Saturday, October 15, 2011

മലയാളികള്‍ക്ക് സ്നേഹവും ജീവിതവും നല്‍കി

കാണുന്നവരോടെല്ലാം കേരളീയരുടെ നന്മയെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുകയും മലയാളികളെ കൂടപ്പിറപ്പുകളെപ്പോലെ സ്നേഹിക്കുകയും ചെയ്ത അറബ് വ്യാപാര പ്രമുഖന്‍ അബൂദാബിയിലെ അബ്ദുറഹീം അബ്ദുല്ലാ ഹുസൈന്‍ അല്‍ഖൂരി ഓര്‍മയായി. അറബ് രാജ്യങ്ങളും അറബികളുമായുള്ള കേരളക്കരയുടെ ബന്ധത്തിനും അനേക നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മത പ്രചാരണം നടത്തിയും വ്യാപാരം ചെയ്തും കുടുംബ ജീവിതം നയിച്ചും അറബികള്‍ കേരളത്തിന്റെ ഭാഗമായിട്ടുണ്ട്. പില്‍ക്കാലം മലയാളക്കരയുടെ പ്രധാന ഉപജീവനമാര്‍ഗം തന്നെയായി അറബ് നാടുകള്‍.
അനേക ലക്ഷം കേരളീയര്‍ ഇന്ന് അറബ് നാടുകൊണ്ട് ജീവിതം കരുപ്പിടിപ്പിക്കുന്നു. അറബ് രാജ്യങ്ങളുടെയും അറബികളുടെയും ഉദാരമനസ്സ് നമ്മുടെ നാടിന്റെ സമ്പദ് ഘടനയുടെ തന്നെ കരുത്തും പിന്‍ബലവുമായിരിക്കുന്നു. പക്ഷേ ഈ പൊതുവായ നിരീക്ഷണങ്ങള്‍ക്കുമപ്പുറമായിരുന്നു അബ്ദുറഹീം അല്‍ഖൂരി. മലയാളികള്‍ക്കുപൊതുവിലും പാണക്കാട് കൊടപ്പനക്കല്‍ കുടുംബത്തിന് പ്രത്യേകിച്ചും.
കേരളത്തിലെ പൊതുസമൂഹം ഏറെ സ്നേഹബഹുമാനം നല്‍കിയ ആദരണീയനായ ഞങ്ങളുടെ സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വേര്‍പാട് താങ്ങാനാവാതെ ദിവസങ്ങളോളം കരഞ്ഞും പ്രാര്‍ത്ഥിച്ചും കഴിഞ്ഞ അബ്ദുറഹീം ഖൂരിയുടെ മുഖം ഒരിക്കലും മനസ്സില്‍ നിന്നു മാഞ്ഞുപോവില്ല. ആ ദിവസങ്ങളില്‍ തന്റെ ജോലിക്കാരും മറ്റുമായ ഏത് മലയാളിയെ മുന്നില്‍കണ്ടാലും വിതുമ്പലടക്കാനാവാതെ തേങ്ങിക്കരയുകയായിരുന്നു അദ്ദേഹം.
കാല്‍ നൂറ്റാണ്ടായുള്ള ആത്മബന്ധമായിരുന്നു അവര്‍തമ്മിലുണ്ടായിരുന്നത്. തന്റെ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന മലയാളികളില്‍ നിന്നാണ് അദ്ദേഹം ശിഹാബ് തങ്ങളെക്കുറിച്ച് ആദ്യം മനസ്സിലാക്കുന്നത്. യു.എ.ഇയിലെ പരിപാടികള്‍ക്കായി ശിഹാബ് തങ്ങള്‍ ചെല്ലുമ്പോള്‍ ലഭിക്കുന്ന സ്വീകരണങ്ങളും വാര്‍ത്താമാധ്യമ പരിഗണനയുമെല്ലാം ഖൂരി പിന്നീട് ശ്രദ്ധിച്ചു തുടങ്ങി.
