Monday, August 2, 2010

ഈ പടിവാതില്‍ തുറന്നുതന്നെ

ഇനാമുറഹ്മാന്‍
madhyamam)
Saturday, July 31, 2010

മഴയില്‍ നനഞ്ഞ കൊടപ്പനക്കല്‍ തറവാട്ടിലെ പൂമുഖത്തെ ഘടികാരം അനക്കമറ്റു നിന്നു. ആ പൂമുഖത്തെ നിറസാന്നിധ്യമായിരുന്ന ശിഹാബ് തങ്ങള്‍ പടിയിറങ്ങിയതിന്റെ വേദന പങ്കുവെക്കുംപോലെ. മഴയില്‍ കണ്ണീര്‍വാര്‍ത്തു നില്‍ക്കുന്ന മുറ്റം കടന്ന് തറവാടിന്റെ പടി കയറുമ്പോള്‍ സമയം രാത്രി 8.30. കൊടപ്പനക്കല്‍ തറവാട്ടിലെ മുഴുവന്‍ അംഗങ്ങളും ഒത്തുചേരാനുള്ള കാത്തിരിപ്പിനിടെ മുറ്റത്ത് വന്നുനിന്ന ജീപ്പില്‍ നിന്ന് ഒരു കുടുംബം ഇറങ്ങി പൂമുഖത്തേക്ക് കയറിനിന്നു. ആ സമയത്തും ആവലാതി ബോധിപ്പിക്കാനെത്തിയ ഒരു സാധാരണകുടുംബത്തെ ബശീറലി ശിഹാബ് തങ്ങള്‍ നിറപുഞ്ചിരിയുമായി സ്വീകരിച്ചു. പൂമുഖത്തോട് തൊട്ടുനില്‍ക്കുന്ന മുറിയില്‍ അവരുടെ പ്രശ്‌നങ്ങള്‍ കേട്ട്, അവര്‍ക്ക് സാന്ത്വനമേകി തിരിച്ചയക്കുമ്പോള്‍ സമയം 10 മണി. ഇറങ്ങിപ്പോയ സ്ത്രീകളുടെ കണ്ണുകളില്‍ നനവു പടര്‍ന്നിരുന്നു. എത്രയോ കുടുംബങ്ങളുടെ കണ്ണീര്‍ വീണു നനഞ്ഞ മുറ്റത്തുകൂടെ തലതാഴ്ത്തി വിതുമ്പലടക്കി അവരും തിരിച്ചു പോയി. വര്‍ഷങ്ങളായി തുടരുന്ന പതിവിന്റെ അവസാനിക്കാത്ത തുടര്‍ച്ച.

ഈ തറവാട് അങ്ങനെയാണ്. സമയഭേദമില്ലാതെ ആര്‍ക്കും കയറിവരാം. സങ്കടങ്ങള്‍ പറയാം. ഒരു സംസ്ഥാനത്തെ, ഒരു ജനതയെ ഇത്രയധികം സ്വാധീനിച്ച ഒരു വീട്ടകം ഉണ്ടാവാനിടിയില്ല. ആ പൂമുഖത്തെ വട്ടമേശയിലേക്ക് ചാഞ്ഞിരുന്ന് കേരളത്തിന്റെ രാഷ്ട്രീയ-ആത്മീയ മണ്ഡലങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് സൗമ്യമായി തീര്‍പ്പു കല്‍പ്പിച്ചിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പുഞ്ചിരി മാഞ്ഞു പോയിട്ട് കലണ്ടറില്‍നിന്ന് ഒരു വര്‍ഷം അടര്‍ന്നു വീഴുന്നു ഇന്ന്.

