Monday, October 25, 2010

ടോണി ബ്ലെയറിന്റെ ഭാര്യാസഹോദരി ഇസ്ലാം മതം സ്വീകരിച്ചു

ലണ്ടന്‍ : ബ്രിട്ടനിലെ മുന്‍പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ ഭാര്യാസഹോദരി ഇസ്ലാം മതം സ്വീകരിച്ചു. ഇറാനില്‍ തനിക്കുണ്ടായ 'വിശുദ്ധ അനുഭവങ്ങള്‍' ആണ് ഇസ്ലാം മതം പ്രേരിപ്പിച്ചതെന്നു ലോറന്‍ ബൂത്ത് പറഞ്ഞു. ലോറന്‍ ബൂത്ത് പത്രപ്രവര്‍ത്തകയാണ്. ടോണി ബ്ലെയറിന്റെ ഭാര്യ ഷെറിയുടെ അര്‍ധസഹോദരിയാണ് ലോറന്‍.

ഇറാനിലെ ഖോം സിറ്റിയിലെ ഫാതിമ അല്‍ മോസമിന്റെ പേരിലുളള പുണ്യസ്ഥലം സന്ദര്‍ശിച്ചതിനു ശേഷമാണ് ലോറന്‍ ഈ തീരുമാനമെടുത്തത്. ആറ് ആഴ്ചയ്ക്കു മുന്‍പായിരുന്നു സന്ദര്‍ശനം. 'പുണ്യസ്ഥലം സന്ദര്‍ശിച്ചതിനു ശേഷം ഇസ്ലാമിലെ ആധ്യാത്മികതയെക്കുറിച്ചു കൂടുതല്‍ അറിഞ്ഞു. അതു തന്ന സന്തോഷം വലുതായിരുന്നു. അങ്ങനെയാണ് ഇസ്ലാമാകാന്‍ തീരുമാനിച്ചത'്. ബ്രിട്ടനില്‍ തിരിച്ചെത്തിയ ഉടന്‍ അവര്‍ മതംമാറുകയായിരുന്നു. ലോറന്‍ പറഞ്ഞു. ഇനി വീടു വിട്ടു പുറത്തുപോകുമ്പോഴെല്ലാം ബുര്‍ഖ ധരിക്കുമെന്നും അഞ്ചുനേരം നമസ്‌കരിക്കുമെന്നും പറ്റുന്ന സമയങ്ങളില്‍ പള്ളിയില്‍ പോകുമെന്നും അവര്‍ പറഞ്ഞു.

'ഇപ്പോള്‍ എല്ലാ ദിവസവും ഖുറാന്‍ വായിക്കുന്നുണ്ട്. ഇനി പന്നിയുടെ മാംസം കഴിക്കില്ല. 45 ദിവസമായിട്ട് ഒരു തുള്ളി മദ്യംപോലും കഴിച്ചിട്ടില്ല. 25 വര്‍ഷത്തില്‍ ആദ്യമായാണ് ഇത്രയും നാള്‍ മദ്യം ഉപയോഗിക്കാതിരിക്കുന്നത്. ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ച ശേഷം മദ്യം തൊടാന്‍ പോലും തോന്നിയിട്ടില്ല. ഇതിനു മുന്‍പ് എല്ലാ ദിവസവും ഒരു ഗ്ലാസ് വൈന്‍ എങ്കിലും കഴിക്കാതിരിക്കുന്നത് ബുദ്ധിമുട്ടായിരുന്നു'. ലോറന്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചതിനു ശേഷം പാലസ്തീനില്‍ കുറച്ചു നാള്‍ പ്രവര്‍ത്തിച്ചു. അപ്പോള്‍ കിട്ടിയ ശക്തി വലുതാണെന്ന് അവര്‍ പറയുന്നു. ഇംഗ്ലിഷ് ഭാഷയിലുള്ള ഇറാനിയന്‍ ന്യൂസ് ചാനലായ പ്രെസ് ടിവിക്കു വേണ്ടിയാണ് ലോറന്‍ ബൂത്ത് പ്രവര്‍ത്തിക്കുന്നത്. ഇറാഖിലെ യുദ്ധത്തോട് ലോറന്‍ നേരത്തെ തന്നെ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. 2006 ല്‍ ഐടിവി റിയാലിറ്റി ഷോയില്‍ പങ്കെടുത്തിട്ടുണ്ട്. അന്നു ലഭിച്ച സമ്മാനത്തുക പാലസ്തീനിലെ സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് സംഭാവന ചെയ്തത്. ടോണി ബ്ലെയറിനു ഇസ്ലാമിനെക്കുറിച്ചുള്ള മുന്‍വിധികള്‍ മാറാന്‍ തന്റെ മതംമാറ്റം സഹായകമാകുമെന്നാണ് കരുതുന്നതെന്നും ലോറന്‍ കൂട്ടിച്ചേര്‍ത്തു.

