Monday, June 24, 2013

പൈതൃകപ്പഴമ പുതുക്കി യു.എ.ഇയിലെങ്ങും ഹഖുല്ലൈല ആഘോഷങ്ങള്‍

chandrikadaily
ദുബൈ: പരിശുദ്ധ മാസമായ റമസാന് സ്വാഗതമോതുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്ക് തുടക്കമിട്ട് യു.എ.ഇ പരമ്പരാഗതമായി ആഘോഷിച്ചു വരുന്ന ഹഖുല്ലൈല ആഘോഷങ്ങള്‍ എല്ലാ എമിറേറ്റുകളിലും വര്‍ണാഭമായി നടന്നു.

ഹിജ്‌രി കലണ്ടറില്‍ റമസാനു മുമ്പു വരുന്ന ശഅബാന്‍ മാസത്തിലെ പതിനഞ്ചാം രാവിലാണ് ഈ പൈതൃകപ്പഴമ തുടിക്കുന്ന ആഘോഷങ്ങള്‍ നടക്കാറ്. റമസാനെ സ്വീകരിക്കാന്‍ വീടും നാടും ഒരുക്കം തുടങ്ങുക ഈ രാവിലെ ആഘോഷങ്ങളോടെയാണ്.

മുസ്‌ലിം ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരമൊരു ആഘോഷം പതിവുണ്ട്. കേരളത്തില്‍ ബറാഅത്ത് രാവെന്നു പറയപ്പെടുന്ന ദിനാചരണമാണ് യു.എ.ഇയില്‍ ഹഖുല്ലൈല എന്നും ഹഖുല്ലാഹ് എന്നും അറിയപ്പെടുന്നത്. രാത്രിയുടെ ഓഹരി, അല്ലാഹുവിന്റെ പങ്ക് എന്നിങ്ങനെ ആകാം ഈ വാക്കിന്റെ ഉദ്ദേശ്യം.

കുട്ടികള്‍ക്ക് പുത്തനുടുപ്പുകള്‍ അണിയിച്ചും അവരെ കൊണ്ട് മധുര പലഹാരങ്ങള്‍ വിതരണം നടത്തിയുമാണ് ഹഖുല്ലൈല ആഘോഷം കൊഴുപ്പിക്കുക. കുട്ടികളുടെ വിശേഷ ദിവസമാണ് ഇത്. ചെറുപ്പക്കാരും ചെറുപ്പക്കാരികളും ഈ രാവിലെ ആഘോഷങ്ങളില്‍ പങ്കാളികളാകുന്നത് സൗഹൃദ സന്ദര്‍ശനങ്ങള്‍ നടത്തിയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മധുര വിരുന്നേകിയുമാണ്. മധുര പലഹാരങ്ങളുടെ വിതരണം വീടുകളിലും ആരാധനാലയങ്ങളിലും നടത്തുകയും ചെയ്യും. കുട്ടികളുടെ സംഘങ്ങളാണ് ഇതിന് മുന്നിട്ടിറങ്ങുക.

കേരളത്തിലെ ചീരണി, പായസ വിതരണങ്ങളുടെ അറേബ്യന്‍ മാതൃകയാണ് ഹഖുല്ലൈലയില്‍ യു.എ.ഇ നിവാസികള്‍ പിന്തുടരുന്നത്. മധുര പലഹാരങ്ങള്‍ക്കും മറ്റു വിഭവങ്ങള്‍ക്കുമൊപ്പം നാണയങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ശീലവും അറബികള്‍ക്കുണ്ട്. യു.എ.ഇയിലെ റമസാനുമായി ബന്ധപ്പെട്ട ആചാരമാണ് ഈ ആഘോഷരാവ്. പാരമ്പര്യമായി തുടരുന്ന ഈ ചടങ്ങുകളിലൂടെ ഓര്‍മ്മിക്കപ്പെടുന്നത് പൈതൃകപ്പഴമകളാണ്.

പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് കുട്ടികള്‍ വീടിനു പുറത്തിറങ്ങി ആഹ്ലാദിക്കുന്നതും ഗാനമാലപിക്കുന്നതുമൊക്കെ പഴയ രീതികളാണ്. ഓരോ കുടുംബവും അവരവരുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ഈ ആഘോഷം നടത്തുന്നു. എല്ലാവരും മധുരപ്പൊതികളും മധുരാപാനീയങ്ങളും ഈ രാവിനു വേണ്ടി പ്രത്യേകമായി വാങ്ങി വെക്കുന്നു.

വലിയ സഞ്ചികളുമായെത്തി അറബി വീട്ടുകാര്‍ മധുരപലഹാരങ്ങള്‍ വാങ്ങുന്ന കാഴ്ച പണ്ടു മുതലേ കണ്ടതായി മുപ്പത്തിരണ്ടു വര്‍ഷങ്ങളായി റാസല്‍ ഖൈമയിലെ റംസില്‍ ഇമാമായി സേവനമനുഷ്ടിക്കുന്ന എം.കെ.എം മൗലവി കടിയങ്ങാട് മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു. ഇന്നലെയും റാസല്‍ഖൈമയിലെ ഇറാനി മാര്‍ക്കറ്റില്‍ മധുര പലഹാരങ്ങള്‍ വാങ്ങാനെത്തിയവരുടെ തിരക്കു കാരണം ഗതാഗതം മുടങ്ങി. ഏറെ ജനകീയമായ ആഘോഷരാവായതു കൊണ്ടാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാപമോചനം, ആയുരാരോഗ്യം, നരകമോചനം എന്നിവക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും വിശുദ്ധ ഖുര്‍ആനിലെ യാസീന്‍ അധ്യായത്തിന്റെ പാരായണവും ഈ രാത്രിയിലെ പതിവുകളാണ്. യു.എ.ഇയിലെ സ്വദേശി സമൂഹം ഈ രാത്രിയെ വളരെ പ്രാധാന്യത്തോടെ ആചരിക്കുന്നത് ഏറെ ആദരവോടെയാണ് ഇതേ അനുഭവമുള്ള പ്രവാസി മുസ്‌ലിം സമൂഹം നോക്കിക്കാണുന്നത്. അറബ് വീടുകളിലും മജ്‌ലിസുകളിലും നടന്ന സംഗമങ്ങളിലും മധുരപലഹാര വിതരണങ്ങളിലും പങ്കെടുക്കുന്ന മലയാളികളുമുണ്ട്. ശഅബാന്‍ മാസത്തിലെ ഈ രാവിന്റെ സവിശേഷത വെള്ളിയാഴ്ച രാജ്യത്തെ അയ്യായിരത്തോളം പള്ളികളില്‍ നടന്ന ഖുത്വുബയിലും പരാമര്‍ശിക്കപ്പെട്ടു.

ദുബൈയില്‍ പ്രധാന ആഘോഷം ദുബൈ ലേഡീസ് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു. ആണ്‍ കുട്ടികളും പെണ്‍ കുട്ടികളും കന്തൂറ, ജലബിയ വസ്ത്രങ്ങളണിഞ്ഞെത്തിയത് ആഘോഷത്തിന് നിറപ്പകിട്ടേകി. ദുബൈയില്‍ ആഘോഷം സംബന്ധിച്ച് ദുബൈ കള്‍ച്ചര്‍ പുറത്തിറക്കിയ ലഘുലേഖകളുടെ വിതരണവും കുട്ടികള്‍ നടത്തി. ഇത്തരമൊരു ആഘോഷത്തിന്റെ പ്രസക്തിയും സാംസ്‌കാരിക ശ്രേഷ്ടതയും വെളിപ്പെടുത്തുന്നതാണ് ലഘുലേഖയുടെ സന്ദേശം.

അബുദാബി, ഷാര്‍ജ തുടങ്ങി എല്ലാ എമിറേറ്റുകളിലും വിവിധ തരത്തിലുള്ള ആഘോഷ പരിപാടികള്‍ നടന്നതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാര്‍ജയില്‍ മ്യൂസിയം ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലായിരുന്നു പ്രധാന ആഘോഷ പരിപാടികള്‍. നേരത്തെ വീടുകളിലും താമസകേന്ദ്രങ്ങളിലും നടന്ന ആഘോഷ പരിപാടികള്‍ ഇപ്പോള്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ കീഴില്‍ നടക്കുന്നു. ഏറെ വര്‍ണപ്പകിട്ടോടെ നടന്ന ആഘോഷ പരിപാടികള്‍ വരാനിരിക്കുന്ന പുണ്യ മാസത്തെ കുറിച്ച് ജനമനസ്സുകളിലുള്ള പ്രതീക്ഷയാണ് വെളിപ്പെടുത്തിയത്. റമസാന്‍ മാസം ഏറ്റവും പ്രിയങ്കരനായ ഒരതിഥിയെ എന്ന പോലെയാണ് യു.എ.ഇയിലും സ്വീകരിക്കപ്പെടുന്നത്.

No comments:

Post a Comment