനി മാര്‍ക്കറ്റില്‍ മധുര പലഹാരങ്ങള്‍ വാങ്ങാനെത്തിയവരുടെ തിരക്കു കാരണം ഗതാഗതം മുടങ്ങി. ഏറെ ജനകീയമായ ആഘോഷരാവായതു കൊണ്ടാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാപമോചനം, ആയുരാരോഗ്യം, നരകമോചനം എന്നിവക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും വിശുദ്ധ ഖുര്‍ആനിലെ യാസീന്‍ അധ്യായത്തിന്റെ പാരായണവും ഈ രാത്രിയിലെ പതിവുകളാണ്. യു.എ.ഇയിലെ സ്വദേശി സമൂഹം ഈ രാത്രിയെ വളരെ പ്രാധാന്യത്തോടെ ആചരിക്കുന്നത് ഏറെ ആദരവോടെയാണ് ഇതേ അനുഭവമുള്ള പ്രവാസി മുസ്‌ലിം സമൂഹം നോക്കിക്കാണുന്നത്. അറബ് വീടുകളിലും മജ്‌ലിസുകളിലും നടന്ന സംഗമങ്ങളിലും മധുരപലഹാര വിതരണങ്ങളിലും പങ്കെടുക്കുന്ന മലയാളികളുമുണ്ട്. ശഅബാന്‍ മാസത്തിലെ ഈ രാവിന്റെ സവിശേഷത വെള്ളിയാഴ്ച രാജ്യത്തെ അയ്യായിരത്തോളം പള്ളികളില്‍ നടന്ന ഖുത്വുബയിലും പരാമര്‍ശിക്കപ്പെട്ടു.

ദുബൈയില്‍ പ്രധാന ആഘോഷം ദുബൈ ലേഡീസ് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു. ആണ്‍ കുട്ടികളും പെണ്‍ കുട്ടികളും കന്തൂറ, ജലബിയ വസ്ത്രങ്ങളണിഞ്ഞെത്തിയത് ആഘോഷത്തിന് നിറപ്പകിട്ടേകി. ദുബൈയില്‍ ആഘോഷം സംബന്ധിച്ച് ദുബൈ കള്‍ച്ചര്‍ പുറത്തിറക്കിയ ലഘുലേഖകളുടെ വിതരണവും കുട്ടികള്‍ നടത്തി. ഇത്തരമൊരു ആഘോഷത്തിന്റെ പ്രസക്തിയും സാംസ്‌കാരിക ശ്രേഷ്ടതയും വെളിപ്പെടുത്തുന്നതാണ് ലഘുലേഖയുടെ സന്ദേശം.

അബുദാബി, ഷാര്‍ജ തുടങ്ങി എല്ലാ എമിറേറ്റുകളിലും വിവിധ തരത്തിലുള്ള ആഘോഷ പരിപാടികള്‍ നടന്നതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാര്‍ജയില്‍ മ്യൂസിയം ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലായിരുന്നു പ്രധാന ആഘോഷ പരിപാടികള്‍. നേരത്തെ വീടുകളിലും താമസകേന്ദ്രങ്ങളിലും നടന്ന ആഘോഷ പരിപാടികള്‍ ഇപ്പോള്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ കീഴില്‍ നടക്കുന്നു. ഏറെ വര്‍ണപ്പകിട്ടോടെ നടന്ന ആഘോഷ പരിപാടികള്‍ വരാനിരിക്കുന്ന പുണ്യ മാസത്തെ കുറിച്ച് ജനമനസ്സുകളിലുള്ള പ്രതീക്ഷയാണ് വെളിപ്പെടുത്തിയത്. റമസാന്‍ മാസം ഏറ്റവും പ്രിയങ്കരനായ ഒരതിഥിയെ എന്ന പോലെയാണ് യു.എ.ഇയിലും സ്വീകരിക്കപ്പെടുന്നത്.

Sunday, June 23, 2013

SKSSF സഹചാരി: ഹാരിസ് ഹസനി മെട്ടമ്മല്‍ ചെയര്‍മാന്‍ , ശരീഫ് മുഗു കണ്‍വീനര്‍

കാസര്‍കോട്: SKSSF കാസറകോട് ജില്ലാകമ്മിറ്റിക്ക് കീഴില്‍ ആതുരസേവന രംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം നല്‍കാന്‍ സഹചാരി ജില്ലാകമ്മിറ്റിക്ക് രൂപം നല്‍കി. ഹാരിസ് ഹസനി മെട്ടമ്മല്‍ ചെയര്‍മാനും ശരീഫ് നിസാമിമുഗു കണ്‍വീനറും കെ.എച്ച് അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, യൂനുസ് ഫൈസി കാക്കടവ്, സഈദ് അസ്അദി ഡയറക്ടര്‍മാരാണ്. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഇബ്രാഹീം ഫൈസി ജെഡിയാര്‍, ഹാഷിം ദാരിമി ദേലംപാടി, ഹാരിസ് ദാരിമി ബെദിര, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, സലാം ഫൈസി പേരാല്‍, ഹമീദ് ഫൈസി കൊല്ലമ്പാടി, ശമീര്‍ കുന്നുംങ്കൈ, മുനീര്‍ ഫൈസി ഇടിയടുക്ക, സി.പി. മൊയ്തു മൗലവി ചെര്‍ക്കള, മഹ്മൂദ് ദേളി, മുഹമ്മദ് ഫൈസി കജ, മൊയ്തീന്‍ ചെര്‍ക്കള, ഫാറൂഖ് കൊല്ലമ്പാടി, കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍, ഹാരിസ് ഹസനി മെട്ടമ്മല്‍, യൂനുസ് തൈക്കടപ്പുറം, യൂസുഫ് ആമത്തല തുടങ്ങിയവര്‍ സംബന്ധിച്ചു.

Tuesday, June 18, 2013

ഖാസി.ടി.കെ.എം.ബാവ മുസ്ലിയാര്‍ അനുസ്മരണവും ദിക്‌റ് - ദുആ മജ്‌ലിസും 20ന് കാസറകോട്ട്

കാസറകോട്:സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസബോര്‍ഡ് പ്രസിഡണ്ടും കാസറകോട് സംയുകത ഖാസിയുമായിരുന്ന മര്‍ഹും ടി.കെ.എം.ബാവ മുസ്ലിയാരുടെ അനുസ്മരണവും ദിക്‌റ്- ദുആ മജ്‌ലിസും ജൂണ്‍ 20ന് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാനഗറിലുള്ള എസ്.വൈ.എസ് 60-ാം വാര്‍ഷിക സമ്മേളന സ്വാഗത സംഘം ഓഫീസ് ഹാളില്‍ നടക്കും. സമസ്തയുടെയും കീഴ് ഘടകങ്ങളായ SYS, SMF, SKSSF, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എം.എം., എന്നീസംഘടനകളുടെ സംയുകതആഭിമുഖ്യത്തിലാണ്പരിപാടിനടക്കുന്നത്. ഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്‍, യു.എം.അബ്ദുല്‍ റഹ്മാന്‍ മൗലവി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, എം.എസ്.തങ്ങള്‍, എം..ഖാസിം മുസ്ലിയാര്‍, പൂക്കോയതങ്ങള്‍ചന്തേര, അബ്ബാസ്‌ഫൈസിപുത്തിഗെ, ചെര്‍ക്കളം അബ്ദുല്ല, പി.ബി.അബ്ദുറസാഖ് എം.എല്‍., മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ഇബ്രാഹിംഹാജി, താജുദ്ദീന്‍ ദാരിമി പടന്ന, റഷീദ് ബെളിഞ്ചം, ടി.പി.അലി ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, കണ്ണൂര്‍ അബ്ദുല്ല, ഖത്തര്‍ അബ്ദുല്ല ഹാജി, പി,എസ്.ഇബ്രാഹിം ഫൈസി, അബ്ദുസലാം ദാരിമി ആലംപാടി തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടിയില്‍ സമസ്തയുടെയും കീഴ് ഘടകങ്ങളുടെയും മുഴുവന്‍ പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് നേതാക്കള്‍ അറിയിച്ചു.

കര്‍മ്മ വീഥിയില്‍ കരുത്തോടെ ഈ നായകന്‍

വിടപറഞ്ഞ സമസ്ത കേരളാ ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ്‌ പ്രസിഡന്റ്‌ ശൈഖുനാ ടി.കെ.എം ബാവ മുസ്‌ലിയാര്‍, മലബാര്‍ ഇസ്ലാമിക്‌ കോമ്പ്ലെക്സില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'അല്‍ഇര്‍ഷാദ്‌' ദ്വൈമാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്നും.
ദീര്‍ഘ സംഭാഷണം  ശംസൂദ്ധീന്‍ ചേരൂര്‍, സുഹൈല്‍ പൊവ്വല്‍
ഖാസി ടി.കെ.എം ബാവ മുസ്‌ലിയാര്‍… രണ്ടരപതിറ്റാണ്ടിലേറെയായി കാസര്‍കോട് മുസ്‌ലിംകള്‍ കേട്ടു പരിചയിച്ചൊരു പേരാണിത്. ആയിരക്കണക്കിനാളുകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും വിവാഹങ്ങള്‍ നടത്തിക്കുകയും ചെയ്യുന്ന ടി.കെ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരെന്ന ബാവ മുസ്‌ലിയാര്‍ കാസര്‍കോട്ടുകാരുടെ സ്വന്തം ഖാളിയാര്‍ച്ചയാണ്.
ലക്ഷങ്ങള്‍ നിറഞ്ഞ് കവിയുന്ന സമസ്തയുടെ സമ്മേളനങ്ങള്‍ ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനകളോടെ തുടക്കം കുറിക്കുന്നത് നമ്മുടെ ഖാളിയാര്‍ച്ചയാണ്. ”അല്ലാഹുമ്മ ദമ്മിര്‍ അഅ്ദാഅനാ” എന്ന് ഉസ്താദ് ദുആ ചെയ്യുമ്പോള്‍ ആമീന്‍ പറയുന്നത് ഉലമാക്കളെയും മഹാന്മാരെയും കൊണ്ട് നിറഞ്ഞ വലിയ സദസ്സായിരിക്കും. സമസ്തയുടെ ‘മുസ്തജാബുദ്ദുആ’യാണ് ഉസ്താദ്. കേരളത്തിനകത്തും പുറത്തും…ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഒമ്പതിനായിരത്തോളെ മദ്രസകളിലായി 10 ലക്ഷത്തോളം മുസ്‌ലിം കുരുന്നുകള്‍ക്ക് ദീനിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുന്ന മഹത്തായ മദ്രസാ സംവിധാനം, അതിന്റെ ചുക്കാന്‍ പിടിക്കുന്ന, സ്വാതികരായ പണ്ഡിതമഹത്തുക്കള്‍ തുടങ്ങിവെച്ച സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡെന്ന മഹത്തായ ഒരു പ്രസ്ഥാനത്തിന്റെ അനിഷേധ്യനായ പ്രസിഡന്റും കൂടിയാണ് ടി.കെ.എം ബാവ മുസ്‌ലിയാര്‍. പാണ്ഡിത്യത്തിന്റെ നിറകുടം, ഈമാന്റെ പ്രഭചൊരിയുന്ന മുഖം, അഹംഭാവത്തിന്റെ ലാജ്ഞന പോലുമില്ലാത്ത സൗമ്യമായ പെരുമാറ്റം, വാര്‍ദ്ധക്യവും അസുഖങ്ങളും ബുദ്ധിമുട്ടിക്കുമ്പോഴും ദീനിന് വേണ്ടി നീക്കി വെച്ച ജീവിതം…പക്ഷെ നാട്ടുകാരുടെ പ്രീയ്യപ്പെട്ട ഖാളിയാര്‍ച്ച നമ്മുടെ നാട്ടുകരനല്ലെന്ന് പലര്‍ക്കും അറിയില്ല. കാല്‍നൂറ്റാണ്ടിലധികമായി കാസര്‍കോട് ചരിത്രം ഉറങ്ങുന്ന, കേരളത്തില്‍ ഇസ്‌ലാമിന്റെ ആരംഭകാലഘട്ടത്ത് തന്നെയുണ്ടാക്കപ്പെട്ട പുരാതനമായ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയുടെ ഓരത്തായി ”ഖാസി റൂം” എന്നെഴുതി വെച്ച ചെറിയ റൂമിലായിരുന്നു ഉസ്താദിന്റെ ജീവിതം. ഇന്നിപ്പോള്‍ ഉസ്താദ് കാസര്‍കോട് മുസ്‌ലിംകളുടെ ഒരു ഭാഗമായി മാറിയിരിക്കുന്നു. മഹല്ലത്തുകളുടെ മാതൃകാ പുരുഷനും നിരന്തര സാനിദ്ധ്യവുമാണുസ്താദ്. നാടിന്റെ സര്‍വ്വ ഉണര്‍വ്വിലും ഖാളിയാര്‍ച്ച ഒപ്പമുണ്ടാകുന്നു. സമസ്ത ഫത്‌വ കമ്മിറ്റിയില്‍ ആദ്യകാല മുഫ്തിയായിരുന്ന കുഞ്ഞായിന്‍ മുസ്‌ലിയാരടക്കമുള്ള മഹാന്മാരായ നിരവധി പണ്ഡിതര്‍ കടന്നുവന്ന തൊണ്ടിക്കോടന്‍ തറവാട്ടില്‍ നിന്ന് മലപ്പുറം ജില്ലയിലെ വെള്ളിമുക്ക് എന്ന സ്ഥലത്ത് പ്രശസ്ത പണ്ഡിതനായിരുന്ന ബീരാന്‍ കുട്ടി മുസ്‌ലിയാരുടെ മകനായി ജനിച്ചു. ഉപ്പാപ്പയുടെ (മുഹ്‌യിദ്ധീന്‍ മുസ്‌ലിയാര്‍) അടുത്തായിരുന്നു കുട്ടിക്കാലത്ത് താമസിച്ചിരുന്നത്. പേരക്കുട്ടിയുടെയും ഉപ്പാപ്പയുടെയും പേര് ഒന്നായതിനാല്‍ എല്ലാവരും ബാവയെന്ന് വിളിച്ചു. അങ്ങനെയാണാ പേര് വന്നത്. ‘അല്‍ ഇര്‍ഷാദിന്’ വേണ്ടിയുള്ള അഭിമുഖത്തിനായി ഉസ്താദിന്റെ റൂമിലെത്തിയപ്പോള്‍ ഉസ്താദ് ബാത്ത്‌റൂമിലായരുന്നു. കുളിയും ളുഹാ നിസ്‌കാരവും കഴിഞ്ഞ് ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉസ്താദ് മറുപടി പറഞ്ഞ്തുടങ്ങി. ഉസ്താദിന്റെ പഠനവും ഉസ്താദുമാരും? ഉപ്പാപ്പയുടെ അടുത്ത് നിന്നാണ് ആദ്യം കിതാബോതിയത്. സ്‌കൂളൊന്നും ഇല്ലാത്ത കാലമാണ്. പള്ളിക്കൂടത്തില്‍ പോകുമായിരുന്നു. വെള്ളിമുക്ക് ദര്‍സിലാണ് ഉപ്പാപ്പ് ദര്‍സ് നടത്തിയിരുന്നത്. പിന്നീട് അന്നറിയപ്പെട്ട വലിയ ദര്‍സായിരുന്ന കോമു മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. കോട്ടുമല ഉസ്താദ്, മഞ്ഞനാടി ഉസ്താദ് തുടങ്ങിയവര്‍ ദര്‍സിലുണ്ടായിരുന്നു. അല്‍ഫിയ കഴിയുന്നത് വരെ അവിടെയായിരുന്നു. ശേഷം അരീക്കോടിനടുത്ത വെളയില്‍ ദര്‍സില്‍ ചേര്‍ന്ന് 7 വര്‍ഷം അവിടെ ഓതി. പിന്നീടാണ് കാസര്‍കോടെത്തിയത്. ദീര്‍ഘകാലം കാസര്‍കോട് ഖാളിയായിരുന്ന അവറാന്‍ മുസ്‌ലിയാര്‍ (എന്റെ എളാമ്മയുടെ ഭര്‍ത്താവ്) വരാന്‍ പറഞ്ഞത് കൊണ്ടാണിവിടെ എത്തിയത്. യു.കെ ആറ്റക്കോയ തങ്ങള്‍, അന്തുമാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സഹപാഠികളായിരുന്നു. അഞ്ച് വര്‍ഷം അവിടെ ഓതി. മറ്റത്തൂര്‍ ദര്‍സിലേക്ക് പോകുന്ന വഴിയാണ് കോട്ടുമലിയില്‍ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ അടുത്ത് ദര്‍സില്‍ ചേര്‍ന്നത്. (കോട്ടുമല ഉസ്താദിന്റെ നാട് യഥാര്‍ത്ഥത്തില്‍ കാളമ്പാടിയാണ്. ദര്‍സ് നടത്തിയത് കൊണ്ട് കോട്ടുമല എന്നറിയപ്പെട്ടു). ഒരു വര്‍ഷം അവിടെയായിരുന്നു. ഉപ്പാപ്പ ഹജ്ജിന് പോയപ്പോള്‍ വെള്ളിമുക്കില്‍ ഖുതുബയും ദര്‍സും എന്നെയേല്‍പിച്ചു. ബാഖിയാത്തില്‍ പോകാന്‍ ആലോചിക്കുകയായിരുന്നു. അല്‍പം കൂടി കിതാബുകള്‍ തീര്‍ക്കാന്‍ ബാക്കിയുണ്ട്. അങ്ങനെ ഇമ്പിച്ചാലി മുസ്‌ലിയാരുടെ അടുത്ത് കുറ്റിക്കാട്ടൂരില്‍ ഒരു വര്‍ഷം പഠനം നടത്തി. മടവൂര്‍ സി.എം സഹപാഠിയായിരുന്നു. അതിന് ശേഷം വെല്ലൂര്‍ ബാഖിയാത്തില്‍ പോയി. മുഖ്തസര്‍ ബിരുദം (മൂന്നു വര്‍ഷം) പൂര്‍ത്തിയാക്കി. കെ.കെ ഹസ്‌റത്ത് സഹപാഠിയായിരുന്നു. ശേഷം മുതവ്വല്‍ പൂര്‍ത്തിയാക്കി. ഹൈദ്രോസ് മുസ്‌ലിയാര്‍, ബശീര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സഹപാഠികളായിരുന്നു.
കാസര്‍കോട് ഖാളിയെന്ന നിലയിലാണിപ്പോള്‍ എല്ലാവരും ഉസ്താദിനെ അറിയുന്നത്. ഇവിടെ വരുന്നതിന് മുമ്പുള്ള ഉസ്താദിന്റെ ജീവിതം (മുദരിസും ഖതീബുമായി) എങ്ങനെയായിരുന്നു? വെല്ലൂരില്‍ നിന്ന് വന്ന് വെള്ളിമുക്കിനടുത്ത് കൂമണ്ണയില്‍ ദര്‍സ് തുടങ്ങി. പതിനേഴരക്കൊല്ലം അവിടെയുണ്ടായിരുന്നു. ശേഷം കോഴിക്കോട് മൂര്യാടിലെത്തി. ഇംപീരിയല്‍ ബില്‍ഡിങ് ഉടമ മമ്മൂട്ടി ഹാജിയായിരുന്നു അവിടെ മുതവല്ലി. ഒന്നര വര്‍ഷത്തിന് ശേഷം പാണക്കാടിനടുത്ത് ഊരകം എന്ന സ്ഥലത്തേക്കു മാറി. 3 മൂന്ന് വര്‍ഷത്തോളം അവിടെ തുടര്‍ന്നു. പിന്നീട് ചെലൂരില്‍ 2 വര്‍ഷം ദര്‍സ് നടത്തിയതിന് ശേഷം നാട്ടില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. പക്ഷെ അല്ലാഹുവിന്റെ വലിയ്യായിരുന്ന ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ നിര്‍ദേശപ്രകാരം കുണ്ടൂരില്‍ ദര്‍സ് തുടങ്ങി. കുട്ടികള്‍ക്ക് ‘ജലാലൈനി’ ഓതിക്കൊടുത്ത് എന്റെ കയ്യില്‍ തന്ന് ദര്‍സ് നടത്താനാണ് ബാപ്പു മുസ്‌ലിയാര്‍ എന്നോടു പറഞ്ഞത്. അഞ്ചു വര്‍ഷം അവിടെയായിരുന്നു. അതിനിടയില്‍ ആ മഹാന്‍ വഫാത്തായി.
ഉസ്താദ് കാസര്‍കോട് ഖാസിയാവാന്‍ ഉണ്ടായ സാഹചര്യം എന്തായിരുന്നു? ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാര്‍ എന്നെയേല്‍പിച്ച കുണ്ടൂരിലെ ദര്‍സിലായിരുന്നുവെന്ന് പറഞ്ഞല്ലോ. അദ്ദേഹം വഫാത്തായ ശേഷമാണ് കാസര്‍കോട്ട് നിന്നും പൗരപ്രമുഖരായ കെ.എസ് സുലൈമാന്‍ ഹാജി, ചൂരി ഹാജി തുടങ്ങിയവര്‍ എന്റെയടുത്ത് വന്ന് കാസര്‍കോട്ട് വരണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ബുദ്ധിമുട്ടുകള്‍ പറഞ്ഞൊഴിയാന്‍ ശ്രമിച്ചു. ബാപ്പു മുസ്‌ലിയാര്‍ എന്നെയേല്‍പിച്ച ദര്‍സായത് കൊണ്ട് ഒറ്റയടിക്ക് നിര്‍ത്താനും പറ്റില്ല. പെട്ടെന്ന് ”മാലിക് ദീനാര്‍ പള്ളി കാലിയായിപ്പോകുമല്ലോ” എന്ന് പറഞ്ഞ് ചൂരിഹാജി പൊട്ടിക്കരഞ്ഞു. ഇതൊക്കെ കണ്ടപ്പോള്‍ എന്റെ മനസ്സ് അസ്വസ്ഥമായി. പ്രമുഖ പണ്ഡിതനും കാസര്‍കോട്ട് നീണ്ട കാലം ഖാസിയായിരുന്ന അവറാന്‍ മുസ്‌ലിയാരുടെ അടുത്ത് 5 വര്‍ഷം ഓതിയ പരിചയവുമുണ്ട്. കോട്ടുമല ഉസ്താദും എന്നെ പോകാനാണ് നിര്‍ബന്ധിച്ചത്. അങ്ങനെ കാസര്‍കോട് വരാന്‍ തീരുമാനിച്ചു. 1983 ല്‍ ഞാന്‍ കാസര്‍കോട് ഖാസിയായി സ്ഥാനമേറ്റു.
