Tuesday, October 9, 2012

ഖാസിയാറകത്ത് മുഹമ്മദ്കുഞ്ഞി ഹാജി: തെറ്റുകളോട് കലഹിച്ച പണ്ഡിതന്‍

http://utharadesamonline.com/article_details&article_id=615 (T.A.Shafi)

(പഴയ ഒരു ലേഖനമാണ് )
പാണ്ഡിത്യത്തിന്റെ പ്രഭ ചൊരിഞ്ഞ് കാസര്‍കോടിന്റെ പരിസരങ്ങളെ പ്രകാശിതമാക്കിയ തളങ്കര ഖാസിയാറകത്ത് കുടുംബത്തില്‍ നിന്ന് ഒരു വിളക്കുകൂടി കണ്ണടച്ചു.
നാട്ടുകാരുടെ പ്രിയപ്പെട്ട കുന്‍ച്ച ഇന്ന് രാവിലെ തളങ്കര മാലിക്ദീനാര്‍ ജുമാമസ്ജിദില്‍ തിങ്ങിക്കൂടിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തി ആറടിമണ്ണിലമര്‍ന്നപ്പോള്‍ അസ്തമിച്ചത് ഒരു കാലഘട്ടത്തിനുതന്നെ തേജസായി ജ്വലിച്ച സൂര്യപ്രകാശമാണ്.