Friday, October 22, 2010

ഹജ്ജിന്റെ പവിത്രത കാത്തുസൂക്ഷിക്കുക : ശൈഖുന മാണിയൂര്‍ അഹമ്മദ്‌ മൌലവി

കണ്ണൂര്‍: ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ പരിശുദ്ധ ഹജ്ജ്‌ കര്‍മ്മത്തിന്‍റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ എല്ലാ വിശ്വാസികളും മുന്നോട്ട്‌ വരണമെന്ന്‌ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ശൈഖുന മാണിയൂര്‍ അഹമ്മദ്‌ മൌലവി ആഹ്വാനം ചെയ്തു. കണ്ണൂര്‍ സാധുകല്യാണ മണ്ഡപത്തില്‍ മബ്‌റൂര്‍ ഹജ്ജ്‌ യാത്രസംഘത്തിന്‍റെ യാത്രയയപ്പ്‌ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഹജ്ജ്‌ ചെയ്യല്‍ പുണ്യമാക്കപ്പെട്ടത്‌ പോലെ ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരസ്പരം സഹായിക്കലും പുണ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൌണ്‍സില്‍ ഖജാഞ്ചി കെ ടി അബ്ദുല്ല മൌലവി അധ്യക്ഷത വഹിച്ചു. കെ എം മഹമൂദ്‌ മൌലവി, നവാസ്‌ ദാരിമി പടന്നോട്ട്‌, അബ്ദുനാസിര്‍ ഊര്‍പ്പള്ളി, അബ്ദുല്‍ കരീം അല്‍ഖാസിമി, കൊതേരി അബ്ദുല്ല ഫൈസി, അബ്ദുല്ലകുട്ടി ഫൈസി കുറ്റ്യാടി സംസാരിച്ചു. വില്യാപ്പള്ളി ഇബ്രാഹിം മുസ്ല്യാര്‍ ക്ലാസെടുത്തു.

സമസ്ത ഖൈറു ഉമ്മയുടെ സംഘശക്തി

മുള്ളേരിയ (കാസറഗോഡ്‌): ഫിതറത്തിന്റെ ആത്മീയതയില്‍ കേരള മുസ്ലീംകളുടെ വഴി നടത്താന്‍ സാധിച്ച മത സംഘടനയായ സമസ്ത ഖൈറു ഉമ്മയുടെ സംഘശക്തിയാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ സലൂദ് നിസാമി അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് മുള്ളേരിയ മേഖല യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ അഷറഫ് ഫൈസി കിന്നിങ്കാര്‍ അധ്യക്ഷതവഹിച്ചു. സുഹൈര്‍ അസ്ഹരിപള്ളംകോട്, ഹാഷിം ദാരിമി ദേലംപാടി, ഷെഫീക്ക് ആദൂര്‍, ഇബ്രാഹിം അസ്ഹരി, മാഹിന്‍ ദാരിമി, ഹനീഫ ദേലംപാടി, അഷറഫ് കൊമ്പോട്, ഖാദര്‍ അസ്ഹരി, ഷാഫി മൗലവി, ഖാദര്‍ കാനക്കോട്, അഷറഫ് ഹനീഫി എന്നിവര്‍ സംസാരിച്ചു.

