Wednesday, April 18, 2012

മത-ഭൌതിക വിദ്യാഭ്യാസത്തിന്റെ പൊന്‍പ്രഭ എം.ഐ.സി

http://www.kasaragod.com/news_details.php?CAT=18&NEWSID=66811
ഉത്തര മലബാറിന്റെ തിരുനെഞ്ചില്‍ മത-ഭൌതിക വിദ്യാഭ്യാസത്തിന്റെ പൊന്‍പ്രഭ വാരി വിതറി കൊണ്ട് എം.ഐ.സി.എന്ന കലാലയം അതിവേഗം മുന്നോട്ട് പ്രയാണംനടത്തികൊണ്ടിരിക്കുന്നു.എം.ഐ.സി.യുടെ പത്തൊന്‍പതാം വാര്‍ഷികം ഈ മാസം 20 ,21 ,22 തിയ്യതികളില്‍ അതി വിപുലമായി കൊണ്ടാടുന്ന വേളയില്‍ ഈ വിദ്യാഭ്യാസ കൊട്ടാരങ്ങള്‍ ചന്ദ്രഗിരി പുഴയുടെ ഇളം തെന്നല്‍ വീശിയെത്തുന്ന മാഹിനബാദിലെ വിശാലമായ കുന്നിന്‍ മുകളില്‍ സ്ഥാപിച്ചു അത്ഭുതങ്ങള്‍ കാട്ടിയ രാജ ശില്പി നമ്മോടോപ്പമില്ലാത്തത് വളരെയധികം ദുഃഖം നമ്മിലുണ്ടാക്കുന്നു.

നീണ്ട പത്തു വര്‍ഷത്തെ ചിന്തകളും,ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളും കൊണ്ട് സമന്വയ വിദ്യാഭ്യാസ ലക്ഷ്യങ്ങളുമായി 1971.ഏപ്രില്‍ ഇരുപ്പത്തിയെട്ടിനു ഉത്ഘാടനം ചെയ്യപ്പെടുകയും,തുടര്‍ന്നു ഇരുപത് വര്‍ഷത്തോളം കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സംരക്ഷിക്കുകയും ചെയ്തിരുന്ന സആദിയ അറബി കോളേജില്‍ നിന്നും അതികഠിനമായ ഹൃദയ വേദനയോടെ പടി ഇറങ്ങേണ്ടി വന്ന ഒരു കര്‍മ്മയോഗിയുടെ കഥ ഉത്തര മലബാറിന്റെ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതി ചേര്‍ക്കപ്പെട്ടു കഴിഞ്ഞു.

ഇരുപത് വര്‍ഷത്തെ പാരമ്പര്യത്തെ ഇടയ്ക്കു കയറിവന്ന അനര്‍ഹരായ ചിലര്‍ ചോദ്യം ചെയ്ത കഥ...വര്‍ഷങ്ങളോളം കൂടെ നടക്കുകയും,പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന ചിലര്‍ പെട്ടെന്നൊരു നിമിഷത്തില്‍ തനിക്കെതിരെ വഞ്ചനാപരമായി രംഗത്ത് വന്നപ്പോള്‍ കണ്ണീരില്‍ കുതിര്‍ന്ന കണ്ണുകളുമായി സഅദിയായുടെ പടവുകള്‍ ഇറങ്ങിയ ത്യാഗി വര്യരായ സി.എം.ഉസ്താദ് തന്‍റെ ജീവിതത്തില്‍ നേരിട്ട .ചരിത്രത്തില്‍ തുല്യതയില്ലാത്ത കൊടും വഞ്ചനയുടെ ആ കഥ ഇന്നും അങ്ങിനെ തന്നെ ബാക്കി നില്‍ക്കുന്നു.