ഈജിപ്തിലെ പഠനത്തിലൂടെയും മറ്റും ശിഹാബ് തങ്ങള്‍ക്കു ലഭിച്ച സവിശേഷമായ അറബ് ഭാഷാ സാഹിത്യ പാണ്ഡിത്യവും ഖൂരിയെ ആകര്‍ഷിച്ചു. അങ്ങനെയെല്ലാം തുടങ്ങിയ സൗഹൃദം പിന്നീട് ആത്മാവില്‍തൊട്ട സ്നേഹമായി മാറി. ഇക്കാക്ക അബൂദാബിയിലെത്തുമ്പോഴെല്ലാം സ്വീകരിക്കാന്‍ അബ്ദുറഹീം ഖൂരി ഓടിയെത്തും. പ്രത്യേക വിരുന്നും ചര്‍ച്ചകളും. ഇക്കാക്കയെ കാണാന്‍ വേണ്ടി മാത്രമായി പലവട്ടം ഖൂരി കേരളത്തില്‍ വന്നു. അപ്പോഴെല്ലാം ആരോഗ്യ പ്രശ്നങ്ങളോ തിരക്കുകളോ ഗൗനിക്കാതെ എയര്‍പോര്‍ട്ടില്‍ കൂട്ടിക്കൊണ്ടുവരാന്‍ ഇക്കാക്ക തന്നെ നേരിട്ടുചെന്നു.
"ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം ആത്മീയ' മാണെന്ന് ഇക്കാക്കയെപറ്റി ഖൂരി പറയും. ഗഹനമായ മത വിഷയങ്ങളും സമൂഹത്തിലെ പാവപ്പെട്ടവരുടെ പ്രയാസങ്ങളുമാണ് ഇരുവരും ഏറെയും സംസാരിക്കാറുണ്ടായിരുന്നത്. ആ ആത്മസൗഹൃദത്തിന്റെ കൂടിക്കാഴ്ചകളിലൂടെ കേരളത്തിലെ ആയിരക്കണക്കിനു പാവങ്ങള്‍ക്ക് ആശ്വാസമായ ഒട്ടേറെ ആനുകൂല്യങ്ങളും ലഭിച്ചു എന്നത് നന്ദിപൂര്‍വം സ്മരിക്കേണ്ടതുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരാധനാലയ സൗകര്യമില്ലാതെ പ്രയാസപ്പെടുന്ന വിശ്വാസികള്‍ ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു വിഷമം ബോധിപ്പിക്കുമ്പോള്‍ അദ്ദേഹം ഖൂരിയെ വിളിക്കും. മിക്കപ്പോഴും ഖൂരി ഇങ്ങോട്ട് വിളിച്ച് അദ്ദേഹത്തോട് ചോദിക്കും: "നാം അത്യാവശ്യം സഹായിക്കേണ്ട ആരെങ്കിലുമുണ്ടോ' എന്ന്. അപ്പോഴും ഇത്തരം വിവരങ്ങള്‍ പറയും. അങ്ങനെ നിയമവിധേയമായ മാര്‍ഗത്തിലൂടെ കേരളത്തില്‍ നിരവധി മസ്ജിദുകള്‍ ഉയര്‍ന്നുവന്നതിന് ഖൂരിയുടെ ഉദാര മനസ്സ് സഹായകമായി.
നിരവധി ദരിദ്ര യുവതികള്‍ക്ക് മംഗല്യസൗഭാഗ്യം ലഭിക്കുന്നതിന് അബ്ദുറഹീം അല്‍ഖൂരി എന്ന വലിയ മനുഷ്യന്‍ സഹായ ഹസ്തം നീട്ടി. 2008ല്‍ 17 യുവതികളും ഈ വര്‍ഷം 12 യുവതികളും "സമൂഹ' ചടങ്ങില്‍വെച്ചു തന്നെ വിവാഹിതരായി. ഇത്തരം ചടങ്ങുകളില്ലാതെ നിരവധി ദരിദ്രരുടെ വിവാഹങ്ങളും ഭവനനിര്‍മാണവും ഖൂരിയുടെ സഹായത്തില്‍ നമ്മുടെ നാട്ടില്‍ നടന്നു. ചടങ്ങുകള്‍ക്കൊക്കെ ഇക്കാക്ക കാര്‍മികത്വം വഹിക്കണമെന്നത് ഖൂരിയുടെ നിര്‍ബന്ധമായിരുന്നു. പള്ളികള്‍ക്ക് തറക്കല്ലിടുന്നതും ഉദ്ഘാടനം ചെയ്യുന്നതും ശിഹാബ് തങ്ങളായിരിക്കണം. നിര്‍ധനര്‍ക്കു വീടു വെച്ചുകൊടുക്കുമ്പോള്‍ ഇക്കാക്ക തന്നെ തുറന്നു കൊടുക്കണം. ചികിത്സാ സഹായം ഇക്കാക്കയുടെ കൈകള്‍കൊണ്ട് നല്‍കണം. എല്ലാറ്റിലും ഈ നിഷ്ഠ പുലര്‍ത്തി.
