Wednesday, October 31, 2012

സി.കോയക്കുട്ടി മുസ്ലിയാര്‍ സമസ്ത പ്രസിഡണ്ട്

 സമസ്തയുടെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ആനക്കര സി.കോയക്കുട്ടി മുസ്ലിയാര്‍ കേരളത്തിലെ പള്ളിദര്സുകള്‍ ജന്മം നല്‍കിയ മറ്റൊരു പണ്ഡിതപ്രതിഭയാണ്. ഭൌതികതയുടെ ഭ്രമങ്ങള്‍ തൊട്ടുതീണ്ടാതെ നേരിന്റെ പക്ഷത്ത് നിലയുറപ്പിച്ച ഒരു ജീവിതം. സ്വാതികമാണാ നടത്തം പോലും.
1934 ചോലായില്‍ ഹസൈനാരുടെയും ആലത്തില്‍ ഫാത്വിമയുടെയും മകനായിട്ടാണ് പാലക്കാട് ജില്ലയിലെ ആനക്കരയില്‍ ജനിക്കുന്നത്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിശും സഹോദരനുമായിരുന്ന സി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സിലായരുന്നു കിതാബോതി തുടങ്ങിയത്. കടുപ്രം മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്ന് ഓത്ത് തുടര്‍ന്ന ഉസ്താദ് പിന്നെ ചേരുന്നത് കണ്ണിയത്ത് ഉസ്താദിന്റെ ദര്‍സിലാണ്. കരിങ്ങനാട് കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍, കെകെ.അബൂബക്കര്‍ ഹസ്രത്ത്, ഒ.കെ.സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരാണ് മറ്റു ഉസ്താദുമാര്‍.
കണ്ണിയത്ത് ഉസ്താദിന് ശിഷ്യനായ കോയക്കുട്ടി ഉസ്താദിനോട് വലിയ സ്‌നേഹമായിരുന്നു. ഇടക്ക് വീട്ടില്‍ പോവുമ്പോള്‍ കൂടെ കൂട്ടിയിരുന്നത് ഉസ്താദിനെയായിരുന്നു. കണ്ണിയത്ത് ഉസ്താദ് പൊന്നാനിയിലെ ദര്‍സ് അവസാനിപ്പിച്ചപ്പോള്‍ ശിഷ്യനോട് പറഞ്ഞു: ‘നീ എന്റെ വീട്ടില് നിന്നോ, നിനക്ക് ഞാന്‍ ഓതിത്തരാം’. അത്രമേലായിരുന്നു ഉസ്താദുമായുള്ള ബന്ധം.
കുഴിപ്പുറത്ത് ഓ.കെ സൈനുദ്ദീന്‍ മുസ്ലിയാരുടെ ദര്‍സില് ഓതിക്കൊണ്ടിരിക്കെ ഒഴിവുസമയങ്ങളില്‍ വഅദ് പറഞ്ഞാണ് ബാഖിയാത്തിലേക്ക് പോകാനുള്ള പണം സമ്പാദിക്കുന്നത്. അങ്ങനെ വെല്ലൂരിലേക്ക് ഉപരിപഠനത്തിന് പോയി. ശൈഖ് ഹസന്‍ ഹസ്രത്ത്, ആദം ഹസ്രത്ത് തുടങ്ങിയവരാണ് ബാഖിയാത്തിലെ പ്രധാന അധ്യാപകര്‍‍.
ബാഖിയാത്തിലെ പഠനം കഴിഞ്ഞ് തിരിച്ചുവന്നത് തിരൂരങ്ങാടി ജുമുഅത്ത് പള്ളിയില്‍ മുദരിസാകാനായിരുന്നു. അക്കാലത്ത്  അന്യദേശക്കാരായ 75 വിദ്യാര്‍ഥികളുണ്ടായിരുന്നു അവിടെ. കുറച്ച് കാലത്തെ സേവനത്തിന് ശേഷം അവിടം വിട്ടു. പിന്നെ നന്നമ്പ്ര, കൊയിലാണ്ടി, അരീക്കോട്, മൈത്ര, വാണിയന്നൂര്‍, പൊന്മുണ്ടം, എടക്കുളം, കൊടിഞ്ഞി തുടങ്ങി വിവിധ പള്ളികളില്‍ ദര്‍സു നടത്തി. നിരവധി ശിഷ്യഗണങ്ങള്‍ ആ ദര്‍സിലിരുന്നു മതത്തിന്റെ മര്‍മമറിഞ്ഞു. അല്ലാഹുവിന്റെ മാര്‍ഗവും തൃപ്തിയുമായിരുന്നു അരനൂറ്റാണ്ടിലേറെ കാലം ഉസ്താദിനെ ദര്‍സ് രംഗത്ത് ഉറപ്പിച്ചു നിര്‍ത്തിയത്. അതിനു ശേഷം കാരത്തൂര്‍ ജാമിഅ ബദരിയ്യയില്‍ പ്രിന്‍സിപ്പളായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1988 ലാണ് സമസ്തയുടെ മുശാവറയില് അംഗമാകുന്നത്. 2001 ല്‍ സമസ്തയുടെ വൈസ് പ്രസിഡണ്ടു സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ആനക്കരയടക്കം പത്തോളം മഹല്ലുകളുടെ ഖാദിയാണ്. കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന ദുആസമ്മേളനങ്ങളില്‍ ഉസ്താദിന്റെ സാന്നിധ്യം കാണാം.
സമസ്ത പാലക്കാട് ജില്ലാകമ്മിറ്റി പ്രസിഡണ്ട്,  മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട്, സമസ്ത പരീക്ഷ ബോഡിലെയും വിദ്യാഭ്യാസ ബോഡിലെയും അംഗം തുടങ്ങി നിരവധി പദവികള്‍ വഹിക്കുന്നു.
കാവുമ്പുറം കുഞ്ഞു ഹൈദര്‍ മുസ്ലിയാരുടെ മകള്‍ ഫാതിമയാണ് ഭാര്യ. അഞ്ചു ആണ്‍മക്കളും രണ്ടു പെണ്‍മക്കളുമുണ്ട്.
http://www.islamonweb.net/article/2012/10/13143/

No comments:

Post a Comment