Tuesday, January 18, 2011

അസിമാനന്ദയുടെ മാനസാന്തരം ഖലീമിന്റെ ഓര്‍മയില്‍

ഹൈദരാബാദ്: 'ഞങ്ങള്‍ കാരണം ഇത്തരമൊരു അവസ്ഥയിലൂടെ താങ്കള്‍ കടന്നുപോവേണ്ടിവന്നതില്‍ അതിയായ ഖേദമുണ്ട്. ഒരു പശ്ചാത്താപത്തിനും ഇതിന്റെ വിലയൊടുക്കാനാവില്ല. എങ്കിലും എന്നാല്‍ കഴിയും വിധം നിങ്ങള്‍ക്കുവേണ്ടി ശ്രമിക്കും' -ജയിലഴിക്കകത്ത് ജീവിതം കുരുങ്ങിപ്പോയ നിസ്സഹായനായ മുസ്‌ലിം ചെറുപ്പക്കാരനെ സമീപിച്ച് ആര്‍.എസ്.എസ് പ്രചാരകന്‍ നാബാ കുമാര്‍ സര്‍ക്കാര്‍ എന്ന സ്വാമി അസിമാനന്ദ പറഞ്ഞതാണ് ഈ വാക്കുകള്‍.
ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലില്‍ ആണ് കുറ്റസമ്മതത്തിന് വഴിവെച്ച ഖലീമിനെ അസിമാന്ദ ആദ്യമായി കാണുന്നത്. ഇരുവരുടെയും ജീവിതത്തെ മാത്രമല്ല രാജ്യത്തെ സ്‌ഫോടന പരമ്പരകളുടെ ചരിത്രത്തെ തന്നെ അടിമുടി മാറ്റിമറിക്കുയായിരുന്നു ആ കൂടിക്കാഴ്ച. നിരവധി നിരപരാധികള്‍ പ്രതിചേര്‍ക്കപ്പെട്ട ഹൈദരാബാദിലെ മക്കാ മസ്ജദ് സ്‌ഫോടന കേസിനെക്കുറിച്ചുള്ള നിര്‍ണായക കുറ്റസമ്മതമൊഴികളായിരുന്നു പിന്നീട് അസിമാനന്ദയില്‍നിന്ന് നീതിപീഠം ശ്രവിച്ചത്. മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ സ്വാമിയെ കൊണ്ടുവരുമ്പോള്‍ അതേ കേസില്‍ പിടിക്കപ്പെട്ട് 18മാസമായി ചഞ്ചല്‍ഗുഡ ജയിലില്‍ കഴിയുകയായിരുന്നു 23കാരനായ ഖലീം. അമ്മാവന്റെ സ്ഥാനത്തുനിര്‍ത്തി അസീമാനന്ദയോടു പറഞ്ഞ കാര്യങ്ങള്‍ പിന്നീട് ഖലീമിന്റെ മോചനത്തിനു വഴിതുറന്നു.
കേസില്‍ ജാമ്യം നേടി കഴിഞ്ഞ ദിവസം പുറംലോകം കണ്ട ഖലീം ആ സംഭവ പരമ്പരകള്‍ വിവരിച്ചതിങ്ങനെ. 'മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ കുടുക്കി തടവിലിട്ട എന്റെ നീറുന്ന ദുരിതങ്ങള്‍ അദ്ദേഹം കാണുന്നുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം എന്നോട് സലാം പറഞ്ഞു. ഞാന്‍ അരികിലേക്കു ചെന്നു. ഇതേ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് സ്വാമിജിയും ജയിലിലെത്തിയതെന്ന് എനിക്കറിയാമായിരുന്നു. ആദ്യം അദ്ദേഹം എന്നോട് ക്ഷമാപണം നടത്തി. താങ്കള്‍ ക്ഷമ ചോദിക്കേണ്ടത് എന്നോടല്ലെന്നും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും കള്ളക്കേസില്‍ കുടുങ്ങി ജയിലിലകപ്പെട്ട എല്ലാവരുമോടുമാണെന്നും ഞാന്‍ പറഞ്ഞു.