അപൂര്‍വ്വ സൌഭാഗ്യങ്ങളുടെ നടുക്കായിരുന്നു ഖാസിയാറകത്ത് മുഹമ്മദ്കുഞ്ഞി ഹാജി എന്ന ഞങ്ങളുടെ പ്രിയപ്പെട്ട കുന്‍ച്ചയുടെ ജനനവും ജീവിതവും. ഉപ്പ 38 വര്‍ഷം കാസര്‍കോട് ഖാസിയായിരുന്ന പണ്ഡിത ശ്രേഷ്ഠന്‍ ഖാസി അബ്ദുല്‍ഖാദര്‍ ഹാജി. ഉപ്പൂപ്പ പണ്ഡിതരുടെ നായകന്‍ എന്നു പേരെടുത്ത \'അഉള ഹാജിക്ക\' എന്ന ഖാസി അബ്ദുല്ല ഹാജി. ഭാര്യയാണെങ്കില്‍ ചെമ്പരിക്ക ഖാസിയായിരുന്ന സി. മുഹമ്മദ്കുഞ്ഞി മുസ്ള്യാരുടെ മകളും ഖാസി സി.എം. അബ്ദുല്ല മൌലവിയുടെ സഹോദരിയുമായ ആയിഷ ഹജ്ജുമ്മ. മകന്‍ പ്രമുഖ പണ്ഡിതനും മംഗലാപുരം-കീഴൂര്‍ ഖാസിയുമായ ത്വാഖ അഹമ്മദ് മൌലവി അല്‍ അസ്ഹരി.
ഒരു തരത്തില്‍ പറഞ്ഞാല്‍ ആരും കൊതിച്ചുപോകുന്ന ജന്മമായിരുന്നു അത്. ചുറ്റും പണ്ഡിതര്‍. മേലെയും താഴെയും പണ്ഡിതര്‍.
ആ പണ്ഡിത്യത്തിന്റെ സൌരഭ്യത്തില്‍ നല്ലജീവിതം എഴുതിത്തീര്‍ത്ത കുന്‍ച്ച തളങ്കരക്ക് ആശ്വാസം ചൊരിഞ്ഞ രോഗശുശ്രൂഷകന്‍ കൂടിയായിരുന്നു.
വയറൊന്ന് വേദനിക്കുമ്പോഴും മനസിന്റെ നിയന്ത്രണമൊന്ന് തെറ്റുമ്പോഴും നാട്ടുകാര്‍ ഓര്‍ത്തതും ഓടിച്ചെന്നതും കുന്‍ച്ചയുടെ അരികിലേക്കാണ്. അവിടെ ആശ്വാസത്തിന്റെ ഒരു തീരം അവര്‍ കണ്ടെത്തിയിരുന്നുവെന്നതാണ് നേര്. ആ സന്നിധിയില്‍ ഏത് വിഷമത്തിനും പ്രതിവിധി ഉണ്ടാവും എന്ന് നാട്ടുകാര്‍ വിശ്വസിച്ചിരുന്നുവെന്നതിനും കാലം സാക്ഷി.
തെറ്റുകളോട് വിട്ടുവീഴ്ചയില്ലാതെ പോരാടിയ കുന്‍ച്ചയുടെ പ്രകൃതം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നേരിന്റെ വഴിയില്‍ നിന്ന് ഒരിക്കലും അണുകിട തെറ്റില്ല അദ്ദേഹം. അങ്ങനെ തന്നെയായിരിക്കണം എല്ലാവരുമെന്ന നിര്‍ബന്ധബുദ്ധി കുന്‍ച്ച വെച്ചുപുലര്‍ത്തിയിരുന്നുവെന്നതിന് നിരത്താന്‍ ഉദാഹരണങ്ങള്‍ നിരവധിയുണ്ട് നാട്ടുകാര്‍ക്ക്.
ഖുര്‍ആന്‍ പാരായണത്തില്‍ അതീവ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തിയിരുന്ന കുന്‍ച്ച തജ്വീദില്‍ തനിക്കുള്ള പ്രാവീണ്യം കാലത്തിനു കാട്ടിക്കൊടുത്തിട്ടുണ്ട്. തജ്വീദ് അനുസരിച്ച് മാത്രമേ ഖുര്‍ആന്‍ പാരായണം നടത്താന്‍ പാടുള്ളൂവെന്ന് കുന്‍ച്ചക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അക്ഷരതെറ്റുകളോട് എന്നും തെറ്റിയേ അദ്ദേഹം സംസാരിക്കാറുണ്ടായിരുന്നുള്ളൂ. നിസ്കാരത്തിന് നേതൃത്വം നല്‍കുന്ന ഇമാമിനാണ് പരായാണ തെറ്റ് സംഭവിക്കുന്നതെങ്കില്‍ സലാം വീട്ടേണ്ട താമസം കുന്‍ച്ച അത് ചൂണ്ടിക്കാണിക്കുകയും തിരുത്തുകയും ചെയ്തിരിക്കും.
കുന്‍ച്ചയുടെ ഖുര്‍ആന്‍ പാരായണത്തിന് വല്ലാത്തൊരു സൌന്ദര്യമുണ്ടായിരുന്നു. ആ ശബ്ദമാധുരി കേട്ട് കാലം സായൂജ്യം പൂണ്ടത് ആര്‍ക്കും മറക്കാനാവില്ല. മാലിക്ദീനാര്‍ ഉറൂസ് വേളകളില്‍ മതപ്രഭാഷണത്തിന് മുമ്പ് കുന്‍ച്ചയുടെ ഖുര്‍ആന്‍ പാരായണം നിര്‍ബന്ധമാണെന്ന് എല്ലാവരുമങ്ങ് കൊതിച്ചുപോയത് അതുകൊണ്ടുതന്നെയാണ്. മണിക്കൂറുകളോളം അക്ഷരതെറ്റ് കൂടാതെ കൂടാതെ, മധുരമായ ശൈലിയില്‍ ഖുര്‍ആന്‍ പാരായണം നടത്തിയിരുന്ന കുന്‍ച്ചയെ കേള്‍ക്കാന്‍ നാട് ഒന്നടങ്കം ഒഴുകിയെത്തിയിരുന്നുവെന്നതാണ് സത്യം.
കവിയും തജ്വീദില്‍ അഗ്രഗണ്യനുമായിരുന്ന ടി. ഉബൈദിന്റെ കീഴില്‍ തജ്വീദും ഖുര്‍ആന്‍ പാരായണവും ശീലിച്ച കുന്‍ച്ച പിന്നീട് ടി. ഉബൈദിനെ അതിശയിപ്പിച്ചുകൊണ്ട് പാരായണത്തിലൂടെ ശ്രദ്ധേയനായതിനും കാലം സാക്ഷി. അതുകൊണ്ടുതന്നെ ടി. ഉബൈദിന് കുന്‍ച്ചയോട് വല്ലാത്ത സ്നേഹവുമായിരുന്നു.