2009 ആഗസ്റ്റ് ഒന്നിനാണ് മലപ്പുറത്തെ നടുക്കിയ വിയോഗമുണ്ടായത്. സംസ്ഥാനത്തു നിന്നുള്ള എല്ലാ വഴികളും പാണക്കാട്ടേക്ക് തിരിഞ്ഞ ദിനം കൂടിയായിരുന്നു അത്. തങ്ങളുടെ വേര്‍പാട് താങ്ങാനാവാതെ തരിച്ചു നിന്നവര്‍, പൊട്ടിക്കരഞ്ഞവര്‍, തളര്‍ന്നുപോയവര്‍ അങ്ങനെ എത്രയോ ആയിരങ്ങള്‍ കൊടപ്പനക്കല്‍ വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച മലപ്പുറം ടൗണ്‍ഹാളിന്റെ മുറ്റത്തും പരിസരത്തും തിക്കിത്തിരക്കി ശ്വാസമടക്കി നിന്നത് അദ്ദേഹം ചെലുത്തിയ സ്വാധീനത്തിന്റെ വേറിട്ട കാഴ്ചയായിരുന്നു. വേര്‍പാടിന്റെ വിങ്ങല്‍ മാറിയിട്ടില്ലെങ്കിലും കൊടപ്പനക്കല്‍ തറവാടിന് കാര്യമായ ഋതുപ്പകര്‍ച്ചകളില്ല. പതിവുപോലെ ആ മുറ്റത്ത് ആവലാതികളുടെ കെട്ടുകളിറക്കാന്‍ ഇപ്പോഴും ആളുകളെത്തുന്നു. ബാപ്പയുടെ സ്ഥാനത്തിരുന്ന് മക്കളായ ബശീറലിയും മുനവ്വറലിയും വരുന്നവര്‍ക്ക് സാന്ത്വനമേകുന്നു. വന്നു കയറുന്നവര്‍ക്ക് ശിഹാബ്തങ്ങളുടെ പ്രതിരൂപങ്ങളാണവര്‍. തങ്ങള്‍ അവരിലൂടെ ജീവിക്കുകയാണ്. കാര്യങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം ബാപ്പ ജീവിച്ചിരുന്നപ്പോള്‍ തന്നെ നല്‍കിയിട്ടുണ്ടെന്നും അതിനുള്ള അവസരം ഒരുക്കിയിരുന്നുവെന്നും മുനവ്വറലിയും ബശീറലിയും ഒരേ സ്വരത്തില്‍ പറഞ്ഞു. കൈവിറക്കാതെ, ചങ്കിടിക്കാതെ, ഒട്ടും പതര്‍ച്ചയില്ലാതെ കാര്യങ്ങളെ നോക്കിക്കാണാനാവുന്നത് ബാപ്പയുടെ സാന്നിധ്യം ഇപ്പോഴുമുണ്ടെന്ന തോന്നലാണെന്നും എളാപ്പമാരുടെ പിന്തുണ ആ വിടവ് നികത്താന്‍ ഒരു പരിധിവരെ സഹായകമാണെന്നും ഇരുവരും സമ്മതിക്കുന്നു. ശിഹാബ്തങ്ങള്‍ നടന്ന വഴിയേ നടക്കുമ്പോള്‍ ഇടര്‍ച്ചയുണ്ടാവാതെ നോക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ തുണയാകുന്നത് സഹോദരന്മാരുടെയും സഹപ്രവര്‍ത്തകരുടെയും അകമഴിഞ്ഞ സ്‌നേഹവും പിന്തുണയുമാണെന്ന കാര്യത്തില്‍ മുസ്‌ലിംലീഗിന്റെ അവസാന വാക്കും ശിഹാബ്തങ്ങളുടെ പിന്‍മുറക്കാരനുമായ ഹൈദരലി ശിഹാബ് തങ്ങള്‍ക്കുമില്ല സംശയം. കൊടപ്പനക്കല്‍ തറവാടിനോട് ചാരിനില്‍ക്കുന്ന വീട്ടിലിരുന്ന് വല്യാക്ക ഏല്‍പ്പിച്ചുപോയ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കരുത്ത് നല്‍കുന്നതും നോക്കിയാല്‍ കാണുന്ന ദൂരത്തുള്ള സഹോദരങ്ങളും അവരുടെ സ്‌നേഹവുമാണ്. അല്ലാഹുവിന്റെ സഹായവും തനിക്കുണ്ടെന്ന് ഈ ചെറിയ വലിയ മനുഷ്യന്‍ ഉറച്ചുവിശ്വസിക്കുന്നു. കൂടാതെ 25 വര്‍ഷം മലപ്പുറം ജില്ലാ മുസ്‌ലിം ലീഗിന്റെ അമരക്കാരനായതിന്റെ പാകതയും മുന്നോട്ടുള്ള വഴിയില്‍ അദ്ദേഹത്തിന് താങ്ങാവുന്നു. എല്ലാ ദിവസവും തങ്ങള്‍കുടുംബത്തിലെ ഒരാളെങ്കിലും പാണക്കാട്ടുണ്ടാവണമെന്ന തീരുമാനം പുതുതായി എടുത്തതിനുപിന്നിലും ഈ കൂട്ടായ്മയുടെ കെട്ടുറപ്പുണ്ട്.

രാത്രി വൈകിയും തുടര്‍ന്ന സംസാരത്തില്‍ ഇടക്ക് രാഷ്ട്രീയവും കടന്നുവന്നു. എല്ലാ സംഘടനകളോടും സൗമ്യമായ നിലപാടു സ്വീകരിച്ചിരുന്ന ശിഹാബ് തങ്ങളുടെ അനുയായികളില്‍ പ്രമുഖരായ മുനീറും ഷാജിയുമൊക്കെ മുസ്‌ലിം സംഘടനകളെയും മറ്റും തീവ്രവാദികളാക്കുന്നതിന്റെ സാംഗത്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അതൊരു ശൈലിയായി മാത്രം കണ്ടാല്‍ മതിയെന്നായിരുന്നു തങ്ങള്‍ കുടുംബത്തിന്റെ ഒന്നടങ്കമുള്ള മറുപടി. പിണറായിയും ജയരാജനും ഒരുപോലെയല്ലല്ലോ സംസാരിക്കുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങള്‍, യുവാക്കള്‍ തീവ്രവാദത്തിലേക്ക് പോകാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അബ്ബാസലി തങ്ങള്‍; രണ്ടു പേരും ഇക്കാക്കയെ ഒരുപോലെ പിന്തുണച്ചു. വിഷയം രാഷ്ട്രീയത്തിലേക്ക് വഴിമാറാതെ നോക്കാന്‍ തങ്ങള്‍ കുടുംബം ഒരുപോലെ ശ്രദ്ധവെച്ചു. ഇടക്ക് കയറിവന്നയാളെ ഹൈദരലി തങ്ങള്‍ പരിചയപ്പെടുത്തി. പെങ്ങളുടെ മകന്‍ അഹമ്മദ് ജിഫ്രി തങ്ങള്‍. അദ്ദേഹത്തിനു പിറകെയായി വാതില്‍ പാതിതുറന്ന് എത്തിനോക്കിയ ചെറുപ്പക്കാരനെ അബ്ബാസലി തങ്ങള്‍ പരിചയപ്പെടുത്തി-ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ അലി ശിഹാബ്. ചുവരും ചാരി പുഞ്ചിരി തൂകി നിന്ന മുഈന്‍ ലണ്ടനില്‍ നിന്ന് എം.ബി.എ കഴിഞ്ഞെത്തിയിട്ട് അധികം നാളായിട്ടില്ല. ബാപ്പയോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാന്‍ നിര്‍ബന്ധിച്ചപ്പോഴാണ് മുഈന്‍ തയാറായത്. രാത്രി വൈകി കൊടപ്പനക്കല്‍ തറവാടിന്റെ പടിയിറങ്ങുമ്പോഴും സംസ്ഥാനത്തെ രാഷ്ട്രീയ, ആത്മീയ ഇടങ്ങളില്‍ നിര്‍ണായകസ്വാധീനം ചെലുത്തുന്ന ഒരു വലിയ കുടുംബം വാതില്‍ തുറന്നുവെച്ചു തന്നെ ഇരിപ്പാണ്. അതുതന്നെയാണ് കൊടപ്പനക്കല്‍. ഈ മുറ്റത്ത് ആര്‍ക്കും വരാം, എപ്പോഴും. ഈ പടിവാതില്‍ തുറന്നുതന്നെ കിടക്കും.

No comments:

Post a Comment