Saturday, November 23, 2013

മെട്ടമ്മൽ മദ്റസ SKSBV ജനറൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു

ലൈബ്രറി പ്രഥമ അംഗത്വം മുസ്തഫ് അ ഹാജിക്കു
നൽകി ഉസ്താദ് റശീദ് മൌലവി നിർ വഹിക്കുന്നു.
ത്രിക്കരിപ്പൂർ: മെട്ടമ്മൽ നജാത്തുസ്വിബിയാൻ മദ്റസയിൽ എസ്.കെ.എസ്.ബി.വി സാഹിത്യ സമാജത്തിന്റെ കീഴിൽ ശംസുൽ ഉലമ മെമ്മോറിയൽ ജനറൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു. യോഗം സദർ മു അല്ലിം ഹാരിസ് ഹസനിയുടെ അധ്യക്ഷതയിൽ കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബശീർ സുഹരി,റഫീഖ് മൌലവി.അലി മൌലവി ,ഹാശിം ഹുദവി കെ.ഹംസ മൌലവി സംസാരിച്ചു.

സി.പി.എം. ഓഫിസിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം വിവാദമാകുന്നു..

മാനന്തവാടി: പതിനെട്ടു വയസ്സു തികഞ്ഞില്ലെന്ന കാരണത്താല്‍, നിയമപാലകര്‍  നാടെങ്ങും അരിച്ചു പെറുക്കി നിശ്ചയിച്ച പല മുസ്ലിം വിവാഹങ്ങളും തടഞ്ഞു കൊണ്ടിരിക്കുമ്പോള്‍, അവര്‍ക്ക്‌ ഒത്താശ ചെയ്‌തും രഹസ്യ വിവരങ്ങള്‍ നല്‍കിയും "നിയമ സംരക്ഷകരായി വിലസുന്ന" മാര്‍ക്കിസ്റ്റു പാര്‍ട്ടിക്കാരുടെ കപടമുഖം തുറന്നു കാട്ടിയ വയനാട്ടിലെ പാര്‍ട്ടി ഓഫീസിലെ ശൈശവ വിവാഹം വിവാദമാകുന്നു.
പതിനെട്ടു വയസ്സിനു താഴെയുള്ള വിവാഹങ്ങള്‍ ശൈശവ വിവാഹമാണെന്നും അവ തടയണമെന്നും നാടാകെ കാമ്പയിന്‍ നടത്തുന്നതിനിടെയാണ്‌ പ്രസ്‌തുത സംഭവമെന്നതും ശ്രദ്ധേയമാണ്‌. വയനാട്ടിലെ പാര്‍ട്ടി ഓഫീസില്‍ കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ നേതാക്കാളുടെ സാന്നിധ്യത്തില്‍ പ്രസ്‌തുത വിവാഹം നടത്തിയത്‌. ഇതു സംബന്ധിച്ചു വന്ന ഒരു പത്ര വാര്‍ത്ത ഇങ്ങിനെ:
"പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതിനെതിരേ സി.പി.എമ്മും പോഷകസംഘടനകളും വ്യാപകമായി കാംപയിന്‍ നടത്തുന്നതിനിടെ പാര്‍ട്ടി ഓഫിസില്‍ വച്ച്‌ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തി. പെണ്‍കുട്ടികള്‍ക്ക്‌ വിവാഹപ്രായമെത്തുന്നതുവരെ വിദ്യാഭ്യാസം നല്‍കണമെന്ന പാര്‍ട്ടി നിലപാട്‌ തെറ്റിച്ചാണ്‌ കഴിഞ്ഞ ദിവസം രാത്രി വൈകി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം പാര്‍ട്ടി ഓഫിസില്‍ വച്ചു നടത്തിയത്‌. 
മാനന്തവാടി വാളാടാണ്‌ സംഭവം. പ്ലസ്‌ടുവിന്‌ പഠിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹമാണ്‌ കഴിഞ്ഞ 17ന്‌ രാത്രി ഒമ്പതോടെ വാളാട്‌ സി.പി.എം. ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ നടന്നത്‌. നാട്ടുകാരെ അറിയിക്കാതെ പെണ്‍കുട്ടിയുടെ മാതാപിതാക്കളും വരനും മാത്രം ഉള്‍പ്പെട്ട ചടങ്ങില്‍ പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്‌. 
വര്‍ഷങ്ങളായി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന വരന്‍ കെട്ടിടനിര്‍മാണ തൊഴിലാളിയാണ്‌. രണ്‌ടുവര്‍ഷം മുമ്പ്‌ അപകടത്തില്‍പ്പെട്ട്‌ കാല്‍ മുറിച്ചുമാറ്റിയിരുന്നു. കൃത്രിമ കാലുമായി കഴിയുന്ന ഇയാള്‍ വാടകവീട്ടിലാണു താമസം. 
പ്ലസ്‌ടുവിന്‌ പഠിക്കുന്ന പെണ്‍കുട്ടിയുടെ ജനന തിയ്യതി 1996 മാര്‍ച്ച്‌ നാലാണ്‌. 
സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച്‌ പെണ്‍കുട്ടിക്ക്‌ വിവാഹപ്രായമാവണമെങ്കില്‍ ഇനിയും നാലുമാസം കഴിയേണ്‌ടതുണ്‌ട്‌. വിവാഹ പ്രായത്തെ ചൊല്ലി അറബിക്കല്യാണമെന്ന പേരില്‍ പ്രചാരണം നടത്തുന്ന സി.പി.എം. നേതൃത്വം പഠനത്തില്‍ മിടുക്കിയായ പെണ്‍കുട്ടിയുടെ വിവാഹം പ്രായമെത്തുന്നതിനു മുമ്പ്‌ പാര്‍ട്ടി ഓഫിസില്‍ വച്ചു നടത്തിയതാണു വിവാദമായത്‌.(അവ.)
സംഭവത്തെ തുടര്‍ന്ന്‌ വിഷയം ഓണ്‍ലൈനിലും സോഷ്യല്‍ മീഡിയകളിലും സജീവ ചര്‍ച്ചാ വിഷയമായി.
വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുടെ ജീവിതം 'നിയമ പരമാക്കി' തീര്‍ക്കാനാണ്‌ ഈ "നിയമവിരുദ്ധ വിവാഹം(?)" നടത്തുന്നതെന്നാണ്‌ ഓണ്‍ലൈനിലെ  സി.പി.എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കമന്‍സ്‌. എന്നാല്‍ "ഇതു തന്നെയായിരുന്നില്ലെ മുസ്ലിം സംഘടനകളുടെയും ആവശ്യം?" എന്ന തിരിച്ചുള്ള ചോദ്യത്തിനു ആര്‍ക്കും വ്യക്തമായ മറുപടിയില്ല.
വാസ്തവത്തിൽ മുസ്ലിം പെണ്‍കുട്ടികളെ 18ന്‌ മുമ്പ്‌ വിവാഹം കഴിപ്പിക്കണമെന്ന്‌ ഒരു മുസ്ലിം സംഘടനയും ആവശ്യമുന്നയിച്ചിട്ടില്ല. എന്നാല്‍ മേല്‍ വാര്‍ത്തയിലുദ്ധരിക്കുന്നതു പോലുള്ള ചില പ്രത്യേക സാഹചര്യങ്ങളില്‍ 18നു മുമ്പ്‌ വിവാഹം കഴിപ്പിക്കപ്പെടേണ്ടി വരുമ്പോള്‍ അതിനു നിയമ പരിരക്ഷ ലഭ്യമാക്കാനായി സുപ്രിം കോടതിയെ സമീപിക്കുമെന്നായിരുന്നു മുസ്ലിം സംഘടനകളുടെ തീരുമാനം.
ഇതിനെതിരെയായിരുന്നു ചില പുരോഗമന ചിന്താഗതിക്കാരെയും മഹിളാ സംഘടനകളെയും തങ്ങളുടെ ഇട്ടാവട്ടത്തിലെ സര്‍വ്വെകളെയും കൂട്ടു പിടിച്ചു കാലിലെ 'ചുവപ്പുമാറാത്ത' കുട്ടി സഖാക്കള്‍ മുതലുള്ളവരെ കൂട്ടു പിടിച്ചു കാമ്പസ്സുകളിലും മറ്റും മാര്‍കിസ്‌റ്റു പാര്‍ട്ടി വ്യാപക പ്രചരണങ്ങള്‍ നടത്തിയിരുന്നതും  മത പണ്‌ഢിതകര്‍ക്കെതിരെ 'താലിബാനിസം' ആരോപിച്ചിരുന്നതും.
പോസ്റ്റിനു മുമ്പെ: കണ്ടറിയാത്തവര്‍ കൊണ്ടറിയുമെന്ന്‌ പറഞ്ഞതെത്ര ശരി? 