എസ്‌.കെ.എസ്‌.എസ്‌.എഫ്‌. സഹചാരി റിലീഫ്‌ സെല്‍ ഉദ്‌ഘാടനം

കാസറഗോഡ്: എസ്‌.കെ.എസ്‌.എസ്‌.എഫ്‌. സഹചാരി റിലീഫ്‌ സെല്ലിന്റെ സഹകരണത്തോടെ റുബി മെഡിക്കല്‍ കേന്ദ്രീകരിച്ച്‌ എല്ലാദിവസവും പാവപ്പെട്ട രോഗികള്‍ക്ക്‌ ജില്ലാ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. കമ്മിറ്റി നല്‍കുന്ന സൗജന്യ മരുന്ന്‌ വിതരണത്തിന്റെ ഉദ്‌ഘാടനം കാസര്‍കോട്‌ താലൂക്ക്‌ ആശുപത്രിയില്‍ ദര്‍ശന ടി.വി ചെയര്‍മാനും എസ്‌.കെ.എസ്‌.എസ്‌.എഫ്‌. മുന്‍ സംസ്ഥാന അധ്യക്ഷനുമായ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌. സംസ്ഥാന സെക്രട്ടറി ബഷീര്‍ ദാരിമി തളങ്കര, ജില്ലാ പ്രസിഡന്റ്‌ അബൂബക്കര്‍ സാലൂദ്‌ നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, എം.എ. ഖലീല്‍, എ.സി. ഖമറുദ്ദീന്‍, ഹാരിസ്‌ ദാരിമി ബെദിര, സയ്യിദ്‌ ഹാജി തങ്ങള്‍, ജലീല്‍ കടവത്ത്‌ സംബന്ധിച്ചു.

Friday, October 15, 2010

ദര്‍ശന ചാനലിന്‍റെ സംപ്രേഷണം ഉടന്‍

കോഴിക്കോട് : സത്യധാരാ കമ്മ്യൂണിക്കേഷന്‍സിന്‍റെ കീഴില്‍ തുടങ്ങുന്ന ദര്‍ശന ചാനലിന്‍റെ സംപ്രേഷണം ഉടന്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഡല്‍ഹിയിലും കേരളത്തിനും പ്രൊഡക്ഷന്‍ മാസങ്ങള്‍ക്ക് മുന്പേ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് നടക്കാവില്‍ അത്യാധുനിക സൗകര്യങങളോടെയുള്ള മെയിന്‍ സ്റ്റുഡിയോ കോംപ്ലക്സിന്‍റെ പണി പൂര്‍ത്തിയായി. നവംബര്‍ ആദ്യവാരത്തില്‍ ഉദ്ഘാടനം നടക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഇസ്മാഈല്‍ കുഞ്ഞുഹാജി പറഞ്ഞു.

നവംബര്‍ ആദ്യത്തോടെ ദുബായ് ഓഫീസ് പ്രവര്‍ത്തനം സജ്ജമാകും. എംപക് ഫോര്‍മാറ്റ് വഴിയാണ് ചാനല്‍ പ്രേക്ഷകര്‍ക്ക് ലഭ്യമാവുക. ഇന്ത്യയിലും ഗള്‍ഫ്, മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലും ആസ്ത്രേലിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയ മേഖലകളിലും ഇന്‍സാറ്റ് റ്റു ഇ സാറ്റലൈറ്റ് വഴി ചാനല്‍ ലഭ്യമാക്കാന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഹൈദരബാദിലാണ് എര്‍ത്ത് സ്റ്റേഷന്‍. 2011 ആദ്യത്തോടു കൂടി ചാനല്‍ പൂര്‍ണ്ണമായും സംപ്രേഷണം തുടങ്ങുന്നതിനാവശ്യമായ നടപടികള്‍ പൂര്‍ത്തിയായതായി സി... സിദ്ദീഖ് ഫൈസി വാളക്കുളം അറിയിച്ചു.

കേരളത്തിലെ ഏറ്റവും മികച്ച സൗണ്ട്പ്രൂഫ് ഫുള്‍ എക്വസ്റ്റിക് സ്റ്റുഡിയോ ആണ് ദര്‍ശനയുടേത്. മൂന്ന് മാസം മുന്പ് വാര്‍ത്തേതര ചാനലിനുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ ലൈസന്‍സ് ദര്‍ശനക്ക് ലഭിക്കുകയുണ്ടായി. ഇപ്പോള്‍ വാര്‍ത്തേതര ചാനലായി സംപ്രേഷണം ആരംഭിക്കുന്ന ദര്‍ശന വാര്‍ത്താ വിഭാഗത്തിലേക്കും വ്യാപിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കഴിഞ്ഞു. 2011 അവസാനത്തോടെ കേന്ദ്രസര്‍ക്കാറിന്‍റെ അനുമതി ലഭിക്കുമെന്ന് ചീഫ് സ്ട്രാറ്റജിക് ഓഫീസര്‍ മില്‍ട്ടന്‍ ഫ്രാന്‍സിസ് പറഞ്ഞു.

38 മദ്രസകള്‍ക്ക് കൂടി ടി അംഗീകാരം

സമസ്താലം (ചേളാരി‍): സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹകസമിതി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 38 മദ്രസകള്‍ക്ക് കൂടി ടി അംഗീകാരം നല്‍കി. ഇതോടെ ബോര്‍ഡിന്റെ അംഗീകൃത മദ്രസകളുടെ എണ്ണം 8967 ആയി ഉയര്‍ന്നു.
മലപ്പുറം ജില്ലയിലെ കളത്തിങ്ങല്‍പ്പടി തഅ്‌ലീമുസ്വിബ്‌യാന്‍ മദ്രസ, പറങ്കിമൂച്ചിക്കല്‍ ടൌണ്‍ നസ്‌റുല്‍ ഇസ്‌ലാം മദ്രസ, പടാരക്കുന്ന്‌ ഹിദായത്തുല്‍ മുസ്‌ലിമീന്‍ മദ്രസ, പന്തല്ലൂറ്‍ മെറിഡിയന്‍ പബ്ളിക്‌ സ്കൂള്‍ മദ്രസ, അയിരൂറ്‍ നോര്‍ത്ത്‌ ഹിദായത്തുല്‍ ഇസ്‌ലാം മദ്രസ, പഞ്ചാട്ടിരി കാട്ടയില്‍ മദ്രസത്തുല്‍ ബനാത്ത്‌ എന്നിവയ്ക്കും കാസര്‍കോട്‌, കണ്ണൂറ്‍, വയനാട്‌, കോഴിക്കോട്‌, പാലക്കാട്‌, തൃശൂറ്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെയും കര്‍ണാടക, തമിഴ്നാട്‌ സംസ്ഥാനങ്ങളിലെയും സൌദി അറേബ്യയിലെയും വിവിധ മദ്രസകള്‍ക്കാണ്‌ അംഗീകാരം നല്‍കിയത്‌.
പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വ്വാഹകസമിതി യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പി.കെ.പി. അബ്ദുല്‍ സലാം മുസ്‌ലിയാര്‍, പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍ പാറന്നൂര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, ഡോ. എന്‍‍.എ.എം. അബ്ദുല്‍ഖാദിര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, എന്‍.എ.കെ. ഹാജി, എം.പി.എം ഹസ്സന്‍ ശരീഫ് കുരിക്കള്‍, ടി.കെ. പരീക്കുട്ടി ഹാജി, എം.സി.മായിന്‍ ഹാജി, ഹാജി കെ. മമ്മദ് ഫൈസി, എം.കെ.എ. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, കെ.എം. അബ്ദുല്ല കൊട്ടപ്പുറം, ഒ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.

Monday, October 11, 2010

മുനവ്വിര്‍ ത്രിക്കരിപ്പൂരിന്റെ സുവര്‍ണ്ണ കിരീടം......


.... മുനവ്വിര്‍ എത്താറായപ്പോള്‍ എന്റെ മനസ്സ് 35 വര്‍ഷങ്ങള്‍ മുമ്പുള്ള ഓർമ്മകളിലേക്ക് പോയി. വാര്‍ഷികാഘോഷത്തിന്റെ മുന്നോടിയായി വിവിധതരം വര്‍ണ്ണങ്ങളില്‍ ചായം തേക്കുന്ന മദ്രസാ ഗൈറ്റും അതിനോടനുബന്ധിചുള്ള മതിലും വര്‍ണ്ണകടലാസ് കൊണ്ട് അലങ്കരിക്കുന്ന പള്ളി മദ്രസാ പരിസരവും പിന്നീട് ചിട്ടയായി ഘോഷയാത്ര നയിക്കാനുള്ള പരിശീലനവും അങ്ങിനെ. ത്രിക്കരിപ്പൂര്‍ മുനവ്വിര്‍ വാര്‍ഷികാഘോഷം ഒരു കാലത്ത് ഒരു ഗ്രാമത്തിന്റെ ഉത്സവമായിരുന്നു. കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെ സാനിദ്ധ്യം വാര്‍ഷികാഘോഷങ്ങളുടെ മാറ്റ് കൂട്ടി. മദ്രസയും , മദ്രസാ പരിസരവും എന്നും ആഘോഷങ്ങളൂടെ പ്രതീതി ജനിപ്പിച്ചു. മൂന്ന് ഷിഫ്റ്റായിട്ടായിരുന്നു ആദ്യകാലത്ത് മദ്രസാ പ്രവർത്തിച്ചത്. ത്രിക്കരിപ്പൂരിന്റെ ചരിത്രത്തില്‍ എന്നും സുവര്‍ണ്ണ കിരീടമായി ശോഭിച്ച് നില്‍ക്കുന്ന മുനവ്വിറിന് സമമായി മറ്റൊന്നില്ല എന്ന് വേണം പറയാന്‍. ആയിരക്കണക്കിന് ആളുകള്‍ വിദ്യാഭ്യാസത്തിന്റെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന് തന്ന മുനവ്വിറിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാ‍യതില്‍ എനിക്ക് അഭിമാനം തോന്നി. കൂട്ടം കൂട്ടമായി, പക്ഷികളോടും തുമ്പികളോടും സംസാരിച് മദ്രസയിലേക്ക് പോകുന്നതും വരുന്നതുമായ കുട്ടികള്‍, പള്ളിവളപ്പില്‍ ഒണ്ടോന്‍ പെറുക്കാന്‍ മത്സരിച്ച് ഒടുന്ന കുട്ടികള്‍, കുട്ടികള്‍ക്ക് എന്നും മിഠായുമായി മദറസാ ഗൈറ്റില്‍ കാണുന്ന ആല്‍ സീതി തങ്ങള്‍ മദ്രസാ പ്രവേശനകാലം വിതരണം ചെയ്യുന്ന ബാര്‍ലി ബിസ്കറ്റിന്റേയും, ആസാദ് വിസ്കറ്റിന്റേയും കൊതിയൂറും മണം മഴയത്ത് നിറഞ്ഞൊകുന്ന പള്ളികുളം അതില്‍ നിറയെ മഴ തവളകള്‍ റയില്‍വെ ആണിയുമായി ബെല്ലടിക്കാന്‍ പോകുന്ന അഹമ്മദ്ക്ക അങ്ങിനെ അങ്ങിനെ.
പക്ഷെ കാലം മാറി, കഥാമാറി മുനവ്വിര്‍ പരിസരം ചെറിയൊരു ടൌണ്‍ഷിപ്പായി മാറിയിരിക്കുന്നു. അബൂദാബി, ദുബൈ, ഖത്തര്‍, രിയാദ്‌ എന്നീ പ്രദേശത്തെ ത്രിക്കരിപ്പൂരിയന്‍ കൂട്ടായ്മയുടെ ഫലമായ് ഉയര്‍ന്ന്‌ വന്ന ബഹുനില കെട്ടിടങ്ങള്‍ പ്രദേശത്തിന്റെ മുഖച്ചായ മാറ്റിയിരിക്കുന്നു.
മദ്രസാ നിർമ്മാണത്തിനു വളിതെളിയിച്ചാ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനനങ്ങളെ കുറിച്ച് മാണിയൂര്‍ അഹമ്മദ് ഉസ്താദ് അഭിമുഖത്തിന്നിടയില്‍ എനിക്ക് പറഞ്ഞ് തന്നു 1948 മേയ് ഏഴാം തിയ്യതി ജുമു നിസ്കാരാനന്തരം ബീരിച്ചേരി ജുമു മസ്ജിദില്‍ ചേർന്ന ആലോചന യോഗത്തില്‍ കെ.വി.പി മുഹമ്മദ് കുഞ്ഞി പ്രസിഡന്റും എന്‍.പി അബ്ദുള്ള പട്ടേല്‍ ജനറല്‍ സിക്രട്ടറിയും സി. മുഹമ്മദ് കുഞ്ഞി ഹാജി ട്രഷററുമായി ആദ്യത്തെ മദ്രസ്സ മുനവ്വിറുല്‍ ഇസ്ലാം കമ്മിറ്റി നിലവില്‍ വന്നു. 1949 മാര്‍ച്ച് 30നു അന്ന് കേരളത്തില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ പണ്ഡിതന്‍ അല്ലാമ ഖുതുബി മുഹമ്മദ് മുസ്ളിയാര്‍ മുനവ്വിറുല്‍ ഇസ്ളാം മദ്രസ്സക്ക് തറക്കില്ലിട്ടു. 1951 ഏപ്രില്‍ 22 ഞാറാഴ്ച വൈകീട്ട് അദ്ദേഹം തന്നെ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 1964 വരെ തുടര്‍ച്ചയായ 14 വർഷക്കാലം സദര്‍ മുല്ലിമായിരുന്ന കായംകുളം സ്വദേശി അബൂബക്കര്‍ ലബ്ബ ഉസ്താദ് ആയിരുന്നു മുനവ്വിറിനെ കേരളത്തിൽ അറിയപ്പെടുന്ന മദ്രസായി ഉയര്‍ത്താന്‍ പ്രധാന പങ്ക് വഹിച്ചത്. 1993 ഫിബ്രബരി 15 നു പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മുനവ്വിറിനെ അറബി കോളേജായി പ്രഖ്യാപിച്ചു.
ഉസ്താദ്മായുള്ള അഭിമുഖത്തില്‍ മുനവ്വിറുല്‍ ഇസ്ളാം മദ്രസ്യുടെ സാമ്പത്തിക ഭദ്രത ഉദ്ദേശിച്ച് ദുബൈ - അബൂദാബി - ഖത്തർ - റിയാദ് തൂടങ്ങിയ സ്ഥലങ്ങളിലെ ജമാഅത്ത് കമ്മിറ്റികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദേഹം പ്രശംസിച്ചു
വളരെ സൌമ്യമായി സംസാരിക്കുകയും പ്രശ്നങ്ങളെ സങ്കീണ്ണതയിലെക്ക് തള്ളിവിടാതെ പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ കാണിച്ച് തരുന്നു എന്നതാണു അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വേര്‍പ്പെടുത്തുന്നത്.

Sunday, October 10, 2010

ഇന്ന് : 10-10-10



കാലവും സമയവും ’10′ല്‍ സംഗമിക്കുന്ന അപൂര്‍വ ദിവസം. ഇത്തരമൊരു സമയ-കാല കൂട്ടായ്മയ്ക്ക് ഇനി ഒരു നൂറ്റാണ്ട് കാത്തിരിക്കണം. അത് കൊണ്ട് തന്നെ സമയകാലങ്ങളുടെ ഈ പ്രത്യേകത ആകര്‍ഷകമാണ്. ഒക്ടോബര്‍ പത്ത് കഴിഞ്ഞാല്‍ ഈ വര്‍ഷം തീരാന്‍ 82 ദിവസം ബാക്കി. എട്ടും രണ്ടും കൂട്ടിയാല്‍ കിട്ടുന്നതും പത്ത്‌.

ലോകത്തിലെ എല്ലാ വാച്ച് നിര്‍മ്മാതാക്കളും വില്‍പ്പനയ്ക്ക് വെക്കുന്ന വാച്ചില്‍ വെയ്ക്കുന്ന സമയവും 10-10 ആണ്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍. എഫ്. കെന്നഡി വെടിയേറ്റ് മരിച്ച സമയത്തെ അനുസ്മരിക്കാനാണ് ഇത്.

Thursday, October 7, 2010

SKSSF സൗജന്യ മരുന്നുവിതരണകേന്ദ്രം ആരംഭിക്കും

SKSSF സൗജന്യ മരുന്നുവിതരണകേന്ദ്രം ആരംഭിക്കും
കാസര്‍കോട് : പലവിധ രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുകയും, ചികിത്സതേടി പ്രതിവിധികാണാന്‍ കഴിയാതെ ദു:ഖവും വേദനയും കടിച്ചമര്‍ത്തി ജീവിതം വഴിമുട്ടി നില്‍ക്കുന്ന ധാരാളം രോഗികള്‍ നമുക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കരുണയുടെ ഒരിത്തിരിനേട്ടമെന്ന നിലയില്‍ രോഗികള്‍ക്ക് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സഹചാരിയുടെ സഹകരണത്തോടെ എല്ലാ ദിവസവും സൗജന്യമായി മരുന്നു വിതരണം ചെയ്യുന്ന കേന്ദ്രം കാസര്‍കോട് തുടങ്ങാന്‍ എസ്.കെ. എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ അബൂബക്കര്‍ സാലൂദ് നിസാമി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഫൈസി സ്വാഗതം പറഞ്ഞു. ബഷീര്‍ ദാരിമി തളങ്കര, എം. ഖലീല്‍, ഹാരീസ് ദാരിമി ബെദിര, റഷീദ് ബെളിഞ്ചം, റസാഖ് ദാരിമി, സുഹൈര്‍ അസ്ഹരി, ഹമീദ് കോളോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Sunday, October 3, 2010

ഹജ്ജ്‌ പഠന ക്ലാസ്‌


കാസര്‍കോട്‌: ഹജ്ജ്‌ നിര്‍വഹിക്കാന്‍ പോകുന്ന ഹജ്ജാജുമാര്‍ക്കായി ജില്ലാ മുസ്‌ലിം ലീഗ്‌ കമ്മിറ്റി ഹജ്ജ്‌ പഠന ക്ലാസ്‌ സംഘടിപ്പിച്ചു.പ്രമുഖ പണ്‌ഡിതനും വാഗ്മിയുമായ അബ്‌ദുസമദ്‌ പൂക്കോട്ടൂര്‍ ക്ലാസെടുത്തു. മുനിസിപ്പല്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ സംഘടിപ്പിച്ച ഹജ്ജ്‌ പഠനക്ലാസ്‌ മുസ്‌ലിം ലീഗ്‌ അഖിലേന്ത്യ സെക്രട്ടറി എം.പി.അബ്‌ദുസമദ്‌ സമദാനി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ മുസ്‌ലിംലീഗ്‌ പ്രസിഡണ്ട്‌ ചെര്‍ക്കളം അബ്‌ദുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു.