സഅദിയായില്‍ നിന്നും പുറത്തിറങ്ങിയതോടെ എല്ലാം കഴിഞ്ഞു എന്ന് കരുതി ദിവാ സ്വപ്നം കണ്ടു കൊണ്ടിരുന്നവരെ അമ്പരപ്പിച്ചു കൊണ്ട് ഈ തേരാളി ഒരു മിന്നല്‍ പിണര്‍ പോലെ ഉയര്‍ന്നു പൊങ്ങുന്ന കാഴ്ചയാണ് പിന്നീട് നാം ദര്‍ശിച്ചത്.സഅദിയായില്‍ നിന്നും പടിയിറങ്ങി വന്നതിനു ശേഷം ഒരു വര്‍ഷത്തോളം വിശ്രമത്തിലായിരുന്നുയെന്നു പറയാം.എന്നാല്‍ ഈ പണ്ഡിത തേജസ്സ് വിശ്രമത്തില്‍ ഇരിക്കേണ്ട ആളല്ലായെന്നു സൃഷ്ടി നാഥന്‍ മുമ്പേ തീരുമാനിച്ചതിനാല്‍ ആ നിയോഗം പോലെ 1992 ലെ ഒരു സായാഹ്നത്തില്‍ പ്രമുഖനായ തെക്കിലിലെ എ.എം.മൂസ ഹാജി അദ്ദേഹത്തിന്‍റെ പച്ച കളര്‍ അംബാസറ്റര്‍ കാറില്‍ ഈ തേജസ്സിന്റെ വീട്ടിനു മുമ്പില്‍ വന്നിറങ്ങി.ഉസ്താദ് അദ്ദേഹത്തെ സ്വീകരിച്ചു.അദ്ദേഹത്തിന്‍റെ വരവിന്‍റെ ഉദ്ദേശം ഉസ്താദിന് അറിയുമായിരുന്നില്ല.പല കാര്യങ്ങളും അവര്‍ സംസാരിച്ചു.ചിന്താ ശേഷിയും മത സ്നേഹവും,ദീര്‍ഘ വീക്ഷണങ്ങളും ഉണ്ടായിരുന്ന മൂസ ഹാജി തെക്കില്‍ മായിനടുക്കത്ത് പത്തേക്കര സ്ഥലം സ്വരൂപിച്ചു കൊണ്ട് അതിന്‍റെ രേഖകളുമായിട്ടാണ് കയറിവന്നത്.

എന്നാല്‍ സഅദിയായില്‍ നിന്നു നേരിട്ട കൊടും വഞ്ചന വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ കാലത്തിനു മുമ്പേ സഞ്ചരിച്ച സി.എം.ഉസ്താദ് ശ്രദ്ധിച്ചു.സമസ്ത ജില്ലാ മുശാവറ യോഗത്തില്‍ വെച്ചു വിഷയം ചര്‍ച്ച ചെയ്തു ശേഷം തീരുമാനം അറിയിക്കാമെന്ന് സി.എം.ഉസ്താദ് മൂസ ഹാജിയെ അറിയിച്ചു.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ പ്രസിഡന്റ്‌ ആയിരുന്ന അദ്ദേഹം 28 -02 -1992 നു ജില്ലാ മുശാവറ യോഗം വിളിപ്പിച്ചു.യോഗത്തില്‍ വിഷയം അവതരിപ്പിച്ചു.എല്ലാവരും സ്ഥാപനം തുടങ്ങാമെന്ന് സമ്മതിച്ചു.അതോടെ സ്ഥാപനം പണിയാനും മലബാര്‍ ഇസ്ലാമിക് കോമ്പ്ലെക്സ് എന്ന് പേരിടാനും തീരുമാനിച്ചു.അതിനു ശേഷം വീണ്ടും ഒരു യോഗം വിളിച്ചു.ആ യോഗത്തില്‍ സംബന്ടിച്ച മൂസ ഹാജി സ്ഥലത്തിന്റെ രേഖകള്‍ കൈമാറി.1993 .മെയ്‌ നാലാം തിയ്യതി എം.ഐ.സി.പ്രവര്‍ത്തനം ആരംഭിച്ചു.03 .07 .1993 മാഹിനടുക്കമെന്ന സ്ഥലത്ത് ശിലാസ്ഥാപനം നടന്നു അതോടെ മാഹിനടുക്കം മാഹിനാബാദ് ആയി മാറി.ശിലാ സ്ഥാപന സമയത്ത് വലിയൊരു അനുഗ്രഹം പോലെ മഴ വര്‍ഷിച്ചു കൊണ്ടിരുന്നപ്പോള്‍ എ.എം.മുസ ഹാജി പുഞ്ചിരിച്ചു കൊണ്ടിരുന്നു.നാലാം ദിവസം 07 .07 .1993 നു എ.എം.മുസ ഹാജി എന്ന മഹാ മനുഷ്യന്‍ ഈ ലോകത്തോട് വിട പറഞ്ഞു.ഒരു മഹാ വിദ്യാഭ്യാസ കൊട്ടാരം സ്ഥാപിക്കാന്‍ കഴിവുള്ള മഹാ പണ്ഡിത തേജസ്സിനെ കാര്യങ്ങള്‍ ഏല്‍പ്പിച്ച സമാധാനത്തോടെ.ശിലാ സ്ഥാപനത്തിന് മുമ്പ് തന്നെ എം.ഐ.സി യുടെ കീഴില്‍ മലയാളം പ്രൈമറി സ്കൂള്‍ ആരംഭിച്ചിരുന്നു.ചട്ടന്‍ചാല്‍ മുസ്ലിം ജമാ-അത്തിന്‍റെ മദ്രസ്സ കെട്ടിടത്തിലായിരുന്നു അത്.ഒരേ സമയം പഠനവും,കെട്ടിട നിര്‍മ്മാണവും നടന്നുകൊണ്ടിരുന്നു.പിന്നീട ഇംഗ്ലീഷ് മിഡിയം സ്കൂള്‍ തുടങ്ങി.ശേഷം എത്തീം ഖാന ആരംഭിച്ചു.(24 -05 -1996 ) അതിനു ശേഷം 16 -04 -1999 നു മത വിദ്യാഭ്യാസവും,ഭൌതിക വിദ്യാഭ്യാസവും കോര്‍ത്തിണക്കി കൊണ്ടുള്ള കോര്‍ത്തിണക്കി കൊണ്ടുള്ള സമന്വയ വിദ്യാഭ്യാസം നടത്തുന്നതിനു വേണ്ടി ഉദുമയില്‍ ദാറുല്‍ ഇര്‍ഷാദ് സമന്വയ വിദ്യാലയം തുടങ്ങി.അതോടൊപ്പം പ്രാഥമിക മദ്രസ്സയും തുടങ്ങി.

24 -02 -2010 നു ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജ് ആരംഭിച്ചു.ശേഷം പ്ലസ്‌ ടു ക്ലാസ്സുകളും തുടങ്ങി.മത രംഗത്തും,ഭൌതിക രംഗത്തും,മത-ഭൌതിക സമന്വയ വിദ്യാഭ്യാസ രംഗത്തും സ്ഥാപനങ്ങള്‍ ഒന്നിച്ചു മുന്നോട്ട് ഗമിച്ചു,മത രംഗത്തെ പ്രാഥമിക മദ്രസ്സ,ദര്സ്സു വിദ്യാഭ്യാസത്തില്‍ ഉന്നത ബിരുദമായ മൗലവി ഫാസില്‍ നല്‍കുന്ന മുത്വവ്വല്‍ കോളേജ്,അഫ്സലുല്‍ ഉലമ വനിതാ കോളേജ്,എന്നിവ തുടങ്ങിയവയൊക്കെ കേരളത്തിലെ ആധികാരിക പണ്ഡിത സഭയായ സമസ്തയുടെ അംഗീകാരം ഉള്ളതാണ്.എല്‍.കെ.ജി.തൊട്ടു എസ്.എസ്.എല്‍.സി.വരെയുള്ള ഇംഗ്ലീഷ് സ്കൂള്‍,പ്ലസ്‌ ടു ക്ലാസ്സുകളും,ഡിഗ്രീ കോഴ്സുകള്‍ അടങ്ങിയ ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജ് ഉള്‍പ്പെടെയുള്ള ഭൌതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്കെയുംകേരള ഗവര്‍മെന്റിന്റെയും,കണ്ണൂര്‍ യുണിവേഴ്സിറ്റിയുടെയും അന്ഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നു.മത-ഭാതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ ദാറുല്‍ ഇര്‍ഷാദ് അക്കാദമി ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യുണിവേഴ് സിറ്റിയുടെ അന്ഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നു.