ഖാസിലേന്‍ മദ്രസയില്‍ കുന്‍ച്ചക്ക് കീഴില്‍ ഖുര്‍ആന്‍ പാരായണം പഠിക്കാന്‍ നിരവധിപേരെത്തുമായിരുന്നു. കുന്‍ച്ചക്ക് കീഴില്‍ ഖുര്‍ആന്‍ പഠിച്ചാലേ അത് യഥാര്‍ത്ഥ പഠനമാവുകയുള്ളൂവെന്ന തിരിച്ചറിവ് നാട്ടുകാര്‍ക്കുണ്ടായിരുന്നു.
തെറ്റുകളോട് സമപ്പെട്ടുപോകാന്‍ മാത്രം ചാഞ്ചാട്ടമുള്ള ഹൃദയമായിരുന്നില്ല അദ്ദേഹത്തിന്റേത്. ആരെയും കൂസാത്ത ഒരു ശൈലി കുന്‍ച്ചയുടെ പ്രത്യേകതയായിരുന്നു. വാക്കുകളില്‍ അല്‍പം കാര്‍ക്കശ്യമുണ്ടായിരുന്നുവെന്ന് ആ സംസാരവും നോട്ടവും പലപ്പോഴും തോന്നിച്ചിരുന്നുവെങ്കിലും സ്നേഹത്തിന്റെ ലേപനം ആ കാര്‍ക്കശ്യത്തിനു പിന്നില്‍ ഒളിച്ചിരുന്നുവെന്നും ആ സ്നേഹ ലേപനത്തിന്റെ ആശ്വാസം നാട് അനുഭവിച്ചിരുന്നുവെന്നതുമാണ് യാഥാര്‍ത്ഥ്യം.
ആര്‍ഭാടങ്ങളോട് വല്ലാത്ത കലിയായിരുന്നു കുന്‍ച്ചക്ക്. ഭക്ഷണം അനാവശ്യമായി കളയാന്‍ ഒരാളെയും അനുവദിക്കുമായിരുന്നില്ല. കല്യാണ വീടുകളില്‍ കുട്ടികള്‍ക്ക് പാത്രം നിറയെ ഭക്ഷണം വിളമ്പുമ്പോള്‍ കുന്‍ച്ച ഇടപെടും. \'കഴിക്കാന്‍ കഴിയുന്നത്ര വിളമ്പിയാല്‍ പോരേ, ഭക്ഷണമാണ്, കളഞ്ഞാല്‍ ഖേദിക്കേണ്ടി വരും...\' അങ്ങനെയൊരു മുന്നറിയിപ്പും.
തളങ്കര മദ്രസാ മാനേജ്മെന്റ് അസോസിയേഷന്റെ തലപ്പത്ത് കുന്‍ച്ച പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ സംഘടനക്ക് നേരിന്റെ ഒരു ചാല് കീറിക്കൊടുത്തുകൊണ്ടാണ് അദ്ദേഹം ആ സ്ഥാനത്തിനിന്ന് ഒഴിഞ്ഞത്. രാഷ്ട്രീയത്തിലും കുന്‍ച്ച തന്റെ പ്രവര്‍ത്തനം അടയാളപ്പെടുത്തിയിട്ടുണ്ട്. മുസ്ളിംലീഗിന്റെ ഖാസിലേന്‍ വാര്‍ഡ് പ്രസിഡണ്ടായിരുന്നു. സ്ഥാനങ്ങളോടും അധികാരത്തോടും അടുക്കാന്‍ അദ്ദേഹത്തിന് ഒരിക്കലും താല്‍പര്യമുണ്ടായിരുന്നില്ല. സ്ഥാനങ്ങള്‍ ഭവ്യതയോടെ പിന്നാലെ പോയി നിന്നപ്പോഴും സ്നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു അവയെയെല്ലാം. വ്യാപാരിയായും കുന്‍ച്ച ജീവിതത്തിന്റെ ഒരു ഭാഗം ചെലവഴിച്ചിട്ടുണ്ട്. കാസര്‍കോട് ടൌണില്‍ അലൂമിനിയം പാത്രങ്ങള്‍ വില്‍ക്കുന്ന കട അദ്ദേഹം നടത്തിയിരുന്നു.
ഇന്നലെ, കുന്‍ച്ചയുടെ മരണവിവരമറിഞ്ഞ് ഖാസിലേനിലെ വീട്ടിലേക്ക് ഒഴുകിയെത്തിയ സ്ത്രീകളടക്കമുള്ള ജനസഞ്ചയം ആ പണ്ഡിതനോടുള്ള ആദരവ് തങ്ങള്‍ എത്രമാത്രം കാത്തുസൂക്ഷിച്ചിരുന്നുവെന്ന് അടയാളപ്പെടുത്തുകയായിരുന്നു. രാവേറെ വൈകിയിട്ടും ആ ഒഴുക്ക് തുടര്‍ന്നു.
നൂറ്റാണ്ട് പഴക്കമുള്ള, ഖാസിമാര്‍ വാണ, ഖാസിലേനിലെ ആ മാളിക വീടിന്റെ അകമുറിയില്‍ ജീവനറ്റ്, വെള്ളമുണ്ട് പുതച്ച് കിടക്കുമ്പോഴും ഉദിച്ചുനില്‍ക്കുന്ന നിലാവ് കണക്കെ പ്രകാശിക്കുന്നുണ്ടായിരുന്നു കുന്‍ച്ചയുടെ മുഖം. കാലത്തെ നേര്‍വഴിയിലേക്ക് നയിച്ച ഒരു വാദ്യാരുടെ സംതൃപ്ത ജീവിതത്തിന്റെ അടയാളമാണ് മുഖത്തെ ആ പ്രഭയെന്ന് എന്റെ മനസ് മന്ത്രിച്ചു.
ഇന്ന് രാവിലെ മാലിക്ദീനാര്‍ ജുമാമസ്ജിദ് മയ്യത്ത് നിസ്കാരത്തിന് എത്തിയവരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞ കാഴ്ചയും കുന്‍ച്ചയെ നാട് എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നതിന്റെ മറ്റൊരു തെളിവായി. മയ്യത്ത് നിസ്കാരം കഴിഞ്ഞിട്ടും ആളുകള്‍ പള്ളിയിലേക്കൊഴുകുന്നുണ്ടായിരുന്നു. അവസാനമായി ആ പണ്ഡിത ശ്രേഷ്ഠനെ ഒരുവട്ടം കൂടി കാണാന്‍ കൊതിച്ച്.

No comments:

Post a Comment