Wednesday, February 2, 2011

തരിശു നിലങ്ങളില്‍ പുന്തോട്ടം തീര്‍ത്ത സി.എം. അബ്‌ദുല്ല മൗലവി

തരിശു നിലങ്ങളില്‍ പുന്തോട്ടം തീര്‍ത്ത സി.എം. അബ്‌ദുല്ല മൗലവി
റഹ്മാന്‍ തായലങ്ങാടി (kasaragodvartha)
പുതിയ ആശയങ്ങള്‍ തേടി സഞ്ചരിക്കുന്ന പണ്ഡിതന്‍ എന്ന നിലയിലാണ്‌ ഞാനാദ്യമായി സി.എം. അബ്‌ദുല്ല മൗലവിയെ പരിചയപ്പെടുന്നത്‌. അതിനുമുമ്പേ പ്രശസ്‌തനായ ചെമ്പിരിക്ക ഖാസിയുടെ മകന്‍ എന്ന നിലയിലുള്ള കേട്ടറിവുണ്ടായിരുന്നു. ഒരു വൈകുന്നേരം കോഴിക്കോട്‌ `ചന്ദ്രിക’യില്‍ ജോലിത്തിരക്കിനിടയിലായിരുന്ന അവസരത്തിലാണ്‌ പ്യൂണ്‍ മുഹമ്മദ്‌കോയ വന്ന്‌ നിങ്ങളെ കാണാന്‍ നാട്ടില്‍ നിന്ന്‌ കുറച്ചു മൗലവിമാര്‍ വന്നിട്ടുണ്ടെന്നറിയിക്കുന്നത്‌. സന്ദര്‍ശകമുറിയില്‍ ചെന്നു നോക്കിയപ്പോള്‍ അത്ഭുതപ്പെട്ടുപോയി. സി.എം. അബ്‌ദുല്ല മൗലവിയും മറ്റു ചിലരുമായിരുന്നു അവിടെ. ഞാനവരെ എഡിറ്റര്‍ വി.സി. അബൂബക്കറിന്റെ മുറിയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി പരിചയപ്പെടുത്തി. അവര്‍ ഒന്നരമണിക്കൂറിലധികം വി.സിയുമായി സംസാരിച്ചു.

എഴുപതുകളുടെ അവസാനമാണിത്‌. സി.എം. അബ്‌ദുല്ല മൗലവിയും സംഘവും തിരിച്ചുപോയി കുറേ കഴിഞ്ഞു ഞാന്‍ എഡിറ്ററുടെ മുറിയില്‍ ചെന്നപ്പോള്‍ ഞങ്ങള്‍ പോക്കര്‍ സാഹിബ്‌ എന്നുവിളിച്ചിരുന്ന വി.സി. അബൂബക്കര്‍ പറഞ്ഞു: `നിന്റെ ആ ചെമ്പിരിക്ക ഖാസി കണ്ടതുപോലെയൊന്നുമല്ല. ഇംഗ്ലീഷിലും ഉര്‍ദുവിലും ഗോളശാസ്‌ത്രത്തിലുമൊക്കെ നല്ല അവഗാഹമുണ്ട്‌. നമുക്കദ്ദേഹത്തെ പ്രയോജനപ്പെടുത്തണം’.

ചെറിയ സമയം കൊണ്ട്‌ സി.എം. സഞ്ചരിച്ചത്‌ വലിയ കാര്യങ്ങളായിരുന്നു. കുറഞ്ഞ വാക്കുകള്‍ കൊണ്ട്‌ വലിയ ആശയങ്ങളെ അനാവരണം ചെയ്യാനുള്ള അനന്യസാധാരണമായ കഴിവ്‌ അദ്ദേഹത്തിനുണ്ടായിരുന്നു. അത്‌ ആരെയും പെട്ടെന്ന്‌ ആകര്‍ഷിക്കുന്നതുമായിരുന്നു.

പിന്നീട്‌ ഇടയ്‌ക്കൊന്നുരണ്ടുതവണ ഫോണില്‍ സംസാരിച്ചുവെന്നതൊഴിച്ചാല്‍ ആ ബന്ധം ഗാഢമായിത്തീരാനുള്ള സന്ദര്‍ഭങ്ങള്‍ ഒന്നുമുണ്ടായില്ല. സുന്നി വിഭാഗങ്ങള്‍ക്കിടയില്‍ ഉരുത്തിരിഞ്ഞുവന്ന ചേരിതിരിവ്‌ മതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബാധിച്ചുതുടങ്ങി. മനസ്സുകളുടെ ഐക്യം ശിഥിലമാകുന്നുവെന്ന്‌ തോന്നിത്തുടങ്ങിയപ്പോഴാണ്‌ ചട്ടഞ്ചാലില്‍ മലബാര്‍ ഇസ്ലാമിക്‌ കോംപ്ലക്‌സ്‌ എന്ന ആശയം ഉണ്ടാകുന്നത്‌. വരണ്ടുണങ്ങിക്കിടന്ന ഒരു തരിശുനിലത്തിന്‌ മാഹിനാബാദ്‌ എന്നു പേരിടുകയും അവിടെ മത-ഭൗതിക വിദ്യാഭ്യാസങ്ങള്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന ഒരു വിജ്ഞാനപൂന്തോട്ടം യാഥാര്‍ത്ഥ്യമാക്കുകയും ചെയ്‌തതിനു പിന്നില്‍ സി.എം. അബ്‌ദുല്ല മൗലവിയുടെ തളരാത്ത പ്രവര്‍ത്തനമുണ്ടായിരുന്നു.

ഇത്‌ പുതിയ സി.എം. അബ്‌ദുല്ല മൗലവി. അതിനും മുമ്പ്‌ തളങ്കര മുസ്‌ലിം ഹൈസ്‌കൂളില്‍ അന്‍പതുകളില്‍ എസ്‌.എസ്‌.എല്‍.സിക്കു പഠിക്കുന്ന മിടുക്കനും സുമുഖനുമായ സി.എമ്മിന്റെ ഒരു ചിത്രം ചിലര്‍ വരച്ചുതന്നപ്പോള്‍ അത്ഭുതപ്പെട്ടുപോയി. ഇംഗ്ലീഷിനോടും ഉറുദുവിനോടും ചരിത്രത്തോടും വലിയ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥി. ഖാസിയുടെ മകനായതുകൊണ്ട്‌ സഹപാഠികള്‍ക്കും ആ വിദ്യാര്‍ത്ഥിയെ വലിയ കാര്യമായിരുന്നു. അധ്യാപകര്‍ ഈ കുട്ടി പഠിച്ചുപഠിച്ച്‌ ഉന്നതമായ പരീക്ഷകള്‍ പാസായി വലിയ ഉദ്യോഗതലങ്ങളിലെത്തുമെന്ന്‌ സ്വപ്‌നം കണ്ടു. എന്നാല്‍ ഖാസി മുഹമ്മദ്‌കുഞ്ഞി മുസ്‌ലിയാര്‍ മകനെ മതപഠനത്തിനയക്കാനാണ്‌ താത്‌പര്യപ്പെട്ടത്‌. അത്‌ ശരിക്കും ഒരു നിയോഗമായിരുന്നു.

മതപഠനകാലത്തും അദ്ദേഹം വായന ഉപേക്ഷിച്ചില്ല. ആകാശനീലിമകള്‍ക്കുമപ്പുറം അനന്തകോടി നക്ഷത്രങ്ങളും ഗോളങ്ങളും ആ യുവാവിന്റെ ക്യൂരിയോസിറ്റിയെ തട്ടിയുണര്‍ത്തി. അവയില്‍ കവിതകള്‍ കാണുന്നതിനപ്പുറം ഗോളരഹസ്യങ്ങള്‍ കണ്ടെത്താനാണ്‌ സി.എം. താത്‌പര്യം കാണിച്ചത്‌. അതിനുവേണ്ടി പുതിയ വിജ്ഞാനതീരങ്ങള്‍ തേടി അദ്ദേഹം സഞ്ചരിച്ചു. ഗോളശാസ്‌ത്രഗ്രന്ഥങ്ങള്‍ അന്വേഷിച്ചുനടന്നു.

രാത്രിയുടെ യാമങ്ങളില്‍ തെളിഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങള്‍ നോക്കി മണിക്കൂറുകള്‍ ചെലവഴിച്ചു. അക്കാലത്ത്‌ ഗോളശാസ്‌ത്രത്തില്‍ അവഗാഹം നേടിയിരുന്ന യു.കെ. ആറ്റക്കോയ തങ്ങള്‍ എന്ന മഹാപണ്ഡിതന്റെ ശിഷ്യത്വം സ്വീകരിച്ചു. അന്ന്‌ നെല്ലിക്കുന്നില്‍ ദര്‍സ്‌ നടത്തുകയായിരുന്നു ആറ്റക്കോയ തങ്ങള്‍. ഗോളശാസ്‌ത്രം പഠിക്കുന്നതിനു പകരമായി കുട്ടികളെ സി.എം. അബ്‌ദുല്ല മൗലവി കിത്താബ്‌ പഠിപ്പിച്ചു. ആറ്റക്കോയ തങ്ങളുടെ ശേഖരത്തിലുണ്ടായിരുന്ന മുഴുവന്‍ ഗോള-ഗണിതശാസ്‌ത്രഗ്രന്ഥങ്ങളും ഹൃദിസ്ഥമാക്കാന്‍ ആ സമയം അദ്ദേഹം പ്രയോജനപ്പെടുത്തി.