ഫവാസ് ഹുദവിക്ക് എസ് കെ ഐ സി റിയാദ് യാത്രയയപ്പ് നല്‍കി

റിയാദ്: ജോലിയാവശ്യാര്‍ത്ഥം ദമ്മാമിലേക്ക് പോകുന്ന എസ് കെ ഐ സി റിയാദ് സെന്‍ട്രല്‍ കമ്മിററി വൈസ് പ്രസിഡണ്ട് ഫവാസ് ഹുദവി പട്ടിക്കാടിന് എസ് കെ ഐ സി റിയാദ് യാത്രയയപ്പ് നല്‍കി. ഉപജീവനാര്‍ത്ഥം പ്രവാസിയാകുമ്പോഴും പ്രാസ്താനിക പ്രതിബദ്ധത നഷ്ടപ്പെടാതിരിക്കാനും ദഅ്‌വത്തിന്റെ ബാധ്യത മറക്കാതിരിക്കാനും പണ്ഡിതസമൂഹം തയ്യാറാകണമെന്നും മൂല്യശോഷണവും ആത്മീയ ചൂഷണവും അരങ്ങുവാഴുന്ന വര്‍ത്തമാനത്തില്‍ ആധുനികതയോട് സംവദിക്കാന്‍ കഴിവുളള പണ്ഡിതര്‍ നിഷ്‌കൃയരാകരുതെന്നും യാത്രയയപ്പില്‍ പങ്കെടുത്തവര്‍ പറഞ്ഞു. 
അബൂബക്കര്‍ ബാഖവി മാരായമംഗലം അധ്യക്ഷത വഹിച്ചു അബൂബക്കര്‍ ഫൈസി ചുങ്കത്തറ ഉല്‍ഘാടനം ചെയ്തു അലവിക്കുട്ടി ഒളവട്ടൂര്‍ റസാഖ് വളകൈ, മുഹമ്മദലി ഹാജി തിരുവേഗപ്പുറ, ഉമര്‍ കോയ യൂണിവേഴ്‌സിററി, ഹംസ മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്, റിയാസലി ഹുദവി അലനല്ലൂര്‍ തുടങ്ങിവര്‍ പ്രസംഗിച്ചു. എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിററി പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉപഹാരം നല്‍കി. മുഹമ്മദ് മാസ്‌ററര്‍ വളകൈ, ശാഹുല്‍ ഹമീദ് തൃക്കരിപ്പൂര്‍, സൈതലവി വലമ്പൂര്‍, ആററകോയ തങ്ങള്‍, സി പി അബ്ദുളള കണ്ണൂര്‍, സി പി നാസര്‍ കണ്ണൂര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ഹബീബുളള പട്ടാമ്പി സ്വാഗതവും മസ്ഊദ് കൊയ്യോട് നന്ദിയും പറഞ്ഞു.

Wednesday, November 20, 2013

വാഫിക്കു സ്വന്തം കാമ്പസ്

ദീനീ വിദ്യാഭ്യാസത്തിന് ലോകത്തുതന്നെ കേളികേട്ട ഇടമാണ് കേരളം. നമ്മുടെ പൂര്‍വ്വികര്‍ പ്രശസ്തി തേടിപ്പോയില്ലെങ്കിലും പ്രശസ്തി അവരെ തേടിയെത്തിയിട്ടുണ്ട്. വലിയ വിലകൊടുത്താണ് ഈ പാരമ്പര്യം നമ്മള്‍ സംരക്ഷിച്ചു പോരുന്നത്. പുതിയകാലത്തു പാരമ്പര്യ സംരക്ഷണത്തിനു പുതിയ മാനങ്ങള്‍ സ്വീകരിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് മുസ്‌ലിംകള്‍. അങ്ങനെയാണ് നാം സമന്വയത്തിലേക്കു കടക്കുന്നത്. പരമ്പരാഗത ദര്‍സുകള്‍ തൊട്ട് ഉന്നത കലാലയങ്ങള്‍ വരെ പരോക്ഷമായെങ്കിലും സമന്വയത്തിലേക്കു കടന്നുകൊണ്ടിരിക്കുകയാണല്ലോ.
നാട്ടില്‍ നിലവിലുള്ള നിസാമിയ്യ സിലബസ് സമന്വിതമാണ്. ബുദ്ധിശാസ്ത്രങ്ങള്‍ക്കതില്‍ വലിയ പ്രാധാന്യമുണ്ട്. ഔപചാരിക സെക്യുലര്‍ വിദ്യാഭ്യാസം തനതുരീതിയില്‍ തന്നെ ഉന്നത മതപഠനത്തോടൊപ്പം നല്‍കുക എന്ന പുതിയ സമന്വയരീതി നമ്മുടെ വഴികാട്ടികളായ ഉസ്താദുമാര്‍തന്നെ സ്വീകരിച്ചിട്ടുണ്ട്. കുറേ മുമ്പ് തന്നെ എടവണ്ണപ്പാറ റശീദിയ്യയില്‍ കണ്ണിയത്ത് ഉസ്താദിന്റെ (ന:മ) നേതൃത്വത്തില്‍ സമന്വയം തുടങ്ങിയിരുന്നു. അങ്ങിങ്ങ് സമന്വയങ്ങള്‍ പിന്നെയും ഉണ്ടായി. എം.എം ബശീര്‍ മുസ്‌ലിയാരും ഹൈദറൂസ് മുസ്‌ലിയാരും ബാപ്പുട്ടി ഹാജിയും ചേര്‍ന്ന് ദാറുല്‍ഹുദയില്‍ ഒരുക്കിയതും സമന്വയത്തിന്റെ ഉത്തമ മാതൃകയായിരുന്നു.
ഈ സമന്വയ പാതയില്‍ കോര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് (സി.ഐ.സി) ആവിഷ്‌ക്കരിക്കപ്പെട്ട വാഫി, വഫിയ്യയില്‍ എത്തി നില്‍ക്കുന്നു. കാലത്തിനനുസരിച്ച് ഈ കോഴ്‌സുകള്‍ പുതുക്കിക്കൊണ്ടിരിക്കുന്നു. പഴമയുടെ തനിമ കാത്തു സൂക്ഷിച്ച് കൊണ്ടുതന്നെ പുതുമയുടെ നന്മകള്‍ സ്വാംശീകരിക്കാന്‍ കഴിയേണ്ടതുണ്ട്. അതിനു ഒട്ടേറെ സാധ്യതകള്‍ ഉള്‍ക്കൊള്ളുന്നു എന്നത് ഈ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.
മതപഠന രംഗത്തുവലിയ മാറ്റങ്ങളാണ് വാഫി, വഫിയ്യ കോഴ്‌സുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ ദീനീ പഠനത്തിനു മത്സര പരീക്ഷ എഴുതി അവസരം കാത്തിരിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായി.
മതപഠനത്തിന് ഭൗതിക പഠനമോ ഭൗതിക പഠനത്തിന് മതപഠനമോ തടസ്സമാകാതെ പഴമയുടെ തനിമയും പുതുമയുടെ മേന്മയും നഷ്ടപ്പെടാതെ ആഴത്തിലുള്ള ഇസ്‌ലാമിക വിദ്യാഭ്യാസം ഈ കോഴ്‌സുകള്‍ മുന്നോട്ട് വെക്കുന്നു. പരമ്പരാഗത ഗുരുകുല സമാന സമ്പ്രദായം പിന്തുടരുമ്പോള്‍ തന്നെ ആധുനിക ബോധന സമ്പ്രദായങ്ങളും നിരന്തര മൂല്യനിര്‍ണ്ണയ രീതികളും ഈ കരിക്കുലം പിന്തുടരുന്നു. അതേസമയം യു.ജി.സി അംഗീകരിക്കുന്ന ഒരു യൂണിവേഴ്‌സിറ്റി ഡിഗ്രിയും ഒപ്പം നല്‍കുന്നു.
മറ്റു അടിസ്ഥാന വിഷയങ്ങള്‍ക്കു പുറമെ ഫങ്ഷണല്‍ അറബിക്, ഉര്‍ദു, കമ്പ്യൂട്ടര്‍, മതങ്ങളുടെ താരതമ്യം, ഇസ്‌ലാമിക് ബാങ്കിങ്, ബിഹൈവിയറല്‍ സൈക്കോളജി, പ്രബോധന ശൈലികള്‍, പ്രീ-പോസ്റ്റ് മാരിറ്റല്‍ കൗണ്‍സലേഴ്‌സ് ട്രൈനിങ് തുടങ്ങി കാലികപ്രസക്തമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വാഫി കോഴ്‌സ്. ഇതിന്റെ പി.ജി തലം മൂന്ന് ഫാക്കല്‍റ്റികളിലായി ഏഴ് ബ്രാഞ്ചുകളാക്കി തിരിച്ചിരിക്കുന്നു. വഫിയ്യ കോഴ്‌സ് പഠനത്തോടൊപ്പം ഹോം സയന്‍സിന്റെ അവശ്യ ഭാഗങ്ങളും പ്രവര്‍ത്തി പരിചയങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. വഫിയ്യയുടെ പി ജിയും സി ഐ സി നല്‍കുന്നുണ്ട്.


എസ്.എസ്.എല്‍.സി തുടര്‍ പഠന യോഗ്യതയും മദ്രസ ഏഴാം ക്ലാസ് ജയവും നേടി യവരെ പ്രവേശന പരീക്ഷയിലൂടെ വാഫി, വഫിയ്യ കോഴ്‌സുകള്‍ക്ക് പരിഗണിച്ച് വരുന്നു. കെ കെ ഉസ്താദിന്റെ വളാഞ്ചേരി മര്‍ക്കസാണ് വാഫി ആസ്ഥാനം. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഈ കോഴ്‌സിന് വാഫി എന്ന് പേരിട്ടത്.
ലോക നിലവാരത്തിലുള്ളതാണ് പാഠ്യപദ്ധതി. അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റി, കൈറോ യൂനിവേഴ്‌സിറ്റി, അറബ്‌ലീഗിന് കീഴിലുള്ള അലെക്‌സൊ, അക്കാദമി ഓഫ് അറബിക് ലാംഗ്വേജ്, അല്‍അസ്ഹര്‍ അലുംനി, ഈജിപ്ത് മതകാര്യ മന്ത്രാലയം, അലിഗഡ് യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ എന്നിവയുമായി സി.ഐ.സി എം.ഒ.യു (അഥവാ അക്കാദമിക് സഹകരണത്തിനുള്ള ധാരണ) ഒപ്പുവെച്ചിട്ടുണ്ട്.
പൂര്‍ണ്ണമായും യൂനിവേഴ്‌സിറ്റി മാതൃകയിലുള്ളതാണ് പാഠ്യപദ്ധതി. എല്ലാം തിട്ടപ്പെടുത്തിയ സിലബസ്സ്, സെമസ്റ്റര്‍ സിസ്റ്റം, പി.ജി തലത്തില്‍ ചോയ്‌സ് ബെയ്‌സ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ രീതി, കുറ്റമറ്റ പരീക്ഷാ ക്രമം, മൂല്യനിര്‍ണ്ണയ രീതികള്‍, കൃത്യമായ അക്കാദമിക് കലണ്ടര്‍ എല്ലാം ഉണ്ടതിന്ന്. അക്കാദമിക് കാര്യങ്ങളിലും ശിക്ഷണ രംഗത്തും നിലനിറുത്തിപ്പോരുന്ന കാര്‍ക്കശ്യങ്ങളും ചിട്ടകളുമാണ് ഈ പദ്ധതിയുടെ ഉള്‍ബലം.
വിവിധ വിഷയങ്ങളില്‍ പ്രത്യേകം ക്ഷണിക്കപ്പെടുന്ന എക്‌സ്‌പേര്‍ട്ടുകളുടെ ക്ലാസുകളും വര്‍ക്‌ഷോപ്പുകളും ഡിബേറ്റുകളും ഇതിന്റെ ഭാഗമായി ചിട്ടയില്‍ നടത്തപ്പെടുന്നു. വാഫി വിദ്യാര്‍ത്ഥി ഫെഡറേഷന്‍ നടത്താറുള്ള വാഫി കലോല്‍സവങ്ങള്‍ എടുത്തു പറയപ്പെടേണ്ടതാണ്.
അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഈ വിഷയങ്ങളില്‍ വലിയ പങ്ക് വഹിക്കാനുണ്ട്. ഇപ്പോള്‍ 36 സ്ഥാപനങ്ങള്‍ സി ഐ സി യോട് അഫ്‌ലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നു. സൗകര്യങ്ങളുടെ മേന്മയെ അടിസ്ഥാനപ്പെടുത്തി സ്ഥാപനങ്ങള്‍ക്കു ഗ്രേഡ് നിശ്ചയിക്കാന്‍ പോവുകയാണിപ്പോള്‍ സി ഐ സി. ആധുനിക സൗകര്യങ്ങളും സുരക്ഷിതത്വവും വിശാലതയും ഏറെയുള്ളതാണ് വഫിയ്യാ കാമ്പസുകള്‍.
ക്വാളിറ്റി ഇംപ്രൂവ്‌മെന്റിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും മാനേജ്‌മെന്റിനേയും ഉദ്ദേശിച്ച് ഓറിയെന്റേഷന്‍ പ്രോഗ്രാമുകള്‍ നടത്താന്‍ സി ഐ സി ശ്രദ്ധിച്ച് വരുന്നു. അധ്യാപക മാനേജ്‌മെന്റ് ശില്‍പശാലകള്‍, പ്രിന്‍സിപ്പല്‍സ് മീറ്റുകള്‍, വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ക്കു പരിശീലനം തുടങ്ങിയവയും നടത്തുന്നു. കൂടാതെ രക്ഷിതാക്കളുമായും വിദ്യാര്‍ത്ഥികളുമായും സംവദിക്കാനും അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കാനും അവസരം കണ്ടെത്താറുണ്ട്.
പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് ഏതൊരു വിദ്യാഭ്യാസ സംവിധാനവും അളക്കാനുള്ള മാനദണ്ഡം.
ജീവിതത്തില്‍ വിവിധ മേഖലകളില്‍ വാഫികള്‍ ആദരണീയ സാന്നിധ്യം അറിയിച്ചു കൊണ്ടിരിക്കുന്നു. മത ഭൗതിക അധ്യാപകരും ഇമാമുമാരും ഖത്തീബുമാരും, ഉദ്യോഗസ്ഥരും പത്രപ്രവര്‍ത്തകരും ബിസിനസ്സുകാരും റിസര്‍ച്ച് സ്‌കോളേഴ്‌സും ഒക്കെയുണ്ട് അവര്‍ക്കിടയില്‍. ഏതാനും വാഫികള്‍ ഈജിപ്തിലെ അല്‍അസ്ഹറില്‍ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്നു. ഏഴു പേര്‍ കൈറോ യൂണിവേഴ്‌സിറ്റിയില്‍ പി എച് ഡി ചെയ്യുന്നു എന്നത് അഭിമാനകരമാണ്.
സി ഐ സി അതിന്റെ ഇസ്‌ലാമിക വിദ്യാഭ്യാസ പ്രവര്‍ത്തന മണ്ഡലം വികസിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിച്ച് കൊണ്ടിരിക്കുകയാണ്. പ്രാഥമിക വിദ്യാഭ്യാസ ഘട്ടത്തില്‍ പുതിയ തലമുറക്ക് വളരെ സ്വാഭാവികമായി ധര്‍മ്മബോധം കിട്ടണം. ധര്‍മ്മജ്ഞാനവും ബോധവുമുള്ള അധ്യാപക സമൂഹത്തിന് വരികള്‍ക്കിടയിലൂടെ അത് പകര്‍ന്നു കൊടുക്കാനാകും. ഈ ദിശയില്‍ ഇന്റര്‍ നാഷണല്‍ വാഫി സ്‌കൂളുകള്‍ ആരംഭിക്കുന്നതിനെ കുറിച്ച് സി ഐ സി ആലോചിക്കുന്നു. സമീപ'ഭാവിയില്‍ വാഫി ബിരുദാനന്തര ബിരുദ പഠനത്തിനു സജ്ജരാകുന്നവരുടെ ആധിക്യം പ്രതീക്ഷിക്കുന്ന സി ഐ സി പുതിയസൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ബന്ധിതമായിരിക്കയാണ്. സ്വന്തം സ്ഥാപനമായ പെരിന്തല്‍മണ്ണ പാറല്‍ ദാറുല്‍ ഉലൂം ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളജ് വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. രണ്ടായിരം കുട്ടികള്‍ക്കു താമസിച്ചു പഠിക്കാനും ഒരു യൂണിവേഴ്‌സിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നടത്താനും സൗകര്യമുള്ള ആധുനികവും വിശാലവുമായ കാമ്പസാണ് സി.ഐ.സി സ്വപ്‌നം കാണുന്നത്.
പരിസരത്തു തന്നെ റസിഡന്‍ഷ്യല്‍ വഫിയ്യാ കാമ്പസും ഉയര്‍ന്നു വരണം. സ്ത്രീ വിദ്യാഭ്യാസത്തിന് നമ്മളിപ്പോള്‍ വേണ്ട പരിഗണന നല്‍കുന്നുണ്ട്. എന്നാല്‍ സ്ത്രീക്ക് മതവിദ്യ കൂടി ഒപ്പം നല്‍കാന്‍ മുന്നോട്ടു വരണം. വഫിയ്യ സമന്വയ കോഴ്‌സ് ഈ രംഗത്ത് ശ്രേഷ്ട മാതൃകയാണ്. സുരക്ഷിതത്വവും ആധുനികതയും ഇഴചേരുന്ന റസിഡന്‍ഷ്യല്‍ വഫിയ്യാ കാമ്പസുകള്‍ തേടി ധാരാളം പെണ്‍കുട്ടികളെത്തുന്നുണ്ട്. പക്ഷേ സംസ്ഥാനത്ത് നിലവില്‍ നാല് വഫിയ്യ കോളജുകളാണുള്ളത്. കൂടുതല്‍ കോളജുകള്‍ തുടങ്ങാന്‍ ദീനീ തല്‍പരര്‍ മുന്നോട്ടു വരേണ്ടതുണ്ട്.
നല്ല കാര്യങ്ങളെ തിരിച്ചറിഞ്ഞ് സഹായിക്കുന്നവര്‍ക്കു അവസരമൊരുക്കുകയാണ് വാഫി വഫിയ്യ കോഴ്‌സുകള്‍. ഉമ്മത്തിന്റെ മുന്നേറ്റത്തില്‍ താല്‍പര്യമുള്ളവര്‍ ഈ സംരംഭങ്ങളില്‍ ഒപ്പം നിന്ന് പ്രവര്‍ത്തിക്കണമെന്നു താല്‍പര്യപ്പെടുന്നു. അല്ലാഹുവിന്റെ ദീന്‍ സംരക്ഷിക്കാന്‍ നമുക്കൊക്കെ ബാധ്യതയുണ്ട്. ആ ബാധ്യത പലവിധേനയായി നിറവേറ്റിപ്പോരുന്നു. എന്നാല്‍ ഉമ്മത്തിന് ചിന്താ പരമായ നേതൃത്വം നല്‍കാന്‍ കഴിയുന്ന പണ്ഡിതരെ വാര്‍ത്തെടുക്കുന്നതിനു നാം മുന്‍ഗണന കല്‍പിക്കേണ്ടതാണ്. ബുദ്ധിയും പഠനശേഷിയുമുള്ള വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് ദീനും ദുന്‍യാവും ഒപ്പം പഠിപ്പിക്കുക എന്നത് രാജ്യത്തിനും സമുദായത്തിനും വലിയ പ്രയോജനം ചെയ്യും. കാരണം ബൗദ്ധിക പോരാട്ടങ്ങളുടെ കാലമാണല്ലോ ഇത്. ഈ ദിശയില്‍ നാം വാഫികളില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു. അല്ലാഹു തുണക്കട്ടെ. ആമീന്‍.
- പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് റെക്ട്ടർ)