സമസ്തയുമായി ഉസ്താദ് കൂടുതല്‍ ഇടപെടാന്‍ തുടങ്ങിയത്? ചെറുപ്പം മുതലേ സമസ്തയുടെ മെമ്പര്‍ഷിപ്പെടുത്തിരുന്നു. ആദ്യം നാലണക്കായിരുന്നു. പിന്നീടത് എട്ടണയായക്കി. സമസ്തയുടെ വിദ്യാര്‍ത്ഥി, യുവജന സംഘടനകളിലൊന്നും പ്രവര്‍ത്തിച്ചിട്ടില്ല. ………മുശാവറയിലെത്തി. ——–സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രസിഡന്റായി. സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ കാസര്‍കോഡ് സെക്രട്ടറിയായി. സി.എം ഉസ്താദിന്റെ മരണത്തോടെ സെക്രട്ടറിയായിരുന്ന ഞാന്‍ പ്രസിഡന്റും യു.എം അബ്ദുറഹ്മാന്‍ മൗലവി സെക്രട്ടറിയുമായി.
സി.എം ഉസ്താദുമായും എം.ഐ.സിയുമായും ഉസ്താദിന്റെ ബന്ധം? ഞാന്‍ ഇവിടെ വന്നതിന് ശേഷമാണ് സി.എം ഉസ്താദിനെ അറിയുന്നത്. ഞാന്‍ ഖാസിയായി വരുമ്പോള്‍ തന്നെ അദ്ദേഹം ഖാസിയായിരുന്നു. കൂടുതല്‍ ബന്ധപ്പെടാന്‍ തുടങ്ങിയത് കാസര്‍കോട് ജില്ലാ ജംഇയ്യതുല്‍ ഉലമയുടെ സെക്രട്ടറിയായതോടെയാണ്. അദ്ദേഹം പ്രസിഡന്റായിരുന്നു. അപ്പോള്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യും. പിന്നെ രണ്ട് പേരും ഖാസിയായതിനാല്‍ മാസം ഉറപ്പിക്കലും മറ്റും പരസ്പരം ചര്‍ച്ച ചെയ്ത ശേഷമായിരുന്നു. ഞാന്‍ അദ്ദേഹത്തെയും അദ്ദേഹം എന്നെയും വിളിക്കും. പിന്നെ എം.ഐ.സിയെ പറ്റി പറയുകയാണെങ്കില്‍ തുടക്കം മുതല്‍ ഞാന്‍ എം.ഐ.സിയുടെ ഖജാന്‍ജിയാണ്. സി.എം ഉസ്താദ് വളരെ കഷ്ടപ്പെട്ട് തുടങ്ങിയ സഅദിയ്യ ഒരു വിദേശയാത്ര കഴിഞ്ഞ് വരുമ്പോഴേക്കും ചിലയാളുകള്‍ സ്വന്തം ഇഷ്ടപ്രകാരം സിലബസ്സ് മാറ്റി ഭരണം കൈക്കലാക്കിയിരുന്നു. അവിടെ വിട്ട ശേഷം സി.എം നീലേശ്വരം മര്‍കസിലായിരുന്നു. അവിടെ ഒരു യോഗത്തിന് ഞാന്‍ കാറില്‍ പോകുകയായിരുന്നു. മേല്‍പറമ്പിലെത്തിയപ്പോള്‍ ഒരാള്‍ കൈകാട്ടി കാര്‍ നിര്‍ത്തി (അത് തെക്കില്‍ മൂസ ഹാജിയായിരുന്നു. ആ സമയത്ത് എനിക്കദ്ദേഹത്തെ പരിചയമില്ലായിരുന്നു). 4 ചായക്ക് ഓര്‍ഡര്‍ കൊടുത്തു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ കല്ലട്ര അബ്ബാസ് ഹാജിയും സി.എം ഉസ്താദും വരാനുണ്ടെന്നും ഒരു പദ്ധതിയെകുറിച്ച് സംസാരിക്കാനുണ്ടെന്നും പറഞ്ഞു. പദ്ധതി പറയാനാവശ്യപ്പെട്ടപ്പോള്‍ അവര്‍ വന്നശേഷം പറയാമെന്ന് പറഞ്ഞു. അവര്‍ രണ്ട് പേരും വന്ന ശേഷം മൂസ ഹാജി (ഹാര്‍ട്ടിന്റെ അസുഖമുള്ളയാളാണ് അദ്ദേഹം): പെട്ടെന്ന് തന്നെ നമുക്കൊരു സ്ഥപനം തുടങ്ങണമെന്നും അതിനുള്ള ജോലികള്‍ ആരംഭിക്കണമെന്നും പറഞ്ഞു. നല്ലത് തന്നെ പക്ഷെ ജില്ലാ ജംഇയ്യതുല്‍ ഉലമ യോഗത്തില്‍ സി.എം തന്നെ കാര്യം അവതരിപ്പിക്കണമെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. അങ്ങനെ ഒരു ദിവസം യോഗം ചേര്‍ന്നു. എന്റെ റൂമില്‍ തന്നെയായിരുന്നു യോഗം (മാലിക് ദീനാര്‍) അന്ന് സമസ്തക്ക് ഓഫീസുണ്ടായിരുന്നില്ല. സി.എം കാര്യം പറഞ്ഞു എല്ലാവരും സമ്മതിച്ചു. പിറ്റേന്ന് റിക്കാര്‍ഡുകള്‍ എന്റെ കയ്യില്‍ തന്നു. എനിക്ക് സൂക്ഷിക്കാന്‍ ബുദ്ധിമുട്ടുണ്ടായത് കൊണ്ട് ഞാന്‍ സി.എമ്മിനെ തന്നെ തിരിച്ചേല്‍പിച്ചു. സ്ഥാപനത്തിന്റെ പിരിവിനായി സി.എമ്മിന്റെ കൂടെ ഞാനും പോകുാറുണ്ടായിരുന്നു. രാത്രിയിലായിരുന്നു പോക്ക്. പാദൂറിന്റടുത്തും മറ്റും അന്ന് പോയിരുന്നു. തളങ്കരക്കാരനായിരുന്ന പാക്കിസ്ഥാന്‍ അബ്ദുല്ലയുടെ മകളുടെ നിക്കാഹിന്ന് എന്നെയദ്ദേഹം ദുബായിലേക്ക് ക്ഷണിച്ചു. (അദ്ദേഹം ദുബായില്‍ സ്ഥിര താമസമാക്കിയിരുന്നു) ദുബായിലേക്ക് വരാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ നിങ്ങളുടെ എളാപ്പ ഇങ്ങനെ പറയില്ലല്ലോ എന്നദ്ധേഹം പറഞ്ഞു. (37 വര്‍ഷം ഇവിടെ ഖാളിയായിരുന്ന എന്റെ എളാമ്മയുടെ ഭര്‍ത്താവും അഞ്ച് വര്‍ഷത്തോളം എന്റെ ഉസ്താദുമായിരുന്ന അവറാന്‍ മുസ്‌ലിയാരെക്കുറിച്ചാണദ്ധേഹം സൂചിപ്പിച്ചത്) പിന്നെയെനിക്ക് പോകാതെ പറ്റില്ലെന്നായി അങ്ങനെ ഞാന്‍ ദുബായിലെത്തി. വരന്‍ സി.എമ്മിന്റെ സ്ഥലത്തെയാളായിരുന്നു. സി.എമ്മും വന്നിരുന്നു എനിക്ക് 14 ദിവസത്തെ വിസയാണുണ്ടായിരുന്നത്. എനിക്കവിടെന്ന് കടുത്ത പനി വന്നിരുന്നു അവിടെയും എം.ഐ.സിക്ക് വേണ്ടി സി.എമ്മിനൊപ്പം പിരിവിന്ന് പോയിരുന്നു.
ഖാളിയായി സ്ഥനമേറ്റ ശേഷം ഇവിടം എങ്ങനെയനുഭവപ്പെട്ടു? മുസ്‌ലികളുടെ ജീവിത രീതികള്‍, ചുറ്റുപാടുകള്‍, ഇപ്പോള്‍ അതിന്ന് വന്ന മാറ്റങ്ങള്‍? കാസര്‍കോട് അഞ്ച് വര്‍ഷം ഓതിയ പരിചയം എനിക്കുണ്ടായിരുന്നു. ഇവിടെത്തെ ആള്‍ക്കാര്‍ (പ്രത്യേകിച്ചും പഴയ തലമുറ വളരെ നല്ലവരായിരുന്നു. ദീനീ കാര്യത്തിലും മറ്റും നല്ല ശ്രദ്ധയുള്ളവരായിരുന്നു അവര്‍. മാലിക് ദീനാര്‍ പള്ളി ഉള്ളത് കൊണ്ട് തന്നെ നല്ല ഇസ്ലാമിക അന്തരീക്ഷമായിരുന്നു തളങ്കരയും ചുറ്റുഭാഗങ്ങളും, മാലിക് ദീനാര്‍ പള്ളിയില്‍ ഞാന്‍ വരുന്നതിന്ന് മുമ്പേ ദര്‍സുണ്ടായിരുന്നു. നിരവധി വലിയ പണഡിതര്‍ ഇവിടെ ദര്‍സ് നടത്തിയിരുന്നു. ഞാനും കുറെ കാലം ദര്‍സ് നടത്തി. ആദ്യം പള്ളിയുടെ മുകളിലായിരുന്നു പിന്നീട് കയറിയിറങ്ങാന്‍ ബുദ്ധിമുട്ടായപ്പോള്‍ റൂമില്‍ തന്നെയാക്കി. പിന്നീട് വിദ്യാര്‍ത്ഥികളൊക്കെ കുറഞ്ഞു. ഇപ്പോള്‍ ദര്‍സില്ല. ഇവിടെത്തെ ദീനീ ചുറ്റുപാടുകളില്‍ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്, കാലം പുരോഗമിച്ചതോടെ മതപഠനത്തിനും മറ്റും സൗര്യം കൂടി. മാലിക ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പോലെയുള്ള കോളേജുകള്‍ വന്നു. പള്ളികളും മദ്രസകളും ഭദ്രമായ സാമ്പത്തിക സ്ഥിതിയിലായി. അങ്ങനെയുളള മാറ്റങ്ങള്‍…
കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രശ്‌നമാണ് മുസ്‌ലും വീടുകളിലെ വിവാഹ ധൂര്‍ത്ത്. ഇതിന് കാരണമായി ഉസ്താദിന് തോന്നുന്നതെന്ത്? പണം തന്നെ…പണം കൂടിയപ്പോള്‍ അവര്‍ ഒരുപാട് ചിലവഴിക്കാന്‍ തുടങ്ങി. അതൊരു പതിവായപ്പോള്‍ പാവങ്ങള്‍ക്കും വിവാഹത്തിനായി അങ്ങനെ ചെലവാക്കാതെ വയ്യെന്നായി. കയ്യില്‍ പണമില്ലെങ്കിലും വളരെ കഷ്ടപ്പെട്ട് ചിലവാക്കുന്നു. കാശില്ലാത്തവരുടെ പെണ്‍മക്കള്‍ ഈ പ്രവണത മൂലം കണ്ണീരിലാണ്. ഇന്ന് പല വീടുകളും ധൂര്‍ത്ത് കാരണം കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത് സ്ഥിതിയിലാണ്. അത് മാറണം. പണം അല്ലാഹുവിന്റെതാണ്. ഉടമസ്ഥാവകാശം അല്ലാഹുവിന് മാത്രമാണ്. അതിന്റെ ഒരു സൂക്ഷിപ്പുകാരാണ് ഈ പണക്കാര്‍. ഒരു സൂക്ഷിപ്പുകാരന്‍. അത് അല്ലാഹു പറഞ്ഞ മാര്‍ഗത്തിലൂടെ മാത്രമെ ചെലവഴിക്കാന്‍ പറ്റുകയുള്ളൂ… ധൂര്‍ത്ത് ചെയ്യുന്ന പണം പാവങ്ങളുടെ കല്ല്യാണം കഴിപ്പിച്ച് കൊടുക്കുന്നതിന്ന് ഉപയോഗിച്ചാല്‍ അത് വളരെ ഉപകാരമായിരിക്കും ….. പണമുള്ളവര്‍ അങ്ങനെയുള്ള മാനസികാവസ്ഥയിലേക്ക് മാറണം.
സംയുക്ത ജമാഅത്ത് ഖാളിയെന്ന നിലയില്‍ ഇതിനെതിരെ എന്തൊക്കെയാണ് ചെയ്യാന്‍ കഴിയുക? സംയുക്ത ജമാഅത്തിലുള്ള എല്ലാ പള്ളികമ്മിറ്റികളിലേക്കും ഇതിന്റെ കാര്യഗൗരവം മനസ്സിലാക്കിക്കൊണ്ട് കത്തയക്കുകയും മഹല്ലില്‍ നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. അത് ഓരോ കമ്മിറ്റികളും ചര്‍ച്ച ചെയ്ത് സ്വന്തം മഹല്ലിലെ അനാചാരങ്ങളും അധാര്‍മ്മികതയും തുടച്ചുനീക്കാന്‍ അവര്‍ മുന്നിട്ടിറങ്ങണം. ദീനിന്റെ കാര്യമായതിനാല്‍ കമ്മിറ്റി ഭാരവാഹികളും ഉസ്താദുമാരും മുന്നിട്ടിറങ്ങുകയും മഹല്ലിലെ മുഴുവന്‍ ജനങ്ങളുടെ സര്‍വ്വ പിന്തുണയും സഹകരണവുമായി രംഗത്ത് വരികയും വേണം.
ഉസ്താദ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന ജംഇയ്യത്തുല്‍ ഖുത്വബാഇന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണ് ? എല്ലാ മഹല്ലുകളിലേയും ഖത്വീബുമാരുടെ കൂട്ടായ്മയാണ് ജംഇയ്യത്തുല്‍ ഖുത്വബാഅ്. മഹല്ലുകളിലെ അധാര്‍മ്മികതയും ദുരാചാരങ്ങളും ഉന്മൂലനം ചെയ്ത് ഇസ്ലാമികാന്തരീക്ഷത്തിലുള്ള ഒരു ജീവിത രീതി ഉണ്ടാക്കിക്കൊടുക്കുക എന്നുള്ളതാണ് സംഘടനയുടെ ലക്ഷ്യം. വിവാഹദൂര്‍ത്തിനെതിരെ മാത്രമല്ല മഹല്ലുകളിലെ കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന യുവാക്കളെ നേര്‍വഴി നയിക്കുക. മദ്യം മയക്കുമരുന്ന് തുടങ്ങിയവയെക്കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തുക എന്നിങ്ങനെ നാനോന്മുഖമായ പ്രവര്‍ത്തനങ്ങളാണ് സംഘടന കൊണ്ട് ലക്ഷീകരിക്കുന്നത്.
