Friday, January 21, 2011

മഹല്ലുകളുടെ വിവരങ്ങളുമായി ഒരു വെബ് പോര്‍ട്ടല്‍.

തൃശൂര്‍: കേരളത്തിലെ മുസ്ലീങ്ങളെ പറ്റിയ സകല വിവരങ്ങളും അടങ്ങിയ ഒരു വെബ് പോര്‍ട്ടല്‍ ഞായറാഴ്ച നിലവില്‍ വന്നു. കേരള മുസ്ലീം ഡാറ്റ ഡോട്ട് കോം (keralamuslimdata.com) എന്നാണ് പോര്‍ട്ടലിന്റെ പേര്. ഇപ്പോള്‍ നടന്നിരിക്കുന്നത് പ്രീലോഞ്ചിംഗ് ആണ്. കേരളത്തിലെ അയ്യായിരത്തോളം മഹല്ലുകളുടെ വിവരങ്ങള്‍ ശേഖരിച്ച്‌ ഉള്‍പ്പെടുത്തുന്ന പോര്‍ട്ടലിന്റെ മുഴുസമയ പ്രവര്‍ത്തനം അടുത്ത വര്‍ഷം പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ ചരമവാര്‍ഷിക ദിനത്തില്‍ ഉദ്ഘാടനം ചെയ്യാനാണ്‌ ലക്ഷ്യമിടുന്നത്‌. തൃശൂരില്‍ വച്ച് മുസ്ലിംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയാണ് പോര്‍ട്ടലിന്റെ പ്രീലോഞ്ചിംഗ് ഉദ്‌ഘാടനം ചെയ്തത്. സര്‍ക്കാരുകള്‍ക്ക്‌ വിവിധ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി നടത്തേണ്ടി വരുന്ന ആസൂത്രണത്തിന്‌ വിവരസാങ്കേതിക വിദ്യ ഏറെ പ്രയോജനം ചെയ്യുമെന്ന്‌ കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടന ചടങ്ങിനിടെ പറഞ്ഞു. തൃശൂരിലെ എംഐസി ഹാളില്‍ നടന്ന ചടങ്ങില്‍ പോര്‍ട്ടലിന്റെ പ്രീലോഞ്ചിങ്‌ ചെയര്‍മാന്‍ കൂടിയായ പാണക്കാട്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ നിര്‍വഹിച്ചു. ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഹാജി പി എച്ച്‌ അബ്ദുസ്സലാം, സെക്രട്ടറിമാരായ ടിഎ അഹമ്മദ്‌ കബീര്‍, ഇടി മുഹമ്മദ്‌ ബഷീര്‍ എംപി, കെപിഎ മജീദ്‌, പിവി അബ്ദുള്‍ വഹാബ്‌, മമ്മദ്‌ ഫൈസി, സയ്യിദ്‌ മുഹമ്മദ്‌ ഹാജി, കല്ലായി അബ്ദുള്‍ റഹിമാന്‍, എസ്‌കെഎസ്‌എസ്‌എഫ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, റഷീദ്‌ ഫൈസി നാട്ടുകല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലകളിലെ മുസ്ലീം ജനസംഖ്യ, മുസ്ലീം സംഘടനകള്‍, മഹല്‍, മുസ്ലീം വിദ്യാഭ്യാസം, മുസ്ലീം കുടുംബങ്ങള്‍, വ്യക്തിത്വങ്ങള്‍, ജനപ്രതിനിധികള്‍, സംരംഭങ്ങള്‍, ദര്‍ഗ്ഗ ഉറൂസ്, മുസ്ലീം മാധ്യമങ്ങള്‍, മുസ്ലീം ഉദ്യോഗസ്ഥര്‍, മഹാത്മാക്കള്‍, വഖഫ് തുടങ്ങി വിപുലമായ ഒരു ഡയറക്‌ടറിയാണ് ഈ വെബ് പോര്‍ട്ടല്‍. പോര്‍ട്ടല്‍ ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളാണ് എ ഡയറക്‌ടറിയുടെ മുഖ്യരക്ഷാധികാരി. പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്ലിയാരാണ് മുഖ്യപത്രാധിപര്‍.
വിവരങ്ങളുമായി ഒരു

No comments:

Post a Comment