Monday, March 4, 2013

ഹമാസ് ഹിബ്രു ഭാഷാപഠനം പ്രോത്സാഹിപ്പിക്കുന്നു

ശത്രുവിന്റെ തന്ത്രങ്ങളും പദ്ധതികളും മനസ്സിലാക്കാനും അവരോട് എതിരിട്ട് പിടിച്ച് നില്‍ക്കാനും അവരുടെ ഭാഷ വളരെ അനിവാര്യമാണെന്ന് ഹമാസ് തിരിച്ചറിയുന്നു. ഇതുവരെ ജൂതഭാഷയായ ഹിബ്രുവിനെ സ്‌കൂളുകളില്‍ നിന്ന് ബഹിഷ്‌കരിക്കുന്ന നിലപാടായിരുന്നു ഹമാസിന്റേത്. എന്നാല്‍ ശത്രുക്കളെ നേരിടാനും പരാജയപ്പെടുത്താനും അവരുടെ ഭാഷ അനിവാര്യമാണെന്നാണ് ഇപ്പോള്‍ ഹമാസിന് മനസ്സിലായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഹമാസിന്റെ കീഴിലുള്ള എല്ലാ സ്‌കൂളുകളിലും ഹിബ്രു ഭാഷാ പഠനത്തിന്‍ ഊന്നല്‍ നല്‍കാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ട്. തങ്ങളുടെ ശത്രുക്കളുടെ ഭാഷ പഠിക്കുന്നത് ഞങ്ങള്‍ക്ക് സഹായകമാകുമെന്നാണ് പ്രതീക്ഷയെന്നാണ് ഹമാസ് വക്താവ് തീരുമാനത്തിനെ കുറിച്ച് പറഞ്ഞത്.
കഴിഞ്ഞ ഗസ്സാഅക്രമണ സമയത്ത് അല്‍ഖസ്സാം ബ്രിഗേഡിയര്‍ ഇസ്രായേല്‍ സൈനികര്‍ക്കും ജനങ്ങള്‍ക്കും ഹിബ്രുവില്‍ തന്നെ മുന്നറിയിപ്പുകളും ഭീഷണികളും നല്‍കിയിരുന്നു. ബ്രിഗേഡിയറിന്റെ ഔദ്യോഗിക പേജുകളിലും റേഡിയോ ടെലിവിഷന്‍ സന്ദേശങ്ങളിലും ഹിബ്രുവാണ് ഉപയോഗിച്ചിരുന്നത്. ഈ ശൈലിയിലൂടെ ജൂതരെ പരിഭ്രാന്തരാക്കുന്നതിലും ഇസ്രായേലിലെ പൊതുജനങ്ങളെ യുദ്ധം നിര്‍ത്താന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ നിര്‍ബന്ധിക്കുന്നതിലും വിജയിച്ചിട്ടുണ്ടെന്നാണ് ഹമാസ് വിലയിരുത്തിയത്. മാത്രമല്ല സയണിസ്റ്റുകളുടെ പ്ലാനുകളും പദ്ധതികളും എഴുതപ്പെടുന്നത് പ്രധാനമായും ഹിബ്രുഭാഷയിലാണ്. അത് മനസ്സിലാക്കാനും ഈ ഭാഷ പഠിക്കല്‍ നിര്‍ബന്ധമാണ്.
തങ്ങളുടെ ശത്രുക്കളുടെ എല്ലാ ശക്തികളെും അവരുടെ ഭാഷയും സംസ്‌കാരവും പഠിച്ച് മനസ്സിലാക്കുകയെന്നത് പ്രവാചകന്റെ ഉത്തമ മാതൃകയില്‍പെട്ട കാര്യമാണ്. അതാണ് ഞങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന്‌തെന്നും ഹമാസിന്റെ വിദ്യാഭ്യാസ മന്ത്രാലയം വക്താവ് സുമയ്യ നഖാല പറഞ്ഞു. ഇക്കൊല്ലം ഒമ്പതാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് ഹിബ്രൂഭാഷാ പഠനം നിര്‍ബന്ധമാക്കുക. അടുത്ത വര്‍ഷം മുതല്‍ ഹയര്‍സെക്കന്ററിയിലും ഉപരിപഠനങ്ങളിലും ഇതിനുള്ള അവസരം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സാധാരണ ജൂതന്മാരുമായുള്ള ഇടപഴകലിലൂടെ ഫലസ്തീനികള്‍ക്ക് ഹിബ്രുഭാഷ അറിയാറുണ്ട്. എന്നാല്‍ 1994-ല്‍ ഗസ്സയെ പൂര്‍ണമായും ജൂതരാഷ്ട്രം ഒറ്റപ്പെടുത്തിയതോടെ അവര്‍ക്ക് ഹിബ്രു പഠിക്കാനുള്ള അവസരം ഇല്ലാതാകുകയായിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ സ്‌കൂളുകളില്‍ ഭഷാ പഠനം തുടങ്ങേണ്ടി വന്നിരിക്കുന്നത്.