Monday, April 9, 2012

ചിന്തയുടെ തിരിനാളം കൊളുത്തിയ ചാരിതാര്‍ഥ്യത്തോടെ റാഷിദ് മടങ്ങി

ചിന്തയുടെ തിരിനാളം കൊളുത്തിയ ചാരിതാര്‍ഥ്യത്തോടെ റാഷിദ് മടങ്ങി
(മാധ്യമം)

ജിദ്ദ: ജീവിതത്തില്‍ അഴിച്ചുപണി ആവശ്യമാണെന്ന ബോധം പ്രവാസി സമൂഹത്തിനിടയില്‍ സന്നിവേശിപ്പിക്കാന്‍ സാധിച്ചതില്‍ തനിക്ക് ചാരിതാര്‍ഥ്യമുണ്ടെന്ന് ‘സൈന്‍’ എക്സികൂട്ടിവ് ഡയറക്ടറും പ്രഭാഷകനുമായ റാഷിദ് ഗസ്സാലി.13ദിവസത്തിനിടയില്‍ 22പരിപാടികളില്‍ പങ്കെടുത്ത് നാട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് തികഞ്ഞ ആത്മസംതൃപ്തിയോടെ ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തി, കുടുംബം, സമൂഹം, സംഘടനകള്‍ തുടങ്ങി എല്ലാ തലങ്ങളിലും അഴിച്ചുപണി അനിവാര്യമായി വന്നിരിക്കയാണെന്ന് റാഷിദ് അഭിപ്രായപ്പെടുന്നു. അത്തരമൊരു ചിന്തക്കയിലേക്ക് അവരെ നയിക്കാന്‍ സാധിച്ചുവെന്നതാണ് ആഹ്ളാദം പകരുന്നത്. ഇതിന് മുമ്പ് നാട്ടിലടക്കം ആറ് രാഷ്ട്രങ്ങളില്‍ നിരവധി പരിപാടികള്‍ നടത്തിയിരുന്നുവെങ്കിലും ജിദ്ദയിലേത് ഹൃദയസ്പൃക്കായ അനുഭവമായിരുന്നു. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലെ വിവിധ സമൂഹങ്ങളുമായി സംവദിക്കാന്‍ സാധിച്ചത് അവിസ്മരണീയമാണ്.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള മാനവ വിഭവ ശേഷി പരിശീലന സംരംഭമായ ‘സൈനി’ന്‍െറ പ്രവര്‍ത്തനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തോടെയാണ് മടങ്ങുന്നത്. അറിവ് പകരുന്നതോടൊപ്പം അത് ജീവിതത്തില്‍ കാത്തുസൂക്ഷിക്കാനുള്ള പരിശീലനവും നല്‍കുന്നതാണ് ‘സൈനി’ന്‍െറ രീതിയത്രെ.
മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികളുമായി താരതമ്യം ചെയ്യുമ്പോള്‍ ജിദ്ദയിലെ പ്രവാസി കുട്ടികള്‍ ഏറെ മുന്നിലാണെന്നാണ് തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് റാഷിദ് പറഞ്ഞു. അറിവ് ഉണ്ടാവുക എന്നതല്ല പ്രധാനം ആ അറിവിന്‍െറ പ്രകടനമാണ് ഇന്നത്തെ അളവുകോല്‍. ഇതിന് കുട്ടികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടായേ തീരു. 70 മണിക്കൂര്‍ ഉപയോഗപ്പെടുത്തി ഒന്നര വര്‍ഷത്തെ ഒരു പരിപാടി ഇതിന് വേണ്ടി സൈന്‍ ആവിഷ്കരിച്ചതായി അദ്ദേഹം പറഞ്ഞു.
2011ല്‍ ഫാറൂഖ് കോളജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം. അതേ വര്‍ഷം കോളജ് യൂനിയന്‍ ചെയര്‍മാന്‍. വിദ്യാര്‍ഥികള്‍ക്കുള്ള പാര്‍ലമെന്‍റിലും മലേഷ്യയില്‍ നടന്ന അന്താരാഷ്ട്ര യുവജന സമ്മേളനത്തിലും പങ്കെടുക്കാന്‍ അവസരം ലഭിച്ചു.
പ്രസംഗ വേദിയിലെ അല്‍ഭുത ബാലന്‍ എന്ന ‘മാധ്യമ’ത്തിന്‍െറ വിശേഷണം സാര്‍ഥകമായപ്പോഴാണ് റാഷിദ് ഗസ്സാലി എന്ന പ്രഭാഷകന്‍െറ രംഗപ്രവേശം. കമലാ സുറയ്യ ഇസ്ലാം മതം സ്വീകരിക്കുമ്പോള്‍ തനിക്ക് വയസ് പത്ത്. മറ്റൊന്നും ആലോചിച്ചില്ല. ബാല്യത്തിന്‍െറ ആവേശത്തില്‍ ജുമുഅക്ക് ശേഷം അതിനെ കുറിച്ച് പ്രസംഗിച്ചു. അന്ന് ‘മാധ്യമം’ എഴുതിയ കുറി്പ്പ് തനിക്ക് പ്രചോദനമായി. ഇപ്പോള്‍ പ്രഭാഷണ കലയുടെ പുതിയ ചക്രവാളങ്ങള്‍ താണ്ടുകയാണ് ഈ 25കാരന്‍. പ്രസംഗം കേട്ടവര്‍ ആദ്യം ചിരിക്കും; പിന്നെ ചിന്തിക്കും, അവസാനം കരയും. ആ കലയുടെ അപാര സാധ്യതകള്‍ വിനിയോഗിച്ചാണ് ജിദ്ദയിലെ പ്രവാസികളെ വന്നു കണ്ടു, കീഴടക്കി തിരിച്ചുപോകുന്നത്.

No comments:

Post a Comment