കൂടിക്കാഴ്ചകള്‍ പിന്നെയും നീണ്ടു. സി.ബി.ഐ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുകയും ചോദ്യം ചെയ്യാന്‍ പലയിടങ്ങളിലും കൊണ്ടുപോവുകയും ചെയ്തപ്പോഴും ഞങ്ങളുടെ സൗഹൃദം മുറിഞ്ഞില്ല. അവസരം കിട്ടുമ്പോഴൊക്കെ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തു ചെന്നിരിക്കും. എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും സ്‌ഫോടനത്തിലെ ഇരകളെക്കുറിച്ചുമെല്ലാം താല്‍പര്യത്തോടെ എന്നോടു ചോദിക്കുമായിരുന്നു. മൂന്നാം വര്‍ഷ നിയമ ബിരുദവിദ്യാര്‍ഥിയായിരിക്കെ 2007ല്‍ അറസ്റ്റു ചെയ്യുമ്പോള്‍ എന്റെ വിദ്യാഭ്യാസ സ്വപ്‌നങ്ങളെ എങ്ങനെയാണ് പൊലീസ് കരിച്ചു കളഞ്ഞത് എന്നും അദ്ദേഹം മനസ്സിലാക്കി. പളളിയില്‍ ബോംബ് വെച്ചുവെന്ന് സമ്മതിപ്പിക്കാന്‍ പൊലീസ് സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ചതടക്കമുള്ള ക്രൂരമര്‍ദനങ്ങളുടെ കെട്ട് ഞാന്‍ അസിമാനന്ദക്കു മുന്നില്‍ തുറന്നു. 'എല്ലാം അദ്ദേഹം നിശബ്ദനായി കേട്ടു. കടുത്ത വേദന ആ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്നു. പല തവണ ആ കണ്ണുകള്‍ നിറഞ്ഞൊഴുകി.' എല്ലാം കേട്ട ശേഷം ഘനീഭവിച്ച ദുഖത്തോടെ അസിമാനന്ദ പറഞ്ഞതിങ്ങനെയായിരുന്നു. ''ജയിലില്‍ കിടന്നു മരിക്കുകയാണെങ്കില്‍ എന്റെ അവയവങ്ങള്‍ വിറ്റ് പണം സ്‌ഫോടന കേസിലെ ഇരകള്‍ക്ക് നല്‍കണമെന്ന് ഞാന്‍ എഴുതിവെക്കും. അതല്ല ജീവനോടെ പുറത്തുവരികയാണെങ്കില്‍ വ്യാജ കുറ്റം ചുമത്തപ്പെട്ട് ഈ കേസില്‍ കുടുങ്ങിയവര്‍ക്കും അവരുടെ കുടുംബത്തിനുമുള്ള സേവനത്തിനായി ഞാനെന്റെ ജീവിതം നീക്കി വെക്കും. ഹൈദരാബാദില്‍ നടന്ന സ്‌ഫോടനത്തിലെ മാത്രമല്ല, മറ്റെല്ലാ സ്‌ഫോടനങ്ങളുടെയും ഇരകളുടെ കുടംബാംഗങ്ങളോട് ഞാന്‍ മാപ്പിരക്കുന്നു. നിരപരാധികള്‍ ഇത്തരം കേസുകളില്‍ അകപ്പെട്ട് ദുരിതമനുഭവിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.''
കോടതിയിലെ കുറ്റസമ്മത മൊഴിക്കുശേഷം ഒരു തവണ ജയിലില്‍ അസിമാനന്ദയെ കണ്ടുവെന്ന് ഖലീം പറഞ്ഞു. 'അദ്ദേഹം ഏറെ ആശ്വാസവാനും സന്തോഷവാനുമായി കാണപ്പെട്ടു.' ഹൈദരാബാദ്,അജ്മീര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ബോംബു സ്‌ഫോടനങ്ങളുടെ പിന്നാമ്പുറങ്ങള്‍ വ്യക്തമാക്കി എല്ലാ വിശദീകരണങ്ങളോടെയും രാഷ്ട്രപതിക്ക് കത്തയച്ചതായി അദ്ദേഹം ഖലീമിനോടു പറഞ്ഞു. ആ വാക്കുകള്‍ കേട്ട് അതീവ സന്തോഷവാനായ ഖലീമിന് ഒരു കടുത്ത ദുഖം ബാക്കിയായി. സ്വാമിജിയെ കോടതി ശിക്ഷിച്ചേക്കുമോ എന്ന കാര്യത്തില്‍ -കാരണം അത്രമാത്രം അടുത്തിരുന്നു ആ ഹൃദയങ്ങള്‍ തമ്മില്‍.
അവലംബം "മാധ്യമം"

No comments:

Post a Comment