Monday, July 25, 2011

പൂര്‍വികരുടെ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് മുതല്‍ക്കൂട്ട്: ആലിക്കുട്ടി മുസ്ല്യാര്‍

അബുദാബി: പൂര്‍വസൂരികളുടെ നിസ്വാര്‍ത്ഥ കര്‍മങ്ങളുടെ സദ്ഫലമാണ് ഇന്ന് കേരളീയ മുസ്ലിംകള്‍ അനുഭവിച്ചു വരുന്നതെന്ന് ജാമിഅ നൂരിയ്യ അറബിക് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഓസ്ഫോജന ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തികച്ചും ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ പിന്‍പറ്റിയാണ് പൂര്‍വികരായ നേതാക്കളും പണ്ഡിതന്മാരും വിദ്യാലയങ്ങള്‍ പടുത്തുയര്‍ത്തിയത്. അവര്‍ അതിന് തുടക്കമിടുന്ന സന്ദര്‍ഭത്തില്‍ സംശയങ്ങളുമായി മാറിനിന്നവരൊക്കെ പിന്നീട് അതില്‍ ആകൃഷ്ടരാവുകയായിരുന്നു. ഇന്ന് ഇസ്ലാമിക വിദ്യാലയങ്ങളുടെ കീഴില്‍ എഞ്ചിനീയറിംഗ് കോളജ് മുതല്‍ പി.എച്ച്.ഡി അടക്കമുള്ള ഗവേഷണ കേന്ദ്രങ്ങള്‍ വരെയുണ്ട്. സമസ്തയുടെ കീഴില്‍ ഒരു വര്‍ഷം 12 ലക്ഷം കുട്ടികളാണ് വിദ്യ നേടുന്നത്. ഇതിനകം 8,000 ഫൈസിമാരെ വാര്‍ത്തെടുത്ത ജാമിഅ നൂരിയ്യ പുതിയ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്. സമൂഹത്തെ നേര്‍ ദിശയില്‍ നയിക്കേണ്ട പണ്ഡിതന്മാരുടെ കുറവ് സര്‍വത്ര അനുഭവപ്പെടുന്നുണ്ട്. അത് പരിഹരിക്കപ്പെടണം.
ജീവിക്കുന്ന നാട്ടിലെ നിയമങ്ങള്‍ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ജന്മനാടും ജോലി ചെയ്യുന്ന നാടും തമ്മിലുള്ള സുഹൃത്ബന്ധം ദൃഢമാക്കാന്‍ ഓരോരുത്തരും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ കരീം ഹാജി, ടി.കെ ഹമീദ് ഹാജി പുതിയങ്ങാടി, കെ.വി ഹംസ മുസ്ല്യാര്‍, അസീസ് കാളിയാടന്‍ ആശംസ നേര്‍ന്നു. സെന്റര്‍ ജന. സെക്രട്ടറി മൊയ്തു ഹാജി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സഅദ് ഫൈസി സ്വാഗതം പറഞ്ഞു.

No comments:

Post a Comment