ഖുറാന്‍ മെസേജ്: പരീക്ഷാഫലം പ്രസിദ്ധികരിച്ചു

തൃക്കരിപ്പൂര്‍: എസ്.കെ.എസ്.എസ്.എഫ്. തൃക്കരിപ്പൂര്‍ മേഖലാകമ്മിറ്റി സംഘടിപ്പിച്ച ഖുറാന്‍മെസേജ് പ്രോഗ്രാം പരീക്ഷാഫലം പ്രസിദ്ധികരിച്ചു. ഒന്നാംറാങ്ക്- പി.വി.ഫര്‍ഹാന മുഹമ്മദ്, രണ്ടാം റാങ്ക് പി.വി.അബ്ദുള്‍ഫത്താഹ്. വിജയികള്‍ക്ക് സ്വര്‍ണമെഡല്‍ വിതരണംചെയ്യും.

Saturday, October 2, 2010

കര്‍ണാടകയില്‍ ഹൈന്ദവര്‍ ചേര്‍ന്ന് മസ്ജിദ് പുനര്‍നിര്‍മിച്ചു

ബാംഗളൂര്‍: ഹൈന്ദവര്‍ ചേര്‍ന്ന് മസ്ജിദ് പുനര്‍നിര്‍മിച്ചു. അയോധ്യാ കേസിലെ കോടതിവിധി രാജ്യത്തെ ജനങ്ങള്‍ സംയമനത്തോടെയും പക്വതയോടെയും സ്വീകരിച്ച ദിനത്തില്‍തന്നെ കര്‍ണാടകയില്‍നിന്നു മതസാഹോദര്യം വിളിച്ചോതുന്ന ഈ സംഭവമുണ്ടായത്. വടക്കന്‍ കര്‍ണാടകയിലെ ഗഡാഗ് ജില്ലയില്‍പ്പെട്ട പുര്‍താഗെരി ഗ്രാമത്തിലാണ് ഗ്രാമീണര്‍ സൗഹാര്‍ദത്തിന്റെ പുതിയ പാത തുറന്നത്.

ഇവിടെനിന്ന കാലപ്പഴക്കം ചെന്ന മസ്ജിദ്് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ അപകടാവസ്ഥയിലായിരുന്നു. കഴിഞ്ഞവര്‍ഷമുണ്ടായ കനത്ത മഴയില്‍ മോസ്‌കിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടാകുകയും ഒരുഭാഗം തകര്‍ന്നു വീഴുകയും ചെയ്തു.

ഗ്രാമത്തില്‍ 150 വീടുകള്‍ ഉള്ളതില്‍ പത്തു കുടുംബങ്ങള്‍ മാത്രമാണ് മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവര്‍. ഗ്രാമവാസികളെല്ലാവരും കൂലിത്തൊഴിലാളികളുമാണ്. അതിനാല്‍ത്തന്നെ മസ്ജിദ് നിര്‍മിക്കാനുള്ള സാമ്പത്തികഭാരം ഇവര്‍ക്കു താങ്ങാവുന്നതിലുമപ്പുറമായിരുന്നു.

വിവരമറിഞ്ഞ തൊട്ടടുത്ത ഗജേന്ദ്രഗാദാ ഗ്രാമത്തിലെ ഹൈന്ദവര്‍ ഒരു ലക്ഷം രൂപയോളം പിരിവെടുത്തു നല്‍കുകയും കെട്ടിടനിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ സംഭാവന ചെയ്യുകയുമായിരുന്നു. പണം നല്‍കാന്‍ നിവൃത്തിയില്ലാത്ത ചില ഹൈന്ദവര്‍ മസ്ജിദിന്റെ ആശാരിപ്പണിയെടുത്തും മറ്റു ജോലികള്‍ ചെയ്തും സംരംഭത്തില്‍ പങ്കാളികളായി. വരുന്ന ഡിസംബറില്‍ പുതിയമസ്ജിദിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള തീരുമാനത്തിലാണ് ഗ്രാമവാസികള്‍. സാധിക്കുമെങ്കില്‍ അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ ആറിനുതന്നെ മസ്ജിദ് ഉദ്ഘാടനം ചെയ്യാനും നാട്ടുകാര്‍ ആലോചിക്കുന്നു.