Tuesday, February 15, 2011

തിരുനബി മനുഷ്യസമ്പൂര്‍ണതയുടെ പരമരൂപം

മുട്ടാണിശ്ശേരില്‍ എം. കോയാക്കുട്ടി
നബി തിരുമേനിയുടെ ജീവിതത്തെ സംബന്ധിച്ച് പഠനം നടത്തിയ എല്ലാ ചിന്തകന്മാരും ആ വ്യക്തിത്വത്തെ ഒരു ചരിത്രപുരുഷന്‍ എന്ന നിലയിലാണ് എടുത്തുകാട്ടിയിട്ടുള്ളത്. നബി തിരുമേനിയുടെ ജനനം, പ്രവാചകത്വലബ്ധിക്കുമുമ്പുള്ള 40 വര്‍ഷത്തെ ജീവിതം, തുടര്‍ന്ന് 13 വര്‍ഷക്കാലത്തെ ക്ലേശകരമായ മതപ്രചാരണം, അതില്‍ നേരിടേണ്ടി വന്ന എതിര്‍പ്പ്, ഒടുവില്‍ പ്രാണരക്ഷാര്‍ഥം മക്കയില്‍നിന്ന് അഭയാര്‍ഥിയായി മദീനയില്‍ എത്തിയത്, മദീനയിലെ യഹൂദ ഗോത്രങ്ങളുമായി ഉണ്ടാക്കിയ ചാര്‍ട്ടര്‍, മദീനയില്‍വെച്ച് ഒരു സംഘടിത സ്‌റ്റേറ്റ് രൂപംകൊണ്ടുവരുന്നതിന്റെ ആമുഖമായി നബി തിരുമേനിക്ക് നേരിടേണ്ടിവന്ന യുദ്ധങ്ങള്‍, അവസാനം മക്കാ വിജയം, മക്കാ പൗരന്മാര്‍ക്ക് മുഴുവന്‍ മാപ്പുനല്‍കി ഇസ്‌ലാമിക സാഹോദര്യം എങ്ങനെയെന്ന് നബി തിരുമേനി മാതൃക കാട്ടിയത്, തുടര്‍ന്ന് ഒരുലക്ഷത്തോളം അനുയായികളോടൊപ്പം തിരുമേനിയുടെ വിടവാങ്ങല്‍ ഹജ്ജ്, അതില്‍ തിരുമേനി നടത്തിയ പ്രസിദ്ധമായ പ്രഭാഷണം, അതുകഴിഞ്ഞ് 81ാമത്തെ ദിവസത്തില്‍ എട്ടുദിവസത്തെ രോഗാവസ്ഥക്കുശേഷം സമാധാനപരമായ മരണം -ഈ വസ്തുതകളൊക്കെ സവിസ്തരം രേഖപ്പെടുത്തി കൂടുതല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് മിഴിവും ആകര്‍ഷണീയതയും നല്‍കിയ ഒരു മഹാവ്യക്തിയുടെ ചരിത്രം വേണ്ടവണ്ണം പ്രചാരത്തിലുണ്ട്. എന്നാല്‍, നബി തിരുമേനിയുടെ ഏറ്റവും വലിയ പ്രത്യേകത 'ദൈവ നിയുക്തനായ പ്രവാചകന്‍' എന്ന പദവിയാണ്. പ്രവാചകന്മാര്‍ പിന്നീടാരും വന്നിട്ടുമില്ല. ഇനി പ്രവാചകന്മാര്‍ ഇല്ലായെന്ന് നബി തിരുമേനി പ്രസ്താവിച്ചിട്ടുമുണ്ട്. ആ അര്‍ഥത്തില്‍ അന്ത്യപ്രവാചകന്‍ എന്ന സ്ഥാനം ആധുനിക കാലഘട്ടത്തിന്റെ പ്രവണതകളുടെ വെളിച്ചത്തില്‍ പ്രത്യേക പഠനം അര്‍ഹിക്കുന്നില്ലേ? നിശ്ചയമായും ഉണ്ട്. പ്രവാചകത്വം എന്താണ്. അതിന്റെ പ്രസക്തി എന്താണ്. ശാസ്ത്രീയമായ വിവിധ രംഗങ്ങളില്‍ വലിയ കണ്ടെത്തലുകള്‍ നടക്കുന്ന ഇന്നത്തെ അന്തരീക്ഷത്തില്‍ പ്രവാചകത്വത്തിന് വല്ല സ്ഥാനവും കല്‍പിക്കപ്പെടാന്‍ കഴിയുമോ. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ പ്രവാചകത്വത്തിന്റെ ആത്യന്തിക ലക്ഷ്യവും അനുപേക്ഷണീയതയും എന്താണ്. ഈ വഴിക്ക് ഏറെ പണ്ഡിതന്മാര്‍ കാല്‍വെച്ചതായി നമുക്ക് കാണാന്‍ കഴിയുന്നില്ല. വിരലിലെണ്ണാന്‍ വേണ്ടി ഒന്നോ രണ്ടോ ആളുകള്‍ മാത്രമേ നമ്മുടെ അറിവില്‍ വന്നുനില്‍ക്കുന്നുള്ളൂ.
ഇബ്‌നു ഖല്‍ദൂന്‍ അദ്ദേഹത്തിന്റെ പ്രശസ്തമായ മുഖദ്ദിമയില്‍ സവിസ്തരം പ്രവാചകത്വത്തിന്റെ ശാസ്ത്രീയവശം എടുത്തുകാട്ടുന്നുണ്ട്. അതിന്റെ ആഴതലങ്ങള്‍ അസാമാന്യമായ അവഗാഹത്തോടെ അദ്ദേഹം നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നു. മനുഷ്യസത്ത അല്ലെങ്കില്‍ ബോധതലം നാല് മേഖലകള്‍ പ്രകടിപ്പിക്കുന്നുണ്ട്. ബോധതലം, സ്വപ്‌നതലം, മരണാനന്തരതലം, പ്രവാചകത്വതലം -ചുരുക്കിപ്പറയട്ടെ, മനുഷ്യസത്തയുടെ വളര്‍ച്ചയുടെ അവസാന പടിയില്‍ നില്‍ക്കുന്ന വ്യക്തിയാണ് ഒരു പ്രവാചകന്‍. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മനുഷ്യസത്തയുടെ വളര്‍ച്ചയില്‍ അതിന്റെ അടുത്തഘട്ടം എടുത്തുകാട്ടുന്ന സ്ഥിതിവിശേഷമാണ് പ്രവാചകത്വ തലം ഒരുക്കുന്നത്. ഇബ്‌നു ഖല്‍ദൂന്‍ പറയുന്നു- അക്കാരണത്താല്‍ ആ അടുത്ത തലത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളുകയും മാനുഷികത എന്ന സ്ഥിതിയില്‍നിന്ന് സമ്പൂര്‍ണമായി വിട്ടുമാറി മാലാഖത്വത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യാന്‍ കഴിയുന്ന ഒരു വ്യക്തിയാണ് പ്രവാചകന്‍. മനുഷ്യന്റെ വളര്‍ച്ചയുടെ ഇപ്പോഴുള്ള കുറവുകളെല്ലാം ആ മാറ്റത്തിലൂടെ പരിഹരിക്കപ്പെടുന്നു. ഇന്നുള്ള കുറവുകളായ മരണം, ദുഃഖം, വേദന, രോഗം തുടങ്ങിയ എല്ലാ അപൂര്‍ണതകളും പരിഹരിക്കപ്പെട്ട സമ്പൂര്‍ണ ജീവിതാനുഭവമാണ് പ്രവാചകത്വം കുറിക്കുന്നത്.
ഉയര്‍ന്ന സൂഫിവര്യന്മാരുമായി താരതമ്യപ്പെടുത്തിക്കൊണ്ട് പ്രവാചകനെ ഇഖ്ബാല്‍ വിലയിരുത്തുന്നത് ഖാജാ അബ്ദുല്‍ ഖുദ്ദൂസ് ഗംഗോഹിയുടെ ഒരു വാക്യത്തിലൂടെയാണ്. 'അറേബ്യയിലെ മുഹമ്മദ് (സ) ഏഴാകാശങ്ങളും കടന്ന് ഈശ്വരസന്നിധിയില്‍ എത്തി മടങ്ങിവന്നു. ഞാനായിരുന്നു അവിടെ എത്തിയിരുന്നതെങ്കില്‍ അല്ലാഹുവാണ് സത്യം ഞാന്‍ മടങ്ങിവരുകയേ ഇല്ലായിരുന്നു.' ഈ വിധത്തില്‍ അതീവ ഗഹനമായ അനേകം ഭാവങ്ങള്‍ ഇസ്‌ലാം അവതരിപ്പിക്കുന്ന പ്രവാചകത്വത്തില്‍ അന്തര്‍ലീനമായി കിടക്കുന്നു. ബുദ്ധിജീവികള്‍ അതിലേക്ക് ശ്രദ്ധകൊടുക്കുന്നതായി കാണുന്നില്ലായെന്നത് ഒരു ദുഃഖസത്യം മാത്രം.
സമ്പൂര്‍ണ ജീവിതം പ്രതിനിധാനം ചെയ്യുന്ന നിത്യസായുജ്യത്തിന്റെ സന്ദേശം കാലേകൂട്ടി ഈ ലോകത്ത് ജീവിക്കുന്ന മനുഷ്യര്‍ക്കായി അറിയിക്കുകയും കാണിച്ചുതരുകയും ചെയ്യുന്ന പ്രകൃതിപരമായ ഒരു വളര്‍ച്ചാഘട്ടമാണ് പ്രവാചകന്‍. ഭാഗ്യമെന്ന് പറയട്ടെ, പ്രവാചകന്റെ ജീവിതത്തിന്റെ എല്ലാ ഭാവങ്ങളെയും എല്ലാ വസ്തുതകളെയും എല്ലാ പ്രതിഭാസങ്ങളെയുംപറ്റി തിരുമേനിയോടുതന്നെ സ്വഹാബികള്‍ ചോദിച്ചിട്ടുണ്ട്. അവ രേഖപ്പെടുത്തിയിട്ടുമുണ്ട്. അത് തലമുറ തലമുറകളായി പഠിച്ചിട്ടുണ്ട്. എന്നിരുന്നാലും ആധുനിക ശാസ്ത്രയുഗത്തില്‍ ഇനിയും അനവധി നൂതന ആശയങ്ങള്‍ പ്രവാചകന്റെ വാക്കുകളിലും പ്രവൃത്തികളിലുംനിന്ന് വേണ്ടുവോളം നമ്മള്‍ക്ക് നേടിയെടുക്കാന്‍ കഴിയും.
ഈ അതുല്യ വ്യക്തിത്വത്തിന്റെ പ്രാധാന്യം വളരെ വ്യാപ്തിയുള്ള വസ്തുതയാണെന്ന് മുകളില്‍ കൊടുത്ത സൂചനകളില്‍നിന്ന് മനസ്സിലാകുമല്ലോ. അതിനാല്‍, ആ വ്യക്തിയെ അനുസ്മരിക്കുന്ന അവസരങ്ങള്‍ അതിന്റെ അര്‍ഹമായ പ്രാധാന്യത്തോടെ എടുക്കുകതന്നെ വേണം. ആഘോഷിക്കുകയെന്നതല്ല ലക്ഷ്യം, മറിച്ച് നമ്മള്‍ക്കും മറ്റുള്ളവര്‍ക്കും അറിയിച്ചുകൊടുക്കുകയെന്ന പ്രധാന ലക്ഷ്യത്തെ ഇത്തരം അനുസ്മരണങ്ങള്‍ വേണ്ടത്ര സഹായിക്കുന്നുണ്ട്. അതുകൊണ്ട് നബിദിനം ഒരു പുതിയ ചടങ്ങാണ് എന്നുപറഞ്ഞ് മുഖംതിരിച്ച് നില്‍ക്കുന്നതില്‍ അര്‍ഥമില്ല. മതത്തിനുള്ളില്‍ സാഹോദര്യവും ഐക്യവും സ്ഥാപിക്കാനും വിള്ളലുകള്‍ അടച്ച് മുന്നേറാനും വളരെ സഹായിക്കുന്ന ഒരു സുപ്രധാന സംഭവമാണ് മുസ്‌ലിം സമൂഹം ആചരിക്കുന്ന നബിദിനമെന്ന കാര്യത്തില്‍ സംശയത്തിന് ഒരു സ്ഥാനവുമില്ല. എന്നാല്‍, ആഘോഷങ്ങള്‍ക്കുള്ള യഥാര്‍ഥ ലക്ഷ്യം എന്താണെന്ന് മനസ്സിലാക്കാതെ വ്യതിചലനം സംഭവിക്കുന്നത് വിപരീതഫലം ഉളവാക്കും. അതിനാല്‍, എന്തുമാത്രം കരുതലും ജാഗ്രതയും നബിദിന സമ്മേളനങ്ങള്‍ വിജയിപ്പിക്കാന്‍ നാം കൈക്കൊള്ളുന്നോ അതിനേക്കാള്‍ അതിന്റെ ലക്ഷ്യംതെറ്റാതെ സൂക്ഷിക്കേണ്ടതും ജാഗ്രത പുലര്‍ത്തേണ്ടതും ആവശ്യമാണ്.
(കേട്ടെഴുത്ത് -വാഹിദ് കറ്റാനം
http://www.madhyamam.com/news/47880/110214

No comments:

Post a Comment