ഇത് എത്രമാത്രം ലക്ഷ്യം കണ്ടിട്ടുണ്ട്? പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. പക്ഷെ ഒറ്റയടിക്ക് എല്ലാം നടപ്പില്‍ വരുത്താന്‍ പറ്റില്ലല്ലോ. ഒരു മഹല്ലില്‍ ഇസ്‌ലാമികമായ എല്ലാ കാര്യങ്ങളുടെയും പൂര്‍ണാധികാരം അവിടത്തെ ഖതീബിനായിരിക്കണം. ദീനീ കാര്യത്തില്‍ ഖതീബ പറയുന്നതനുസരിച്ച് നാട് പോകുന്ന രീതി നിലവില്‍ വരണം. എന്നാലേ ഈ ലക്ഷ്യങ്ങള്‍ വിജയം കാണൂ. ഇന്ന ഖതീബുമാര്‍ കേവസം ശമ്പളം വാങ്ങുന്ന ഒരു ജീവനക്കാരന്‍ എന്ന നിലയിലേ ജമാഅത്ത് കമ്മിറ്റികള്‍ കാണുന്നുള്ളൂ. അത് മാറി ഇസ്‌ലാമിക കാര്യങ്ങളുടെ ചുക്കാന്‍ ഖതീബിന്റെ കയ്യിലാവണം. തീരുമാനങ്ങളെടുക്കുമ്പോഴെല്ലാം ഖതീബും അതില്‍ പങ്കാളിയാവണം. എന്നാലേ ജംഇയ്യതുല്‍ ഖുതബായുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളൂ. അതിനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട്.
ഗള്‍ഫ് ഇവിടുത്തെ മുസ്‌ലിംകളെ ഏതു തരത്തില്‍ ബാധിച്ചു? ഗള്‍ഫ് കൊണ്ട് ഒരുപാടുപകാരങ്ങളുണ്ടായി. ദീനീസ്ഥാപനങ്ങള്‍ക്കും പള്ളികള്‍ക്കുമെല്ലാം സാമ്പത്തിക സ്രോതസ്സായി ഗള്‍ഫ് മാറി. ജീവിത നിലവാരം മെച്ചപ്പെടു. പക്ഷം ധാരാളം ധനം കയ്യില്‍ വന്നപ്പോള്‍ സൂക്ഷിച്ചുപയോഗിക്കാത്തതിന്റെ പ്രശ്‌നങ്ങളും ഇത് മൂലമുണ്ടായിട്ടുണ്ട്.
കാസര്‍കോട്ടെ മുസ്‌ലിംകള്‍ക്കുള്ള (മറ്റുനാട്ടുകാര്‍ക്കില്ലാത്ത) പ്രത്യേകമായ നല്ല കാര്യമായി ഉസ്താദിന്ന് തോന്നുന്നതെന്താണ് ? ഇവിടത്തെ മുസ്‌ലിംകള്‍ക്ക് സയ്യിദന്മാരോടും ഉലമാക്കളോടും ബഹുമാനം കൂടുതലാണ്(മറ്റു നാടുകളെക്കാളും). അത് ചിലയിടത്തത് അമിതമായിപ്പോവാറുണ്ട് എന്നതാണ് പ്രശ്‌നം. സയ്യിദുമാരോടുള്ള ബഹുമാനക്കൂടുതല്‍ കാരണം അവരെ ദീനീ കാര്യങ്ങളില്‍ വരെ അംഗീകരിക്കുന്നു (ചിലപ്പോള്‍ സയ്യിദ് ജാഹിലായിരിക്കും). അപ്പോള്‍ അവര്‍ തെറ്റുകളില്‍ ചെന്ന് ചാടുന്നു. സയ്യിദ് ആലിമാണെങ്കില്‍ പ്രശ്‌നമില്ല.
അതു പോലെ മോശമായ കാര്യം? വിവാഹം നടത്തുന്നതില്‍ വേണ്ടത്ര ശ്രദ്ധയും ഗൗരവവും കാണിക്കുന്നില്ല. പെണ്ണിന് എല്ലാ നിലയിലും യോചിക്കുന്നുവെന്നും വരന്‍ നല്ലവനാണെന്നും വിവാഹത്തിന് മുമ്പ് തന്നെ ഗൗരവമായി അന്വേഷിച്ച് ഉറപ്പിക്കണം. പോരായ്മകളും പ്രശ്‌നങ്ങളും മുമ്പേ തന്നെ അറിയണം. അത് ഇവിടത്തുകാര്‍ വേണ്ട പോലെ ശ്രദ്ധിക്കുന്നില്ലെന്നാണ് തോന്നുന്നത്. അത് കാണ്ട് തന്നെ മറ്റു നാടുകളെക്കാളും വിവാഹമോചനക്കേസുകളും ഇവിടെ കൂടി വരുന്നുവെന്നാണ് മനസ്സിലാവുന്നത്.
സമസ്തയുടെ കീഴിലുള്ള മദ്രസകളില്‍ വിഘടിതവിഭാഗങ്ങത്തിന്റെ അധ്യപകര്‍ ജോലിയെടുക്കുകയും ക്രമേണ അല്‍പം നാട്ടുകാരെ കൈക്കാലക്കി മദ്രസ രണ്ടാക്കുകയും നാട്ടുകാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയും ചെയ്യുന്നു. ഇത് സുന്നി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ക്കും തെരുവ് യുദ്ധങ്ങള്‍ക്കും വഴിവെക്കുന്നു. വിദ്യഭ്യാസ ബോര്‍ഡിന്റെ പ്രസിഡന്റ് എന്ന നിലയില്‍ ഉസ്താദിന്റെ അഭിപ്രായമെന്ത്? ഒന്നു രണ്ടിടങ്ങളില്‍ മാത്രമാണങ്ങനെ സംഭവിച്ചത്. സദര്‍ മാത്രമല്ല വിഘടിത വിഭാഗത്തിലെ ഒരധ്യാപകനും സമസ്തയുടെ മദ്രസകളില്‍ പഠിപ്പിക്കേണ്ടവരല്ല. പക്ഷെ അധ്യാപകരെ തികയാതെ വരുന്നത് കൊണ്ട് അവരെ നിയമിക്കുന്നു എന്ന് മാത്രം. പക്ഷെ അവര്‍ക്ക് സംഘടനാ പരമായി ഒന്നും ചെയ്യാന്‍ അധികാരമില്ല. കാരണം മദ്രസ സമസ്തയുടെതാണ്. സമസ്തുടെ മദ്രസകളെല്ലാം വഖ്ഫ് സ്വത്താണ്. ഇസ്‌ലാമിന്റെ ശരീഅത്തില്‍ വഖ്ഫ് ചെയ്യുമ്പോള്‍ വാഖിഫ് (വഖ്ഫ് ചെയ്യുന്നയാള്‍) എന്താണോ നിബന്ധന വെക്കുന്നത് (എന്തിന് വേണ്ടിയാണീ വഖ്ഫ്) അതനുസരിച്ച് നീങ്ങണം എന്നാലേ വഖ്ഫ് സ്വഹീഹാവുകയുള്ളൂ. മദ്രസകള്‍ സമസ്തക്ക് വേണ്ടിയാണ് മഹല്ലത്തുകാര്‍ വഖ്ഫ് ചെയ്തിരിക്കുന്നത്. അത് കൊണ്ട് അത് മാറാന്‍ പാടില്ല. മദ്രസകള്‍ പിടിച്ചടക്കിയാല്‍ അത് വഖ്ഫ് സ്വത്തിനെ പിടിച്ചടക്കലാവും. വിദ്യാഭ്യാസ ബോര്‍ഡിന്റെ നയവും അതു തന്നെയാണ്.
ഇപ്പോള്‍ വന്‍ ചര്‍ച്ചാ വിശയമായിരിക്കുകയാണ് തിരുകേശമെന്ന പേരില്‍ വിഘടിതര്‍ കൊണ്ട് വന്ന മുടിയും പള്ളിക്ക് വേണ്ടിയുള്ള പിരിവും. ഇതിനെ പറ്റി ഉസ്താദ് എന്ത് പറയുന്നു? വിഘടിതര്‍ കൊണ്ടുവന്ന മുടി പ്രവാചകന്റേതാണെന്ന് അവര്‍ക്ക് തന്നെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് അതില്‍ വഞ്ചിതരാവരുതെന്നും തെളിയിക്കുന്നത് വരെ അതിനെ തൊട്ട് വിട്ട് നില്‍ക്കണമെന്നുമാണ്(അതിനെ ചര്‍ച്ച ചെയ്യാനോ സഹായിക്കാനോ വെള്ളം കുടിക്കാനോ തുനിയരുതെന്നാണ്) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുശാവറ തീരുമാനം. കാസര്‍ഗോഡ് എസ് കെ എസ് എസ് എഫ് സംഘടിപ്പിച്ച വിശദീകരണ സമ്മേളനത്തില്‍ ഇത് ഞാന്‍ പറഞ്ഞിരുന്നു. അന്നത്തെ എന്റെ പ്രസംഗത്തില്‍ വെല്ലൂരിലെ മുടിയെക്കുറിച്ചുള്ള പരാമര്‍ശം വിഘടിതര്‍ പകുതി മുറിച്ച് ദുരുപയോഗം ചെയ്യുകയാണിപ്പോള്‍. ബാഖിയാത്തിലൊരു മുടിയുണ്ട്. അതിന് വേണ്ട വ്യക്തമായ സനദില്ലാത്തതിനാല്‍ അത് പുറത്തെടുക്കാറില്ല. ലത്വീഫിയയിലാണ് സനദുള്ള നബി(സ)യുടെ യഥാര്‍ത്ഥ മുടിയുള്ളത്. അത് റബീഉല്‍ അവ്വലില്‍ ബാഖിയാത്തില്‍ കൊണ്ട്‌വന്നാണ് വെള്ളം കൊടുക്കാറ്. ഇതിനെ മുറിച്ച് വെല്ലൂരിലെ മുടിക്ക് സനദില്ലെന്ന് ഞാന്‍ പറഞ്ഞു എന്ന് പ്രചരിപ്പിക്കുകയാണീ വിഘടിതര്‍. അത് കൊണ്ട് സമസ്തയുടെ തീരുമാനം അംഗീകരിക്കുക.
ഇവിടത്തെ മഖ്ബറ ലോകപ്രശസ്തമാണെങ്കിലും മാലിക് ദീനാര്‍(റ) അല്ല, കൂടെ വന്ന മറ്റാരോ ആണ് ഇവിടെയുള്ളതെന്നും ഒരു വാദമുണ്ട്. വസ്തുതയെന്താണ് ? ഹിജ്‌റ 21ല്‍ മാലിക് ദീനാറിന്റെ നേതൃത്വത്തില്‍ ഇസ്ലാമിക പ്രബോധനത്തിന്ന് കേരളത്തില്‍ വന്ന സംഘം ഇവിടെ പത്തോളം പള്ളികള്‍ നിര്‍മിച്ചു.അതിന്റെ എട്ടാമത്തെ പള്ളിയാണിത്. മാലിക് ബ്‌നു ഹബീബിനെ ഇവിടെ ഖാളിയാക്കി അദ്ദേഹം മടങ്ങിപ്പോയി. അതിന് ശേഷം എന്ത് സംഭവിച്ചു എന്നത് രേഖകളില്ല. എന്നാല്‍ ഉബൈദ് സാഹിബിന്റെ ഒരു ഗ്രന്ദത്തില്‍ പറയുന്നത് ഖുറാസാനില്‍ നിന്നു മടങ്ങിവന്ന ശേഷം ഇവിടെ വഫാത്തായി. ഇവിടെത്തന്നെ ഖബറടക്കപ്പെട്ടു എന്നാണ്. 1975ല്‍ മാലിക് ദീനാര്‍ ഉറൂസിന് വന്ന ഈജിപ്തിലെ വലിയ കോടീശ്വരനും പണ്ഡിതനും എല്ലാറ്റിലുമുപരി അല്ലാഹുവിന്റെ വലിയും ആരിഫുമായ ശൈഖ് സാമി അഹ്മദ് ഫര്‍ഹാത്ത് , കശ്ഫിന്റെ ജ്ഞാനമുള്ളയാളായിരുന്നു. ആരെ കണ്ടാലും അയാളുടെ പൂര്‍ണവിവരവും ഏത് സ്ഥലത്തെത്തിയാലും അതിന്റെ പൂര്‍ണചരിത്രവും പറയാന്‍ അദ്ധേഹത്തിന് കഴിവുണ്ടായിരുന്നു. ഉറൂസിന് അദ്ധേഹത്തിന്റെ പ്രസംഗം വിവര്‍ത്തനം ചെയ്തത് ഇന്ന് മംഗലാപുരം കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാളിയും എം ഐ സി പ്രസിഡന്റുമായ ത്വാഖാ അഹ്മദ് മൗലവിയാണ്. അന്നിവിടെ ഖാസിയായ അവറാന്‍ മുസ്‌ലിയാര്‍ അദ്ദേഹത്തോട് ഈ മഖ്ബറയെക്കുറിച്ച് സംശയം ചോദിക്കുകയും അദ്ദേഹം ഇത് മാലിക് ദീനാര്‍ തന്നെയാണെന്ന് പറയുകയും ചെയ്തിരുന്നു. പിന്നീടൊരിക്കല്‍ സിയാറത്തിന് വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കണ്ട് കാര്യം പറഞ്ഞപ്പോള്‍ കുറച്ച് കഴിഞ്ഞ ശേഷംഅദ്ദേഹം പറഞ്ഞു ”സംശയിക്കേണ്ട ഇവിടെയുള്ളത് മാലിക് ദീനാര്‍ തന്നെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇവിടെയുള്ളത് മാലിക് ദീനാര്‍(റ)ല്ല എന്നതിന് ഒരു തെളിവുമില്ല. അല്ലാഹുവിന്റെ പഴയ ആരിഫീങ്ങളായിരുന്ന പഴയകാലത്തെ ഖാളിമാരും നാട്ടുകാരുമല്ല പണ്ടു മതലേ അംഗീകരിച്ചു പോന്ന കാര്യമാണിത്. അത് കൊണ്ട് സംശയത്തിന് വകയില്ല….!!! 11.40ന് തുടങ്ങിയ സംസാരം അവസാനിക്കുമ്പോള്‍ 3.10 ആയിരുന്നു. ഒന്നര മണിക്ക് തന്നെ റൂമിലെത്തിയ ചോറിന്റെ പാത്രം അവിടെത്തന്നെയുണ്ട്. ഭക്ഷണം കഴിക്കാതെ വിദ്യാര്‍ത്ഥികളായ ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മൂന്നര മണിക്കൂര്‍ സ്‌നേഹത്തോടെ മറുപടി പറയുകയായിരുന്നു ഉസ്താദ്..!! വളരെ വൈകി ഉസ്താദ് ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ കൈ ചുംബിച്ച് ദുആ കൊണ്ട് വസ്വിയ്യത്ത് ചെയ്ത് സലാം പറഞ്ഞ് ഞങ്ങളവിടെ നിന്നിറങ്ങി.