ഈ വര്‍ഷം സമൂഹ വിവാഹത്തിന് കാര്‍മികത്വം വഹിക്കാന്‍ ഈ ലേഖകന്‍ തന്നെ വേണമെന്ന് ഖൂരി നിര്‍ബന്ധം പിടിച്ചു. ഖൂരിയുടെ സഹായത്തോടെ വിവാഹം ചെയ്തയക്കുന്നവരില്‍ പാവപ്പെട്ട ഹൈന്ദവ യുവതികളും ഉണ്ടെന്നറിയിക്കുമ്പോള്‍ അദ്ദേഹത്തിനു ഏറെ സന്തോഷമാണ്. കേരളത്തിന്റെ ഈ മൈത്രീ മനസ്സ് ആ അറബ്പ്രമുഖന്‍ പ്രത്യേകം എടുത്തുപറയുകയും ചെയ്യും. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സേവനത്തിനായി ശിഹാബ് തങ്ങള്‍ മുന്‍കൈയെടുത്ത് കരിപ്പൂരില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച മുസാഫിര്‍ഖാനക്കും നിര്‍ധന രോഗികളെ സഹായിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലെ സി.എച്ച് സെന്ററിനുമെല്ലാം അബ്ദുറഹീം ഖൂരിയുടെ കൈത്താങ്ങ് ലഭിച്ചു.
കേരളത്തില്‍ ആര്‍ക്ക് എന്തു നല്‍കുന്നതും എത്രയായാലും അത് ശിഹാബ് തങ്ങള്‍ മുഖേനയാവണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. ശിഹാബ് തങ്ങള്‍ നന്മയുടെ മാര്‍ഗത്തിലൂടെയാണ് നയിക്കുകയെന്ന് അദ്ദേഹം മറ്റുള്ളവരോട് പറയുകയും ചെയ്യും.
അമേരിക്കയില്‍നിന്നു ഇക്കാക്ക ചികിത്സ കഴിഞ്ഞുവരുമ്പോള്‍ പത്നി ശരീഫാ ഫാത്തിമാബീവി മരണപ്പെട്ട ദുഃഖപൂര്‍ണമായ അന്തരീക്ഷമാണ് കൊടപ്പനക്കലുള്ളത്. ഈ സമയത്ത് ആത്മസുഹൃത്തിനെ ആശ്വസിപ്പിക്കാന്‍ ഖൂരി അബൂദാബിയില്‍ നിന്നു പറന്നെത്തി. പക്ഷേ ഇക്കാക്ക മരിച്ചതറിഞ്ഞ് ആകെ തളര്‍ന്നുപോയ ഖൂരി പിന്നീട് കേരളത്തിലേക്കു വന്നില്ല. "ഞാന്‍ ഇനി അങ്ങോട്ടില്ല, സയ്യിദ് ശിഹാബില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ആ കസേരയിലേക്കു നോക്കാന്‍ എനിക്കു കഴിയില്ല' എന്ന് മാധ്യമപ്രതിനിധികളോട് അദ്ദേഹം പലവട്ടം പറഞ്ഞു.
ഇക്കാക്കക്കു വേണ്ടി പ്രാര്‍ത്ഥനകളും ദാനധര്‍മങ്ങളുമായിരുന്നു പിന്നീട്. തളിപ്പറമ്പിലെ ഹൈവേ മസ്ജിദുസ്സ്വഹാബയില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ റമസാനില്‍ ശിഹാബ് തങ്ങളുടെ പേരില്‍ 30 ദിവസങ്ങളിലായി 60000 പേര്‍ക്ക് വിഭവ സമൃദ്ധമായ ഇഫ്താര്‍ ഖൂരിയുടെ വകയായി നല്‍കി. മസ്ജിദ് ട്രസ്റ്റിനു കീഴില്‍ ശിഹാബ് തങ്ങള്‍ സ്മരണക്കായി ആംബുലന്‍സ് സര്‍വീസ് ഏര്‍പ്പെടുത്തി. അവിടെ സൗജന്യ ഡയാലിസിസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചു. ഓരോ വര്‍ഷവും ആയിരക്കണക്കിന് മുസ്ഹഫുകള്‍ "ശിഹാബ് തങ്ങളുടെ പേരില്‍ വഖഫ് ചെയ്തത്' എന്ന് അടയാളപ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഖൂരി അയക്കുന്നു. നിരവധി അനാഥശാലകള്‍ക്കും അഗതികള്‍ക്കും കൈയയച്ചു സഹായം നല്‍കി. പതിനായിരക്കണക്കിനു നിര്‍ധനര്‍ക്ക് രണ്ടു പെരുന്നാളിനുമായി അരിയും മാംസവും വിതരണം തുടങ്ങി. മലയാളിയായ ആത്മമിത്രത്തിന്റെ സ്മരണ എന്നും നിറഞ്ഞുനില്‍ക്കാന്‍ ഖൂരി ചെയ്തത് എണ്ണമറ്റ സല്‍പ്രവൃത്തികളാണ്.
