Wednesday, April 18, 2012

സമസ്‌ത ഒമ്പത്‌ മദ്‌റസകള്‍ക്ക്‌ കൂടി സമസ്‌ത അംഗീകാരം നല്‍കി

കോഴിക്കോട്‌ : കോഴിക്കോട്‌ സമസ്‌ത കോണ്‍ഫ്രന്‍സ്‌ ഹാളില്‍ ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ ടി.കെ.എം.ബാവ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. പി.കെ.പി.അബ്‌ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന മന്ത്രിസഭയില്‍ രാഷ്‌ട്രീയ ശക്തിയുടെ ആനുപാതികമായി അവകാശം ഉന്നയിച്ചതിന്‌ വര്‍ഗീയ നിറം നല്‍കി പ്രചരണം നടത്തുന്നതില്‍ നിന്ന്‌ ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്ന്‌ സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ നിര്‍വ്വാഹക സമിതി യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉന്നത സ്ഥാനങ്ങളും കയ്യടക്കിയ ചില സമുദായക്കാര്‍ ന്യൂനപക്ഷത്തിന്‌ അര്‍ഹതപ്പെട്ടത്‌ ലഭിക്കുമ്പോള്‍ വര്‍ഗീയ നിറം ചാര്‍ത്താന്‍ നടത്തുന്ന നീക്കം കേരളത്തിന്റെ സംസ്‌ക്കാരിക പൈതൃകത്തെയാണ്‌ വെല്ലുവിളിക്കുന്നതെന്ന്‌ പ്രമേയം പറഞ്ഞു.
ചരിത്രപരമായ കാരണങ്ങളാല്‍ പിന്നോക്കം നില്‍കുന്ന മതന്യൂനപക്ഷങ്ങളെയും അധസ്ഥിതരെയും ഉയര്‍ത്തിക്കൊണ്ടുവന്ന്‌ ഭാരതത്തിന്‍റെ മഹത്തായ ഭരണഘടനയോട്‌ നീതി പലുര്‍ത്തുകയാണ്‌ ഭൂരിപക്ഷ സമുദായവും ഭരണാധികാരികളും മാധ്യമങ്ങളും ചെയ്യേണ്ടത്‌.
മുസ്‌ലിം-ദളിത്‌-പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക്‌ ആശ്വാസമായ നിലപാടുകള്‍ സ്വീകരിച്ചു കേരളത്തിന്‍റെ സാമൂഹിക നീതിബോധത്തിന്‌ ആക്കം കൂട്ടിയ മുസ്‌ലിം ലീഗ്‌ പ്രസ്ഥാനത്തെ അഭിനന്ദിക്കുന്നതിന്‌ പകരം വിലയിടിച്ച്‌ കാണിക്കാന്‍ ചിലര്‍ നടത്തുന്ന നീക്കം യാദൃശ്ചികമല്ല.
ഇത്തരം അനഭലഷണീയ പ്രവണതകള്‍ക്കെതിരില്‍ മുഴുവന്‍ മതേതര വിശ്വാസികളെയും സമുദായത്തോടൊപ്പം അണിനിരത്തി രാഷ്ട്രത്തിന്റെ യശസുയര്‍ത്താന്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതൃത്വം നല്‍കുമെന്നും പ്രമേയത്തില്‍ പറഞ്ഞു.
അത്തൂര്‍ ബദ്‌രിയ്യ അറബിക്‌ സ്‌കൂള്‍ മദ്‌റസ, സിര്‍സി ഹയാത്തുല്‍ ഇസ്‌ലാം ഉറുദു മദ്‌റസ, ശെട്ടിബെട്ടു ദാറുസ്സലാം ബ്രാഞ്ച്‌ മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ (കര്‍ണാടക), ചോമ്പാല നൂറുല്‍ ഹുദാ മദ്‌റസ (കോഴിക്കോട്‌), അരിമ്പ്ര ബദ്‌റുല്‍ ഹുദാ മദ്‌റസ (മലപ്പുറം), കൂര്‍ക്കമറ്റം ശംസുല്‍ഹുദാ മദ്‌റസ ആന്റ്‌ ദാറുസ്സലാം മസ്‌ജിദ്‌ (തൃശൂര്‍), കുറിയിടത്ത്‌കോണം നജ്‌മുല്‍ഹുദാ ബ്രാഞ്ച്‌ മദ്‌റസ, ചുള്ളിമാനൂര്‍ അല്‍റാശിദ്‌ മദ്‌റസ (തിരുവനന്തപുരം), തരീഫ്‌ മിസ്‌ബാഹുല്‍ അനാം മദ്‌റസ (ഒമാന്‍) എന്നീ 9 മദ്‌റസകള്‍ക്ക്‌ അംഗീകാരം നല്‍കി. ഇതോടെ സമസ്‌ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9131 ആയി ഉയര്‍ന്നു.
പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, ഡോ. എന്‍..എം.അബ്‌ദുല്‍ഖാദിര്‍, സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍, എം.സി മായിന്‍ ഹാജി, എം.എം.ഖാസിം മുസ്‌ലിയാര്‍, ഹാജി.കെ.മമ്മദ്‌ ഫൈസി, കൊട്ടപ്പുറം അബ്‌ദുല്ല മാസ്റ്റര്‍, എം.എം.മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍, ഉമര്‍ ഫൈസി മുക്കം, മൊയ്‌തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട്‌ അബൂബക്കര്‍ നന്ദി പറഞ്ഞു.

No comments:

Post a Comment