Tuesday, June 18, 2013

അന്വേഷണ തൃഷ്ണയുള്ള പണ്ഡിതന്‍

അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്‌
http://www.chandrikadaily.com/contentspage.aspx?id=24685
അറിവും ചിന്തയും അന്വേഷണ തൃഷ്ണയുമുള്ള പണ്ഡിതരെയും നേതാക്കളെയും കാലം ആവശ്യപ്പെടുന്ന സമയത്താണ് അബൂ ഇസ്ഹാഖ് ഇസ്മാഈല്‍ മൗലവിയുടെ ആകസ്മിക വിയോഗം. പാണ്ഡിത്യവും ബുദ്ധി ശക്തിയും ആദര്‍ശ ധീരതയും ഒത്തിണങ്ങിയ മൗലവി എന്നും അന്വേഷകനായിരുന്നു.
അറിവു തേടലും അന്വേഷണവുമാണ് മൗലവിയെ സത്യത്തിന്റെ പാതയിലേക്കെത്തിച്ചതും ആദര്‍ശ ധീരനാക്കിയതും. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം പുലര്‍ത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. ജനനം കൊണ്ടു മാത്രം സുന്നിയായി ജീവിച്ച പണ്ഡിതനല്ല അബൂ ഇസ്ഹാഖ് ഇസ്മാഈല്‍ മൗലവി. സുന്നിയായി ജനിച്ചെങ്കിലും സംശയാലുവായ അദ്ദേഹം പല വഴികളില്‍ കറങ്ങിയാണ് അവസാനം അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയുടെ കളങ്ക രഹിതമായ ആദര്‍ശങ്ങളിലേക്കു തിരിച്ചെത്തിയത്. അപ്പോഴേക്കും വലിയൊരു ആദര്‍ശ പോരാളിയായി മാറി കഴിഞ്ഞിട്ടുണ്ടായിരുന്നു.
ആരോഗ്യപൂര്‍ണമായ തര്‍ക്കവും സൃഷ്ടിപരമായ കലഹവും ഇസ്ഹാഖ് മൗലവിക്ക് ഇഷ്ടമായിരുന്നെങ്കിലും സമചിത്തതയും പരസ്പര ബഹുമാനവും ഒരു ഘട്ടത്തിലും കൈവിടാത്ത ഉന്നത വ്യക്തിത്വമായിരുന്നു. അസാമാന്യമായ വിനയവും സ്‌നേഹപൂര്‍ണമായ പെരുമാറ്റവും മൗലവിയെ വ്യതിരിക്തനാക്കി. വലിപ്പ - ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരെയും അദ്ദേഹം നിര്‍മ്മലമായ മനസ്സോടെ സ്വീകരിച്ചു. കുട്ടികളോടു പോലും തുറന്ന് സംസാരിക്കാനും ഇറങ്ങിച്ചെന്ന് ഇടപെടാനും തയാറായിരുന്ന അദ്ദേഹം വലിയ മനസ്സിന്റെ ഉടമയായിരുന്നു.
പിതാവ് നെടുവഞ്ചാലില്‍ ചേക്കു മുസ്‌ലിയാരില്‍ നിന്നു തന്നെയാണ് അദ്ദേഹം പ്രാഥമിക മത വിദ്യാഭ്യാസം നേടിയത്. സ്‌കൂള്‍ വിദ്യാഭ്യാസം അഞ്ചാം ക്ലാസു വരെ. തുടര്‍ന്ന് കുറ്റിക്കടവ് പള്ളി ദര്‍സില്‍ നിന്ന് മത പഠനം. പിതാവിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ അദ്ദേഹത്തെ കൊണ്ടെത്തിച്ചത് നവീന ചിന്താഗതികളിലേക്കായിരുന്നു. അഹ്‌ലുസ്സുന്നയുടെ പാരമ്പര്യം വിട്ട് മുജാഹിദ്, ജമാഅത്ത് ആദര്‍ശങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം ജീവിതത്തിന്റെ നല്ല ഭാഗം സംശയം തീരാതെ തികഞ്ഞ അന്വേഷണത്തിന്റെ പാതയില്‍ ചെലവഴിച്ചു. സുന്നി ആദര്‍ശങ്ങള്‍ക്കെതിരെ മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി വേദികളില്‍ ഇസ്മാഈല്‍ മൗലവി ഘോരഘോരം പ്രസംഗിച്ചു. നിരവധി സുന്നി- മുജാഹിദ്, ജമാഅത്ത് സംവാദങ്ങളില്‍ പങ്കാളിയായി. അവരുടെ നിരവധി സ്ഥാപനങ്ങളിലും സേവനമനുഷ്ടിച്ചു.
സുന്നിയായിരുന്നപ്പോള്‍ വാഴക്കാട് ദാറുല്‍ ഉലൂമില്‍ പഠിക്കണമെന്ന് ഏറെ ആഗ്രഹിച്ച അദ്ദേഹം പിന്നീട് മുജാഹിദായി ഫാറൂഖ് റൗദത്തുല്‍ ഉലൂമില്‍ എത്തി. അവിടെ അബുസ്സബാഹ് മൗലവിയുടെയും മുഹ്‌യുദ്ദീന്‍ ആലുവായിയുടെയും ഇഷ്ട ശിഷ്യനായിരുന്നു.
പ്രസിദ്ധമായ കുറ്റിച്ചിറ സംവാദത്തില്‍ മുജാഹിദ് വേദിയില്‍ അബൂ ഇസ്ഹാഖ് മൗലവിയുടെ സാന്നിധ്യം അവരുടെ വലിയ ബലമായിരുന്നു. വാഴക്കാട് സംവാദത്തില്‍ മുജാഹിദ് പക്ഷത്തിന്റെ റിപ്പോര്‍ട്ടറും പ്രധാന എഴുത്തുകാരനുമായി പ്രവര്‍ത്തിച്ചു. ഇതിനിടെ 'അല്‍ മനാറിന്റെ പത്രാധിപ സമിതി അംഗവും നദ്‌വത്തിന്റെ ആലോചന സമിതി അംഗവുമായി. കോഴിക്കോട് ലിവാഉല്‍ ഇസ്‌ലാം പള്ളി ഉള്‍പ്പെടെ പലയിടങ്ങളിലും ഇമാമും ഖതീബുമായി വര്‍ത്തിച്ചു.
ജമാഅത്തെ ഇസ്‌ലാമിയുടെ ചേന്ദമംഗല്ലൂരിലെ സ്ഥാപനത്തിലും അധ്യാപകനായിരുന്നു. പ്രസിദ്ധമായ നടക്കാവ് സംവാദത്തില്‍ ജമാഅത്തുകാരുടെ എഴുത്തുകാരനായിരുന്നു. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരായിരുന്നു ഈ സംവാദത്തില്‍ സുന്നി പക്ഷത്തെ നയിച്ചിരുന്നത്.
അങ്ങനെ പല വഴികളില്‍ കറങ്ങിത്തിരിഞ്ഞ് 1981ല്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തില്‍ തിരിച്ചെത്തി. അപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 51 ആയിരുന്നു. പിന്നെ, സുന്നി വേദികളില്‍ പൂര്‍വ്വാധികം ശക്തിയോടെ പോരാടി. അഹ്‌ലുസ്സുന്നയുടെ ആശയാദര്‍ശങ്ങളും നവീന ചിന്താഗതിക്കാരുടെ പൊള്ളവാദങ്ങളും അദ്ദേഹം തുറന്നു കാട്ടി.
കോഴിക്കോട് മൂദാക്കര പള്ളി ഉള്‍പ്പെടെ നിരവധി മഹല്ലുകളില്‍ ഇമാമും ഖതീബുമായി പ്രവര്‍ത്തിച്ചു. എടവനക്കാട് പള്ളിയില്‍ ദര്‍സ് നടത്തി. ഇതിനിടെ സമസ്തയിലുണ്ടായ ദൗര്‍ഭാഗ്യകരമായ ചേരിതിരിവില്‍ അദ്ദേഹം വ്യക്തമായ ഒരു പക്ഷത്ത് നില്‍ക്കാതെ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
2003ല്‍ കാരന്തൂര്‍ മര്‍ക്കസിലെ ഇസ്‌ലാമിക് റിസര്‍ച്ച് സെന്ററില്‍ ഗവേഷകനായി ചാര്‍ജ്ജെടുത്ത അദ്ദേഹം രണ്ടു വര്‍ഷത്തിനകം രാജി വെച്ച് സമസ്തയുടെ സജീവ പ്രവര്‍ത്തകനായി.

No comments:

Post a Comment