മെഡിക്കല്‍ എന്‍ട്രന്‍സ് പാസ്സായിട്ടും സാമ്പത്തിക പ്രയാസം നിമിത്തം പഠനം തടസ്സപ്പെടുമായിരുന്ന മലപ്പുറത്തെ നുസ്രത്തിനെക്കുറിച്ച് "ചന്ദ്രിക'യില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടപ്പോള്‍ പഠനച്ചെലവ് മുഴുവന്‍ ഏറ്റെടുത്ത ഖൂരി, ഇരുകൈകളുമില്ലാത്ത sൈ്രമറി സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് പ്രതിമാസം പഠന സഹായത്തുകയും അയച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ ഉദാഹരണങ്ങള്‍ നിരവധി. അബ്ദുറഹീം അല്‍ഖൂരിയുടെ കരുണ നിറഞ്ഞ മനസ്സ് നിരവധി മലയാളി കുടുംബങ്ങള്‍ക്ക് ഈ വിധം ആശ്രയമായിരുന്നു.
ഇക്കാക്കയോടുള്ള സ്നേഹം മക്കളോടും സഹോദരന്മാരോടും അതേ തീവ്രതയോടെയാണ് ഖൂരി പുലര്‍ത്തിപ്പോന്നത്. ഇടക്കെല്ലാം പാണക്കാട്ടേക്ക് ഫോണ്‍ ചെയ്യും. കുടുംബ വിശേഷങ്ങള്‍ ആരായും. ഇക്കാക്കയുടെ മക്കളായ ബഷീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരോട് പ്രത്യേക വാത്സല്യമാണ്. സയ്യിദ് മുനവ്വറലി ശിഹാബ് ഈയിടെ അബൂദാബിയില്‍ ചെന്നപ്പോഴും വാത്സല്യപൂര്‍വം വിളിച്ച് വിവരങ്ങളാരാഞ്ഞതും ഓരോരുത്തരെയും അന്വേിച്ച കാര്യവും പറഞ്ഞു. അദ്ദേഹം ഫോണില്‍ വിളിക്കുമ്പോഴെല്ലാം നന്മ ചെയ്യുന്നതിനെക്കുറിച്ചാണ് സംസാരിക്കുക. സ്നേഹത്തെയും സമുദായത്തിന്റെ ഒത്തൊരുമയെയുംകുറിച്ചാണ് സംസാരിക്കുക.
കൊടപ്പനക്കല്‍വെച്ചും അബൂദാബിയില്‍വെച്ചും ഞങ്ങള്‍തമ്മില്‍ കൂടിക്കാഴ്ചകള്‍ക്ക് അവസരമുണ്ടായി. അദ്ദേഹത്തിന്റെ പിന്തുണയുള്ള സംരംഭങ്ങളെക്കുറിച്ചെല്ലാം പ്രത്യേക ശ്രദ്ധയും സാന്നിധ്യവും വേണമെന്ന് സ്നേഹപൂര്‍വം നിര്‍ബന്ധിക്കും. ഈ വര്‍ഷം സമൂഹ വിവാഹത്തിനായി അദ്ദേഹത്തെ പ്രതിനിധീകരിച്ചെത്തിയത് പുത്രന്‍ മഹ്മൂദ് അല്‍ഖൂരിയായിരുന്നു. പിതാവിന്റെ പാത പിന്തുടരുന്ന സദ്സ്വഭാവിയും സമുദായസ്നേഹിയുമായ പുത്രന്‍.
അബ്ദുറഹീം അല്‍ഖൂരി എന്ന അറബ് പൗരന്‍ വിടവാങ്ങുമ്പോള്‍ മലയാളികള്‍ക്ക് നഷ്ടപ്പെടുന്നത് അളവറ്റ സ്നേഹത്തിന്റെയും ആശ്രയത്തിന്റെയും ആശ്വാസത്തിന്റെയും തുരുത്തായിരുന്ന ഒരു മഹാമനുഷ്യനെയാണ്. അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും പ്രധാനം ചെയ്യട്ടെ
chandrika daily.

No comments:

Post a Comment