Monday, October 25, 2010

ടോണി ബ്ലെയറിന്റെ ഭാര്യാസഹോദരി ഇസ്ലാം മതം സ്വീകരിച്ചു

ലണ്ടന്‍ : ബ്രിട്ടനിലെ മുന്‍പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ ഭാര്യാസഹോദരി ഇസ്ലാം മതം സ്വീകരിച്ചു. ഇറാനില്‍ തനിക്കുണ്ടായ 'വിശുദ്ധ അനുഭവങ്ങള്‍' ആണ് ഇസ്ലാം മതം പ്രേരിപ്പിച്ചതെന്നു ലോറന്‍ ബൂത്ത് പറഞ്ഞു. ലോറന്‍ ബൂത്ത് പത്രപ്രവര്‍ത്തകയാണ്. ടോണി ബ്ലെയറിന്റെ ഭാര്യ ഷെറിയുടെ അര്‍ധസഹോദരിയാണ് ലോറന്‍.

ഇറാനിലെ ഖോം സിറ്റിയിലെ ഫാതിമ അല്‍ മോസമിന്റെ പേരിലുളള പുണ്യസ്ഥലം സന്ദര്‍ശിച്ചതിനു ശേഷമാണ് ലോറന്‍ ഈ തീരുമാനമെടുത്തത്. ആറ് ആഴ്ചയ്ക്കു മുന്‍പായിരുന്നു സന്ദര്‍ശനം. 'പുണ്യസ്ഥലം സന്ദര്‍ശിച്ചതിനു ശേഷം ഇസ്ലാമിലെ ആധ്യാത്മികതയെക്കുറിച്ചു കൂടുതല്‍ അറിഞ്ഞു. അതു തന്ന സന്തോഷം വലുതായിരുന്നു. അങ്ങനെയാണ് ഇസ്ലാമാകാന്‍ തീരുമാനിച്ചത'്. ബ്രിട്ടനില്‍ തിരിച്ചെത്തിയ ഉടന്‍ അവര്‍ മതംമാറുകയായിരുന്നു. ലോറന്‍ പറഞ്ഞു. ഇനി വീടു വിട്ടു പുറത്തുപോകുമ്പോഴെല്ലാം ബുര്‍ഖ ധരിക്കുമെന്നും അഞ്ചുനേരം നമസ്‌കരിക്കുമെന്നും പറ്റുന്ന സമയങ്ങളില്‍ പള്ളിയില്‍ പോകുമെന്നും അവര്‍ പറഞ്ഞു.

'ഇപ്പോള്‍ എല്ലാ ദിവസവും ഖുറാന്‍ വായിക്കുന്നുണ്ട്. ഇനി പന്നിയുടെ മാംസം കഴിക്കില്ല. 45 ദിവസമായിട്ട് ഒരു തുള്ളി മദ്യംപോലും കഴിച്ചിട്ടില്ല. 25 വര്‍ഷത്തില്‍ ആദ്യമായാണ് ഇത്രയും നാള്‍ മദ്യം ഉപയോഗിക്കാതിരിക്കുന്നത്. ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ച ശേഷം മദ്യം തൊടാന്‍ പോലും തോന്നിയിട്ടില്ല. ഇതിനു മുന്‍പ് എല്ലാ ദിവസവും ഒരു ഗ്ലാസ് വൈന്‍ എങ്കിലും കഴിക്കാതിരിക്കുന്നത് ബുദ്ധിമുട്ടായിരുന്നു'. ലോറന്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചതിനു ശേഷം പാലസ്തീനില്‍ കുറച്ചു നാള്‍ പ്രവര്‍ത്തിച്ചു. അപ്പോള്‍ കിട്ടിയ ശക്തി വലുതാണെന്ന് അവര്‍ പറയുന്നു. ഇംഗ്ലിഷ് ഭാഷയിലുള്ള ഇറാനിയന്‍ ന്യൂസ് ചാനലായ പ്രെസ് ടിവിക്കു വേണ്ടിയാണ് ലോറന്‍ ബൂത്ത് പ്രവര്‍ത്തിക്കുന്നത്. ഇറാഖിലെ യുദ്ധത്തോട് ലോറന്‍ നേരത്തെ തന്നെ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. 2006 ല്‍ ഐടിവി റിയാലിറ്റി ഷോയില്‍ പങ്കെടുത്തിട്ടുണ്ട്. അന്നു ലഭിച്ച സമ്മാനത്തുക പാലസ്തീനിലെ സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് സംഭാവന ചെയ്തത്. ടോണി ബ്ലെയറിനു ഇസ്ലാമിനെക്കുറിച്ചുള്ള മുന്‍വിധികള്‍ മാറാന്‍ തന്റെ മതംമാറ്റം സഹായകമാകുമെന്നാണ് കരുതുന്നതെന്നും ലോറന്‍ കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment