Monday, September 27, 2010

സ്വഹാബത്തിന്റെയും ഉമ്മഹാത്തുല്‍ മുഅമിനീന്റെയും പേരിനു ശേഷം (റളിയല്ലാഹു അന്‍ഹ) എന്നും (റളിയല്ലാഹു അന്‍ഹു) ചേര്‍ക്കാന്‍ സൗദി മന്ത്രിയുടെ നിര്‍ദ്ദേശം

ഉമ്മഹാത്തുല്‍ മുഅമിനീനെയും സ്വഹാബത്തിനെയും ബഹുമാനിക്കണമെന്ന വിശുദ്ധ ദീനിന്റെ കല്പനയെ പ്രാവര്‍ത്തികമാക്കുന്നതിന്നു വേണ്ടി സ്ട്രീറ്റ് ബോര്‍ഡില്‍ ഉമ്മഹാത്തുല്‍ മുഅമിനീന്റെ പേരിനു ശേഷം (റളിയല്ലാഹു അന്‍ഹ) എന്നും സ്വഹാബത്തിന്റെ പേരിനു ശേഷം (റളിയല്ലാഹു അന്‍ഹു) എന്നും വ്യക്തമായി വായിക്കാന്‍ പറ്റുന്ന വിധത്തില്‍ ചേര്‍ത്തി വെക്കണമെന്ന് സൗദി മുനിസിപല്‍ ആന്‍ഡ്‌ റുറല്‍ അഫൈര്‍സ് മന്ത്രി പ്രിന്‍സ് ഡോ. മന്‍സൂര്‍ ബിന്‍ മുത്അബ് ബിന്‍ അബ്ദുല്‍ അസീസ്‌ സൌദിയിലെ എല്ലാ മുനിസിപാലിറ്റികള്‍ക്കും നിര്‍ദേശം നല്‍കി.

Friday, September 24, 2010

ഉബൈദ്‌ അവാര്‍ഡ്‌ ബാലക്യഷ്‌ണന്‍ വള്ളിക്കുന്നിന്‌

കാസര്‍കോട്‌: തേനോലുന്ന മാപ്പിളപ്പാട്ടുകളും ആശയസമൃദ്ധമായ അറബിമലയാള ഗദ്യസാഹിത്യവും കേരളീയ പൊതുസംസ്‌കൃതിയുടെ ഭാഗമാക്കുന്നതിന്‌ ആദ്യചുവടുകള്‍വെച്ച ടി.ഉബൈദിന്റെ പാവനസ്‌മരണക്കായി കാസര്‍കോട്‌ സാഹ്യത്യവേദി നല്‍കിവരുന്ന ഉബൈദ്‌ അവാര്‍ഡ്‌ ഈ വര്‍ഷം ബാലക്യഷ്‌ണന്‍ വള്ളിക്കുന്നിന്‌ നല്‍കാന്‍ തീരുമാനിച്ചു.

മാപ്പിളസാഹിത്യ വിജ്ഞാനീയങ്ങളുടെ സഹസ്രദീപ്‌തി ചൊരിഞ്ഞ്‌ പതിറ്റാണ്ടുകളായി ഈമേഖലയുടെ കര്‍മ്മസാക്ഷിയായി വര്‍ത്തിക്കുന്ന ധിഷണാശാലിയാണ്‌ ബാലക്യഷ്‌ണന്‍ വള്ളിക്കുന്ന്‌. അനാസ്ഥയുടേയും അവഗണനയുടെയും അരങ്ങായി മാറിപ്പോയിരുന്ന മാപ്പിളസാഹിത്യത്തിന്റെ കാണാപ്പുറങ്ങള്‍ തേടിയുള്ള ക്ലേശകരവും സമര്‍പ്പിതവുമായ സര്‍ഗാത്മക ജീവിതത്തിനുടമയാണദ്ദേഗഹം.

മാപ്പിളപ്പാട്‌ ഒരുമുഖ പഠനം മാപ്പിളസംസ്‌കാരത്തിന്റെ കാണുപ്പുറങ്ങള്‍, മാപ്പിള സാഹിത്യവും മുസ്‌ ലിം നവോത്ഥാനവും, മാപ്പിള സാഹിത്യ പഠനങ്ങള്‍ എന്നിങ്ങനെയുള്ള ഗ്രന്ഥങ്ങളിലൂടെ അദ്ദേഹം മലയാള സാഹ്യദയലോകത്തിന്‌ സൂപരിചിതനാണ്‌. മാപ്പിളപ്പാട്ട്‌ പാഠവും പഠനവും എന്ന ഗ്രന്ഥം അദ്ദഹം ഡോ.ഉമര്‍ തറമേലും ചേര്‍ന്ന്‌ രചിച്ചതാണ്‌.

റഹ്‌മാന്‍ തായലങ്ങാടി, വി.രവീന്ദ്രന്‍ നായര്‍, നാരായണന്‍ പേരിയ, കെ.എം.അഹ്മദ്‌, ഷാഫിഎ.നെല്ലിക്കുന്ന്‌ എന്നിവരടങ്ങുന്ന സമിതിയാണ്‌ ജേതാവിനെ തിരഞ്ഞെടുത്തത്‌. ഓക്‌ടോബര്‍ മൂന്നിന്‌ നടക്കുന്ന ഉബൈദിന്റെ 38-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ അവാര്‍ഡ്‌ സമ്മിനിക്കും.10000 രൂപയും പ്രശസ്‌തി പത്രവുമാണ്‌ അവാര്‍ഡ്‌

പയ്യന്നൂരില്‍ ഹജ്ജ് പഠന ക്ലാസ്സ്

പയ്യന്നൂര്‍: സംയുക്ത മുസ്‌ലിംജമാഅത്തിന്റെ ആഭിമുതല്‍ സപ്തബര്‍25 ന് രാവിലെ ഒമ്പതുമുതല്‍ പയ്യന്നൂര്‍ടൗണ്‍ ജുമാമസ്ജിദ് അങ്കണത്തില്‍ (മാതമംഗലം അബൂബക്കര്‍ ഹാജി നഗര്‍) ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിക്കും. എസ്.കെ.എസ്.എസ്.എഫ്.സംസ്ഥാന പ്രസിഡന്റ്പാണക്കാട് സയ്യിദ് അബ്ബാസ്അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.പി.പി.തങ്ങള്‍ അധ്യക്ഷനാകും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഹജ്ജ് ക്ലാസ്സിന് നേതൃത്വം നല്‍കും. നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