വെറും പതിനാറു വര്ഷം കൊണ്ട് കാരിരുമ്പ് പോലും തോറ്റു പോകുന്നതും,വന്യ ജീവികള്‍ ഉള്‍പ്പെടെ സഞ്ചരിച്ചു കൊണ്ടിരുന്നതുമായ മായിനടുക്കമെന്ന കുന്നിന്‍ മുകളിലെ പാറപ്പുറത്ത് അത്ഭുതങ്ങളുടെ കൊട്ടാരങ്ങള്‍ നിര്‍മ്മിച്ച്‌,അതില്‍ മത-ഭൌതിക സമന്വയ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിവിധ തരം മാണിക്യങ്ങള്‍ നിറച്ചു വെച്ചു ഒരു മഹാ മനീഷി.മത -ഭൌതിക വിദ്യാഭ്യാസം നുകരാന്‍ വേണ്ടി അക്ഷരങ്ങള്‍ തേടി നടക്കുന്ന വിദ്യാര്‍ത്തികള്‍ക്ക് മുമ്പില്‍ ബികോം,ബി.ബി.എം,ബി.എ.ഇംഗ്ലീഷ്,ബി.എ.ട്രാവലിംഗ് ആന്‍ഡ്‌ ടുറിസം,ബി.എസ്.സി.കമ്പ്യൂട്ടര്‍ സയന്‍സ്,യെമ്കോം പി.ജി ഉള്‍പ്പെടെയുള്ള വിവിധ കോഴ്സുകളുടെ വാതായനങ്ങള്‍ ഇവിടെ തുറന്നു വെച്ചിട്ടുണ്ട്. സമുദായത്തിന്റെ ഉന്നതിക്ക് വേണ്ടി പ്രതിഫലം കാംക്ഷിക്കാതെ ഒരു പുരുഷായുസ്സ് മുഴുവന്‍ ഒരു മെഴുകുതിരി പോലെ ഉരുകി തീര്‍ത്ത്‌ സമൂഹത്തിനു മാര്‍ഗ്ഗ ദീപമായി മാറിയ ധീര തേരാളി തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമേ നാം കണ്ടിട്ടുള്ളു.അമ്പതു വര്‍ഷത്തോളം അദ്ദേഹം സ്വപ്നം കണ്ടിരുന്ന സമന്വയ വിദ്യാഭ്യാസം നേടി പുറത്തിറങ്ങുന്ന ആദ്യ ബാച്ചിലെ വിദ്യാര്‍ഥികള്‍ക്ക് സനദ് നല്‍കുന്ന ആ സുന്ദര മുഹൂര്‍ത്തം വളരെ അടുത്തെത്തിയ നേരത്താണ് ഉത്തര മലബാറിന്റെ സമന്വയ വിദ്യാഭ്യാസ പിതാവായിരുന്ന അദ്ദേഹം നമ്മെ ഏറെ ദുഖിപ്പിച്ചു കൊണ്ട് വേര്‍ പിരിഞ്ഞു പോയത്.

ഏറെ പ്രയാസങ്ങള്‍ അനുഭവിച്ച് ആദ്യമായി സ്ഥാപിച്ച സആദിയ, അതില്‍ പഠിപ്പിച്ചിരുന്ന സമന്വയ വിദ്യാഭ്യാസ സിലബസ് ഇടയ്ക്കു കയറി വന്നവര്‍ ഏക പക്ക്ഷീയമായി മാറ്റിയപ്പോഴും,ഒടുവില്‍ അവിടെ കൂടെ ഉണ്ടായിരുന്ന ചിലര്‍ കൊടും വഞ്ചന ചെയ്തപ്പോഴും,സആദിയ പിടിച്ചെടുത്തപ്പോഴും ,ഒടുവില്‍ കഠിനമായ മനോ വേദന അനുഭവിച്ച് കണ്ണുകള്‍ സജലങ്ങളായി അവിടെ നിന്നും പടിയിരങ്ങിയപ്പോഴും ഈ മഹാ മനീഷി അനുഭവിച്ച വേദന അദ്ദേഹം ആരോടും പറയാതെ എല്ലാം സ്വയം അനുഭവിച്ചു സ്വയം ഉരുകി തീര്‍ന്നു.എന്നിട്ടും ചില കുബുദ്ധികള്‍ ഈ മഹാ ത്യാഗിയെ വെറുതെ വിട്ടില്ല.സഅദിയായുടെ പിറവി ചരിത്രം തന്നെ തിരുത്തി വികലമാക്കി കുറിക്കുന്നതിന് വേണ്ടി ചില കൂലി എഴുത്തുകാരെ അക്കൂട്ടര്‍ ഏര്‍പ്പെടുത്തി.വാര്‍ഷിക സമ്മേളന സോവനീരില്‍ പോലും ഈ കര്‍മ്മ യോഗിയെ ഒഴിവാക്കി നോക്കി.

എന്നാല്‍ ഇത്തരം വാറോലകള്‍ കണ്ടാലൊന്നും തെറിച്ചു പോകുന്ന ബുദ്ധിയും,വിവേകവുമല്ല ഉത്തര മലബാറിലെ ജനങ്ങള്‍ക്കുള്ളത്.പണ്ടിത്യത്തിന്റെ നിറകുടമായിരുന്ന അദ്ദേഹം ഒരിക്കലും തുളുംബിയില്ല,കാരണം നിറകുടം തുളുംബില്ല.ശിഷ്യന്മാരെയും,ജനങ്ങളെയും ആവേശം കൊള്ളിക്കാന്‍ വേണ്ടി വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയുകയും അല്‍പ്പനേരം കഴിഞ്ഞാല്‍ അതൊക്കയും വിഴുങ്ങിക്കളയുകയും ചെയ്യുന്ന നാടകങ്ങളല്ല ഉചിതം,അതിനു പകരം പ്രവര്‍ത്തികള്‍ക്കാണ്‌ തിരിച്ചറിവുള്ള നക്ഷത്രങ്ങളുടെ കൂട്ടുക്കാരന്‍ പതിനേഴു വര്ഷം കൊണ്ട് പടുത്തുയര്‍ത്തിയത് ഒരു മഹാ സ്ഥാപനമാണ്‌.ഉത്തര മലബാറിന്റെ നവോദ്ധാന-വിദ്യാഭ്യാസ നായകന്‍ സ്വന്തം ജീവിതം തന്നെ ജീവിച്ചു തീര്‍ത്തത് ഇവിടുത്തെ സമൂഹത്തിനു വേണ്ടിയാണ്.ഇതുപോലെയുള്ള ഒരു സ്ഥാപനം മംഗലാപുരത്തും സ്ഥാപിക്കാന്‍ വേണ്ടി ശ്രമം നടത്തി കൊണ്ടിരിക്കവെയാണ് ഈ താരകം നമ്മെ വിട്ടു പിരിഞ്ഞത്.സ്വന്തം ജീവിതം തന്നെ നമുക്ക് സന്ദേശമായി നല്‍കിയ ഈ മഹാ മനീഷി നമുക്ക് മാതൃകയാണ്.അദ്ദേഹത്തിന്‍റെ കൂടെ കഴിഞ്ഞ നാല്‍പ്പത്തിയഞ്ച് വര്‍ഷത്തോളം ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചിരുന്ന യു.എം.അബ്ദുല്‍ റഹിമാന്‍ മൌലവി എം.ഐ.സിയുടെ സ്ഥാപക സമയത്ത് തന്നെ സെക്രട്ടറിയാണ്.അദ്ദേഹവും ഖാസി ത്വാഖ അഹമ്മദ്‌ മൌലവി അല്‍-കാസിമി,അല്‍-അസ്ഹരിയും ഈ സ്ഥാപനത്തെ മുന്നോട്ടു ചലിപ്പിക്കുന്നു രാപകല്‍ വ്യത്യാസമില്ലാതെ അവര്‍ ഇതിനു വേണ്ടി ഓടി നടക്കുന്നു.ഒപ്പം ഒരുപാട് ജീവനക്കാരും അഭ്യുദയ കാംക്ക്ഷികളും ഇതിന്റെ പ്രവര്‍ത്തനം മുന്നോട്ടു നയിക്കാന്‍ വേണ്ടി പ്രയത്നിക്കുന്നു.സി.എം.ഉസ്താതിന്റെ വേര്‍പാടോടെ ഈ സ്ഥാപനം പൂട്ടി പോകുമെന്ന് ദിവാ സ്വപ്നം കണ്ടു കൊണ്ടിരുന്നവര്‍ക്ക് മുമ്പില്‍ അത് പ്രയാണം തുടരുകയാണ് ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം കൂടി തുന്നി ചേര്‍ക്കുന്നതിനു വേണ്ടി.

No comments:

Post a Comment