Sunday, June 9, 2013

പരിസ്ഥിതിയുടെ ഉസ്താദ്

നടാനായി ഒരു ചെടി നിങ്ങള്‍ കയ്യിലെടുക്കുമ്പോഴാണു ലോകം അവസാനിക്കുന്ന തെങ്കില്‍, അതു നട്ടു തീരും മുന്‍പു ലോകാവസാനം സംഭവിക്കുന്നില്ലെന്ന് ഉറപ്പാണെങ്കില്‍ ആ ചെടി നട്ടുകൊള്ളട്ടെ-മുഹമ്മദ് നബി.
മണ്ണിനെ മറക്കുന്ന മനുഷ്യനെ പ്രകൃതിയിലേക്കു മടക്കിക്കൊണ്ടു വരാന്‍ പ്രവാചകന്റെ വാക്കുകളില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന യുവ ഇസ്ലാമിക പണ്ഡിതനാണു മുഹമ്മദ് റാഫി മാണിയൂര്‍ എന്ന റാഫി അസ്്അദി. പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി റാഫി തയാറാക്കിയ വിഡിയോ സിഡികളും പുസ്തകങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മനുഷ്യന്‍ ഭൂമിയുടെ ശത്രുവാകുന്നതു ലോകാവസാനത്തിന്റെ സൂചനകളാണെന്നു നമ്മെ ഒാര്‍മിപ്പിക്കുന്നു ഈ യുവാവിന്റെ സൃഷ്ടികള്‍.
ദീര്‍ഘമായ ലേഖനങ്ങളോ പ്രബോധന പ്രസംഗങ്ങളോ അല്ല, വര്‍ത്തമാനസമൂഹ ത്തില്‍ അനുദിനം സംഭവിക്കുന്ന ദുരന്തങ്ങള്‍ ചൂണ്ടിക്കാട്ടുകയാണു പരിസ്ഥിതി സംരക്ഷണത്തിനുള്ള ഏറ്റവും നല്ല ബോധവല്‍ക്കരണ മാര്‍ഗമെന്നു റാഫി പറയുന്നു. മനുഷ്യന്‍ പ്രകൃതിയില്‍ നടത്തുന്ന അതിക്രമങ്ങള്‍ മൂലമുണ്ടാകുന്ന സ്വാഭാവിക ദുരന്തങ്ങളും അപകടങ്ങളും ഉദാഹരിച്ചു കൊണ്ടാണു റാഫി വായനക്കാരുടെയും പ്രേക്ഷകരുടെയും കണ്ണു തുറപ്പിക്കുന്നത്. മനുഷ്യന്‍ ഭൂമിയോടു ചെയ്ത ക്രൂരകൃത്യങ്ങള്‍ പച്ചയായി പ്രേക്ഷകനു മുന്‍പില്‍ അവതരിപ്പിക്കുന്നവയാണു റാഫി ഒരുക്കിയ ദൃശ്യാവിഷ്കാരങ്ങള്‍. മനുഷ്യനെ നന്മയുടെ പാതയിലേക്കു തിരിച്ചു വിടാന്‍ നൂറു പ്രഭാഷണങ്ങളേക്കാള്‍ അത്തരമൊരു ദൃശ്യത്തിനു കഴിയുമെന്നു തെളിയിക്കുന്നു ഈ യുവാവ്.
ഭൂമിയെ കൊല്ലരുതേ എന്ന പേരില്‍ റാഫി തയാറാക്കിയ പരിസ്ഥിതി ബോധവല്‍ക്കരണ ലേഖന സമാഹാരം ഏറെ ശ്രദ്ധേയമാണ്. പരിസ്ഥിതി സംബന്ധിച്ചു വന്ന പത്രവാര്‍ത്തകള്‍ അടിസ്ഥാനമാക്കി പ്രകൃതിയിലെ വിവിധ പ്രതിഭാസങ്ങളെ ആധികാരികമായി അപഗ്രഥിക്കുന്നതാണു പുസ്തകം. ലോകം അവസാനത്തിലേക്ക് എന്ന രണ്ടര മണിക്കൂര്‍ നീളമുള്ള ഡോക്യുമെന്ററിയും റാഫിയുടേതായുണ്ട്. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനും അധ്വാനത്തിനും ശേഷമാണു പുസ്തകവും ഡോക്യുമെന്ററിയും തയാറാക്കിയത്. അന്തരിച്ച ഡോ. സുകുമാര്‍ അഴീക്കോട് അവസാനമായി അവതാരികയെഴുതിയ പുസ്തകങ്ങളിലൊന്നാണു ഭൂമിയെ കൊല്ലരുതേ..
മാണിയൂരിലെ പി. റംസാന്റെയും അസ്മയുടെയും മകനാണു മുഹമ്മദ് റാഫി. പാപ്പിനിശേരി ജാമിഅ അസ്അദിയ്യയില്‍ നിന്ന് അസ്അദി ബിരുദവും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു ബിഎ ബിരുദവും നേടിയ ശേഷം  കംപ്യൂട്ടര്‍ ഗ്രാഫിക്സും ഡിജിറ്റല്‍ ഡിസൈനിങ്ങും വിഡിയോ എഡിറ്റിങ്ങും പഠിച്ചാണു നവമാധ്യമങ്ങളുടെ സഹായത്തോടെ പ്രകൃതി സംരക്ഷണത്തിനിറങ്ങിയത്.

manorama environment

No comments:

Post a Comment