Wednesday, September 22, 2010

ബാബറി മസ്ജിദ്: കോടതി വിധി മാനിക്കണം - സമസ്ത

മസ്ജിദിന്റെ തര്‍ക്കവുമായി ബന്ധപ്പെട്ട് 24ന് ഉണ്ടാകുന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യണമെന്നും മാനിക്കണമെന്നും മുസ്ലിം കൈരളിയുടെ പരമോന്നത മത പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും ആഹ്വാനം ചെയ്തു . കോടതിവിധി എന്തായാലും സംയമനം പാലിക്കുവാനും മതസൗഹാര്‍ദവും ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും കാത്ത് സംരക്ഷിക്കുന്നതിനും മുഴുവന്‍ മുസ്‌ലിങ്ങളും പ്രതിജ്ഞാബദ്ധരാക്കണം. ജനാധിപത്യ സംവിധാനങ്ങളും ജുഡീഷ്യറിയുടെ നിഷ്പക്ഷതയും കളങ്കപ്പെടാതെ കാത്തുസൂക്ഷിക്കണം. വിധി അനുകൂലമായാലും പ്രതികൂലമായാലും പ്രകടനങ്ങള്‍ നടത്തരുത്. വിധി സ്വീകരിച്ച് നിയമാനുസൃത മാര്‍ഗങ്ങളിലൂടെ വിഷയങ്ങള്‍ കൈകാര്യംചെയ്യണം. ഇതര സമൂഹങ്ങള്‍ക്കിടയില്‍ വെറുപ്പോ വിദ്വേഷമോ ഉണ്ടാക്കുന്നതോ പൊതുതാത്പര്യങ്ങള്‍ക്ക് ഹാനി വരുത്തുന്നതോ ആയ നടപടികള്‍ ഉണ്ടാകരുതെന്നും നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tuesday, September 21, 2010

ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും

തൃക്കരിപ്പൂര്‍: ഈ വര്‍ഷം ഹജ്ജിനു പോകുന്നവര്‍ക്ക് മാസളിഹുല്‍ മുസ്ലിമീന്‍ സംയുക്ത ജമാഅത്തിന്‍റെ ആഭിമുക്യത്തില്‍ തങ്കയം മുനീറുല്‍ ഇസ്ലാം മദ്രസയില്‍ വെച്ച് ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും പ്രാര്‍ത്ഥന സദസ്സും നടത്തി. ഹജ്ജ് പഠന ക്ലാസിനു കേന്ദ്ര ഹജ്ജ് കമ്മറ്റി അംഗം അബ്ദുസമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി . സംസ്ഥാനത്ത് അഞ്ചാം ക്ലാസ് പൊതു പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ മുനവ്വിരുള്‍ ഇസ്ലാം മദ്രസയിലെ വടക്കേ കൊവ്വല്‍ സ്വദേശിനി ആയിഷത്ത് ഫര്‍സാനയ്ക്കുള്ള തങ്കയം ഇസ്സത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മറ്റിയുടെ ഉപഹാരവും ക്യാഷ് അവാര്‍ഡും കേന്ദ്ര ഹജ്ജ് കമ്മറ്റി അംഗം വിതരണം ചെയ്തു . സംയുക്ത ജമാ അത്ത് പ്രസിടണ്ട് ടി.കെ. പൂക്കോയ തങ്ങള്‍ അധ്യക്ഷം വഹിച്ചു ഉമ്മര്‍കോയ തങ്ങള്‍ ഹജ്ജ് പഠന ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്തു. പി.കെ.സി. അബ്ദുള്ള , ജമാഅത്ത് പ്രസിഡണ്ട് ഡോ: സി.കെ.പി.കുഞ്ഞബ്ദുള്ള , ഖത്തീബ് ബഷീര്‍ ബാഖവി, ദാവൂദ് സി. തുടങ്ങിയവര്‍ സംസാരിച്ചു.

Sunday, September 19, 2010

കേരളത്തിലെ മതബോധന രീതി അനുകരണീയം- കോഴിക്കോട് വലിയ ഖാദി

തൃക്കരിപ്പൂര്‍: മദ്രസകളിലും പ്രവേശനോല്സവത്തിനു റേഞ്ച് ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ ആസ്ഥാനമായ മുനവ്വിറുല്‍ ഇസ്‌ലാം അറബിക് കോളജ് അങ്കണത്തില്‍ തുടക്കമായി. കേരളത്തില്‍ സമസ്തയുടെ വ്യവസ്ഥാപിതമായ മതബോധന രീതി ഇതര ഇസ്ലാമിക രാജ്യങ്ങള്‍ക്ക് പോലും അനുകരണീയ മാതൃകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കോഴിക്കോട് വലിയ ഖാദി ജമലുല്ലൈലി തങ്ങള്‍ അഭിപ്രായപ്പെട്ടു. അറിവിന്റെ മധുരം നുകരാന്‍ ആദ്യ ദിനം മുനവ്വിറില്‍ എത്തിയ അന്‍പതോളം കുരുന്നുകളെ മധുരപലഹാരങ്ങള്‍ നല്‍കിയാണ്‌ വരവേറ്റത്. ഒന്നാം തരത്തിലെ കിതാബും സ്ലേറ്റും സൌജന്യമായി കമ്മറ്റി നല്‍കി.
സമസ്ത നടത്തിയ അഞ്ചാം തരം പൊതു പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ വടക്കേ കൊവ്വല്‍ മദ്രസയിലെ ആയിഷത്ത് ഫര്‍സാനക്ക് ഖാദി കമ്മറ്റിയുടെ ഉപഹാരം നല്‍കി. വിവിധ വിദേശ ശാഖാ കമ്മറ്റികളുടെ വകയായി പത്തോളം ഉപഹാരങ്ങള്‍ ഫര്‍സാന ഏറ്റു വാങ്ങി. കെ ടി അബ്ദുല്ല മൌലവി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ മാണിയൂര്‍ അഹമദ് മൌലവി, എന്‍ കെ പി മുഹമ്മദ്‌ എന്നിവര്‍ പ്രസംഗിച്ചു. ഫര്സാനയുടെ ഉസ്താദ് ഹാഫിസ് റാഷിദിനെ ചടങ്ങില്‍ അനുമോദിച്ചു. മുനവ്വിരുല്‍ ഇസ്‌ലാം കമ്മറ്റിയുടെ വെബ് സൈറ്റായ www.munavvir.com , കമ്പ്യൂട്ടര്‍ സെന്റര്‍ എന്നിവയുടെ ഉദ്ഘാടനവും ജമലുല്ലൈലി തങ്ങള്‍ നിര്‍വഹിച്ചു.എന്‍ എ മജീദ്‌ സ്വാഗതവും എ ജി സിദ്ദീക്ക് നന്ദിയും പറഞ്ഞു.

സമസ്തയെ മാതൃകയാക്കാം - കോഴിക്കോട് വലിയ ഖാളി

ഇസ്ലാമീക രാഷ്ട്രങ്ങള്‍ക്ക് സമസ്തയെ മാതൃകയാക്കാം - കോഴിക്കോട് വലിയ ഖാളി
തൃക്കരിപ്പൂര്‍: സമസ്തയുടെ വിദ്യാഭ്യാസ രീതിയും ആധുനീകമായ പഠന തന്ത്രവും ഉയര്‍ന്ന നിലവാരമുള്ളതാണെന്നും ഇത് ഇസ്ലാമിക രാഷ്‌ട്രങ്ങള്‍ക്ക് പോലും മാതൃകയാക്കാവുന്നതാണെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌ ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു. സമസ്തയുടെ പൊതു പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ മുനവ്വിരുല്‍ ഇസ്ലാം മദ്രസയിലെ ആയിഷത്ത് ഫര്‍സാനക്ക് മുനവ്വിരുല്‍ ഇസ്ലാം കമ്മറ്റി ഏര്‍പ്പെടുത്തിയ അവാര്‍ഡ് വിതരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമീക ഭരണം നടത്തുന്ന വിദേശ രാഷ്ട്രങ്ങളില്‍ പോലും കേരളത്തിലെ പോലെ ചിട്ടയായ മദ്രസാ പഠനം നില നില്‍ക്കുന്നില്ല. വിദേശ രാഷ്ട്രങ്ങള്‍ക്ക് പോലും കേരളത്തിലെ സമസ്ഥയെ മാതൃകയാക്കാവുന്നതാണ് . മദ്രസാ പഠനം കുറഞ്ഞതും ഭൌതീക വിദ്യാഭ്യാസത്തിനു സമയം കൂടിയതുമാണ് സമൂഹത്തിലെ യുവ സമൂഹത്തിനു മാറ്റങ്ങള്‍ വരുന്നത്. അത് കൊണ്ട് മത വിദ്യാഭ്യാസം അനിവാര്യമായ ഘട്ടമാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് തങ്ങള്‍ പറഞ്ഞു.

Friday, September 17, 2010

മുനവ്വിരുള്‍ ഇസ്ലാം മദ്രസയില്‍ ഞായറാഴ്ച പ്രവേശനോത്സവം

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ മുനവ്വിരുള്‍ ഇസ്ലാം മദ്രസയില്‍ പ്രവേശനോത്സവവും റാങ്ക് ജേതാവിന് അനുമോദനവും 19 ന് ഞായറാഴ്ച രാവിലെ 8 മണിക്ക് നടക്കും.
അഞ്ചാം ക്ലാസ്സ് പൊതു പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ആയിഷത്ത് ഫര്‍സാനയെ ചടങ്ങില്‍ ആദരിക്കും , വലിയ ഖാളി ജമലുല്ലൈലി തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. ഇല്‍‌മ്‌ പ്രവേശനോത്സവം 2010 എന്ന പേരില്‍ നടക്കുന്ന ചടങ്ങില്‍ മുനവ്വിര്‍ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ ശൈഖുനാ മണിയൂര്‍ അഹമദ് മൌലവി കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ച് നല്‍കും. മദ്രസ്സാ മാനേജ്‌മെന്റ് അംഗങ്ങളും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുക്കും.

Tuesday, September 14, 2010

പയ്യന്നൂരില്‍ ഹജ്ജ് പഠന ക്ലാസ്സ് സംഘടിപ്പിക്കുന്നു

പയ്യന്നൂര്‍: പയ്യന്നൂര്‍ മേഖലാ സംയുക്ത ജമാ-അത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍- കാസര്‍കോട് ജില്ലകളിലെ ഹാജിമാര്‍ക്ക് 25ന് രാവിലെ ഒമ്പതിന് പയ്യന്നൂര്‍ ടൗണ്‍ ജുമാമസ്ജിദ് കോമ്പൗണ്ടില്‍ ഹജ്ജ്പഠന ക്ലാസ് നടത്തും. അബ്ദുസമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ.പി.പി.തങ്ങള്‍ അധ്യക്ഷനായി. ടി.വി.അഹ്മദ് ദാരിമി, എസ്.കെ.പി.അബ്ദുള്‍ഖാദര്‍ ഹാജി, സി.പി.അബൂബക്കര്‍ മൗലവി, സി.മുഹമ്മദലി ഹാജി, എം.അബ്ദുല്ല മൗലവി, എ.പി.സലാം ഹാജി, എം.മുഹമ്മദലി, എസ്.വി.മുസ്തഫ ഹാജി, ടി.വി.അബ്ദുള്‍ഖാദര്‍ ഹാജി, എം.അബ്ദുറഹ്മാന്‍ ഹാജി എന്നിവര്‍ സംസാരിച്ചു.

ഓതും പേന കൌതുകമാവുന്നു.


കാസറഗോഡ്: മുസ്ഹഫില്‍ ഒന്ന് തൊടേണ്ട താമസം അതിമനോഹരമായി ഖുര്‍ആന്‍ പാരായണം നടത്തുന്ന പേന ശ്രദ്ധയാകര്‍ഷിക്കുന്നു.
യു. എ. യി. വ്യവസായി യഹ്യ തളങ്കര യുടെ മകന്‍ സാഹിറിന്റെ പക്കലുള്ള "ഓതും പേന" യാണ് കൌതുകമാകുന്നത്. ഏതെങ്കിലും ഒരു സൂറത്തിന്റെ തുടക്കത്തില്‍ പെനയോന്നു വെച്ചുകൊടുത്താല്‍ മതി, നല്ല ഉച്ചാരണ ഭംഗിയോടെ സൂറത്ത് ഓതി ത്തുടങ്ങും. ഏതെങ്കിലും ആയത്തിന്റെ തുടക്കത്തില്‍ വെച്ചുകൊടുത്തലും അവിടെനിന്നു പേന ഓതുകയായി.
ഏതാനും മാസം മുമ്പ് യഹ് യ തളങ്കര ചൈന സന്ദര്‍ശനത്തിനിടയില്‍ സംഘടിപ്പിച്ച ഈ "അദ്ഭുത പേന" മകന് സമ്മാനമായി നല്‍കുകയായിരുന്നു.
ഇത്തരമൊരു പേനയെക്കുറിച്ച് ഈയിടെ ഒരു പ്രമുഖ ചാനലില്‍ വന്ന ന്യൂസ്‌ സ്റ്റോറി യില്‍ പേനയുടെ ഉടമ, കേരളത്തില്‍ തന്റെ പക്കല്‍ മാത്രമാണ് ഇത്തരമൊരു പേനയുള്ളതെന്നു അവകാശപ്പെട്ടതോടെയാണ് സാഹിര്‍ തന്റെ പക്കലുള്ള "ഓതും പേന" പുറത്തെടുത്തത്. കണ്ടാല്‍ പേന തന്നെയാണെങ്കിലും തന്റെ ജോലി എഴുത്തല്ല, വായനയാണെന്ന് ഈ "റീഡിംഗ് പെന്‍" തെളിയിക്കുന്നു.
ഖുര്‍ ആനിലെ ഏതെങ്കിലും വരി ഓതാന്‍ ബുദ്ധിമുട്ടിയാല്‍ ആ നിമിഷം പേന കൊണ്ടവിടെയൊന്നു തൊട്ടാല്‍ മതി. പേന മനോഹരമായി ആ വരി ഒതിത്തരുന്നതോടെ സംശയം തീര്‍ന്നു കിട്ടുന്നു.
മുസ് ഹഫിന്റെ താളുകളില്‍ വെച്ചു തൊട്ടു പേനയുടെ സ്വിച്ച് ഓണ്‍ ചെയ്യേണ്ട താമസം പേന ജോലി തുടങ്ങുകയായി. ഓരോ വരിയും അത് സ്കാന്‍ ചെയ്യും. എന്നിട്ട് ഓരോ അക്ഷരവും വാക്കും എന്നാ ക്രമത്തില്‍ അതിന്റെ സ്പീക്കറിലൂടെ കൃത്യമായ ഉച്ചാരണത്തോടെ വായിച്ചു കേള്‍പ്പിക്കുന്നു.
ഓതാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഓതും പേന ഒരു അനുഗ്രഹം തന്നെയാണ്. ഇത് നിരവടിപേരെ ആകര്‍ഷിക്കുന്നതായി സാഹിര്‍ യഹ് യ പറഞ്ഞു.

Monday, September 13, 2010

ആയിരം യുവാക്കള്‍ക്ക്‌ ഹജ്‌ജിന്‌ അവസരം

അബുദാബി: മുപ്പതു വയസ്സില്‍ താഴെയുള്ള ആയിരം യുവാക്കള്‍ക്ക്‌ ഈ വര്‍ഷം ഹജ്‌ തീര്‍ഥാടനത്തിനു പോകാന്‍ വേണ്ട ചെലവുകളെല്ലാം സായിദ്‌ ഫൌണ്ടേഷന്‍ വഹിക്കും. സായിദ്‌ ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ഷെയ്‌ഖ്‌ നഹ്യാന്‍ ബിന്‍ സായിദ്‌ അല്‍ നഹ്യാന്റെ പ്രത്യേക നിര്‍ദേശാനുസരണം 200 ലക്ഷം ദിര്‍ഹമാണ്‌ ഇതിനായി വിനിയോഗിക്കുക.

600 സ്വദേശികളുടെയും 400 വിദേശികളുടെയും ചെലവാണ്‌ സായിദ്‌ ബിന്‍ സുല്‍ത്താന്‍ ചാരിറ്റബിള്‍ ആന്‍ഡ്‌ ഹ്യൂമാനിറ്റേറിയന്‍ ഫൌണ്ടേഷന്‍ വഹിക്കുക. ഹജ്‌ തീര്‍ഥാടനത്തിനായി ആളുകളെ അയയ്ക്കാന്‍ 900 ലക്ഷം ദിര്‍ഹമാണ്‌ 2002 മുതല്‍ ഇതുവരെ ചെലവഴിച്ചതെന്നും ഫൌണ്ടേഷന്‍ വെളിപ്പെടുത്തി.

മക്കയിലെ മസ്‌ജിദുല്‍ ഹറമിനും മറ്റു വിശുദ്ധ പ്രദേശങ്ങള്‍ക്കും സമീപം തീര്‍ഥാടകര്‍ക്കു സുഗമമായി ആരാധന നിര്‍വഹിക്കാന്‍ വേണ്ട സൌകര്യം ഇതിനകം ക്രമീകരിച്ചിട്ടുണ്ട്‌. യുഎഇ വിദേശകാര്യ മന്ത്രാലയം, വിദേശ രാജ്യങ്ങളിലെ യുഎഇ സ്‌ഥാനപതി കാര്യാലയങ്ങള്‍ എന്നിവ വഴി ഒട്ടേറെ അപേക്ഷകള്‍ ഫൌണ്ടേഷനില്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

Thursday, September 9, 2010

ഉടുമ്പുന്തല SKSSF കമ്മിറ്റി സമൂഹ നോമ്പുതുറയും ഈദ് പ്രഭാഷണവും നടത്തി

ഉടുമ്പുന്തല: ഉടുമ്പുന്തല SKSSF കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ ഉടുമ്പുന്തലയില്‍ (ശംസുല്‍ ഉലമാ നഗര്‍) സമൂഹ നോമ്പുതുറയും ഈദ് പ്രഭാഷണവും നടത്തി, ഹാജി ഇസ്മയില്‍ മൊലവിയുടെ അദ്ധ്യക്ഷതയില്‍ മേഖലാ SKSSF പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി ഉല്‍ഘാടനം ചെയ്തു. ജാബിര്‍ മൊലവി ത്രിക്കരിപ്പൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മദ്രസാ പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടീയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉടുമ്പുന്തല SKSSF കമ്മിറ്റിയുടെ മെഡല്‍ വി.ടി.ശാഹുല്‍ ഹമീദ്, ഇസ്മയില്‍ മൊലവി, റസാഖ് പുനത്തില്‍, പി.എം.അബ്ദുള്ള ഹാജി തുടങ്ങിയവരും വിതരണം ചെയ്തു.സത്താര്‍ മൊലവി ചന്തേര, ആബിദ് .ടി.കെ, ജാസിം.എം.ബി, മുഹമ്മദ് കുഞ്ഞി മൊലവി, റാഷിദ്.എം, എന്നിവര്‍ സംസാരിച്ചു. റഫീഖ് നന്ദി പറഞ്ഞു, തുടര്‍ന്ന് നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്ത സമൂഹ നോമ്പുതുറയും നടന്നു.

Wednesday, September 8, 2010

തൈകടപ്പുറത്ത് ഖുര്‍ആന്‍ പഠന ക്ലാസ് സമാപിച്ചു

നീലേശ്വരം: തൈക്കടപ്പുറം മുസ്‌ലിം ജമാഅത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച ഖുര്‍ആന്‍ പഠനക്ലാസിന്റെ സമാപനം മുംബൈ കൊളാബയിലെ കുഞ്ഞി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ കെ.മുഹമ്മദ്‌ കുഞ്ഞി ഉദ്‌ഘാടനം ചെയ്‌തു. ബി. അബ്ദുള്ള ഹാജി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ സമീര്‍ ഹൈത്തമി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ മത്സരത്തില്‍ വിജയികളായവര്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡുകളും ഉപഹാരങ്ങളും വിതരണം ചെയ്‌തു.

Tuesday, September 7, 2010

നോമ്പ് ഓര്‍മ്മകള്‍

കെ എം ഷഹീദ്

അന്ന് നോമ്പിന് ഉമ്മയുണ്ടാക്കുന്ന പത്തിരിയുടെ മണം. കളിച്ചു വിയര്‍ത്തായിരിക്കും വരവ്. കളിക്കുമ്പോള്‍ നോമ്പിന്റെ ക്ഷീണമെല്ലാം മറക്കും. കളി കഴിഞ്ഞ് ദാഹിച്ചവശനായായാണ് വീട്ടിലെത്തുക. അന്ന് വീട്ടില്‍ വെള്ളം തണുപ്പിക്കാന്‍ സംവിധാനമൊന്നുമില്ല. കുറച്ചു ദൂരെയുള്ള ഒരു വീട്ടിലാണ് ഫ്രിഡ്ജുള്ളത്. അവിടെ പോയി ഐസ് വാങ്ങിവരും. രമച്ചേച്ചിയാണ് ഐസ് കഷ്ണമാക്കിത്തരിക. വലിയ പാത്രത്തില്‍ തണുപ്പിച്ച ഐസ് അമ്മിയില്‍ വെച്ച് ഇടിച്ച് കഷ്ണമാക്കും. അതില്‍ കുറച്ച് വെളളം ചേര്‍ത്ത് എനിക്ക് പാത്രത്തില്‍ തരും.

നാരങ്ങാ വെള്ളത്തില്‍ ഐസിട്ട് നോമ്പ് തുറക്ക് റെഡിയാക്കി വെക്കും. ഉണക്കക്കാരക്കയായിരുന്നു അന്ന് നോമ്പ് തുറക്കാന്‍. ആമദ്ക്കയുടെ കടയില്‍ നോമ്പ് കാലത്ത് പ്രത്യേകമായി ഉണക്കക്കാരക്കയെത്തുമായിരുന്നു. ഒരു കാരക്ക പല ചീന്താക്കി അതിലൊരു ചീന്തു കൊണ്ടാണ് തുറക്കല്‍. പിന്നെ പകലത്തെ കളിയുടെ എല്ലാ ക്ഷീണവും തീര്‍ത്ത് നാരങ്ങാവെള്ളം മോന്തിക്കുടിക്കും. അപ്പോഴേക്കും പത്തിരിക്ക് കടക്കാനാവവാത്ത വിധം വയറ് നിറഞ്ഞിരിക്കും. കാരക്കെയെ വിശുദ്ധ ആഹാരമായായിരുന്നു അന്ന് കണ്ടിരുന്നത്. നബിയും കൂട്ടുകാരും കഴിച്ച കാരക്കയെ ഞങ്ങള്‍ ബഹുമാനപുരസ്സരമാണ്‌ കഴിച്ചത്.

വിശക്കുന്നവന്റെ വേദന നോമ്പുകാരന് അറിയാനാവണമെന്ന് രാത്രി പള്ളിയില്‍ ഉസ്താദ് ഇടക്കിടെ ഉറുദി പറയുമായിരുന്നു. അപ്പോള്‍ ഞാന്‍ എന്റെ വിശപ്പിനെക്കുറിച്ച് മാത്രമാണ് ആലോചിച്ചത്. നോമ്പ് മുറിച്ചു കഴിഞ്ഞാല്‍ ഞങ്ങളുടെ ചെറിയ മുറ്റത്ത് വന്നിരുന്നാല്‍ അന്ന് നല്ല കാറ്റ് കിട്ടുമായിരുന്നു. നിലാവുദിച്ച് നില്‍ക്കുന്നതായിരുന്നു ചെറുപ്പ കാലത്തെ നോമ്പു രാത്രികള്‍. ആകാശത്ത് മാലാഖമാര്‍ പറന്നിറങ്ങുന്നത് പോലെ മേഖക്കീറുകള്‍ ചലിക്കുന്നത് കാണാമായിരുന്നു.

പിന്നീടാണ് റംസാന്‍ എന്നാല്‍ വെറും വിശപ്പ് മാത്രമല്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. വയറിനൊപ്പം ഹൃദയത്തെയും പട്ടിണിക്കിടണം. ഇല്ലാത്തവന്റെ ഉള്ളറിയുമ്പോഴേ, മനസിനെ ചെറിയൊരു തീര്‍ത്ഥാടനത്തിന് പറഞ്ഞിടു വിഴുമ്പോഴേ നോമ്പാവുകയുള്ളൂവെന്ന് ഞാന്‍ അറിഞ്ഞു. അപ്പോള്‍ വയറിന്റെ വിശപ്പിനേക്കാള്‍ കഠിനമാണ് ഹൃദയത്തിന്റെ വിശപ്പെന്ന് ഞാന്‍ മനസിലാക്കി.

ഞാന്‍ പഠിച്ചത് ജനറല്‍ സ്‌കൂളിലായിരുന്നു അന്ന് നോമ്പു കാലം സ്‌കൂള്‍ വെക്കേഷന്‍ കാലം കൂടിയായിരുന്നു. നോമ്പിന്റെ പകലുകളില്‍ പള്ളിച്ചെരുവുകളിലായിരുന്നു ഏറെയും കഴിച്ചുകൂട്ടിയത്. അന്ന് അത് പഴയ പള്ളിയായിരുന്നു. വലിയ വാതിലുകളുള്ള കുമ്മായം തേച്ച ചുവരുകളുമുള്ള പള്ളി. പിന്നീടാണ് അത് പൊളിച്ച് കോണ്‍ക്രീറ്റ് മിനാരങ്ങള്‍ പണിതത്.
അന്ന് പള്ളിക്കാട്ടിലെ പറങ്കിമാവില്‍ കയറി നേരം കളയുമായിരുന്നു. ഉച്ച തിരിയുമ്പോഴേക്കും തരിക്കഞ്ഞി വെക്കാന്‍ അഹമ്മത്ക്ക ചെമ്പുമായി വരും. ചതങ്ങിപ്പൊളിഞ്ഞ ഒരു പാത്രമായിരുന്നു അത്. അണ്ടിപ്പരിപ്പിന്റെയും മുന്തിരിയുടെയും ഒരു പൊതിയുമുണ്ടാകും. പിന്നീട് തരിക്കഞ്ഞിയില്‍ ചന്ദ്രക്കലകളായി അവ പ്രത്യക്ഷപ്പെടും. അഹമ്മദ്ക്ക തന്നെയാണ് ഇപ്പോഴും പള്ളിയിലെ തരിവെപ്പുകാരന്‍. റാളിക്ക് കുടുങ്ങി കാലിന് ചെറിയ വൈകല്യമുണ്ട് അദ്ദേഹത്തിന്. തരിക്കഞ്ഞി കുടിക്കാന്‍ എനിഷ്ടമില്ലായിരുന്നു. പക്ഷെ കഞ്ഞി പതച്ച് നുരയുമ്പോള്‍ അതില്‍ നിന്ന് വരുന്ന ഗന്ധം എന്നെ വല്ലാതെ ഉത്തേജിപ്പിച്ചിരുന്നു.

നോമ്പിന്റെ അവസാനമാവുമ്പോഴേക്കും പെരുന്നാളായിരിക്കും മനസ് നിറയെ. പുതിയ വസ്ത്രത്തിന്റെ മണത്തിനായി ഞാന്‍ വാപ്പക്കൊപ്പം മിഠായിത്തെരുവില്‍ അലഞ്ഞിരുന്നു. അന്ന് ഞങ്ങളുടെ പെരുന്നാള്‍ ഷോപ്പിങ് മിഠായിത്തെരുവിലെ അരികുകളില്‍ നിന്നായിരുന്നു. നോമ്പിന്റെ 27ം രാവിന് പ്രത്യേകതയുണ്ട്. ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള ദിനം അന്നാണ്. പിറ്റേന്ന് എല്ലാവര്‍ക്കും 27ന്റെ പൈസ ലഭിക്കും. ഞങ്ങള്‍ കുട്ടികള്‍ക്കും ലഭിക്കുമായിരുന്നു പണം. വീട്ടുകാരറിയാതെ ഇങ്ങിനെ സംഘടിപ്പിക്കുന്ന പണം കൊണ്ടാണ് പടക്കങ്ങള്‍ വാങ്ങിയത്.

പെരുന്നാള്‍ പടക്കത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ മരിച്ചു പോയ ചങ്ങാതി ബഷീറിനെയും ഓര്‍ക്കാതെ വയ്യ. അവന്‍ പലിയ പെട്ടി പടക്കം വാങ്ങിക്കുമായിരുന്നു. പനയോലപ്പടക്കങ്ങളും തീവണ്ടിപ്പടക്കവും മത്താപ്പും നിലച്ചക്രവുമെല്ലാം. അന്നൊക്കെ ഇവിടെ പെരുന്നാളിന് പടക്കം പൊട്ടിക്കുമായിരുന്നു. വലിയവരും പടക്കം വാങ്ങും. പിന്നീട് ഉസ്താദുമാര്‍ പടക്കത്തിനെതിരെ ഘോരഘോരം പ്രസംഗിച്ചപ്പോഴാണ് അത് നിന്നത്. പടക്കത്തിന്റെ പണം അങ്ങിനെ പാവങ്ങളുടെ അടുത്തേക്ക് പോയി.

27 കഴിഞ്ഞാല്‍ പിന്നെ പെരുന്നാളായി. മാസം കാണാനുള്ള തിരക്കായിരിക്കും പിന്നെ. ഒരിക്കല്‍ ഞാന്‍ ബാപ്പയോടൊപ്പം കടപ്പുറത്ത് മാസം കാണാന്‍ പോയിരുന്നു. നോമ്പുതുറക്കാനുള്ള കാരക്കയുമായി കടപ്പുറത്തിരുന്നു ചന്ദ്രനുദിക്കുന്നത് കാണാന്‍ നോക്കി നിന്നു. പക്ഷെ അന്ന് ഞങ്ങള്‍ക്ക് മുന്നില്‍ ചന്ദ്രക്കല തെളിഞ്ഞില്ല. നിരാശനായി വീട്ടിലേക്ക് മടങ്ങുമ്പോളാണ് ആകാശവാണിയില്‍ നിന്ന് ആ അറിയിപ്പ് കേട്ടത്. വെള്ളയില്‍ കടപ്പുറത്ത് മാസം കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന പ്രഖ്യാപനം കേട്ടപ്പോഴേക്കും എല്ലാ സങ്കടങ്ങളും മാറിപ്പോയിരുന്നു.

പിന്നെ പെരുന്നാളിന് വിഭവങ്ങളൊരുക്കാനുള്ള തിരക്കാണ്. അതിന് മുമ്പ് ഫിത്വര്‍ സക്കാത്തായി അരി കൊടുക്കണം. ഞങ്ങളെക്കാള്‍ പാവപ്പെട്ടവരെ നോക്കിയാണ് അരി വിതരണം ചെയ്യേണ്ടത്. അരി അളന്ന് പ്രത്യേക സഞ്ചിയിലാക്കി വെക്കും. അത് എത്തിച്ചു കൊടുക്കേണ്ട ചുമതല എന്റെതാണ്. അപ്പോഴേക്കും വാപ്പ കോഴിയുമായി വീട്ടിലെത്തും. അന്നൊക്കെ ജീവനുള്ള കോഴിയെ തന്നെയാണ് വാങ്ങുക. അതിനെ വാപ്പ അറുക്കും. ചിറകും കയ്യും പിടിച്ചു കൊടുക്കേണ്ട ചുമതല എനിക്കാണ്. കോഴിക്ക് വെള്ളം കൊടുത്ത ശേഷമാണ് അറുക്കല്‍. പടിഞ്ഞാറോട്ട് തിരിഞ്ഞു നിന്ന് കോഴിയുടെ തൊണ്ട മധ്യത്തില്‍ തന്നെ കഠാരയിറങ്ങും. അപ്പോള്‍ ബാപ്പയുടെ നാവ് മന്ത്രിക്കുന്നുണ്ടാവും, ബിസ്മില്ലാഹി…..

കോഴിയെ തോല്‍ പൊളിക്കേണ്ടത് ഉമ്മയുടെ ഡ്യൂട്ടിയാണ്. ഞാനും പെങ്ങന്‍മാരും അതിന് ചുറ്റുമിരുന്ന് നാളെ കറിയാവേണ്ട കോഴിക്കഷ്ണങ്ങളെക്കുറിച്ച് തര്‍ക്കിക്കും. പെരുന്നാളിന് പള്ളിയില്‍ നിസ്‌കാരം കഴഞ്ഞാല്‍ പിന്നെ കൂട്ടുകാരോടൊപ്പമുള്ള കളിയാണ്. അപ്പോഴേക്കും നെയ്‌ച്ചോറും കോഴിക്കറിയും റെഡിയായിരിക്കും.

എല്ലാവരും അന്ന് കുടുംബങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കുകയാണ് ചെയ്യുക. പെരുന്നാളിന്റെ പ്രധാന ചടങ്ങും അതാണ്. പക്ഷെ അടുത്തൊന്നും ഞങ്ങള്‍ക്ക് കുടുംബങ്ങളില്ലായിരുന്നു. അങ്ങിനെ അയല്‍ക്കാരുടെ വീടുകള്‍ കുടുംബ വീടുകളാക്കും. പിന്നീട് പെങ്ങന്‍മാരുടെ കല്യാണം കഴിഞ്ഞതില്‍പ്പിന്നെ അവരെ വീട്ടില്‍ പോയി പെരുന്നാളിന് സല്‍കരിക്കേണ്ട ചുമതല എനിക്കായിരുന്നു. അങ്ങിനെ പെരുന്നാളിന് എനിക്ക് ഡ്യൂട്ടിയായി.

പെരുന്നാള്‍ രാവാണ് പെരുന്നാള്‍ ദിനത്തേക്കാള്‍ മധുരം. പടക്കവും മൈലാഞ്ചിയും തക്ബീര്‍ ധ്വനികളും എല്ലാമായി ഒരു ഉത്സവം. ഇപ്പോള്‍ കമ്പ്യൂട്ടറാണ് നോമ്പും പെരുന്നാളുമെല്ലാം. അന്ന് ഞാന്‍ ഞങ്ങളുടെ മാത്രം പെരുന്നാളാണ് ആഘോഷിച്ചത്. ഇപ്പോള്‍ ഞാന്‍ ലോകത്തെല്ലാവരും പെരുന്നാളാഘോഷിക്കുന്നത് എങ്ങിനെയെന്നറിയുന്നു.

ഇരുപത്തി ഏഴാം രാവ് ധന്യമാക്കാന്‍ ടൌണ്‍ പള്ളി വിശ്വാസികളെ കൊണ്ട് നിറഞ്ഞു.

ത്രിക്കരിപ്പൂര്‍: ഖുര്‍‌ആന്‍ അവതരണം കൊണ്ട് അനുഗ്രഹീതമായ റമദാനിലെ ഇരുപത്തി ഏഴാം രാവില്‍ ടൌണ്‍ പള്ളിയില്‍ വിശ്വാസികളെ കൊണ്ട് നിറഞ്ഞു. റമദാന്‍ ഇരുപത്തിയൊന്ന് മുതല്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് നൂറ് കണക്കിന് വിശ്വാസികളായിരുന്നു ത്രിക്കരിപ്പൂരില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമായി ടൌണ്‍ പള്ളിയിലേക്ക് ഒഴുകിക്കൊണ്ടിരുന്നത്. രാജാധിരാജനായ അല്ലാഹുവിനെ സ്‌തുതിച്ചും പാപ മോചനം നടത്തിയും രാത്രികാല നിസ്‌കാരങ്ങള്‍ നടത്തിയം പോപമോചനം തേടിയുമായിരുന്നു വിശ്വാസികള്‍ റമദാനിലെ അവസാനത്തെ പത്ത് ദിവസം ധന്യമാക്കാനായി ടൌണ്‍ പള്ളിയില്‍ ഒരുമിച്ച് കൂടിതത്. ടൌണ്‍ പള്ളി ഖത്തീബ് ചുഴലി മുഹ്‌യുദ്ധീന്‍ ബാഖവിയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടക്കുന്ന ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് കൊണ്ടുള്ള ഈ പുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് എത്തിച്ചേരുന്ന വിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. വിശ്വാസികള്‍ക്ക് ഖുര്‍‌ആന്‍ ശ്രവണസുന്ദരമായ ശബ്‌ദത്തില്‍ ശ്രവിക്കാന്‍ പുതിയ സൌണ്ട് സിസ്റ്റവും ടൌണ്‍ പള്ളിയില്‍ ഒരുക്കിയുണ്ടായിരുന്നു. രണ്ട് ഹാഫിളുമാരായിരുന്നു രാത്രികാല നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത്. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം അത്താഴ വിതരണവും നടത്തി.

പുണ്യ റംസാനില്‍ ഖുര്‍‌ആനിന്റെ ഈണങ്ങള്‍ ശ്രവിക്കാനാ‍യി ടൌണ്‍ പള്ളിയില്‍ പുതിയ ശബ്‌ദ സംവിധാനം

ത്രിക്കരിപ്പൂര്‍: പുണ്യ റംസാനിന്റെ അവസാനത്തെ പത്തുകള്‍ക്ക് വിരാമമിടാന്‍ ഏതാ‍നും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മസ്‌ജിദുകളില്‍ വിശ്വാസികളുടെ തിരക്ക് അനുഭവപ്പെട്ട് തുടങ്ങി. ത്രിക്കരിപ്പൂര്‍ ടൌണ്‍ പള്ളിയില്‍ സജ്ജമാക്കിയ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് നൂറുകണക്കിനാളുകളാണ് ത്രിക്കരിപ്പൂരില്‍ നിന്നും പരിസര പഞ്ചായത്തുകളില്‍ നിന്നുമായി എത്തപ്പെടുന്നത്. ഖുര്‍‌ആനിന്റെ മാസ്‌മരികമായ ഈണങ്ങള്‍ ശ്രവണ സുന്ദരമാക്കാന്‍ ടൌണ്‍ പള്ളിയില്‍ പുതിയ സൌണ്ട് സിസ്റ്റം സ്ഥാപിച്ചു. വിശ്വാസികളുടെ കര്‍ണ്ണങ്ങളുടെ കുളിര്‍മ്മയുടെ മഴ പെയ്യിച്ച് അവരെ സ്രഷ്‌ടാവിന്റെ കീര്‍ത്തനങ്ങള്‍ സസൂക്ഷമം കേട്ടിരിക്കാന്‍ പാകത്തിലുള്ളതാണ് പുതിയ ശബ്‌ദ സംവിധാനം. രണ്ട് ഹാഫിളുമാരുടെ നേതൃത്വത്തില്‍ നടക്കുന്ന രാത്രികാല നമസ്‌കാരങ്ങളില്‍ ഖുര്‍‌ആന്‍ വചനങ്ങള്‍ പുത്തന്‍ അനുഭൂതിയായി മാറിയിരിക്കുകയാണ് ഈ പുതിയ ശബ്‌ദ സംവിധാനത്തിലൂടെയെന്ന് വിശ്വാസികളില്‍ പലരും പറയുന്നു. രാത്രി പന്ത്രണ്‍ മണി മുതല്‍ പുലര്‍ച്ച നാല് മണി വരെയാണ് രാത്രികാല നിസ്‌കാരങ്ങള്‍. ടൌണിലും പരിസരത്തുമുള്ള ഒരു കൂട്ടം യുവാക്കളുടെ പരിശ്രമ ഫലമായിട്ടാണ് ഈ പുതിയ സംവിധാനം ഇവിടെ നടപ്പിലായിട്ടുള്ളത്.

Sunday, September 5, 2010

ലൈലത്തുല്‍ ഖദ്‌ര്‍

ചുഴലി മുഹ്‌യുദ്ധീന്‍ മൌലവി
വിശുദ്ധ റമസാനിലെ ഏറ്റവും ശ്രേഷ്‌ഠമായ ഒരു രാവാണ്‌ `ലൈലത്തുല്‍ ഖദ്‌ര്‍ – നിര്‍ണ്ണയം എന്നാണ്‌ `ഖദ്‌ര്‍ എന്ന വാക്കിന്നര്‍ത്ഥം. എല്ലാ കാര്യങ്ങളും അല്ലാഹു നിര്‍ണ്ണയിക്കുന്നതും അത്‌ മലക്കുകള്‍ക്ക്‌ ഏല്പ്‌പിക്കുന്നതുമായ രാവായതിനാലാണ്‌ ഈ പേര്‌ വന്നത്‌.വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായത്‌ പ്രസ്‌തുത രാവിലത്രെ. എല്ലാവര്‍ഷവും ഈ മഹത്തായ രാവ്‌ ആവര്‍ത്തിക്കപ്പെടുമെന്നാണ്‌ പണ്ഡിതനമാര്‍ അഭിപ്രായപ്പെടുന്നത്‌. അന്ന്‌ വാനലോകത്തുള്ള മലകുകള്‍ ഭൂമിയിലേക്ക്‌ ഇറങ്ങി വരുന്നതാണെന്ന്‌ ഖുര്‍ആന്‍ പറയുന്നു. ജിബ്‌രീല്‍ എന്ന ശ്രേഷ്‌ഠരായ മലക്കിന്റെ നേതൃത്വത്തിലാണ്‌ മലക്കുകള്‍ ഇറങ്ങി വരിക. പരിശുദ്ധ കഅ്‌ബയിലാണ്‌ ആദ്യമായി ഇറങ്ങുകയെന്നും ഒരു പച്ചപ്പതാക അവര്‍ കഅബയില്‍ നാട്ടുമെന്നും ഇമാം ബൈഹഖി ഉദ്ധരികുന്ന ഒരു ഹദീസില്‍ വന്നിട്ടുണ്ട്‌. ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച്‌ ആരാധനകളില്‍ മുഴുകിയിരിക്കുന്ന വിശ്വാസികള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുകയും അവരുടെ പ്രാര്‍ത്ഥനകള്‍ക്ക്‌ ആമീന്‍ പറയുകയുമാണ്‌ മലക്കുകളുടെ ജോലി. പ്രഭാതംവരെ പ്രസ്‌തുത രാവ്‌ രക്ഷയാണ്‌ എന്ന്‌ അല്ലാഹു പ്രഖ്യാപിക്കുന്നു.
പുണ്യ റമസാനിലെ ഒടുവിലത്തെ പത്തുരാവുകളില്‍ ഒന്നാണ ലൈലത്തുല്‍ ഖദ്‌ര്‍. ഇന്ന രാവാണത്‌ എന്ന്‌ നിര്‍ണ്ണയിച്ചു പറയാന്‍ ഖണ്ഡിതമായ തെളിവുകളൊന്നും ഖുര്‍ആനിലോ നബിവചനങ്ങളിലോ ഇല്ല. അതിന്റെ മഹത്വം നഷ്ടപ്പെടുന്നത്‌ വന്‍ നഷ്ടമാണെന്നും അന്ന്‌ തെറ്റുകുറ്റങ്ങളില്‍ ഏര്‍പ്പെടുന്നത്‌ മഹാപാതകമാണെന്നും കുറിക്കുന്ന ഹദീസുകള്‍ മനസ്സിലാക്കുമ്പോള്‍ എല്ലാ രാവുകളിലും ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കലാണ്‌ വിശ്വാസിക്ക്‌ കരണീയം. അവസാനത്തെ പത്ത്‌ പ്രവേശിച്ചാല്‍ തിരുനബി (സ) കൂടുതല്‍ അദ്ധ്വാനിക്കാറുണ്ടായിരുന്നുവെന്നും അരമുറുക്കിയുടുത്ത്‌ ഉറക്കമൊഴിച്ച്‌ ആരാധനയില്‍ മുഴുകാറുണ്ടായിരുന്നുവെന്നും ആയിശ(റ) യെ ഉദ്ധരിക്കപ്പെട്ട ഹദീസില്‍ കാണാം.
മസ്‌ജിദുകളും മുസ്ലിം വീടുകളും പ്രസ്‌തുത രാവിനെ പ്രതീക്ഷിച്ചു കൊണ്ട്‌ ആരാധനയാല്‍ അലംകൃതമാവണമെന്നാണ്‌ നബിചര്യ ബോധ്യപ്പടുത്തുന്നത്‌. ‘ലൈലത്തുല്‍ ഖദ്‌ര്‍’ കഴിഞ്ഞ പകലിനും തുല്യമഹത്വമുണ്ടെന്ന്‌ ഹദീസുകളില്‍ കാണാം. അന്ന്‌ പ്രഭാതസൂര്യന്‌ മങ്ങിയ കിരണങ്ങളായിരിക്കുമെന്ന്‌ മുസ്ലിം ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ വന്നിട്ടുണ്ട്‌. അത്‌ ലൈലത്തുല്‍ ഖദ്‌റിന്റെ ദൃഷ്ടാന്തമായി അല്ലാഹു നിശ്ചയിച്ചതാണ്‌ എന്ന്‌ ഇമാം നവവി(റ) പറഞ്ഞിട്ടുമുണ്ട്‌.

Saturday, September 4, 2010

മുസാബത്തുല്‍ ഖുര്‍ആന്‍ സംതംബര്‍ 5 ന്

ഉടുംബുന്തല: മുസാബത്തുല്‍ ഖുര്‍ആന്‍ വിപുലമായ പരിപാടികളോടെ സംതംബര്‍ 5 ന് നടത്തും. വി.എം അബ്ദുള്ള ഹാജി പതാക ഉയര്‍ത്തും ഉദ്ഘാടന സമ്മേളനം എം.കെ. മഹമൂദ് ഹാജിയുടെ അധ്യക്ഷതയില്‍ അബ്ദുറഹിമാന്‍ ദാരിമി ഉദ്ഘാടനം ചെയ്യും തുടര്‍ന്ന് ഖുര്‍ആന്‍ പാരായണ മത്സരവും നടക്കും.
റംസാനിന്റെ ആരോഗ്യ വശങ്ങള്‍ എന്ന വിഷയത്തില്‍ ഡോ: ടി.അബ്ദുല്‍ ജലീലിന്റെ അധ്യക്ഷതയില്‍ അബ്ദുല്‍ അസീസ്‌ അശ്രഫി, സി.ടി.അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ക്ലാസ്സെടുക്കും.
പ്രസ്ഥാനീക സംഗമത്തില്‍ എം.അബ്ദുള്ള ഹാജിയുടെ അധ്യക്ഷതയില്‍ എ.ജി.സി. ബഷീര്‍ ഉദ്ബോധന പ്രസംഗം നടത്തും.
വൈകീട്ട് വി.കെ. ബാവയുടെ അധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കുളം അബ്ദുള്ള ഉദ്ഘാടനം ചെയ്യും . ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ധീന്‍ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് പി.ബി. അബ്ദുറസാഖ് ശിഹാബ് തങ്ങള്‍ സമാശ്വാസ പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം നടത്തും. റിലീഫിന്റെ ഭാഗമായ റമദാന്‍ കിറ്റ് വിതരണം എം.മുഹമ്മദ്‌ കുഞ്ഞി ഹാജിയും തൊഴിലുപകരണ വിതരണം എ.ജി.സി. ബഷീര്‍, പുതു വസ്ത്ര വിതരണം വി.ടി.ശാഹുല്‍ ഹമീദും, ചികിത്സാ സഹായം പി.മൊയ്തീന്‍ കുഞ്ഞി ഹാജി എന്നിവരും നല്‍കും.. വിജയകരമായി പൈലറ്റ്‌ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ ക്യാപ്ടന്‍ നസ്‌റുദ്ദീനെ ചടങ്ങില്‍ ആദരിക്കും. 6 മണിക്ക് നടക്കുന്ന പ്രാര്‍ത്ഥനക്ക് ചുഴലി മുഹിയുദ്ദീന്‍ മൌലവി നേതൃത്വം നല്‍കും. തുടര്‍ന്ന് സമൂഹ നോമ്പ് തുറയും സിറാജുദ്ദീന്‍ ദാരിമിയുടെ പ്രഭാഷണവും ഉണ്ടായിരിക്കും

Thursday, September 2, 2010

ആത്മസംസ്‌ക്കരണത്തിന്റെ അനിവാര്യത

ചുഴലി മുഹ്‌യുദ്ധീന്‍ മൌലവി

ശരീരവും മനസ്സും ഒരുപോലെ സംസ്‌ക്കരിക്കപ്പെടാന്‍ സൃഷ്ടാവായ അല്ലാഹു വര്‍ഷാവര്‍ഷം അനുഗ്രഹിച്ചയക്കുന്ന മാസമാണ്‌ വിശുദ്ധ റംസാന്‍. അന്നപാനീയങ്ങള്‍ നിയന്ത്രിച്ചു കൊണ്ട്‌ വിചാര വികാരങ്ങള്‍ക്ക്‌ കടിഞ്ഞാണിടാനും അതുവഴി മനുഷ്യകുലത്തിന്റെ പ്രത്യക്ഷ ശത്രുവായ പിശാചിനെ ഒതുക്കുവാനും സാധിക്കുന്നുവെന്നതാണ്‌ വ്രതാനുഷ്‌ഠാനത്തിന്റെ പ്രത്യേകത.
പിശാചിന്റെ ആധിപത്യം പരമാവധി കുറച്ചു കൊണ്ടു വരുമ്പോഴാണ്‌ മനുഷ്യന്‍ ആത്മീയലോകത്തേക്ക്‌ കുതിച്ചുയരുന്നത്‌. ഒരു നബിവചനം നമുക്കിങ്ങനെ വായിക്കാം ``പിശാചുക്കള്‍ മനുഷ്യഹൃദയങ്ങളെ കളങ്കപ്പെടുത്തലെങ്ങാനും ഇല്ലാതിരുന്നുവെങ്കില്‍ അവന്‍ ആകാശലോകത്തിന്റെ ഉള്ളറ രഹസ്യങ്ങളിലേക്ക്‌ നോക്കുമായിരുന്നു.മനുഷ്യന്റെ മഹത്വവും അവന്റെ ആത്മീയമായ വളര്‍ച്ചയുടെ അറ്റവുമാണ്‌ ഈ നബിവചനത്തില്‍ നിന്നും നമുക്ക്‌ മനസ്സിലാക്കാനാകുന്നത്‌. പിശാചിനെ പിടിച്ചുകെട്ടാന്‍ കഴിയുമ്പോഴാണ്‌ ഈ നേട്ടം കൈവരിക്കാനാവുക. മഹാനായ മുഹ്‌യുദ്ധീന്‍ ശെയ്‌ഖ്‌(റ)നെ സംബന്ധിച്ച്‌ `ഇരുന്ന ഇരുപ്പില്‍ ഏഴ്‌ ആകാശം കണ്ടവര്‍ എന്ന വര്‍ണ്ണന ഈ ഹദീസിന്റെ പുലര്‍ച്ചയത്രെ. ഒരുമാസക്കാലം വ്രതം അനുഷ്‌ഠിച്ചും ഖുര്‍ ആന്‍ പഠിച്ചും അത്‌ പാരായണം ചെയ്‌തും വിശുദ്ധിയാര്‍ജ്ജിക്കുന്ന ഏതൊരാള്‌ക്കും ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്നാണ്‌ ഇസ്ലാം നല്‌കുന്ന പാഠം.