Friday, September 24, 2010

ഉബൈദ്‌ അവാര്‍ഡ്‌ ബാലക്യഷ്‌ണന്‍ വള്ളിക്കുന്നിന്‌

കാസര്‍കോട്‌: തേനോലുന്ന മാപ്പിളപ്പാട്ടുകളും ആശയസമൃദ്ധമായ അറബിമലയാള ഗദ്യസാഹിത്യവും കേരളീയ പൊതുസംസ്‌കൃതിയുടെ ഭാഗമാക്കുന്നതിന്‌ ആദ്യചുവടുകള്‍വെച്ച ടി.ഉബൈദിന്റെ പാവനസ്‌മരണക്കായി കാസര്‍കോട്‌ സാഹ്യത്യവേദി നല്‍കിവരുന്ന ഉബൈദ്‌ അവാര്‍ഡ്‌ ഈ വര്‍ഷം ബാലക്യഷ്‌ണന്‍ വള്ളിക്കുന്നിന്‌ നല്‍കാന്‍ തീരുമാനിച്ചു.

മാപ്പിളസാഹിത്യ വിജ്ഞാനീയങ്ങളുടെ സഹസ്രദീപ്‌തി ചൊരിഞ്ഞ്‌ പതിറ്റാണ്ടുകളായി ഈമേഖലയുടെ കര്‍മ്മസാക്ഷിയായി വര്‍ത്തിക്കുന്ന ധിഷണാശാലിയാണ്‌ ബാലക്യഷ്‌ണന്‍ വള്ളിക്കുന്ന്‌. അനാസ്ഥയുടേയും അവഗണനയുടെയും അരങ്ങായി മാറിപ്പോയിരുന്ന മാപ്പിളസാഹിത്യത്തിന്റെ കാണാപ്പുറങ്ങള്‍ തേടിയുള്ള ക്ലേശകരവും സമര്‍പ്പിതവുമായ സര്‍ഗാത്മക ജീവിതത്തിനുടമയാണദ്ദേഗഹം.

മാപ്പിളപ്പാട്‌ ഒരുമുഖ പഠനം മാപ്പിളസംസ്‌കാരത്തിന്റെ കാണുപ്പുറങ്ങള്‍, മാപ്പിള സാഹിത്യവും മുസ്‌ ലിം നവോത്ഥാനവും, മാപ്പിള സാഹിത്യ പഠനങ്ങള്‍ എന്നിങ്ങനെയുള്ള ഗ്രന്ഥങ്ങളിലൂടെ അദ്ദേഹം മലയാള സാഹ്യദയലോകത്തിന്‌ സൂപരിചിതനാണ്‌. മാപ്പിളപ്പാട്ട്‌ പാഠവും പഠനവും എന്ന ഗ്രന്ഥം അദ്ദഹം ഡോ.ഉമര്‍ തറമേലും ചേര്‍ന്ന്‌ രചിച്ചതാണ്‌.

റഹ്‌മാന്‍ തായലങ്ങാടി, വി.രവീന്ദ്രന്‍ നായര്‍, നാരായണന്‍ പേരിയ, കെ.എം.അഹ്മദ്‌, ഷാഫിഎ.നെല്ലിക്കുന്ന്‌ എന്നിവരടങ്ങുന്ന സമിതിയാണ്‌ ജേതാവിനെ തിരഞ്ഞെടുത്തത്‌. ഓക്‌ടോബര്‍ മൂന്നിന്‌ നടക്കുന്ന ഉബൈദിന്റെ 38-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ അവാര്‍ഡ്‌ സമ്മിനിക്കും.10000 രൂപയും പ്രശസ്‌തി പത്രവുമാണ്‌ അവാര്‍ഡ്‌

No comments:

Post a Comment