Sunday, November 17, 2013

ലാളിത്യം മുഖമുദ്രയാക്കിയ പണ്ഡിതവര്യന്‍

കോഴിക്കോട്: പാണ്ഡ്യത്തിന്റെ അൗന്ന്യത്യത്തില്‍ എത്തിയിട്ടും ലാളിത്യം കൈവെടിയാതെ പതിറ്റാണ്ടുകള്‍സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ നേത്യ രംഗത്ത് വിരാജിച്ച പി.പി ഉസ്താദിന്റെ ദേഹ വിയോഗത്തില്‍ സമസ്ത കേരള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ആനക്കര സി. കോയക്കൂട്ടി മുസ്ലിയാര്‍, ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ അനുശോചിച്ചു.

നിരവധി വര്‍ഷങ്ങളായി സമസ്ത കേരള ഇസ്ലം മത വിദ്യഭ്യാസ ബോര്‍ഡിന്റെ എക്‌സിക്യുട്ടീവ് അംഗമെന്ന നിലയില്‍ മദ്രാസ പ്രസ്ഥാനത്തിന്റെ താങ്ങും തണലുമായി പ്രവര്‍ത്തിച്ച പി.പി ഉസ്താദിന്റെ മരണം തീരാ നഷടമാണെന്ന് സമസ്ത കേരള ഇസ്ലം മത വിദ്യഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി അബ്ദുല്‍ സലാം മുസ്ലിയാര്‍ ജന സെക്രെട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ അനുശോചിച്ചു.

എല്ലാ പ്രതിസന്ധികളിലും പണ്ഡിതോചിതമായ നിര്‍ദേശങ്ങള്‍ നല്‍കി സമസ്തക്ക് എന്നും താങ്ങും തണലുമായി കര്‍മ്മ രംഗത്ത് നേത്യ പ്രതിഭയായിരുന്നു പി.പി എന്ന് എസ്.വൈ.എസ് ജന സെക്രട്ടറി പ്രൊഫസര്‍ കെ ആലികുട്ടി മുസ്ലിയാര്‍ അനുശോചിച്ചു. പി.പി ഉസ്താദിന്റെ നിര്യാണത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡണ്ട് സി.കെ.എം സ്വാദിക് മുസ്ലിയാര്‍ ജന സെക്രട്ടറി ഡോ. ബഹാ ഉദ്ധീന്‍ മുഹമ്മദ് നദ്‌വിഅനുശോചിച്ചു
വിജ്ഞാനത്തിന്റെ വ്യാപനത്തിലും പ്രചരണത്തിലുമായി ഒരു പുരുഷായുസ് മുഴുവന്‍ ഉഴിഞ്ഞ് വെച്ച ജീവിതമായിരുന്നു പാറന്നൂര്‍ ഉസ്താദിന്റേതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സമിതി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 
 

