Thursday, November 7, 2013

നിസ്വാര്‍ത്ഥ സേവനത്തിന്റെ നാലുപതിറ്റാണ്ട് പിന്നിട്ട് മുഹമ്മദ് മുസ്‌ലിയാര്‍

അവലംബം: trikarpurnews.com
തൃക്കരിപ്പൂര്‍: നിശബ്ദവും നിസ്വാര്‍ത്ഥവുമായ സേവനത്തിന്റെ നാലു പതിറ്റാണ്ട് പിന്നിടുകയാണ് കക്കുന്നം ചെമ്മട്ടി പള്ളി ഇമാം മുഹമ്മദ് മുസ്‌ലിയാര്‍ . കണ്ണൂര് മയ്യില്‍ ചെക്കിക്കുളം പാലത്തുങ്കര സ്വദേശിയായ മുഹമ്മദ് മുസ്‌ലിയാര്‍ 1968 ലാണ് മതപഠനത്തിനായി വള്‍വക്കാട് ജുമാ മസ്ജിദില്‍ എത്തിയത്.
പഠനം പൂര്‍ത്തിയാക്കി 1972 ലാണ് ചെമ്മട്ടി മസ്ജിദില്‍ ജോലിക്ക് കയറിയത്. പള്ളി പരിസരത്ത് മുസ്‌ലിം കുടുംബങ്ങളെ അപേക്ഷിച്ച് ഹൈന്ദവ സഹോദരങ്ങളാണ്. പള്ളിയുടെ തൊട്ടടുത്ത ഒരു വീടൊഴികെ ബാക്കിയെല്ലാം സഹോദര സമുദായത്തില്‍ പെട്ടവരുടെതാണ്.
പള്ളിയുടെ പരിധിയില്‍ അങ്ങിങ്ങായി ആകെയുള്ളത് 25 ല്‍ താഴെ കുടുംബങ്ങള്‍ മാത്രം.
പണ്ട് കാലത്ത് തലിച്ചാലം പുഴയിലേക്കുള്ള ഈ വഴിയില്‍ ധാരാളം വ്യാപാരികള്‍ പയ്യന്നൂര്‍, പെരുമ്പ തുടങ്ങിയ ചന്തകളിലേക്ക് പോകുവാന്‍ എത്തുമായിരുന്നു. പിന്നീട് റോഡ് സൗകര്യം വര്‍ധിക്കുകയും പുഴക്ക് കുറുകെ രണ്ടു പാലങ്ങള്‍ ഉയരുകയും ചെയ്തതോടെയാണ് , ചെമ്മട്ടി പള്ളി വഴിയുള്ള ഗതാഗതം ശുഷ്‌കിച്ചത്.
പള്ളി പരിസരത്തെ ഹൈന്ദവ ഭവനങ്ങളില്‍ പശു പെറ്റാല്‍ ആദ്യത്തെ കറവയിലെ പാല്‍ പള്ളിയില്‍ എത്തിക്കാറുണ്ട്. ബാങ്ക് വിളിക്കാന്‍ സമയം തെറ്റിയാല്‍ പോലും അയൽപക്കക്കാര്‍ അന്വേഷിച്ചു വരും. ഇത്തരം രസകരമായ സംഭവങ്ങളും 63 കാരനായ അദ്ദേഹം ഓര്‍ക്കുന്നു
ഗതാഗത ജീവിത സൗകര്യങ്ങളുടെ വികാസം പക്ഷെ മുഹമ്മദ് മുസ്‌ലിയാരെ ഒട്ടും ബാധിച്ചില്ല. അന്നത്തെ തുച്ഹ വരുമാനത്തില്‍ ആരംഭിച്ച ജീവിതം ഇപ്പോഴും ഏറെക്കുറെ മാറ്റമില്ലാതെ പരാതിയില്ലാതെ അദ്ദേഹം തുടരുന്നു. മയ്യിലെ ഉമര്‍ ഹാജി കുഞ്ഞിപ്പാത്തുമ്മ ദമ്പതിമാരുടെ മകനാണ്. ഭാര്യ ജമീല. ആറു മക്കളുണ്ട്. പുതിയ കാലത്തെ പുരോഹിതരില്‍ പലരും കൂടുതല്‍ സൗകര്യങ്ങളും വേതനവും തേടി മറ്റിടങ്ങളിലേക്ക് ചേക്കേറുമ്പോള്‍ മുഹമ്മദ് മുസ്‌ലിയാര്‍ വ്യത്യസ്ഥാനാകുന്നു.
മുസ്‌ലിയാരുടെ സേവനം മുന്‍നിര്‍ത്തി തൃക്കരിപ്പൂര്‍ റോട്ടറി അദ്ദേഹത്തിന് വോക്കെഷനല്‍ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉപഹാരം നല്‍കി. സി.സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ.സി.കെ.പി.കുഞ്ഞബ്ദുല്ല, കെ.കെ.വിജയന്‍ , ഡോ. പി.പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment