Thursday, February 17, 2011

മുഹമ്മദ് (സ): ജനനവും ജീവിതവും സന്ദേശമാക്കിയ നായകന്‍

മുഹമ്മദ് (സ): ജനനവും ജീവിതവും സന്ദേശമാക്കിയ നായകന്‍
ഡോ. അബ്ദുറഹ്മാന്‍ മുസ്തഫ അല്‍ ജറര്‍റാര്‍
അഡ്മിനിസ്ട്രേറ്റീവ് ഉപദേഷ്ടാവ്, ദുബൈ ഔഖാഫ്
ലോകം മുഴുക്കെ വെളിച്ചം പരത്തിയ മഹാനായ പ്രവാചകന്റെ മധുരതരമായ ഓര്‍മകളുമായി ലോകമൊട്ടുക്കും വിശ്വാസി സമൂഹം ആഘോഷത്തിമര്‍പ്പിലാണ്. "ജാഹിലിയ്യത്ത്' ഇരുള്‍ പരത്തിയ സമൂഹത്തില്‍ തിരുപ്പിറവി പുതിയ ഉദയത്തിന്‍െറ നാന്ദിയായിരുന്നു, മനുഷ്യചരിത്രത്തിന് പുതിയ യുഗത്തിന്‍െറ ആമുഖവും. പ്രവാചകരുടെ ആഗമമാണ് ഇസ്ലാമിക സമൂഹത്തിന്‍െറ ഉദയം കുറിച്ചത്.
ഈ സമൂഹം എന്നൊക്കെ ഋജുവായ പാതയിലായിരുന്നോ അന്നൊക്കെ ചക്രവാളങ്ങള്‍ അതിനു വഴിപ്പെട്ടുവെന്നത് ചരിത്രം. സമത്വവും നീതിയും വെളിച്ചവും പകര്‍ന്നു നല്‍കിയവര്‍ പിന്നീട് ലോകത്തിന്‍െറ നായകരായി, തലമുറകളുടെ ഗുരുക്കന്‍മാരും.
എന്നാല്‍, കാലങ്ങള്‍ കഴിഞ്ഞ് ഉത്തമ സമൂഹം നേര്‍വഴി വിട്ടു സഞ്ചരിച്ചതോടെ കാറ്റത്തു ഒഴുകിപ്പോകുന്ന ധൂളിക്കു സമാനരായി ലോകം അവരെ ചവിട്ടിമെതിച്ചു. ഭക്ഷണത്തളികക്കു ചുറ്റും ആര്‍ത്തിപൂണ്ട കരങ്ങളെന്ന പോലെ ശത്രുക്കള്‍ ഒറ്റക്കെട്ടായി ഈ സമൂഹത്തെ ലക്ഷ്യം വെച്ചു.
മഹത്ത്വം വിളിച്ചോതിയ പിറവി, മഹത്ത്വം തുളുമ്പിനിന്ന വളര്‍ച്ച, വിശുദ്ധിയും ഗാംഭീര്യവും മേളിച്ച ദൗത്യ നിര്‍വഹണം മുഹമ്മദ് (സ)യുടെ ജീവിതത്തിന്‍െറ ഓരോ ഘട്ടവും തുല്യതയില്ലാത്ത ഏടുകളായാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 14 നൂറ്റാണ്ടു കാലം വിശ്വാസി സമൂഹം തലമുറകളായി നടത്തിവരുന്ന ആഘോഷം മാത്രം മതി പിറവിയിലെ മഹത്ത്വമറിയാന്‍ "നേര്‍വഴിയുടെ നായകന്‍ പിറന്നു, ലോകം വെളിച്ചത്തിലേക്കു നടന്നു, കാലത്തിന്‍െറ മുഖത്ത് നിറപുഞ്ചിരിയും പ്രശംസാവചസ്സുകളു'മെന്നു കവി വചനം. നന്നേ ചെറുപ്പത്തില്‍ പിതാവിനെ വിളിക്കേണ്ടപ്പോഴൊക്കെയും രക്ഷിതാവായ അല്ലാഹുവിനെ മാത്രം വിളിച്ചാല്‍ മതിയെന്ന ദൈവിക തീരുമാനത്തിന്‍െറ ഭാഗമായായിരിക്കണം, പ്രവാചകന്‍ പിറന്നത് അനാഥത്വത്തിലേക്ക്. പിറവിയുടെ ഒന്നാം നാളിലേ ദൈവിക പരിചരണത്തിന്‍െറ അനുഗ്രഹ സ്പര്‍ശം അനുഭവിച്ച അവര്‍ മാതാവിന്‍െറ ഗര്‍ഭഗൃഹത്തില്‍ നിന്നു പുറത്തെത്തിയത് കരങ്ങള്‍ മേലോട്ടുയര്‍ത്തി സാഷ്ടാംഗത്തിലായിരുന്നുവെന്ന് ചരിത്രത്താളുകള്‍ സാക്ഷ്യപ്പെടുത്തുന്നു. കണ്ണുകളില്‍ സുറുമയിട്ട്, അഗ്രചര്‍മം ഛേദിച്ച്, സുഗന്ധം പൂശിയൊരു പുണ്യ ജന്‍മം വിശുദ്ധിയും പാതിവൃത്യവും ഭംഗിയുമൊരുപോലെ മേളിച്ച് എല്ലാ വൈകൃതങ്ങളില്‍ നിന്നും വിമലീകരിക്കപ്പെട്ട മഹാപുരുഷനു യോജിച്ച പിറവി. അടിമത്തത്തിന്‍െറ നുകം കഴുത്തില്‍ വെച്ചുകെട്ടി പീഡിക്കപ്പെട്ട വിഭാഗത്തിന്‍െറ മോചകനായെത്തിയ കുഞ്ഞ് പിറന്ന സന്തോഷവാര്‍ത്ത അറിയിച്ച അടിമസ്ത്രീയെ പിതാമഹനായ അബ്ദുല്‍ മുത്തലിബ് അന്നേരം തന്നെ മോചിപ്പിച്ചേടത്തു തുടങ്ങുന്നു മോചകന്‍െറ കര്‍മ കാണ്ഡം.
അറബികള്‍ക്കിടയില്‍ എക്കാലത്തും അഭിജാതരായറിയപ്പെട്ട ഖുറൈശിലെ ഹാശിം കുടുംബത്തിലായിരുന്നു ആഗമം. പ്രവാചകന്‍ (സ) പറഞ്ഞു: "ഇസ്മാഈലീ വംശത്തില്‍ നിന്ന് കിനാനയെ അല്ലാഹു തെരഞ്ഞെടുത്തു. കിനാനയില്‍ നിന്ന് ഖുറൈശിനെയും അവരില്‍ നിന്ന് ബനീഹാശിമിനെയും, ഹാശിം കുടുംബത്തില്‍ നിന്ന് എന്നെയും തെരഞ്ഞെടുത്തു'. കുഞ്ഞുനാളിലേ വിപ്ളവത്തിന്‍െറ വരവറിയിച്ചായിരുന്നു വളര്‍ച്ച.
മുലയൂട്ടാനായി ദത്തെടുത്ത സഅദി വംശത്തിലെ ഹലീമയുടെ കുടുംബത്തിലുണ്ടായ മാറ്റങ്ങള്‍ ചരിത്ര രേഖകളിലുണ്ട്. കൃഷിയിടങ്ങള്‍ വരണ്ട്, ദാരിദ്യ്രം കൊടിപിടിച്ച ഗൃഹത്തിലേക്ക് കുഞ്ഞായ മുഹമ്മദിനെയും വഹിച്ച് വാഹനമായ ഒട്ടകമെത്തിയതോടെ ചിത്രമാകെ മാറി. അരിഷ്ടത അകിടിലുമറിയിച്ച് ദുഗ്ധമായിരുന്ന മൃഗം സമൃദ്ധമായി പാല്‍ചുരത്തി. മഴയെത്തി കാര്‍ഷിക വിളകള്‍ക്കു ജീവന്‍ വെച്ചു. ഹലീമയുടെ മകളെ കൂടി പരിഗണിച്ച് അദ്ഭുത ബാലന്‍ ഒരു മുലയില്‍ നിന്നു മാത്രം പാല്‍ നുകര്‍ന്നു മനുഷ്യ സമത്വത്തിന്‍െറ ഒന്നാം പാഠം.
പ്രവാചകത്വത്തിന്‍െറ പ്രായമെത്തിയതോടെ ആകാശത്തുനിന്ന് അല്ലാഹുവിന്‍െറ ദൂതിന്‍െറ വാഹകനായി. ഭൂമിയില്‍ മനുഷ്യ ജീവിതത്തിന്‍െറ പുതിയ കര്‍മ രേഖയുടെ പ്രായോക്താവും മാനുഷിക മൂല്യങ്ങളുടെ ഗുരുവുമായി.
സമൂഹത്തിന്‍െറ സുഖ ദുഃഖങ്ങളില്‍ അനുതപിച്ച്, കാരുണ്യം വര്‍ഷിച്ച്, അവരുടെ നന്‍മ മാത്രം കാംക്ഷിച്ചൊരു ജീവിതം. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: "നിങ്ങളുടെ പ്രയാസങ്ങളില്‍ വേദനിച്ചും നിങ്ങളുടെ നന്‍മക്കായി കൊതിച്ചും ഒരു പ്രവാചകന്‍ ആഗതമായിരിക്കുന്നു.' മറ്റൊരിടത്തു കാണാം: "അല്ലാഹുവിന്‍െറ അനുഗ്രഹം കൊണ്ട് നിങ്ങള്‍ അവരോടു കാരുണ്യം കാണിക്കുന്നു, നിങ്ങള്‍ പരുഷ സ്വഭാവിയും കടുത്ത ഹൃദയമുള്ളവരുമായിരുന്നെങ്കില്‍ ഏന്നേ അവര്‍ നിങ്ങളില്‍ നിന്ന് ഓടിയകന്നേനെ'.
സാമൂഹിക, സാമ്പത്തിക, വൈജ്ഞാനിക, സാംസ്കാരിക, രാഷ്ട്രീയ, സൈനിക മേഖലകളിലൊന്നില്‍ മാത്രം നേട്ടം കൊയ്തവരെ ലോകം ആദരിക്കുന്നു. എങ്കില്‍, ഇവയിലെല്ലാറ്റിലുമൊരുപോലെ മഹത്ത്വത്തിന്‍െറ വിളക്കു കൊളുത്തിയ നായകനെ നാം എങ്ങനെ ആദരിക്കാതിരിക്കും. ആദരം മാത്രമല്ല, സ്നേഹവും കടപ്പാടുമര്‍ഹിക്കുന്നുണ്ടവര്‍. അതുതന്നെയല്ലേ, ആ പുണ്യദിനത്തിന്‍െറ ഓര്‍മകളില്‍ മുസ്ലിം ലോകം നിറയുന്നതും?
നബിദിനാഘോഷം മുസ്ലിം ലോകത്തിന്‍െറ മൗലികമായ ഒരാഘോഷമാണ്. അല്ലാഹുവിന്‍െറ ഏറ്റവും മഹാനായ സൃഷ്ടിയുടെ ഓര്‍മപ്പെടുത്തലും, അവര്‍ മറ്റെല്ലാവരെക്കാളും മഹത്ത്വമേറിയവരെന്ന തിരിച്ചറിവുമാണ്. അല്ലാഹു പറഞ്ഞു: പ്രവാചകരേ അങ്ങു പറയുക, നിങ്ങള്‍ അല്ലാഹുവിന്‍െറ ഔദാര്യവും അനുഗ്രഹവും കൊണ്ടു സന്തോഷിക്കുക ഈ അനുഗ്രഹം പ്രവാചകനല്ലാതെ മറ്റാരുമല്ലല്ലോ. മറ്റൊരിടത്തു ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നു: നിങ്ങളെ അനുഗ്രഹമായല്ലാതെ നാം സൃഷ്ടിച്ചിട്ടേയില്ല.
പക്ഷേ, ഈ ആഘോഷങ്ങ പ്രഭാഷണ വേദികള്‍ തീര്‍ത്തും ലേഖനമെഴുതിയും പാട്ടുകച്ചേരികള്‍ സംഘടിപ്പിച്ചും നബിചരിതം ആലാപനം ചെയ്തും മാത്രമൊതുങ്ങുന്നതാവരുത്, മറിച്ച്, യഥാര്‍ഥ ആഘോഷം പിറവിയെടുക്കുന്നത് അവര്‍ കൊണ്ടുവന്ന എല്ലാം വിശ്വസിച്ച് അവരെ മാത്രം പിന്‍പറ്റി ഉത്തമ വിശ്വാസിയാവുമ്പോള്‍ മാത്രമാണ് സര്‍വ ശക്തന്‍ തുണക്കട്ടെ, ആമീന്‍
അവലംബം: ചന്ദ്രിക

No comments:

Post a Comment