Saturday, December 22, 2012

എസ്.വൈ.എസ് പ്രഖ്യാപന സമ്മേളനം

സംഘശക്തി വിളിച്ചോതി എസ്.വൈ.എസ് മഹാസമ്മേളനം

കാളമ്പാടി ഉസ്താദ്‌ നഗര്‍: കേരളീയ മുസ്‌ലിംകളുടെ ഏറ്റവും വലിയ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ യുവജന സംഘടന തലസ്ഥാന നഗരിയെ അക്ഷരാര്‍ത്ഥത്തില്‍ ശുഭ്രസാഗരമാക്കി. 
എസ്.വൈ.എസ് 60ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് തലസ്ഥാനത്തെത്തിയ പ്രവര്‍ത്തകര്‍ തലസ്ഥാന നഗരി ഇതുവരെ കണ്ടിട്ടില്ലാത്തത്രയായിരുന്നു.
ദക്ഷിണ കന്നഡയില്‍ നിന്നും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുമായി പതിനായിരങ്ങളാണ് സമ്മേളനത്തില്‍ അണിചേരാന്‍ അനന്തപുരിയിലെത്തിയത്. പുലര്‍ച്ചെ തന്നെ ബസിലും ട്രെയിനിലും സ്വകാര്യ വാഹനങ്ങളിലുമായി പ്രവര്‍ത്തകര്‍ തലസ്ഥാനത്തെത്തി ചേര്‍ന്നിരുന്നു. ഇവര്‍ക്കായി ഭക്ഷണവും കുടിവെള്ളവും വിവിധ സ്ഥലങ്ങളിലായി സംഘാടകര്‍ ഒരുക്കിയിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയെ നൂറു കണക്കിന് പ്രവര്‍ത്തകര്‍ ബീമാപള്ളി സന്ദര്‍ശിച്ചു. അവിടെ നിന്നും ഉച്ചയോടെ തന്നെ സമ്മേളന നഗരിയായ ചന്ദ്രശേഖരന്‍ സ്റ്റേഡിയത്തിലേക്ക് എസ്.വൈ.എസ് പ്രവര്‍ത്തകര്‍ ഒഴുകി തുടങ്ങി.
സമ്മേളനത്തിനെത്തുന്ന പ്രവര്‍ത്തകരുടെ തിരക്ക് കണക്കിലെടുത്ത് നഗരത്തില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് പൊലീസ് നിയന്ത്രണം ഏര്‍പെടുത്തിയിരുന്നു. ജില്ലയിലെ പ്രധാന ജമാഅത്തുകളായ ആലംകോട് വലിയപള്ളി ആറ്റിങ്ങല്‍ ജുമാ മസ്ജിദ്, കഴക്കൂട്ടം പള്ളി മസ്ജിദ്ഹാള്‍, തമ്പാനൂര്‍ പള്ളി, ചാല ജുമാ മസ്ജിദ്, അട്ടക്കുളങ്ങര പള്ളി, മണക്കാട് ജുമാ മസ്ജിദ എന്നിവിടങ്ങളിലെല്ലാം പ്രവര്‍ത്തകര്‍ക്ക് നിസ്‌കാരത്തിനും മറ്റും സൗകര്യം ഒരുക്കിയിരുന്നു.
കല്ലമ്പലം അല്‍ഇര്‍ഫാന്‍ ഓഡിറ്റോറിയം, കടുവയില്‍ കെ.ടി.എം ഓഡിറ്റോറിയം, ആറ്റിങ്ങളല്‍ ടൗണ്‍ഹാള്‍, കോരാണി കെ.എം രേവതി ഓഡിറ്റോറിയം, തോന്നയ്ക്കല്‍ കെ.എം സഫാ ഓഡിറ്റോറിയം, പാളയം സി.എച്ച് സെന്റര്‍, മേലെതമ്പാനൂര്‍ സമസ്ത ജൂബിലി സൗധം, ചാല ഖുതുബുഖാന, വള്ളക്കടവ് അറഫ ഓഡിറ്റോറിയം, കമലേശ്വരം ഓഡിറ്റോറിയം, കണിയാപുരം ഇര്‍ശാദിയ്യ അറബിക് കോളജ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് വിശ്രമിക്കുന്നതിനും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി പ്രവര്‍ത്തകര്‍ക്ക് സൗകര്യമൊരുക്കി.
ഭക്ഷണത്തിനും മറ്റുമായി അഞ്ച് കേന്ദ്രങ്ങളില്‍ കാറ്ററിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പുറമെ നഗരസഭയുടെ സഹകരണത്തോടെ മിതമായ നിരക്കില്‍ കുടിവെള്ളവും ഭക്ഷണകിറ്റുകള്‍ ലഭ്യമാക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
സമ്മേളനും ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ 25000 ത്തോളം പേര്‍ക്കിരിക്കാവുന്ന ഗാലറിയും ഇതിന്റെ രണ്ടിരട്ടിയോളം ആളുകളെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയം ഗ്രൗണ്ടും തൂവെള്ള വസ്ത്ര ധാരികളായ എസ്.വൈ.എസ് പ്രവര്‍ത്തകരാല്‍ തിങ്ങി നിറഞ്ഞിരുന്നു. നിരവധി പേര്‍ സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കുവാന്‍ സാധിക്കാത്തെ സമ്മേളന നഗരി കാണാന്‍ സാധിക്കുന്ന ഇടങ്ങളിലെല്ലാം ഇടം പിടിച്ചു.
സമ്മേളനത്തിനെത്തിയ പ്രവര്‍ത്തകര്‍ ഇരിപ്പിടങ്ങളില്‍നിന്നും എഴുന്നേല്‍ക്കാതെ സമ്മേളനം കഴിയുന്നതുവരെ പുലര്‍ത്തിയ അച്ചടക്കം തലസ്ഥാനത്തിന് പുതുമ സമ്മാനിച്ചു. മുഖ്യമന്ത്രിയും പാണക്കാട് തങ്ങളും അഞ്ച് മന്ത്രിമാരും ഉള്‍പെടെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരെ അണിനിരത്തിയ വേദിയും ശ്രദ്ധയമായി.

No comments:

Post a Comment