തുടര്‍ന്നാണ്‌ മതവിജ്ഞാനത്തിന്റെ മഹാസമുദ്രം തേടി വെല്ലൂരിലെ ബാഖിയാത്തുസ്വാലിഹാത്തിലേക്കുള്ള യാത്ര. ജ്ഞാനതപസ്യയുടെ പുതിയൊരു ഘട്ടമായിരുന്നു അത്‌. എല്ലാവരും മതവിജ്ഞാനം കോരിക്കുടിക്കുമ്പോഴും സി.എം. അബ്‌ദുല്ല മൗലവി ചിന്തിച്ചത്‌ ഇതുപോലൊരു വലിയ മതവിജ്ഞാനകേന്ദ്രം എന്തുകൊണ്ട്‌ എന്റെ ജന്മനാട്ടിലും ആയിക്കൂടാ എന്നായിരുന്നു. വെല്ലൂരില്‍നിന്ന്‌ ബിരുദവുമായി പുറത്തിറങ്ങിയശേഷം ഒറവങ്കരയിലും എട്ടിക്കുളത്തും മാടായിയിലും പുതിയങ്ങാടിയിലുമൊക്കെ ദര്‍സ്‌ നടത്തിയപ്പോഴും സി.എമ്മിന്റെ മനസ്സുനിറയെ പഴയ ആശങ്ങള്‍ തന്നെയായിരുന്നു. 1973 ഡിസംബര്‍ 13ന്‌ പിതാവ്‌ ഖാസി മുഹമ്മദ്‌കുഞ്ഞി മുസ്‌ലിയാര്‍ മരണപ്പെട്ടപ്പോള്‍ ചെമ്പിരിക്ക ഖാസിയുടെ മഹനീയ പാരമ്പര്യം കെടാതെ സൂക്ഷിക്കുന്നതിന്‌ ഖാസിസ്ഥാനം മകന്‍ സി.എം. അബ്‌ദുല്ല മൗലവിയെ ഏല്‍പിക്കുകയായിരുന്നു. അതോടെ താന്‍ ചിരകാലം മനസ്സില്‍ കൊണ്ടുനടന്ന സ്വപ്‌നങ്ങള്‍ക്ക്‌ കൂടുതല്‍ തെളിച്ചം വന്നു തുടങ്ങി എന്നുവേണം കരുതാന്‍.

മതപ്രസംഗങ്ങളിലും ദര്‍സുകളിലും തീര്‍ന്നുപോകുന്ന ആത്മീയ ജ്ഞാനപ്രകാശത്തിനുമപ്പുറം സി.എം. അബ്‌ദുല്ല മൗലവി ഗ്രന്ഥരചനയുടെ മേഖലകളില്‍കൂടി വ്യാപൃതനായി. തന്റെ കാലം കഴിഞ്ഞാലും ഗ്രന്ഥങ്ങള്‍ ചിരകാലം ബാക്കിനില്‍ക്കുമെന്ന്‌ അദ്ദേഹത്തിനറിയാമായിരുന്നു. ഇനിയും വളരെക്കാലം അദ്ദേഹം രചിച്ച ഗ്രന്ഥങ്ങള്‍ പാഠപുസ്‌തകങ്ങളായും റഫറന്‍സ്‌ ഗ്രന്ഥങ്ങളായും നിലനില്‍ക്കുകതന്നെ ചെയ്യും. അക്ഷരങ്ങള്‍ക്ക്‌ മരണമില്ലെന്ന്‌ ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കും.

സി.എം. അബ്‌ദുല്ല മൗലവി അവസാനമായി പ്രസിദ്ധീകരിച്ച കൃതി `ബുര്‍ദ’യുടെ തര്‍ജ്ജമയായിരുന്നു. മരണശേഷം ?`ബുര്‍ദ’യുടെ കയ്യെഴുത്തു പ്രതി ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള ശ്രമമുണ്ടായപ്പോള്‍ നൊന്തത്‌ ആയിരങ്ങളുടെ മനസ്സായിരുന്നു. എങ്ങിനെ ദുരൂഹമായ നൂറുനൂറു ചോദ്യങ്ങള്‍ ബാക്കിവെച്ച്‌ അദ്ദേഹം മരണത്തിന്റെ കാണാകയങ്ങളിലെത്തി എന്നത്‌ സി.ബി.ഐയുടെ അന്വേഷണത്തിലായതുകൊണ്ട്‌ സത്യം ഒരുനാള്‍ തെളിയാതിരിക്കില്ല എന്ന വിശ്വാസമാണ്‌ ജനങ്ങളുടെ പ്രതീക്ഷ. എങ്കിലും തരളമായ ഓര്‍മ്മകളില്‍ ജ്വലിച്ചുനില്‍ക്കുന്ന നന്മകളെ എക്കാലത്തും ഹൃദയത്തോട്‌ ചേര്‍ത്ത്‌ വെക്കപ്പെടുകതന്നെ ചെയ്യും. പുതിയൊരു പ്രഭാതത്തിനായി കാത്തിരിക്കുന്നവര്‍ക്കായി സി.എം. അബ്‌ദുല്ല മൗലവി കത്തിച്ചുവെച്ച പ്രകാശം പൊലിഞ്ഞിട്ടില്ല. ആ നക്ഷത്രവഴി പിന്തുടരാന്‍ ബാക്കിവെച്ച സ്വപ്‌നങ്ങള്‍ പൂര്‍ണമാക്കാന്‍ പുറകെ വരുന്നവര്‍ക്ക്‌ ത്രാണിയുണ്ടാകട്ടെ.



No comments:

Post a Comment