Wednesday, November 7, 2012

റോസാപൂക്കള്‍ കൈമാറി അവര്‍ മുഹമ്മദ് നബിയെ പരിചയപ്പെടുത്തി

കോഴിക്കോട് കടപ്പുറം. കൈകളില്‍ റോസാപൂക്കളുമായി ഒരുകൂട്ടം യുവാക്കള്‍. അങ്ങിങ്ങായി കാണുന്ന സന്ദര്‍ശക സംഘത്തെ അവര്‍ സമ്മതത്തോടെ സമീപക്കുന്നു. സ്നേഹത്തിന്റെ പ്രതീകമായി കയ്യില്‍ കരുതിയ റോസാപൂക്കള്‍ സമ്മാനിക്കുന്നു. പിന്നെ ഇതിന് പ്രേരകമായ മുഹമ്മദ് നബിയുടെ ജീവിത സന്ദേശങ്ങളും പരിചയപ്പെടുത്തുന്നു. സൌഹൃദത്തിന്റെ പുതിയ വാതായനം തീര്‍ത്ത് അവര്‍ തൊട്ടപ്പുറത്തുള്ള മറ്റൊരു സംഘത്തെ ലക്ഷ്യമാക്കി നീങ്ങുന്നു…
പ്രവാചകന്റെ ജീവിത സന്ദേശം പൊതുജനങ്ങളിലെത്തിക്കാന്‍ എസ്.കെ.എസ്.എസ്.എഫിന് കീഴില്‍ കോഫി ഇന് ആര്‍ട്ട് കമ്മ്യൂണിറ്റി കഴിഞ്ഞ ഞായറാഴ്ച നടത്തിയ പരിപാടിയിലാണ് ഈ രംഗങ്ങള്‍ അരങ്ങേറിയത്. കോഴിക്കോട് ബീച്ചിലെത്തിയ അമുസ്‌ലിംകളടക്കമുള്ള സന്ദര്‌‍ശകര്‍ക്ക് പുഷ്പം കൈമാറി സ്നേഹത്തിന്‍റെ പ്രതീകമായ പ്രവാചകനെ പരിചയപ്പെടുത്തി അവര്‍.
ലണ്ടനിലെ യംഗ് മുസ്‌ലിംസ് ആഗോളവ്യാപകമായി സംഘടിപ്പിച്ച ഗ്ലോബല്‌ റോസ് ഡേയുടെ ഭാഗമായാണ് പരിപാടി നടന്നത്. ബീച്ചിലും പരിസരത്തും ഒഴിവുദിനം ആസ്വദിക്കാനെത്തിവര്‍ക്ക് അവര്‍ സ്നേഹത്തിന്റെ പ്രതീകമായ റോസ് പുഷ്പം കൈമാറി, കൂടെ മറ്റുള്ളവരോട് കരുണ കാണിക്കുന്നതിനെ കുറിച്ചുണര്‍ത്തിയ പ്രവാചക വാക്യങ്ങളടങ്ങിയ ലഘുലേഖകളും. നിര്‍മലമായ പ്രവാചകാധ്യാപനങ്ങളെ പരിചയപ്പെട്ടതിന്റെ സന്തോഷം അവരുടെ മുഖത്ത് പ്രകടം.
യു.കെ, ജര്‍മനി, ദുബൈ, പാരിസ്, കൈറോ, സ്വീഡന്, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളടക്കം ലോകമൊന്നാകെ ഈ റോസ്ഡേയില്‍ പങ്കുകൊണ്ടു. ആഗോളതലത്തില്‍ തന്നെ പ്രവാചകനെ വക്രമായി ചിത്രീകരിച്ചു കൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തില്‍ ജനകീയമായ സന്ദേശ പ്രചരണമാര്‍ഗം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

No comments:

Post a Comment