പി.പി ഉസ്താദിന് ആയിരങ്ങളുടെ യാത്രാമൊഴി

നരിക്കുനി: ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ വന്ദ്യരായ ഗുരുവര്യരും, പ്രസ്ഥാന ബന്ധുക്കളുടെ നേതാവും സമാദരണീയനായ പണ്ഡിതനുമായ പാറന്നൂര്‍ പി.പി ഇബ്രാഹീം മുസ്‌ല്യാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കാര്യമായ അസുഖങ്ങളൊന്നുമില്ലാതെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്ന ഉസ്താദിനെ പതിവ് പരിശോധനക്കായാണ് ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഉച്ചയോടെ മക്കളുടെയും പ്രിയതമയുടെയും സാന്നിധ്യത്തില്‍ അന്ത്യശ്വാസം വലിക്കുകയായിരുന്നു. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ ഉബൈദ് ഫൈസി ഒഴികെ മറ്റു മക്കളെല്ലാം സമീപത്തുണ്ടായിരുന്നു. ശഹാദത്തുകലിമ മൂന്നു വട്ടം ഉരുവിട്ടതിനു ശേഷമാണ് അവസാന ശ്വാസം വലിച്ചതെന്ന് മരണ സമയത്ത് സമീപത്തുണ്ടായിരുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ദീര്‍ഘകാലം തന്റെ കര്‍മമണ്ഡലമായിരുന്ന മടവൂര്‍ സി.എം മഖാമിലേക്കാണ് ആദ്യം മയ്യിത്ത് കൊണ്ടുപോയത്. മയ്യിത്ത് മടവൂരിലെത്തുന്നു എന്നറിഞ്ഞതോടെ നാടിന്റെ നാനാഭാഗത്തുനിന്നായി പതിനായിരങ്ങളാണ് അവിടേക്ക് ഒഴുകിയെത്തിയത്. അര മണിക്കൂര്‍ ഇവിടെ പൊതുദര്‍ശനത്തിന് വെച്ചെങ്കിലും നിരവധി ആളുകള്‍ അവസാനമായി ഒരു നോക്ക് കാണാനാകാതെ മടങ്ങേണ്ടിവന്നു. രണ്ട് മണിയോടെയാണ് സ്വദേശമായ പാറന്നൂരിലെത്തിച്ചത്. ആയിരക്കണക്കായ മഹല്ലുകളില്‍ സേവനമനുഷ്ഠിച്ച് കൊണ്ടിരിക്കുന്ന തന്റെ ശിഷ്യഗണങ്ങളുടെ നേതൃത്വത്തില്‍ വന്‍ ജനാവലിയാണ് അപ്പോഴേക്കും പാറന്നൂരിലേക്ക് ഒഴുകിയെത്തിയത്. ഇന്നേവരെ ദര്‍ശിച്ചിട്ടില്ലാത്ത ജനപ്രവാഹത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ നരിക്കുനി പ്രദേശം വീര്‍പ്പുമുട്ടുകയായിരുന്നു ഇന്നലെ. 
വിവിധ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ നിരവധി തവണയാണ് മയ്യിത്ത് നമസ്‌കാരം നടന്നത്. ആദ്യ നമസ്‌കാരത്തിന് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ നേതൃത്വം നല്‍കി. വീടിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് അന്ത്യദര്‍ശനത്തിന് സൗകര്യമൊരുക്കിയത്. രാത്രി ഒമ്പത് മണിയോടെ താന്‍ ഖാസിയായ പാറന്നൂര്‍ ജുമാമസ്ജിദിലേക്ക് മയ്യിത്ത് കൊണ്ടുപോയി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പാറന്നൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കി. 

Saturday, November 9, 2013

അക്കാദമിക് സഹകരണം: മലേഷ്യന്‍ സര്‍വകലാശാലയും ദാറുല്‍ ഹുദായും കൈകോര്‍ക്കുന്നു

ക്വലാലംപൂര്‍: മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയും തമ്മില്‍ അക്കാദമിക മേഖലയിലെ പരസ്പര സഹകരണത്തിനു ധാരണ. വൈസ്ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ നേതൃത്വത്തിലുള്ള ദാറുല്‍ ഹുദാ സംഘം മലേഷ്യന്‍ സര്‍വകലാശാല അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കാമ്പസില്‍ നടന്ന ചടങ്ങില്‍ ഐ.ഐ.യു.എം ഡെപ്യൂട്ടി റെക്ടര്‍ പ്രൊഫ. അബ്ദുല്‍ അസീസ് ബര്‍ഗൂസും ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. അധ്യാപക-വിദ്യാര്‍ത്ഥി കൈമാറ്റം, ഗവേഷണം, അക്കാദമിക് സഹകരണം തുടങ്ങിയ മേഖലകളിലാണ് ഇരു സര്‍വകലാശാലകളും ധാരണയിലെത്തിയത്.
ആഗോള തലത്തിലെ തന്നെ പ്രമുഖ ഇസ്‌ലാമിക സര്‍വകലാ ശാലകളിലൊന്നായി ഗണിക്കപ്പെടുന്ന ഐ. ഐ. യു. എമ്മു മായുള്ള സഹകരണം ദാറുല്‍ ഹുദാക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്ന് കരുതപ്പെടുന്നു. ഇസ്‌ലാമിക സര്‍വകലാശാലകളുടെ അന്തര്‍ദേശീയ കൂട്ടായ്മകളായ ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ്, ഫെഡറേഷന്‍ ഓഫ് ദി യൂനിവേഴ്‌സിറ്റീസ് ഓഫ് ദി ഇസ്‌ലാമിക് വേള്‍ഡ് എന്നിവയില്‍ ദാറുല്‍ ഹുദാക്ക് അംഗത്വമുണ്ട്. ഇറാനിലെ അല്‍ മുസ്ഥഫ ഇന്റര്‍നാഷനല്‍ യൂനിവേഴ്‌സിറ്റി, സുഡാനിലെ ഉമ്മുദുര്‍മാന്‍ യൂനിവേഴ്‌സിറ്റി, ലിബിയയിലെ അല്‍ഫാതിഹ് യൂനിവേഴ്‌സിറ്റി തുടങ്ങി നിരവധി വിദേശ സര്‍വകലാശാലകളുമായി ദാറുല്‍ ഹുദാ നേരത്തെ തന്നെ എം.ഒ.യു ബന്ധം സ്ഥാപിച്ചിട്ടുണ്ട്.

