Monday, July 19, 2010

രൂപയുടെ പുതിയ ചിഹ്നം കമ്പ്യൂട്ടര്‍ കീ ബോര്‍ഡില്‍

കാസര്‍കോട് : രൂപയ്ക്കുവേണ്ടി നിശ്ചയിച്ച പുതിയ ചിഹ്നം കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ ഉപോയോഗിക്കാനുള്ള സൗകര്യം വാഗ്ദാനം ചെയ്തുകൊണ്ട് മലയാളികളായ ഒരു കൂട്ടം യുവാക്കള്‍ രംഗത്ത്.
കാസര്‍കോട് സ്വദേശികളായ അബ്ദുല്‍ സലാം, അബ്ദുല്ല ഹിഷാം, ഉണ്ണി കോറോത്ത്, എ. വിശ്വജിത്ത്, ജി.എസ് അരവിന്ദ് എന്നിവരാണു രൂപയുടെ ഫോണ്ട് തയ്യാറാക്കിയത്.
രൂപയ്ക്കു രൂപം നല്‍കിയ മുംബൈ ഐഐടി ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ സെന്ററിലെ ഡി. ഉദയകുമാര്‍ അടക്കം ഈ ഫോണ്ട് ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇവര്‍ അഞ്ചുപേരും ചേര്‍ന്നു ഒന്നരക്കൊല്ലം മുന്‍പ് ആരംഭിച്ച ഫോറാഡിയന്‍ എന്ന കമ്പനിയുടെ ക്രെഡിറ്റിലാണ് ഈ നേട്ടം വരുന്നത്. മംഗലാപുരത്തും കാസര്‍കോട് വിദ്യാനഗറിലും ഈ കമ്പനിയ്ക്ക ഓഫീസുകളുണ്ട്.
ഹിന്ദിയിലെ 'ര' എന്ന അക്ഷരത്തെയും റോമന്‍ ലിപിയിലെ 'ആര്‍' എന്ന അക്ഷരത്തെയും ഓര്‍മിപ്പിക്കുന്ന അടയാളവും ചേര്‍ന്ന വിധത്തിലാണ് രൂപയുടെ ചിഹ്നം. ഇതിന്റെ വെക്ടര്‍ ഇമേജ് തയാറാക്കിയശേഷം ഫോണ്ടാക്കി മാറ്റുകയായിരുന്നു ഇവര്‍.
അതുകൊണ്ടു തന്നെ എത്ര വലുപ്പം വര്‍ധിപ്പിച്ചാലും കുറച്ചാലും ലഭിക്കുന്ന ദൃശ്യത്തിന്റെ ഗുണമേന്‍മയില്‍ കുറവുണ്ടാകില്ലെന്നും ഏറ്റവും ലളിതമായി ഉപയോഗിക്കാമെന്നും ഇവര്‍ പറയുന്നു.
ഫോണ്ട് ഡൌണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ കീബോര്‍ഡിലെ ഇടതുവശത്തു മുകളില്‍ ടാബിനു മുകളിലുള്ളതും ഏറ്റവും കുറവ് ഉപയോഗിക്കുന്നതുമായ ഗ്രേവ് ആക്‌സന്റ് കീ അമര്‍ത്തിയാല്‍ രൂപയുടെ
രൂപം പതിയും.
ആര്‍ക്കും ഡൌണ്‍ലോഡ് ചെയ്യത്തക്ക വിധത്തില്‍ ഫോണ്ടും ഉപയോഗിക്കേണ്ട വിധത്തിന്റെ സ്‌ളൈഡും വിഡിയോ ക്ലിപ്പിങ്ങ്‌സും http://blog.foradian.com എന്ന സൈറ്റില്‍ ലഭ്യമാണ്.

No comments:

Post a Comment