Wednesday, July 31, 2013

ഡോ. സാകിര്‍ നായിക്കിന് ശൈഖ് മുഹമ്മദ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് സമര്‍പ്പിച്ചു

chandrikadaily.com
ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഇസ്‌ലാമിക വ്യക്തിത്വ പുരസ്‌കാരം ഇന്ത്യയില്‍ നിന്നുള്ള വിഖ്യാത പണ്ഡിതനും പ്രബോധകനും വാഗ്മിയുമായ ഡോ. സാകിര്‍ നായിക് ഏറ്റുവാങ്ങി. ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ രക്ഷാകര്‍ത്താവെന്ന നിലയില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സാബീല്‍ കൊട്ടാരത്തിലേക്ക് സാകിര്‍ നായിക്കിനെ ക്ഷണിക്കുകയും അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്തു.

നേരത്തെ ദുബൈ ചേംബര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സാകിര്‍ നായിക് സംസാരിച്ചു. ദുബൈ ഉപഭരണാധികാരിയും ടീകോം ചെയര്‍മാനുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി സംഘാടക വിഭാഗം ചെയര്‍മാന്‍ ഇബ്രാഹിം മുഹമ്മദ് ബൂമില്‍ഹ തുടങ്ങിയ നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു. സാകിര്‍ നായിക്കിന്റെ തികച്ചും ശാന്ത സ്വഭാവത്തിലുള്ള സംവാദവും, ദയാവായ്പിന്റെയും സഹിഷ്ണുതയുടെയും മതമായ ഇസ്‌ലാമിനെ പ്രമാണബദ്ധമായി പ്രബോധനം നടത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും സ്വീകരിക്കുന്ന രീതിയും അഭിനന്ദനീയമാണെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയതിലും അതിനെ വ്യാഖ്യാനിക്കുന്നതിലും ഡോ. സാകിര്‍ നായിക് പ്രകടിപ്പിക്കുന്ന ബൗദ്ധികവും ആത്മീയവുമായ കഴിവില്‍ ശൈഖ് മുഹമ്മദ് അദ്ഭുതം കൂറി.

ദിവ്യഗ്രന്ഥത്തെ അത്യഗാധമായി മനസ്സിലാക്കിയതിലും വിലപ്പെട്ട ചില ഗ്രന്ഥങ്ങള്‍ രചിച്ചതിലും അദ്ദേഹത്തെ ശൈഖ് മുഹമ്മദ് അനുമോദിക്കുകയും ചെയ്തു. വിശുദ്ധ ഖുര്‍ആനെ ലോക സമൂഹത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്ന ഇത്തരമൊരു മഹത്തായ പരിപാടി ഒരുക്കിയതിലും അതില്‍ തനിക്ക് ഇസ്‌ലാമിക വ്യക്തിത്വ പുരസ്‌കാരം നല്‍കിയതിലും അങ്ങേയറ്റത്തെ കൃതജ്ഞതയുണ്ടെന്ന് ഡോ. സാകിര്‍ നായിക് പറഞ്ഞു. ആഗോള തലത്തില്‍ തന്നെ ഖുര്‍ആന്‍ മന:പാഠ പ്രതിഭകളെ സൃഷ്ടിക്കുന്ന ഈ മഹത്തായ ഉദ്യമം വിശേഷിച്ചും ഇസ്‌ലാമിക രാജ്യങ്ങളില്‍ വലിയ ഉണര്‍വാണ് പ്രദാനം ചെയ്തിരിക്കുന്നതെന്നും ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. മെഡിക്കല്‍ ഡോക്ടറായ സാകിര്‍ നായിക് ഇസ്‌ലാം-താരമത്യ മത വിഷയത്തില്‍ ഇന്ന് ലോകം ആദരിക്കുന്ന പ്രഭാഷകനാണ്. നാല്‍പത്തേഴുകാരനായ നായിക് മുംബൈ ആസ്ഥാനമായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ അധ്യക്ഷനുമാണ്.

ഇസ്‌ലാമിക വീക്ഷണങ്ങള്‍ സുവ്യക്തമായി അവതരിപ്പിക്കുന്നതിലും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ പൂര്‍ണമായും അകറ്റാനും നായിക്കിന്റെ പ്രഭാഷണങ്ങള്‍ വലിയ തോതില്‍ സഹായിക്കുന്നുണ്ട്. കാര്യ-കാരണ-യുക്തി ബന്ധുരമായും ശാസ്ത്രീയമായും ഇസ്‌ലാം മുന്നോട്ടു വച്ച വസ്തുതകളെ ഖുര്‍ആന്‍, ഹദീസ്, തെളിവുകളുടെ പിന്‍ബലത്തില്‍ അദ്ദേഹം അനന്യ സാധാരണമായാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ 17 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഡോ. സാകിര്‍ 2,000 വേദികളില്‍ പ്രസംഗിച്ചിട്ടുണ്ട്.

ഇന്ത്യയിലേതിന് പുറമെ അമേരിക്ക, കനഡ, ബ്രിട്ടന്‍, ഇറ്റലി, സഊദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, മലേഷ്യ, സിംഗപ്പൂര്‍, ഹോങ്കോംങ്, തായ്‌ലാന്റ്, ഒമാന്‍, ഈജിപ്ത്, ഓസ്‌ട്രേലിയ, ഈജിപ്ത്, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, നൈജീരിയ, ശ്രീലങ്ക, ബ്രൂണൈ, ഗയാന, ട്രിനിഡാഡ്, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലും അദ്ദേഹം പ്രഭാഷണം നടത്തിയിട്ടുണ്ട്. 200 രാജ്യങ്ങളിലെ ടി.വി-റേഡിയോ ചനലുകളിലും പത്രങ്ങളിലും മാസികകളിലും അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ വന്നിട്ടുണ്ട്.

No comments:

Post a Comment