Thursday, November 7, 2013

നിസ്വാര്‍ത്ഥ സേവനത്തിന്റെ നാലുപതിറ്റാണ്ട് പിന്നിട്ട് മുഹമ്മദ് മുസ്‌ലിയാര്‍

അവലംബം: trikarpurnews.com
തൃക്കരിപ്പൂര്‍: നിശബ്ദവും നിസ്വാര്‍ത്ഥവുമായ സേവനത്തിന്റെ നാലു പതിറ്റാണ്ട് പിന്നിടുകയാണ് കക്കുന്നം ചെമ്മട്ടി പള്ളി ഇമാം മുഹമ്മദ് മുസ്‌ലിയാര്‍ . കണ്ണൂര് മയ്യില്‍ ചെക്കിക്കുളം പാലത്തുങ്കര സ്വദേശിയായ മുഹമ്മദ് മുസ്‌ലിയാര്‍ 1968 ലാണ് മതപഠനത്തിനായി വള്‍വക്കാട് ജുമാ മസ്ജിദില്‍ എത്തിയത്.
പഠനം പൂര്‍ത്തിയാക്കി 1972 ലാണ് ചെമ്മട്ടി മസ്ജിദില്‍ ജോലിക്ക് കയറിയത്. പള്ളി പരിസരത്ത് മുസ്‌ലിം കുടുംബങ്ങളെ അപേക്ഷിച്ച് ഹൈന്ദവ സഹോദരങ്ങളാണ്. പള്ളിയുടെ തൊട്ടടുത്ത ഒരു വീടൊഴികെ ബാക്കിയെല്ലാം സഹോദര സമുദായത്തില്‍ പെട്ടവരുടെതാണ്.
പള്ളിയുടെ പരിധിയില്‍ അങ്ങിങ്ങായി ആകെയുള്ളത് 25 ല്‍ താഴെ കുടുംബങ്ങള്‍ മാത്രം.
പണ്ട് കാലത്ത് തലിച്ചാലം പുഴയിലേക്കുള്ള ഈ വഴിയില്‍ ധാരാളം വ്യാപാരികള്‍ പയ്യന്നൂര്‍, പെരുമ്പ തുടങ്ങിയ ചന്തകളിലേക്ക് പോകുവാന്‍ എത്തുമായിരുന്നു. പിന്നീട് റോഡ് സൗകര്യം വര്‍ധിക്കുകയും പുഴക്ക് കുറുകെ രണ്ടു പാലങ്ങള്‍ ഉയരുകയും ചെയ്തതോടെയാണ് , ചെമ്മട്ടി പള്ളി വഴിയുള്ള ഗതാഗതം ശുഷ്‌കിച്ചത്.
പള്ളി പരിസരത്തെ ഹൈന്ദവ ഭവനങ്ങളില്‍ പശു പെറ്റാല്‍ ആദ്യത്തെ കറവയിലെ പാല്‍ പള്ളിയില്‍ എത്തിക്കാറുണ്ട്. ബാങ്ക് വിളിക്കാന്‍ സമയം തെറ്റിയാല്‍ പോലും അയൽപക്കക്കാര്‍ അന്വേഷിച്ചു വരും. ഇത്തരം രസകരമായ സംഭവങ്ങളും 63 കാരനായ അദ്ദേഹം ഓര്‍ക്കുന്നു
ഗതാഗത ജീവിത സൗകര്യങ്ങളുടെ വികാസം പക്ഷെ മുഹമ്മദ് മുസ്‌ലിയാരെ ഒട്ടും ബാധിച്ചില്ല. അന്നത്തെ തുച്ഹ വരുമാനത്തില്‍ ആരംഭിച്ച ജീവിതം ഇപ്പോഴും ഏറെക്കുറെ മാറ്റമില്ലാതെ പരാതിയില്ലാതെ അദ്ദേഹം തുടരുന്നു. മയ്യിലെ ഉമര്‍ ഹാജി കുഞ്ഞിപ്പാത്തുമ്മ ദമ്പതിമാരുടെ മകനാണ്. ഭാര്യ ജമീല. ആറു മക്കളുണ്ട്. പുതിയ കാലത്തെ പുരോഹിതരില്‍ പലരും കൂടുതല്‍ സൗകര്യങ്ങളും വേതനവും തേടി മറ്റിടങ്ങളിലേക്ക് ചേക്കേറുമ്പോള്‍ മുഹമ്മദ് മുസ്‌ലിയാര്‍ വ്യത്യസ്ഥാനാകുന്നു.
മുസ്‌ലിയാരുടെ സേവനം മുന്‍നിര്‍ത്തി തൃക്കരിപ്പൂര്‍ റോട്ടറി അദ്ദേഹത്തിന് വോക്കെഷനല്‍ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉപഹാരം നല്‍കി. സി.സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ.സി.കെ.പി.കുഞ്ഞബ്ദുല്ല, കെ.കെ.വിജയന്‍ , ഡോ. പി.പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു.