Tuesday, September 7, 2010

നോമ്പ് ഓര്‍മ്മകള്‍

കെ എം ഷഹീദ്

അന്ന് നോമ്പിന് ഉമ്മയുണ്ടാക്കുന്ന പത്തിരിയുടെ മണം. കളിച്ചു വിയര്‍ത്തായിരിക്കും വരവ്. കളിക്കുമ്പോള്‍ നോമ്പിന്റെ ക്ഷീണമെല്ലാം മറക്കും. കളി കഴിഞ്ഞ് ദാഹിച്ചവശനായായാണ് വീട്ടിലെത്തുക. അന്ന് വീട്ടില്‍ വെള്ളം തണുപ്പിക്കാന്‍ സംവിധാനമൊന്നുമില്ല. കുറച്ചു ദൂരെയുള്ള ഒരു വീട്ടിലാണ് ഫ്രിഡ്ജുള്ളത്. അവിടെ പോയി ഐസ് വാങ്ങിവരും. രമച്ചേച്ചിയാണ് ഐസ് കഷ്ണമാക്കിത്തരിക. വലിയ പാത്രത്തില്‍ തണുപ്പിച്ച ഐസ് അമ്മിയില്‍ വെച്ച് ഇടിച്ച് കഷ്ണമാക്കും. അതില്‍ കുറച്ച് വെളളം ചേര്‍ത്ത് എനിക്ക് പാത്രത്തില്‍ തരും.

നാരങ്ങാ വെള്ളത്തില്‍ ഐസിട്ട് നോമ്പ് തുറക്ക് റെഡിയാക്കി വെക്കും. ഉണക്കക്കാരക്കയായിരുന്നു അന്ന് നോമ്പ് തുറക്കാന്‍. ആമദ്ക്കയുടെ കടയില്‍ നോമ്പ് കാലത്ത് പ്രത്യേകമായി ഉണക്കക്കാരക്കയെത്തുമായിരുന്നു. ഒരു കാരക്ക പല ചീന്താക്കി അതിലൊരു ചീന്തു കൊണ്ടാണ് തുറക്കല്‍. പിന്നെ പകലത്തെ കളിയുടെ എല്ലാ ക്ഷീണവും തീര്‍ത്ത് നാരങ്ങാവെള്ളം മോന്തിക്കുടിക്കും. അപ്പോഴേക്കും പത്തിരിക്ക് കടക്കാനാവവാത്ത വിധം വയറ് നിറഞ്ഞിരിക്കും. കാരക്കെയെ വിശുദ്ധ ആഹാരമായായിരുന്നു അന്ന് കണ്ടിരുന്നത്. നബിയും കൂട്ടുകാരും കഴിച്ച കാരക്കയെ ഞങ്ങള്‍ ബഹുമാനപുരസ്സരമാണ്‌ കഴിച്ചത്.

വിശക്കുന്നവന്റെ വേദന നോമ്പുകാരന് അറിയാനാവണമെന്ന് രാത്രി പള്ളിയില്‍ ഉസ്താദ് ഇടക്കിടെ ഉറുദി പറയുമായിരുന്നു. അപ്പോള്‍ ഞാന്‍ എന്റെ വിശപ്പിനെക്കുറിച്ച് മാത്രമാണ് ആലോചിച്ചത്. നോമ്പ് മുറിച്ചു കഴിഞ്ഞാല്‍ ഞങ്ങളുടെ ചെറിയ മുറ്റത്ത് വന്നിരുന്നാല്‍ അന്ന് നല്ല കാറ്റ് കിട്ടുമായിരുന്നു. നിലാവുദിച്ച് നില്‍ക്കുന്നതായിരുന്നു ചെറുപ്പ കാലത്തെ നോമ്പു രാത്രികള്‍. ആകാശത്ത് മാലാഖമാര്‍ പറന്നിറങ്ങുന്നത് പോലെ മേഖക്കീറുകള്‍ ചലിക്കുന്നത് കാണാമായിരുന്നു.

പിന്നീടാണ് റംസാന്‍ എന്നാല്‍ വെറും വിശപ്പ് മാത്രമല്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. വയറിനൊപ്പം ഹൃദയത്തെയും പട്ടിണിക്കിടണം. ഇല്ലാത്തവന്റെ ഉള്ളറിയുമ്പോഴേ, മനസിനെ ചെറിയൊരു തീര്‍ത്ഥാടനത്തിന് പറഞ്ഞിടു വിഴുമ്പോഴേ നോമ്പാവുകയുള്ളൂവെന്ന് ഞാന്‍ അറിഞ്ഞു. അപ്പോള്‍ വയറിന്റെ വിശപ്പിനേക്കാള്‍ കഠിനമാണ് ഹൃദയത്തിന്റെ വിശപ്പെന്ന് ഞാന്‍ മനസിലാക്കി.

ഞാന്‍ പഠിച്ചത് ജനറല്‍ സ്‌കൂളിലായിരുന്നു അന്ന് നോമ്പു കാലം സ്‌കൂള്‍ വെക്കേഷന്‍ കാലം കൂടിയായിരുന്നു. നോമ്പിന്റെ പകലുകളില്‍ പള്ളിച്ചെരുവുകളിലായിരുന്നു ഏറെയും കഴിച്ചുകൂട്ടിയത്. അന്ന് അത് പഴയ പള്ളിയായിരുന്നു. വലിയ വാതിലുകളുള്ള കുമ്മായം തേച്ച ചുവരുകളുമുള്ള പള്ളി. പിന്നീടാണ് അത് പൊളിച്ച് കോണ്‍ക്രീറ്റ് മിനാരങ്ങള്‍ പണിതത്.
അന്ന് പള്ളിക്കാട്ടിലെ പറങ്കിമാവില്‍ കയറി നേരം കളയുമായിരുന്നു. ഉച്ച തിരിയുമ്പോഴേക്കും തരിക്കഞ്ഞി വെക്കാന്‍ അഹമ്മത്ക്ക ചെമ്പുമായി വരും. ചതങ്ങിപ്പൊളിഞ്ഞ ഒരു പാത്രമായിരുന്നു അത്. അണ്ടിപ്പരിപ്പിന്റെയും മുന്തിരിയുടെയും ഒരു പൊതിയുമുണ്ടാകും. പിന്നീട് തരിക്കഞ്ഞിയില്‍ ചന്ദ്രക്കലകളായി അവ പ്രത്യക്ഷപ്പെടും. അഹമ്മദ്ക്ക തന്നെയാണ് ഇപ്പോഴും പള്ളിയിലെ തരിവെപ്പുകാരന്‍. റാളിക്ക് കുടുങ്ങി കാലിന് ചെറിയ വൈകല്യമുണ്ട് അദ്ദേഹത്തിന്. തരിക്കഞ്ഞി കുടിക്കാന്‍ എനിഷ്ടമില്ലായിരുന്നു. പക്ഷെ കഞ്ഞി പതച്ച് നുരയുമ്പോള്‍ അതില്‍ നിന്ന് വരുന്ന ഗന്ധം എന്നെ വല്ലാതെ ഉത്തേജിപ്പിച്ചിരുന്നു.

നോമ്പിന്റെ അവസാനമാവുമ്പോഴേക്കും പെരുന്നാളായിരിക്കും മനസ് നിറയെ. പുതിയ വസ്ത്രത്തിന്റെ മണത്തിനായി ഞാന്‍ വാപ്പക്കൊപ്പം മിഠായിത്തെരുവില്‍ അലഞ്ഞിരുന്നു. അന്ന് ഞങ്ങളുടെ പെരുന്നാള്‍ ഷോപ്പിങ് മിഠായിത്തെരുവിലെ അരികുകളില്‍ നിന്നായിരുന്നു. നോമ്പിന്റെ 27ം രാവിന് പ്രത്യേകതയുണ്ട്. ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള ദിനം അന്നാണ്. പിറ്റേന്ന് എല്ലാവര്‍ക്കും 27ന്റെ പൈസ ലഭിക്കും. ഞങ്ങള്‍ കുട്ടികള്‍ക്കും ലഭിക്കുമായിരുന്നു പണം. വീട്ടുകാരറിയാതെ ഇങ്ങിനെ സംഘടിപ്പിക്കുന്ന പണം കൊണ്ടാണ് പടക്കങ്ങള്‍ വാങ്ങിയത്.

പെരുന്നാള്‍ പടക്കത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ മരിച്ചു പോയ ചങ്ങാതി ബഷീറിനെയും ഓര്‍ക്കാതെ വയ്യ. അവന്‍ പലിയ പെട്ടി പടക്കം വാങ്ങിക്കുമായിരുന്നു. പനയോലപ്പടക്കങ്ങളും തീവണ്ടിപ്പടക്കവും മത്താപ്പും നിലച്ചക്രവുമെല്ലാം. അന്നൊക്കെ ഇവിടെ പെരുന്നാളിന് പടക്കം പൊട്ടിക്കുമായിരുന്നു. വലിയവരും പടക്കം വാങ്ങും. പിന്നീട് ഉസ്താദുമാര്‍ പടക്കത്തിനെതിരെ ഘോരഘോരം പ്രസംഗിച്ചപ്പോഴാണ് അത് നിന്നത്. പടക്കത്തിന്റെ പണം അങ്ങിനെ പാവങ്ങളുടെ അടുത്തേക്ക് പോയി.

27 കഴിഞ്ഞാല്‍ പിന്നെ പെരുന്നാളായി. മാസം കാണാനുള്ള തിരക്കായിരിക്കും പിന്നെ. ഒരിക്കല്‍ ഞാന്‍ ബാപ്പയോടൊപ്പം കടപ്പുറത്ത് മാസം കാണാന്‍ പോയിരുന്നു. നോമ്പുതുറക്കാനുള്ള കാരക്കയുമായി കടപ്പുറത്തിരുന്നു ചന്ദ്രനുദിക്കുന്നത് കാണാന്‍ നോക്കി നിന്നു. പക്ഷെ അന്ന് ഞങ്ങള്‍ക്ക് മുന്നില്‍ ചന്ദ്രക്കല തെളിഞ്ഞില്ല. നിരാശനായി വീട്ടിലേക്ക് മടങ്ങുമ്പോളാണ് ആകാശവാണിയില്‍ നിന്ന് ആ അറിയിപ്പ് കേട്ടത്. വെള്ളയില്‍ കടപ്പുറത്ത് മാസം കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന പ്രഖ്യാപനം കേട്ടപ്പോഴേക്കും എല്ലാ സങ്കടങ്ങളും മാറിപ്പോയിരുന്നു.

പിന്നെ പെരുന്നാളിന് വിഭവങ്ങളൊരുക്കാനുള്ള തിരക്കാണ്. അതിന് മുമ്പ് ഫിത്വര്‍ സക്കാത്തായി അരി കൊടുക്കണം. ഞങ്ങളെക്കാള്‍ പാവപ്പെട്ടവരെ നോക്കിയാണ് അരി വിതരണം ചെയ്യേണ്ടത്. അരി അളന്ന് പ്രത്യേക സഞ്ചിയിലാക്കി വെക്കും. അത് എത്തിച്ചു കൊടുക്കേണ്ട ചുമതല എന്റെതാണ്. അപ്പോഴേക്കും വാപ്പ കോഴിയുമായി വീട്ടിലെത്തും. അന്നൊക്കെ ജീവനുള്ള കോഴിയെ തന്നെയാണ് വാങ്ങുക. അതിനെ വാപ്പ അറുക്കും. ചിറകും കയ്യും പിടിച്ചു കൊടുക്കേണ്ട ചുമതല എനിക്കാണ്. കോഴിക്ക് വെള്ളം കൊടുത്ത ശേഷമാണ് അറുക്കല്‍. പടിഞ്ഞാറോട്ട് തിരിഞ്ഞു നിന്ന് കോഴിയുടെ തൊണ്ട മധ്യത്തില്‍ തന്നെ കഠാരയിറങ്ങും. അപ്പോള്‍ ബാപ്പയുടെ നാവ് മന്ത്രിക്കുന്നുണ്ടാവും, ബിസ്മില്ലാഹി…..

കോഴിയെ തോല്‍ പൊളിക്കേണ്ടത് ഉമ്മയുടെ ഡ്യൂട്ടിയാണ്. ഞാനും പെങ്ങന്‍മാരും അതിന് ചുറ്റുമിരുന്ന് നാളെ കറിയാവേണ്ട കോഴിക്കഷ്ണങ്ങളെക്കുറിച്ച് തര്‍ക്കിക്കും. പെരുന്നാളിന് പള്ളിയില്‍ നിസ്‌കാരം കഴഞ്ഞാല്‍ പിന്നെ കൂട്ടുകാരോടൊപ്പമുള്ള കളിയാണ്. അപ്പോഴേക്കും നെയ്‌ച്ചോറും കോഴിക്കറിയും റെഡിയായിരിക്കും.

എല്ലാവരും അന്ന് കുടുംബങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കുകയാണ് ചെയ്യുക. പെരുന്നാളിന്റെ പ്രധാന ചടങ്ങും അതാണ്. പക്ഷെ അടുത്തൊന്നും ഞങ്ങള്‍ക്ക് കുടുംബങ്ങളില്ലായിരുന്നു. അങ്ങിനെ അയല്‍ക്കാരുടെ വീടുകള്‍ കുടുംബ വീടുകളാക്കും. പിന്നീട് പെങ്ങന്‍മാരുടെ കല്യാണം കഴിഞ്ഞതില്‍പ്പിന്നെ അവരെ വീട്ടില്‍ പോയി പെരുന്നാളിന് സല്‍കരിക്കേണ്ട ചുമതല എനിക്കായിരുന്നു. അങ്ങിനെ പെരുന്നാളിന് എനിക്ക് ഡ്യൂട്ടിയായി.

പെരുന്നാള്‍ രാവാണ് പെരുന്നാള്‍ ദിനത്തേക്കാള്‍ മധുരം. പടക്കവും മൈലാഞ്ചിയും തക്ബീര്‍ ധ്വനികളും എല്ലാമായി ഒരു ഉത്സവം. ഇപ്പോള്‍ കമ്പ്യൂട്ടറാണ് നോമ്പും പെരുന്നാളുമെല്ലാം. അന്ന് ഞാന്‍ ഞങ്ങളുടെ മാത്രം പെരുന്നാളാണ് ആഘോഷിച്ചത്. ഇപ്പോള്‍ ഞാന്‍ ലോകത്തെല്ലാവരും പെരുന്നാളാഘോഷിക്കുന്നത് എങ്ങിനെയെന്നറിയുന്നു.

No comments:

Post a Comment