SKIMVB പ്രസിഡന്‍റ് ടി.കെ.എം. ബാവ മുസ്‍ലിയാര്‍ വഫാത്തായി


അന്വേഷണ തൃഷ്ണയുള്ള പണ്ഡിതന്‍

അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്‌
http://www.chandrikadaily.com/contentspage.aspx?id=24685
അറിവും ചിന്തയും അന്വേഷണ തൃഷ്ണയുമുള്ള പണ്ഡിതരെയും നേതാക്കളെയും കാലം ആവശ്യപ്പെടുന്ന സമയത്താണ് അബൂ ഇസ്ഹാഖ് ഇസ്മാഈല്‍ മൗലവിയുടെ ആകസ്മിക വിയോഗം. പാണ്ഡിത്യവും ബുദ്ധി ശക്തിയും ആദര്‍ശ ധീരതയും ഒത്തിണങ്ങിയ മൗലവി എന്നും അന്വേഷകനായിരുന്നു.
അറിവു തേടലും അന്വേഷണവുമാണ് മൗലവിയെ സത്യത്തിന്റെ പാതയിലേക്കെത്തിച്ചതും ആദര്‍ശ ധീരനാക്കിയതും. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം പുലര്‍ത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. ജനനം കൊണ്ടു മാത്രം സുന്നിയായി ജീവിച്ച പണ്ഡിതനല്ല അബൂ ഇസ്ഹാഖ് ഇസ്മാഈല്‍ മൗലവി. സുന്നിയായി ജനിച്ചെങ്കിലും സംശയാലുവായ അദ്ദേഹം പല വഴികളില്‍ കറങ്ങിയാണ് അവസാനം അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയുടെ കളങ്ക രഹിതമായ ആദര്‍ശങ്ങളിലേക്കു തിരിച്ചെത്തിയത്. അപ്പോഴേക്കും വലിയൊരു ആദര്‍ശ പോരാളിയായി മാറി കഴിഞ്ഞിട്ടുണ്ടായിരുന്നു.
ആരോഗ്യപൂര്‍ണമായ തര്‍ക്കവും സൃഷ്ടിപരമായ കലഹവും ഇസ്ഹാഖ് മൗലവിക്ക് ഇഷ്ടമായിരുന്നെങ്കിലും സമചിത്തതയും പരസ്പര ബഹുമാനവും ഒരു ഘട്ടത്തിലും കൈവിടാത്ത ഉന്നത വ്യക്തിത്വമായിരുന്നു. അസാമാന്യമായ വിനയവും സ്‌നേഹപൂര്‍ണമായ പെരുമാറ്റവും മൗലവിയെ വ്യതിരിക്തനാക്കി. വലിപ്പ - ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരെയും അദ്ദേഹം നിര്‍മ്മലമായ മനസ്സോടെ സ്വീകരിച്ചു. കുട്ടികളോടു പോലും തുറന്ന് സംസാരിക്കാനും ഇറങ്ങിച്ചെന്ന് ഇടപെടാനും തയാറായിരുന്ന അദ്ദേഹം വലിയ മനസ്സിന്റെ ഉടമയായിരുന്നു.
പിതാവ് നെടുവഞ്ചാലില്‍ ചേക്കു മുസ്‌ലിയാരില്‍ നിന്നു തന്നെയാണ് അദ്ദേഹം പ്രാഥമിക മത വിദ്യാഭ്യാസം നേടിയത്. സ്‌കൂള്‍ വിദ്യാഭ്യാസം അഞ്ചാം ക്ലാസു വരെ. തുടര്‍ന്ന് കുറ്റിക്കടവ് പള്ളി ദര്‍സില്‍ നിന്ന് മത പഠനം. പിതാവിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ അദ്ദേഹത്തെ കൊണ്ടെത്തിച്ചത് നവീന ചിന്താഗതികളിലേക്കായിരുന്നു. അഹ്‌ലുസ്സുന്നയുടെ പാരമ്പര്യം വിട്ട് മുജാഹിദ്, ജമാഅത്ത് ആദര്‍ശങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം ജീവിതത്തിന്റെ നല്ല ഭാഗം സംശയം തീരാതെ തികഞ്ഞ അന്വേഷണത്തിന്റെ പാതയില്‍ ചെലവഴിച്ചു. സുന്നി ആദര്‍ശങ്ങള്‍ക്കെതിരെ മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി വേദികളില്‍ ഇസ്മാഈല്‍ മൗലവി ഘോരഘോരം പ്രസംഗിച്ചു. നിരവധി സുന്നി- മുജാഹിദ്, ജമാഅത്ത് സംവാദങ്ങളില്‍ പങ്കാളിയായി. അവരുടെ നിരവധി സ്ഥാപനങ്ങളിലും സേവനമനുഷ്ടിച്ചു.
സുന്നിയായിരുന്നപ്പോള്‍ വാഴക്കാട് ദാറുല്‍ ഉലൂമില്‍ പഠിക്കണമെന്ന് ഏറെ ആഗ്രഹിച്ച അദ്ദേഹം പിന്നീട് മുജാഹിദായി ഫാറൂഖ് റൗദത്തുല്‍ ഉലൂമില്‍ എത്തി. അവിടെ അബുസ്സബാഹ് മൗലവിയുടെയും മുഹ്‌യുദ്ദീന്‍ ആലുവായിയുടെയും ഇഷ്ട ശിഷ്യനായിരുന്നു.
പ്രസിദ്ധമായ കുറ്റിച്ചിറ സംവാദത്തില്‍ മുജാഹിദ് വേദിയില്‍ അബൂ ഇസ്ഹാഖ് മൗലവിയുടെ സാന്നിധ്യം അവരുടെ വലിയ ബലമായിരുന്നു. വാഴക്കാട് സംവാദത്തില്‍ മുജാഹിദ് പക്ഷത്തിന്റെ റിപ്പോര്‍ട്ടറും പ്രധാന എഴുത്തുകാരനുമായി പ്രവര്‍ത്തിച്ചു. ഇതിനിടെ 'അല്‍ മനാറിന്റെ പത്രാധിപ സമിതി അംഗവും നദ്‌വത്തിന്റെ ആലോചന സമിതി അംഗവുമായി. കോഴിക്കോട് ലിവാഉല്‍ ഇസ്‌ലാം പള്ളി ഉള്‍പ്പെടെ പലയിടങ്ങളിലും ഇമാമും ഖതീബുമായി വര്‍ത്തിച്ചു.
ജമാഅത്തെ ഇസ്‌ലാമിയുടെ ചേന്ദമംഗല്ലൂരിലെ സ്ഥാപനത്തിലും അധ്യാപകനായിരുന്നു. പ്രസിദ്ധമായ നടക്കാവ് സംവാദത്തില്‍ ജമാഅത്തുകാരുടെ എഴുത്തുകാരനായിരുന്നു. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരായിരുന്നു ഈ സംവാദത്തില്‍ സുന്നി പക്ഷത്തെ നയിച്ചിരുന്നത്.
അങ്ങനെ പല വഴികളില്‍ കറങ്ങിത്തിരിഞ്ഞ് 1981ല്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തില്‍ തിരിച്ചെത്തി. അപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 51 ആയിരുന്നു. പിന്നെ, സുന്നി വേദികളില്‍ പൂര്‍വ്വാധികം ശക്തിയോടെ പോരാടി. അഹ്‌ലുസ്സുന്നയുടെ ആശയാദര്‍ശങ്ങളും നവീന ചിന്താഗതിക്കാരുടെ പൊള്ളവാദങ്ങളും അദ്ദേഹം തുറന്നു കാട്ടി.
കോഴിക്കോട് മൂദാക്കര പള്ളി ഉള്‍പ്പെടെ നിരവധി മഹല്ലുകളില്‍ ഇമാമും ഖതീബുമായി പ്രവര്‍ത്തിച്ചു. എടവനക്കാട് പള്ളിയില്‍ ദര്‍സ് നടത്തി. ഇതിനിടെ സമസ്തയിലുണ്ടായ ദൗര്‍ഭാഗ്യകരമായ ചേരിതിരിവില്‍ അദ്ദേഹം വ്യക്തമായ ഒരു പക്ഷത്ത് നില്‍ക്കാതെ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
2003ല്‍ കാരന്തൂര്‍ മര്‍ക്കസിലെ ഇസ്‌ലാമിക് റിസര്‍ച്ച് സെന്ററില്‍ ഗവേഷകനായി ചാര്‍ജ്ജെടുത്ത അദ്ദേഹം രണ്ടു വര്‍ഷത്തിനകം രാജി വെച്ച് സമസ്തയുടെ സജീവ പ്രവര്‍ത്തകനായി.

അബൂ ഇസ്ഹാഖ് ഇസ്മാഈല്‍ മൗലവി മരണപ്പെട്ടു


കോഴിക്കോട്: പ്രശസ്ത പണ്ഡിതനും ഗ്രന്ഥകാരനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറ അംഗവുമായിരുന്ന മുണ്ടോട്ട് അബൂ ഇസ്ഹാഖ് ഇസ്മാഈല്‍ മൗലവി (84) മരണപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ 4.30 കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം.
വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. കുന്ദമംഗലം നെടുവഞ്ചാലില്‍ ചേക്കുമുസ്‌ലിയാരുടെയും ആയിശയുടെയും മകനായി 1930 ജനുവരി 10 നായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കുറ്റിക്കാട്ടൂര്‍ ദര്‍സ്, ഫറോഖ് റൗളത്തുല്‍ ഉലൂം അറബിക് കോളേജ്, കാസര്‍ഗോഡ് ആലിയ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. അബുസ്സബാഹ് മൗലവി, മുഹയദ്ദീന്‍ ആലുവായ് എന്നിവര്‍ പ്രധാന ഗുരുനാഥന്മാരാണ് .
ആലിയാ കോളേജ്, ചേന്ദമംഗല്ലൂര്‍, എടവനക്കാട് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ദീര്‍ഘകാലം കോഴിക്കോട് മുതാക്കര പള്ളിയില്‍ ഖത്തീബായിരുന്നു. ആദ്യകാലത്ത് ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് ദീര്‍ഘകാലം മുജാഹിദ് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന കൂടിയാലോചനാ സമിതി അംഗം, അല്‍മനാര്‍ പത്രാധിപ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കുറ്റിച്ചിറ, വാഴക്കാട് എന്നിവിടങ്ങളില്‍ നടന്ന സുന്നി മുജാഹിദ് സംവാദങ്ങളില്‍ മുജാഹിദ് പക്ഷത്തെ പ്രതിനിധീകരിച്ചിരുന്നു. 1980 കളില്‍ മുജാഹിദ് പ്രസ്ഥാനത്തോട് വിട പറഞ്ഞതിനു ശേഷം സുന്നീ പ്രസ്ഥാന രംഗത്ത് സജീവമായിരുന്നു. കാപ്പാട് ഐനുല്‍ഹുദാ , സത്യധാര ദൈ്വവാരിക എന്നിവിടങ്ങളില്‍ പില്‍ക്കാലത്ത് സേവനം ചെയ്തിട്ടുണ്ട് . ചെറുപ്പകാലം മുതലേ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും മതപ്രഭാഷകനും ആയിരുന്നു. നമസ്‌കാരം, മയ്യിത്ത് സംസ്‌കരണമുറകള്‍, വഹാബിസം അനുഭവ പാഠങ്ങള്‍, നബിദിനാഘോഷം എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.അറബിയില്‍ രചിക്കപ്പെട്ട ബാനത് സുആദ് എന്ന പ്രവാചക പ്രകീര്‍ത്തന കാവ്യത്തിന് അദ്ദേഹം അറബിയില്‍ വ്യാഖ്യാനം എഴുതിയിട്ടുണ്ട്. എന്റെ ആത്മകഥ എന്ന ഗ്രന്ഥം പണിപ്പുരയിലായിരുന്നു.
ഖദീജയാണ് ഭാര്യ. മക്കള്‍ ഇസ്ഹാഖ് (റിയാദ്), ആയിശ, സാജിദ, ഹഫ്‌സ, ഹബീബ. ജാമാതാക്കള്‍ - സുലൈമാന്‍ കൊടുവള്ളി ,ഉമര്‍ ചെറുവറ്റ, ഉമര്‍ പുതിയപാലം, ബഷീര്‍ പയ്യാനക്കല്‍ എന്നവരാണ്.
ഇന്നലെ വൈകീട്ട് 3 മണിക്ക് വമ്പിച്ച ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കുറ്റിക്കാട്ടൂര്‍ മാണിയമ്പലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കി. സമസ്ത സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കേരള ഹജ്ജ് കമ്മറ്റിചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പുമുസ്‌ലിയാര്‍ സമസ്ത കേന്ദ്രമുശാവറ അംഗം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി , മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി കെ കെ ബാവ, സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് , പി ടി എ റഹീം എം എല്‍ എ, കെ എ ടി എഫ് ജന. സെക്രട്ടറി കെ മോയിന്‍കുട്ടി, മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി കെ പി കോയ. കെ മൂസ മൗലവി, വി ഇ മോയിമോന്‍ ഹാജി, മുക്കം ഉമര്‍ ഫൈസി, ഒ അബ്ദുറഹ്മാന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, അബുല്‍ഖൈര്‍ മൗലവി, എ പി സലിം ഹാജി, വി മൂസ മാസ്റ്റര്‍, തേങ്കാട്ടില്‍ അഹ്മദ്, എ പി പി തങ്ങള്‍, അലി അക്ബര്‍ബാഖവിമുന്‍ എം എല്‍ എ യുസി രാമന്‍, മുസ്തഫ മുണ്ടുപാറ, നാസര്‍ഫൈസി കൂടത്തായി, റഷീദ് ഫൈസി വെള്ളായിക്കോട് , ടി പി സുബൈര്‍ മാസ്റ്റര്‍, ഒ പി എം അശ്‌റഫ്, തുടങ്ങിയവര്‍ ജനാസ സന്ദര്‍ശിച്ചു.

Thursday, June 13, 2013

മൂന്ന് മദ്‌റസകള്‍ക്ക് കൂടി സമസ്ത അംഗീകാരം നല്‍കി; SKIMVB അംഗീകൃത മദ്‌റസകളുടെ എണ്ണം 9269 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹ സമിതി കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. വൈസ് പ്രസിഡണ്ട് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സിറാമിക് റോഡ് നജ്മത്ത് തഅ്‌ലീമുല്‍ ഖുര്‍ആന്‍ ബോര്‍ഡിംഗ് മദ്‌റസ (കാസറക്കോട്), മരുതൂര്‍ വടക്കെക്കര നൂറുല്‍ ഹുദാ മദ്‌റസ (പാലക്കാട്), പെരിങ്ങാല ഈസ്റ്റ് ബദറുല്‍ ഹുദാ മദ്‌റസ (എറണാകുളം) എന്നീ മൂന്ന് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9269 ആയി. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ടി.കെ.പരീക്കുട്ടി ഹാജി, എം.സി. മായിന്‍ ഹാജി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എം.അബ്ദുല്ല മാസ്റ്റര്‍, എം.എം.മുഹ്‌യദ്ദീന്‍ മൗലവി ആലുവ, കെ.ടി.ഹംസ മുസ്‌ലിയാര്‍, .അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. ഉമ്മര്‍ ഫൈസി മുക്കം സംസാരിച്ചു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.

സമസ്ത: പൊതു പരീക്ഷ 2,09,734 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2013 ജൂണ്‍ 15, 16 തിയ്യതികളില്‍ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, യു..., ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, കുവൈറ്റ് എന്നിവിടങ്ങളില്‍ നടത്തുന്ന പൊതു പരീക്ഷയില്‍ 5-ാം തരത്തില്‍ 6564 സെന്ററുകളിലായി 56,056 ആണ്‍കുട്ടികളും, 52,900 പെണ്‍കുട്ടികളുമുള്‍പ്പെടെ 1,08,956 കുട്ടികളും, 7-ാം തരത്തില്‍ 5795 സെന്ററുകളിലായി 38,636 ആണ്‍കുട്ടികളും, 38,442 പെണ്‍കുട്ടികളുമുള്‍പ്പെടെ 77,078 കുട്ടികളും, 10-ാം തരത്തില്‍ 2674 സെന്ററുകളിലായി 12,393 ആണ്‍കുട്ടികളും, 9,853 പെണ്‍കുട്ടികളുമുള്‍പ്പെടെ 22,246 കുട്ടികളും +2 ക്ലാസ്സില്‍ 285 സെന്ററുകളിലായി 908 ആണ്‍കുട്ടികളും, 546 പെണ്‍കുട്ടികളുമുള്‍പ്പെടെ 1454 കുട്ടികള്‍ ഉള്‍പ്പെടെ ആകെ 2,09,734 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. മുന്‍വര്‍ഷത്തെക്കാള്‍ 5-ാം ക്ലാസില്‍ 51 സെന്ററുകളും 7-ാം ക്ലാസില്‍ 93 സെന്ററുകളും 10-ാം ക്ലാസില്‍ 2360 കുട്ടികളും 189 സെന്ററുകളും +2 ക്ലാസില്‍ 418 കുട്ടികളും 60 സെന്ററുകളുടേയും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 128 ഡിവിഷണല്‍ സൂപ്രണ്ടുമാരെ നിയമിച്ച് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഇവരുടെ പരിശീലന പരിപാടി ഇന്നും നാളെയും (2013 ജൂണ്‍ 12,13 ബുധന്‍, വ്യാഴം) ചേളാരി സമസ്താലയത്തില്‍ നടക്കും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസലാം മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ.എന്‍..എം.അബ്ദുല്‍ഖാദര്‍, പിണങ്ങോട് അബൂബക്കര്‍ ക്ലാസെടുക്കും. 9266 മദ്‌റസകളിലെ 5,7,10,+2 ക്ലാസുകളിലെ പൊതുപരീക്ഷാ സൂപ്രവെസര്‍മാരായി നിയമിച്ച 8166 പേര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തിരിച്ചറിയല്‍ കാര്‍ഡും നല്‍കിയിട്ടുണ്ട്. 2013 ജൂണ്‍ 9 ന് ഖുര്‍ആന്‍ പൊതുപരീക്ഷ നടന്നു കഴിഞ്ഞു. 2013 ജൂണ്‍ 14ന് വെള്ളിയാഴ്ച 3 മണിക്ക് അതത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ പരീക്ഷാ സംബന്ധമായ പരിശീലന പരിപാടികള്‍ നടക്കും. ഈ വര്‍ഷം കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുന്നത് മലപ്പുറം ജില്ല 2048 സെന്ററുകള്‍ 82335 കുട്ടികള്‍, ഏറ്റവും കുറച്ച് കുട്ടികള്‍ പരീക്ഷക്കിരിക്കുന്നത് കോട്ടയം ജില്ല 19 സെന്ററുകള്‍ 196 കുട്ടികള്‍. കേരളത്തിന് പുറത്ത് (ഇന്ത്യയില്‍) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുന്നത് ദക്ഷിണ കന്നട ജില്ല 363 സെന്ററുകള്‍ 7392 കുട്ടികള്‍, ഏറ്റവും കുറവ് മഹാരാഷ്ട്രയിലെ മുംബെയില്‍ ഒരു സെന്റര്‍, 2 കുട്ടികള്‍. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുന്നത് യു... 16 സെന്ററുകള്‍ 500 കുട്ടികള്‍, കുറവ് കുവൈറ്റ് ഒരു സെന്റര്‍, 2 കുട്ടികള്‍. എല്ലാ സ്ഥലങ്ങളിലും എല്ലാ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കിയതായി പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അറിയിച്ചു. പൊതുപരീക്ഷാ സംബന്ധമായ വിവരങ്ങള്‍ www.samastha.info, www.samastharesult.info, www.samastha.net എന്നീ സൈറ്റുകളില്‍ ലഭ്യമാണ്.

സമസ്ത കാസര്‍കോട് ജില്ലാ ആസ്ഥാന കെട്ടിടം നിർമ്മിക്കുന്നു

കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും, കീഴ് ഘടകങ്ങളുടെയും പ്രവർത്തനങ്ങൾ ഒരേ കുടക്കീഴിൽ കൊണ്ട് വരുകയെന്ന ലക്ഷ്യത്തോടെ കാസർകോട് സമസ്ത ആസ്ഥാന മന്ദിരം പണിയാൻ തീരുമാനിച്ചു. എസ്.വൈ.എസ്. അറുപതാം വാർഷിക സ്വാഗത സംഘം ഓഫീസ് ഇക്കഴിഞ്ഞ ശനിയാഴ്ച ഉദ്ഘാടനം ചെയ്ത വേളയിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർമ്മാണ കമ്മിറ്റിയെ പ്രഖ്യാപിച്ചു. കീഴൂർ - മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമ്മദ്‌ മൗലവി, കാസർകോഡ് സംയുക്ത ജമാ-അത്ത് ഖാസി ടി.കെ.എം.ബാവ മുസ്ലിയാർ, പി.ബി.അബ്ദുൽ റസാഖ് എം.എൽ.(രക്ഷാധികാരികൾ), യു.എം. അബ്ദുൽ റഹിമാൻ മൗലവി (ചെയര്‍മാൻ), എം.. ഖാസിം മുസ്ലിയാർ (ജന.കണ്‍വീനർ), മെട്രോ മുഹമ്മദ്‌ ഹാജി (ഖജാൻജി), ചെർക്കളം അബ്ദുല്ല, ഖത്തർ ഇബ്രാഹിം ഹാജി കളനാട്, ഖത്തർ അബ്ദുല്ല ഹാജി, ടി.കെ.സി. അബ്ദുൽഖാദർ ഹാജി (വൈസ് ചെയർമാൻ) അബ്ബാസ്‌ ഫൈസി പുത്തിഗെ, എന്‍‍.പി. അബ്ദുൽ റഹിമാൻ മാസ്റ്റർ, ബഷീർ ദാരിമി തളങ്കര (കണ്‍വീനര്‍), സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, ടി.കെ.പൂക്കോയ തങ്ങൾ, എം.എസ്.തങ്ങൾ, സയ്യിദ് ഹാദി തങ്ങൾ, പി.എസ്.ഇബ്രാഹിം ഫൈസി, ഇബ്രാഹിം ഫൈസി ജെടിയാർ തുടങ്ങിയവർ (അംഗങ്ങൾ). ആസ്ഥാന ബിൽഡിംഗ്‌നിർമ്മാണ ഫണ്ടിലേക്ക് എസ്.വൈ.എസ്. ഉദുമ മണ്ഡലം കമ്മിറ്റി ട്രഷറർ ഖത്തർ ഇബ്രാഹിം ഹാജി കളനാട് അഞ്ച് ലക്ഷം രൂപ ഹൈദരലി ശിഹാബ് തങ്ങൾക്കു കൈമാറി ഫണ്ട്‌ ഉദ്ഘാടനം ചെയ്തു.

ഇസ്‌ലാമിക മാനവീകത പുനര്‍വായനക്ക് വിധേയമാക്കണം : ഡോ. അബ്ദുല്‍ സത്താര്‍

റിയാദ്: ശാസ്ത്ര സാങ്കേതിക രംഗത്ത് മനുഷ്യന്‍ കരുത്താര്‍ജിക്കുമ്പോഴും മാനുഷിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയാണ്. കൊല്ലം മുഴുവനും ഓരോ ദിനങ്ങള്‍ക്കായി മാറ്റി വെച്ചാല്‍ പോലും ഓര്‍മപ്പെടുത്തലുകള്‍ക്ക് തികയാത്തവിധം സങ്കീര്‍ണതകളാണ് ലോകം നേരിടുന്നത്. മാതൃദിനവും, പിതൃദിനവും, വൃദ്ധദിനവും, മാനുഷീകതയുടെ ഭാഗികമായ ഓര്‍മപ്പെടുത്തലുകള്‍ മാത്രമാണ്. കാല ദേശങ്ങള്‍ക്കപ്പുറത്ത് മാനുഷീകതയുടെ മഹത്വം ഉയത്തിപ്പിടിക്കാന്‍ കഴിഞ്ഞതാണ് മുഹമ്മദ് () യുടെ ദര്‍ശനങ്ങളുടെ പ്രസക്തി. ആധുനിക ലോകം പ്രശ്‌ന പരിഹാരങ്ങളായി നിര്‍ദേശിക്കുന്നവയില്‍ പലതും നൂററാണ്ടുകള്‍ക്ക് മുമ്പ് പ്രവാചകന്‍ നിര്‍ദേശിച്ചതിന്റെ വകഭേധങ്ങള്‍ മാത്രമാണ്. സാമ്പത്തീക പ്രതിസന്ധികള്‍ക്ക് ഇസ്‌ലാമിക ബാങ്കിങ്ങ് ചര്‍ച്ചയായത് പോലെ മാനുഷീക പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാം ചര്‍ച്ചയാകും വിധം ഇസ്‌ലാമിക മാനവീകത പുനര്‍വായനക്ക് ലോകത്ത് പ്രേരിപ്പിക്കുക എന്ന ബാധ്യത മുസ്‌ലിം സംഘടകള്‍ക്കുണ്ടെന്ന് പ്രശസ്ത ട്രൈനറായ ഡോ: അബ്ദുല്‍ സത്താര്‍ പറഞ്ഞു. നവലോക ക്രമത്തിലും നവീനം നബി ദര്‍ശനം എന്ന എസ്.കെ..സി ത്രൈമാസ കാമ്പയിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസങ്ങളിലായി നടന്ന സമാപനത്തില്‍ മുസ്തഫ ബാഖവി പെരുമുഖം കുടുംബിനി പ്രവാചക വീഷണം എന്ന വിഷയവും സിറാജുദ്ദീന്‍ കണ്ണൂര്‍ കുട്ടികളുടെ പ്രവാചകന്‍ എന്ന വിഷയവും അവതരിപ്പിച്ചു. ഹനീഫ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എന്‍.സി മുഹമ്മദ് കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ബാഖവി മാരായമംഗലം, അലവിക്കുട്ടി ഒളവട്ടൂര്‍, അബൂബക്കര്‍ ദാരിമി പുല്ലാര, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, ലിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, പി വി അബ്ദുറഹ്മാന്‍, ഇബ്രാഹീം സുബ്ഹാന്‍, ഹംസ മുസ്‌ലിയാര്‍, ഇഖ്ബാല്‍ കാവനൂര്‍, അബ്ദുല്‍ ലത്തീബ് ഹാജി തച്ചണ്ണ തുടങ്ങിയവര്‍ വ്യത്യസ്ത സെഷനുകളിലായി പ്രസംഗിച്ചു. നോളേജ് ടെസ്റ്റിലെ വിജയികളുടെപ്രഖ്യാപനം ഫവാസ് ഹുദവി പട്ടിക്കാട് നടത്തി. നോളേജ് ടെസ്‌ററ് വിജയികള്‍ക്ക് സ്വര്‍ണ മെഡലുകള്‍ അടക്കമുളള സമ്മാനങ്ങള്‍ അബൂബക്കര്‍ ഹാജി ബ്ലാത്തൂര്‍, മൊയ്തീന്‍ കോയ പെരുമുഖം, ഉമര്‍കോയ യൂണിവേഴ്‌സിററി, മുഹമ്മദലി ഹാജി തിരുവേഗപ്പുറ, കുഞ്ഞു മുഹമ്മദ് ഹാജി ചുങ്കത്തറ, മുഹമ്മദ് മഞ്ചേശ്വരം തുടങ്ങിയവര്‍ വിതരണം ചെയ്തു. ഹംസ കോയ പെരുമുഖം, അബ്ദുല്‍ റസാഖ് കൊടക്കാട്, സെയ്തലവി കാവനൂര്‍, അബ്ദുല്‍ റഹ്മാന്‍ കൊയ്യോട്, ശാഫി വടക്കേകാട്, മസ്ഊദ് കൊയ്യോട്, ആററകോയ തങ്ങള്‍, സെയ്താലി വലമ്പൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രശസ്ത പണ്ഡിതന്‍ അന്‍വര്‍ ഫള്ഫരി സമാപന പ്രസംഗവും പ്രാര്‍ത്ഥനയും നടത്തി. സിദ്ദീഖ് മഞ്ചേശ്വരം ഇശല്‍ സംഗമത്തിന് നേതൃത്വം നല്‍കി. ഹബീബുളള പട്ടാമ്പി, സ്വാഗതവും സമദ് പെരുമുഖം നന്ദിയും പറഞ്ഞു.

Sunday, June 9, 2013

പരിസ്ഥിതിയുടെ ഉസ്താദ്

നടാനായി ഒരു ചെടി നിങ്ങള്‍ കയ്യിലെടുക്കുമ്പോഴാണു ലോകം അവസാനിക്കുന്ന തെങ്കില്‍, അതു നട്ടു തീരും മുന്‍പു ലോകാവസാനം സംഭവിക്കുന്നില്ലെന്ന് ഉറപ്പാണെങ്കില്‍ ആ ചെടി നട്ടുകൊള്ളട്ടെ-മുഹമ്മദ് നബി.
മണ്ണിനെ മറക്കുന്ന മനുഷ്യനെ പ്രകൃതിയിലേക്കു മടക്കിക്കൊണ്ടു വരാന്‍ പ്രവാചകന്റെ വാക്കുകളില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന യുവ ഇസ്ലാമിക പണ്ഡിതനാണു മുഹമ്മദ് റാഫി മാണിയൂര്‍ എന്ന റാഫി അസ്്അദി. പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി റാഫി തയാറാക്കിയ വിഡിയോ സിഡികളും പുസ്തകങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മനുഷ്യന്‍ ഭൂമിയുടെ ശത്രുവാകുന്നതു ലോകാവസാനത്തിന്റെ സൂചനകളാണെന്നു നമ്മെ ഒാര്‍മിപ്പിക്കുന്നു ഈ യുവാവിന്റെ സൃഷ്ടികള്‍.
ദീര്‍ഘമായ ലേഖനങ്ങളോ പ്രബോധന പ്രസംഗങ്ങളോ അല്ല, വര്‍ത്തമാനസമൂഹ ത്തില്‍ അനുദിനം സംഭവിക്കുന്ന ദുരന്തങ്ങള്‍ ചൂണ്ടിക്കാട്ടുകയാണു പരിസ്ഥിതി സംരക്ഷണത്തിനുള്ള ഏറ്റവും നല്ല ബോധവല്‍ക്കരണ മാര്‍ഗമെന്നു റാഫി പറയുന്നു. മനുഷ്യന്‍ പ്രകൃതിയില്‍ നടത്തുന്ന അതിക്രമങ്ങള്‍ മൂലമുണ്ടാകുന്ന സ്വാഭാവിക ദുരന്തങ്ങളും അപകടങ്ങളും ഉദാഹരിച്ചു കൊണ്ടാണു റാഫി വായനക്കാരുടെയും പ്രേക്ഷകരുടെയും കണ്ണു തുറപ്പിക്കുന്നത്. മനുഷ്യന്‍ ഭൂമിയോടു ചെയ്ത ക്രൂരകൃത്യങ്ങള്‍ പച്ചയായി പ്രേക്ഷകനു മുന്‍പില്‍ അവതരിപ്പിക്കുന്നവയാണു റാഫി ഒരുക്കിയ ദൃശ്യാവിഷ്കാരങ്ങള്‍. മനുഷ്യനെ നന്മയുടെ പാതയിലേക്കു തിരിച്ചു വിടാന്‍ നൂറു പ്രഭാഷണങ്ങളേക്കാള്‍ അത്തരമൊരു ദൃശ്യത്തിനു കഴിയുമെന്നു തെളിയിക്കുന്നു ഈ യുവാവ്.
ഭൂമിയെ കൊല്ലരുതേ എന്ന പേരില്‍ റാഫി തയാറാക്കിയ പരിസ്ഥിതി ബോധവല്‍ക്കരണ ലേഖന സമാഹാരം ഏറെ ശ്രദ്ധേയമാണ്. പരിസ്ഥിതി സംബന്ധിച്ചു വന്ന പത്രവാര്‍ത്തകള്‍ അടിസ്ഥാനമാക്കി പ്രകൃതിയിലെ വിവിധ പ്രതിഭാസങ്ങളെ ആധികാരികമായി അപഗ്രഥിക്കുന്നതാണു പുസ്തകം. ലോകം അവസാനത്തിലേക്ക് എന്ന രണ്ടര മണിക്കൂര്‍ നീളമുള്ള ഡോക്യുമെന്ററിയും റാഫിയുടേതായുണ്ട്. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനും അധ്വാനത്തിനും ശേഷമാണു പുസ്തകവും ഡോക്യുമെന്ററിയും തയാറാക്കിയത്. അന്തരിച്ച ഡോ. സുകുമാര്‍ അഴീക്കോട് അവസാനമായി അവതാരികയെഴുതിയ പുസ്തകങ്ങളിലൊന്നാണു ഭൂമിയെ കൊല്ലരുതേ..
മാണിയൂരിലെ പി. റംസാന്റെയും അസ്മയുടെയും മകനാണു മുഹമ്മദ് റാഫി. പാപ്പിനിശേരി ജാമിഅ അസ്അദിയ്യയില്‍ നിന്ന് അസ്അദി ബിരുദവും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു ബിഎ ബിരുദവും നേടിയ ശേഷം  കംപ്യൂട്ടര്‍ ഗ്രാഫിക്സും ഡിജിറ്റല്‍ ഡിസൈനിങ്ങും വിഡിയോ എഡിറ്റിങ്ങും പഠിച്ചാണു നവമാധ്യമങ്ങളുടെ സഹായത്തോടെ പ്രകൃതി സംരക്ഷണത്തിനിറങ്ങിയത്.

manorama environment

Saturday, June 8, 2013

സുന്നി മഹല്ല് ഫെഡറേഷന്‍ (SMF); ചെറുശ്ശേരി പ്രസിഡണ്ട്, പാണക്കാട് തങ്ങള്‍ ജനറല്‍ സെക്രട്ടറി, കുഞ്ഞാപ്പു ഹാജി ഖജാഞ്ചി

കോഴിക്കോട്: സുന്നി മഹല്ല് ഫെഡറേഷന്‍ പുതുതായ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കൗണ്‍സില്‍ കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുക്കം ഉമര്‍ ഫൈസി സ്വാഗതവും പിണങ്ങോട് അബൂബക്കര്‍ റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിക്കുകയും കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ പ്രസംഗിക്കുകയും ചെയ്തു.
പുതിയ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുത്തു. കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ (വര്‍ക്കിംഗ് പ്രസിഡണ്ട്), പ്രൊ..കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ചെര്‍ക്കളം അബ്ദുല്ല, പി.കുഞ്ഞാണി മുസ്‌ലിയാര്‍, .വി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ (വൈസ് പ്രസിഡണ്ടുമാര്‍), ഉമര്‍ ഫൈസി മുക്കം (വര്‍ക്കിംഗ് സെക്രട്ടറി), പിണങ്ങോട് അബൂബക്കര്‍, യു.ശാഫി ഹാജി, വി..സി. കുട്ടി ഹാജി, എസ്.കെ.ഹംസ ഹാജി (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായി മെട്രോ മുഹമ്മദ് ഹാജി, പി.വി.അബ്ദുറസാഖ് എം.എല്‍., ടി.കെ.പൂക്കോയ തങ്ങള്‍, ടി.കെ.സി.അബ്ദുല്‍ഖാദിര്‍ ഹാജി, ഇബ്രാഹീം മുണ്ടത്തടുക്ക (കാസര്‍ഗോഡ്), കെ.കെ.മുഹമ്മദ്, പി.ടി.കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍, അഹമ്മദ് തെര്‍ളായി, പാലത്തായി മൊയ്തുഹാജി, സലാം ദാരിമി, അബ്ദുല്‍ബാഖി എ.കെ, അബ്ദുറഹിമാന്‍ കല്ലായി (കണ്ണൂര്‍), സി.എസ്.കെ. തങ്ങള്‍, കെ.പി.കോയ, ടി. ഖാലിദ്, പി.എം.കോയ മുസ്‌ലിയാര്‍, സി.മുഹമ്മദ് അബ്ദുറഹിമാന്‍ മാസ്റ്റര്‍, കെ.എന്‍.എസ്.മൗലവി, കെ.എം.കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, നാസര്‍ഫൈസി കൂടത്തായി, സലാം ഫൈസി, ടി.കെ.പരീക്കുട്ടി ഹാജി (കോഴിക്കോട്), ടി.സി.അലി മുസ്‌ലിയാര്‍, കെ.എം.ആലി, സി.പി.ഹാരിസ് ബാഖവി, പി.സി.ഇബ്രാഹീം ഹാജി (വയനാട്), സയ്യിദ് റശീദ് അലി ശിഹാബ് തങ്ങള്‍, സൈതലവി ഹാജി കോട്ടക്കല്‍, ഹാജി കെ.മമ്മദ് ഫൈസി, കെ.ടി.കുഞ്ഞിമോന്‍ ഹാജി, കെ..റഹ്മാന്‍ ഫൈസി, കെ.കെ.എസ്. തങ്ങള്‍, .കെ.ആലിപ്പറമ്പ്, കെ.എം.കുട്ടി, കാടാമ്പുഴ മൂസ ഹാജി, ഡോ.ബഹാഉദ്ദീന്‍ നദ്‌വി, ചെറീദ് ഹാജി, പി.പി.മുഹമ്മദ് ഫൈസി, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, അബ്ദുല്‍അസീസ് മുസ്‌ലിയാര്‍, എം.അബൂബക്കര്‍ മുസ്‌ലിയാര്‍, മൊയ്തീന്‍ ഫൈസി വാക്കോട് (മലപ്പുറം), എം.പി.കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, ടി..ഹംസ ഹാജി, പി.കെ.മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കെ.എം.ബശീര്‍ ദാരിമി, പി.കെ.ഇമ്പിച്ചിക്കോയ തങ്ങള്‍ (പാലക്കാട്), എം.അബ്ദുല്ലത്തീഫ് മൗലവി, ജലീല്‍ ആദൂര്‍, ശറഫുദ്ദീന്‍ വെന്മേനാട്, കെ.കെ.അബൂബക്കര്‍ ഹാജി (തൃശൂര്‍), കെ.കെ.ഇബ്രാഹീം ഹാജി (എറണാകുളം), കെ.പി.മുഹമ്മദ് ഹാജി (നീലഗിരി), ബശീര്‍ ഹാജി (ഗൂര്‍ഗ്), ഹാജി മൊയ്തീന്‍ ഹബ്ബ (ദക്ഷിണകന്നഡ) പി.എസ്.അബ്ദുല്‍ജബ്ബാര്‍ (ഇടുക്കി), ലത്തീഫ് മുസ്‌ലിയാര്‍ (കൊല്ലം), ശരീഫ് ദാരിമി (കോട്ടയം), എന്‍.കെ.മുഹമ്മദ് ഫൈസി (ആലപ്പുഴ), ഹസ്സന്‍ ആലംകോട് (തിരുവനന്തപുരം) തെരഞ്ഞെടുത്തു. പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, എം.കെ.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ പ്രത്യേക ക്ഷണിതാക്കളായി തെരഞ്ഞെടുത്തു.
നിതാഖത്ത് സംബന്ധിച്ചു സഊദി സര്‍ക്കാരുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കൂടുതല്‍ ഫലപ്രദമായി ഇടപെട്ടു ഇന്ത്യക്കാരുടെ തൊഴില്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനും തിരിച്ചുവരുന്നവര്‍ക്ക് മാന്യമായി പുനരധിവാസം ഉറപ്പുവരുത്താനും ബന്ധപ്പെട്ട സര്‍ക്കാറുകളോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി.
മതസൗഹാര്‍ദ്ദത്തിന്റെ സുവര്‍ണ്ണഭൂമിയായ കേരളത്തില്‍ വര്‍ഗീയ ചേരിതിരിവുകള്‍ ഉണ്ടാക്കാനുള്ള ചില ജാതീയ സംഘടനകളുടെ നീക്കങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും, മതേതര വിശ്വാസികളും പ്രസ്ഥാനങ്ങളും ഇത്തരം നീക്കങ്ങള്‍ക്കെതിരെ രംഗത്തുണ്ടാവണമെന്നും ആവശ്യപ്പെടുന്ന പ്രമേയവും യോഗം അംഗീകരിച്ചു. 2013 ജൂലൈ മുതല്‍ 2013 ഡിസംബര്‍ കൂടി ആറു മാസത്തെ മഹല്ല് തല കര്‍മപദ്ധതി യോഗം അംഗീകരിച്ചു.