Sunday, July 11, 2010

വഖഫ് ബോര്‍ഡ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു

വഖഫ് ബോര്‍ഡ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു


മെഡിസിന്‍, എഞ്ചിനിയറിംഗ്,തുടങ്ങിയ പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന അര്‍ഹരായ മുസ്‌ലീം വിദ്യാര്‍ത്ഥികളില്‍ നിന്നും കേരള സ്‌റ്റേററ് വഖഫ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 2010-2011 അധ്യയന വള്‍ഷത്തേക്കുള്ള അലോട്ട്‌മെന്റ് പ്രകാരം ഒന്നാം വര്‍ഷ കോഴ്‌സിന് ചേര്‍ന്നിട്ടുള്ളവര്‍ക്ക് മാത്രമേ അപേക്ഷ സമര്‍പ്പിക്കാനുള്ള യോഗ്യതയുണ്ടായിരിക്കുകയുള്ളൂ. അപേക്ഷാ ഫോമും മറ്റു വിശദ വിവരങ്ങളും www.keralastatewakafboard.org എന്ന വെബ്‌സൈറ്റില്‍. പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബര്‍ 30

കാഷ് അവാര്‍ഡുകള്‍ നല്‍കുന്നു

കൊച്ചി. 2009-2010 വര്‍ഷത്തിലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങളില്‍ നിന്നും എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് വാങ്ങി വിജയിച്ച എല്ലാ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും, കേരളത്തില്‍ നിന്നും ടി.എച്ച്.എല്‍.സി / എച്ച്.എസ്.ഇ / ടി.എച്ച്.എസ്.ഇ / വി.എച്ച്.എസ്.ഇ പരീക്ഷകള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് വാങ്ങി വിജയിച്ച എല്ലാ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും ഐ.സി.എസ്.ഇ. പത്ത്, പന്ത്രണ്ട് പരീക്ഷയില്‍ 90% മാര്‍ക്ക് വാങ്ങി വിജയിച്ച എല്ലാ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് പരീക്ഷകളില്‍ എ1 ഗ്രേഡ് വാങ്ങി വിജയിച്ച എല്ലാ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും പി.എം. ഫൌണ്ടേണ്ടന്‍ കാഷ് അവാര്‍ഡുകള്‍ നല്‍കുന്നു. അവാര്‍ഡിനര്‍ഹരായവര്‍ മാര്‍ക്ക് ലിസ്റ്റിന്റെയും. സര്‍ട്ടിഫിക്കറ്റിന്റെയും സാക്ഷ്യപ്പെടുത്തിയ കോപ്പിയും സമുദായം തെളിയിക്കുന്ന രേഖയുടെ കോപ്പിയും ബന്ധപ്പെട്ട അധികാരികളില്‍ നിന്നും സാക്ഷ്യപ്പെടുത്തി വെള്ളക്കടലാസില്‍ വിദ്യാര്‍ത്ഥിയുടെ പേരും അഡ്രസ്സും സഹിതം പി.എം. ഫൌണ്ടേഷന്‍, നമ്പര്‍. 39/2159, അമ്പാടി അപ്പാര്‍ട്ട്മെന്റ്സ് (ഒന്നാം നില), വാരിയം റോഡ്, കൊച്ചിന്‍ -682016 എന്ന വിലാസത്തില്‍ അയക്കണം.
കൂടാതെ മുസ്ലിം ഓര്‍ഫനേജുകളില്‍ പഠിച്ച് ബിപ്ലസ് ഗ്രേഡ് വാങ്ങി എസ്.എസ്.എല്‍.സി വിജയിച്ച അനാഥരായ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും കാഷ് അവാര്‍ഡ് നല്‍കുന്നുണ്ട്. ഇവര്‍ അനാഥരാണെന്ന് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം ബന്ധപ്പെട്ട രേഖകളൊടൊപ്പം വെക്കണം. 30 വിദ്യാര്‍ഥികളെങ്കിലും പരീക്ഷക്ക് ഇരുന്നിട്ടുള്ളതും എല്ലാ വിഷയങ്ങള്‍ക്ക് ബി ഗ്രേഡ് മാര്‍ക്കോ അതില്‍ കൂടുതലോ വാങ്ങി മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചിട്ടുള്ള മുസ്ലിം മാനേജ്മെന്റ് സ്ക്കൂളുകള്‍ക്കും പ്രത്യേക അവാര്‍ഡുകള്‍ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അര്‍ഹരായ അപേക്ഷകള്‍ 2010 ജൂലൈ 31ന് മുമ്പ് പി.എം. ഫൌണ്ടേഷന്റെ കൊച്ചിയിലെ ഓഫീസില്‍ ലഭിച്ചിരിക്കണം
കൂടുതല്‍ വിവരങ്ങള്‍ക്ക് www.pmfonline.org എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക

Saturday, July 10, 2010

SKSSF സൗജന്യ മരുന്നുവിതരണകേന്ദ്രം ആരംഭിക്കും

SKSSF സൗജന്യ മരുന്നുവിതരണകേന്ദ്രം ആരംഭിക്കും
കാസര്‍കോട് : പലവിധ രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുകയും, ചികിത്സതേടി പ്രതിവിധികാണാന്‍ കഴിയാതെ ദു:ഖവും വേദനയും കടിച്ചമര്‍ത്തി ജീവിതം വഴിമുട്ടി നില്‍ക്കുന്ന ധാരാളം രോഗികള്‍ നമുക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കരുണയുടെ ഒരിത്തിരിനേട്ടമെന്ന നിലയില്‍ രോഗികള്‍ക്ക് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സഹചാരിയുടെ സഹകരണത്തോടെ എല്ലാ ദിവസവും സൗജന്യമായി മരുന്നു വിതരണം ചെയ്യുന്ന കേന്ദ്രം കാസര്‍കോട് തുടങ്ങാന്‍ എസ്.കെ. എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ അബൂബക്കര്‍ സാലൂദ് നിസാമി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഫൈസി സ്വാഗതം പറഞ്ഞു. ബഷീര്‍ ദാരിമി തളങ്കര, എം. ഖലീല്‍, ഹാരീസ് ദാരിമി ബെദിര, റഷീദ് ബെളിഞ്ചം, റസാഖ് ദാരിമി, സുഹൈര്‍ അസ്ഹരി, ഹമീദ് കോളോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

ഇസ്‌റാഉം മിഅ‌റാജും

ഇസ്‌റാഉം മിഅ‌റാജും
പ്രവാചകരുടെ ജീവിത്തില്‍ നടന്ന അല്‍ഭുതസംഭവങ്ങളിലൊന്നാണ് ഇസ്‌റാഉം മിഅ്‌റാജും. ഒരു രാത്രി ഉമ്മു ഹാനിഇന്റെ വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ജിബ്രീല്‍ പ്രവാചകരെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ഫലസ്ഥീനിലെ ബൈതുല്‍ മുഖ്ദിസിലേക്ക് കൊണ്ടുപോയ സംഭവമാണ് ഇസ്‌റാഅ (നിശാപ്രയാണം) എന്നറിയപ്പെടുന്നത്. ബുറാഖെന്ന സ്വര്‍ഗീയ വാഹനപ്പുറത്തായിരുന്നു ആ യാത്ര. അവിടെ ചെന്ന് രണ്ട് റക്അത്ത് നിസ്‌കരിച്ച ശേഷം ഏഴാകാശവും തുടര്‍ന്ന് അല്ലാഹുവിന്റെ സന്നിധിയിലേക്കും അവിടുന്ന് യാത്ര ചെയ്തു. ഇതാണ മിഅ്‌റാജ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ ആകാശയാത്രയില്‍ ഓരോ ആകാശത്തുവെച്ചും യഥാക്രമം ആദം, യഹ്‌യ, ഇബ്‌റാഹീം, യൂസുഫ്, ഇദ്‌രീസ്, ഹാറൂണ്‍, മൂസാ, ഈസാ തുടങ്ങിയ നബിമാരുമായി സന്ധിക്കുവാനും അല്ലാഹുവുമായി സംഭാഷണത്തിലേര്‍പ്പെടാനും നബി(സ്വ) തങ്ങള്‍ക്ക് സാധിച്ചു. തിരിച്ചു വരുമ്പോള്‍ അല്ലാഹു പ്രവാചകര്‍ക്കു നല്‍കിയ സമ്മാനമായിരുന്നു അന്‍പത് നേരമുള്ള നിസ്‌കാരം. തിരിച്ചു വരുമ്പോള്‍ മൂസാ നബി (അ) നെ കാണുകയും അദ്ദേഹത്തിന്റെ പ്രേരണയാല്‍ നബി (സ്വ) അല്ലാഹുവോട് ചുരുക്കിത്തിരാന്‍ ആവശ്യപ്പെടുകയും അവാസാനം അഞ്ചായി ചുരുക്കുകയും ചെയ്തു.

Wednesday, May 5, 2010

വള്‍വക്കാട് ദര്‍സ് വാര്‍ഷികം 2010

വള്‍വക്കാട് ദര്‍സ് വാര്‍ഷികം 2010 മെയ്‌ 16,17,18 തിയ്യതികളില്‍

സലിം ഫൈസി ഇര്‍ഫാനി, അബ്ദുല്‍ നാസര്‍ ഫൈസി കൂടത്തായി, നജീബ് മൌലവി മമ്പാട് പ്രഭാഷണം നടത്തുന്നു.

സമാപന സമ്മേളനത്തില്‍ വെച്ച് മുദരിസ് അബ്ദുല്‍ റഹീം ബാഖവിക്ക് പാണക്കാട് സയ്യിദ് ഷമീര്‍ അലി ശിഹാബ് തങ്ങള്‍ ഉപഹാരം നല്‍കുന്നു.

ത്വാഖ അഹമ്മദ്‌ മൗലവി

ത്വാഖ അഹമ്മദ്‌ മൗലവി

ഭാരതം ബ്രീട്ടിഷ്‌ ഭരണത്തില്‍ നിന്ന്‌ മോചിതയാകുന്നതിന്‌ 5 ദിവസം മുമ്പ്‌ (1947 ആഗസ്‌ത്‌ 10 ) വിശുദ്ധ റമളാന്‍ മാസത്തിലെ അതിവിശുദ്ധമായ ലൈലത്തുല്‍ ഖദറിന്റെ രാത്രിയില്‍ കാസര്‍കോട്‌ ഖാസി അബ്‌ദുല്‍ഖാദര്‍ ഹാജിയുടെ (ചെറിയോര്‍) പുത്രന്‍ മുഹമ്മദ്‌കുഞ്ഞി ഹാജിയുടെയും, ചെമ്പരിക്ക ഖാസിയും വലിയ്യുമായ സി. മുഹമ്മദ്‌കുഞ്ഞിഹാജിയുടെ പുത്രി ആയിഷയുടെയും മകനായി ജനിച്ച്‌ ആത്മീയ തേജസ്സായി മാറിയ മഹാ പണ്‌ഡിതനാണ്‌ ത്വാഖ അഹമ്മദ്‌ മൗലവി, അല്‍- ഖാസിമി, അല്‍- അസ്‌ഹരി ഏകദേശം 100 വര്‍ഷം മുമ്പ്‌ മംഗലാപുരം ഖാസിയായിരുന്ന പ്രശസ്‌ത വലിയ്യും മഹാപണ്‌ഡിതനുമായിരുന്ന ഖാസി അബ്‌ദുല്ലഹാജി (ന:മ) യുടെ പൗത്രപുത്രനാണ്‌ ത്വാഖ അഹമ്മദ്‌ മൗലവി. ഖാസി അബ്‌ദുല്ലഹാജിയുടെ കുടുംബപരമ്പര ആരംഭിക്കുന്നത്‌ ലക്ഷദ്വീപിലെ അന്ത്രോത്തില്‍ നിന്നാണ്‌. അന്ത്രോത്ത്‌ ദ്വീപില്‍ ഇന്നും ഖാസി സ്ഥാനം വഹിച്ചുകൊണ്ടിരിക്കുന്ന ``ഖാസിന്റെവിട തറവാട്‌ ''. ഇസ്ലാമിക റിപ്പബ്ലിക്കിന്റെ ഒന്നാം ഖലീഫയും മുഹമ്മദ്‌ നബിയുടെ (സ) സന്തത സഹചാരിയുമായ അബൂബക്കര്‍ സിദ്ധീഖ്‌ (റ)യുടെ പൗത്രനായ ഉബൈദുല്ലാഹില്‍ മക്കിയ്യ്‌ (റ) എന്നവരാണ്‌ ലക്ഷദ്വീപില്‍ ഇസ്ലാമിക സന്ദേശവുമായി എത്തുകയും അന്ത്രോത്ത്‌ ദ്വീപില്‍ വഫാത്തായി മറപ്പെട്ട്‌ കിടക്കുയും ചെയ്യുന്നത്‌. ആ പാരമ്പരയില്‍പ്പെട്ടവരാണ്‌ ലക്ഷദ്വീപില്‍ ഖാസിന്റെവിട എന്ന പേരില്‍ തറവാട്‌ സ്ഥാപിച്ചത്‌. അതില്‍ നിന്നൊരാള്‍ കേരളത്തിലേയ്‌ക്ക്‌ വരികയും ഖാസിയാറകമെന്ന പേരില്‍ കേരളത്തില്‍ തറവാട്‌ സ്ഥാപിക്കുകയും ചെയ്‌തു. ആ പരമ്പരയില്‍പ്പെട്ട മഹാപണ്‌ഡിതനും ഖാസിയുമായിരുന്നു ഖാസി അബ്‌ദുല്ലഹാജി(നഃമ). അദ്ദേഹത്തിന്റെ പൗത്രപുത്രനായ ത്വാഖ അഹമ്മദ്‌ മൗലവി ദീര്‍ഘവീക്ഷണശാലിയും മഹാപണ്‌ഡിതനുമായിരുന്ന ഖാസി സി.എം. അബ്‌ദുല്ല മൗലവി(നഃമ)യുടെ പിന്‍ഗാമിയായി കീഴൂര്‍ സംയുക്ത ജമാഅത്തിന്റെ ഖാസിയായി സ്ഥാനമേല്‍ക്കുന്നത്‌ നാം ഏവര്‍ക്കും അഭിമാനമാണ്‌.

നാമെല്ലാവരെയും അതീവ ദുഃഖത്തിലാഴ്‌ത്തിക്കൊണ്ട്‌ നമ്മെ വിട്ട്‌ പിരിഞ്ഞുപോയ സി. എം. അബ്‌ദുല്ല ഉസ്‌താദ്‌ വിരല്‍ചൂണ്ടിയ ലക്ഷ്യങ്ങള്‍ ഒരിക്കലും പിഴച്ചതായി നമുക്ക്‌ ദര്‍ശിക്കാന്‍ കഴിയില്ല. മരണപ്പെടുന്നതിന്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ രോഗാതുരനായി മംഗലാപുരം ഹോസ്‌പിറ്റലില്‍ അഡ്‌മിറ്റ്‌ ചെയ്‌ത സമയത്ത്‌ തന്നെ മംഗലാപുരം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നായിബ്‌ ഖാസിയായി ത്വാഖ അഹമ്മദ്‌മൗലവിയെ അവരോധിച്ചത്‌ സി. എം. ഉസ്‌താദ്‌ എന്ന പേരില്‍ നാമെവര്‍ക്കും സുപിരിചിതനായ ആ മഹാപണ്‌ഡിതന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനമാണെന്ന്‌ നമുക്ക്‌ മനസ്സിലാക്കാം. ഉത്തരമലബാറിന്റെയും പ്രത്യേകിച്ച്‌ നമ്മുടെ ജില്ലയുടെയും മതവിജ്ഞാനദാഹത്തിന്‌ അറുതിവരുത്താന്‍ തന്റെ ജീവിതകാലം മുഴുവന്‍ പ്രയത്‌നിച്ച മഹാനായ സി.എം. ഉസ്‌താദ്‌ മുന്‍കൈയെടുത്ത്‌ സ്ഥാപിച്ച സ്ഥാപനങ്ങളൊക്കെയും പ്രൗഢിയോടെ നമ്മുടെ മുമ്പില്‍ തലയുര്‍ത്തി നില്‍ക്കുമ്പോള്‍ ആ മഹാപണ്‌ഡിതനെ ഒരിക്കലും വിസ്‌മരിക്കാന്‍ നമുക്ക്‌ ആവില്ല.

പാണ്‌ഡിത്യത്തിന്റെ നിറകൂടമായ ത്വാഖ അഹമ്മദ്‌ മൗലവി പ്രാഥമിക വിദ്യഭ്യാസം തളങ്കര റൗളത്തൂല്‍ ഉലൂം മദ്‌റസ തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ എന്നിവിടങ്ങില്‍ നിന്നാണ്‌ നേടിയത്‌. മാവിലാടം, പൊന്നാനി, കൊടുങ്ങല്ലൂര്‍, ദാറുല്‍ ഉലൂം ദെയുബന്ദ്‌, അല്‍ - അസ്‌ഹാര്‍ യൂണിവേഴ്‌സിറ്റി കൈറോ( ഈജിപ്‌ത്‌) എന്നിവിടങ്ങളില്‍ നിന്നാണ്‌ തുടര്‍വിദ്യാഭ്യാസം നേടിയത്‌. പ്രഗത്ഭ പണ്‌ഡിതന്മാരായ കെ.കെ. അബ്‌ദുല്ല മുസ്‌ലിയാര്‍ കരുവാരക്കുണ്ട്‌, കെ.കെ. മുഹമ്മദ്‌ മൗലവി ശൂജായി, ശൈഖുല്‍ ഹദീസ്‌ മൗലാന ഫക്രുദ്ധീന്‍ സാഹിബ്‌, മൗലാന ഫക്രുല്‍ ഹസ്സന്‍, മൗലാന വഹീദ്‌ സമാന്‍, ഡോ: അബ്‌ദുല്‍ ഹക്കീം മഹമ്മൂദ്‌ കൈറോ, ഖാരി മുഹമ്മദ്‌ ത്വയിബ,്‌ മര്‍ഹൂം യു. കെ. ആറ്റക്കോയതങ്ങള്‍, മര്‍ഹൂം അബ്‌ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ (ഖാസിലെ മുന്‍ ഇമാം) മര്‍ഹൂം സീതി കുഞ്ഞിമാസ്റ്റര്‍, മര്‍ഹൂം ടി. ഉബൈദ്‌ മാസ്റ്റര്‍ തുടങ്ങി കേരളത്തിലെയും ഇന്ത്യയിലെയും ഈജിപ്‌തിലെയും പ്രഗത്ഭരും പ്രശസ്‌തരുമായവരില്‍ നിന്ന്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന്‌ കോട്ടയം ജില്ലയിലെ തിരുനക്കര പുത്തന്‍പള്ളിയില്‍ മുദരീസും ഖത്തീബുമായി ദീനി രംഗത്ത്‌ സേവനം ആരംഭിച്ചു.

1977ല്‍ ഈജിപ്‌റ്റിലെ അല്‍- അസ്‌ഹാര്‍ യൂണിവേഴ്‌സിറ്റിയിലേയ്‌ക്ക്‌. 1978 ല്‍ അല്‍- അസ്‌ഹാര്‍ യൂണിവേഴ്‌സിറ്റിയിലെ പണ്‌ഡിതരുടെയും, ഒമാനിലെ സുല്‍ത്താന്‍ ഖാബൂസിന്റെ മാതാവ്‌ സൈയ്യിദ മൈസൂന്‍ ബീവിയുടെയും നിര്‍ദ്ദേശപ്രകാരം സലാലയിലെ പ്രശസ്‌തമായ മസ്‌ജിദ്‌ ``ശൈഖത്തു സല്‍മ'' യിലേക്ക്‌ നേരിട്ടുള്ള നിയമനം. അവിടെ നീണ്ട 31 വര്‍ഷം മുദരീസും ഇമാമുമായി പ്രവര്‍ത്തിച്ച ഈ പണ്‌ഡിത തേജസ്സ്‌ മലയാളികള്‍ക്കും അറബികള്‍ക്കും ആഴ്‌ചയില്‍ പ്രത്യേകം മതപഠന ക്ലാസുകള്‍ നടത്തി സ്വദേശികളുടെയും വിദേശികളുടെയും അഭിമാനഭാജനമായി മാറി. ഒമാനില്‍ പല ഉന്നത സ്ഥാനങ്ങളിലും ഇരിക്കുന്ന ഡോക്‌ടര്‍മാരും എഞ്ചീനിയര്‍മാരും ഉള്‍പ്പടെയുള്ളവര്‍ ത്വാഖാ അഹമ്മദ്‌ മൗലവിയുടെ ശിഷ്യന്മാരാണ്‌. സ്വദേശികള്‍ക്ക്‌ ശൈഖ്‌ അഹമ്മദായും വിദേശികള്‍ക്ക്‌ ത്വാഖ അഹമ്മദ്‌ മൗലവിയായും അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഒഴിവിലേക്ക്‌ പ്രസ്‌തുത മസ്‌ജിദില്‍ ഇതുവരെ പുതിയ ഇമാമിനെ നിയമിച്ചിട്ടില്ലായെന്നറിയുമ്പോള്‍ അദ്ദേഹത്തിന്റെ പ്രശസ്‌തി എത്രത്തോളമായിരുന്നെന്ന്‌ നമുക്ക്‌ മനസ്സിലാക്കാം.

നീണ്ടയാത്രകളും പ്രവാസജീവിതവും അവസാനിപ്പിച്ച്‌ സ്വദേശത്തേയ്‌ക്ക്‌ തിരിച്ചുവരുമ്പോള്‍ 8 ക്വിന്റലോളം മതപഠന ഗ്രന്ഥങ്ങളാണ്‌ കൊണ്ടുവന്നത്‌. അതിനെക്കാളും അധികം മത ഗ്രന്ഥങ്ങള്‍ നാട്ടിലുമുണ്ടായിരുന്നു. ഇവ രണ്ടും കൂടി ഒരു ഗ്രന്ഥപുര തന്നെ ത്വാഖ അഹമ്മദ്‌ മൗലവിയുടെ വീട്ടില്‍ നമുക്ക്‌ ദര്‍ശിക്കാം. വിശുദ്ധ ഖുര്‍ആനിലെ ആദ്യവാക്യമായ ഇഖ്‌റഅ്‌ എന്ന വാക്കിന്റെ അര്‍ത്ഥം അതേപടി പുലര്‍ത്തിയിരുന്ന മുന്‍കാലം (സലാലൈയിലെ) സ്വദേശത്ത്‌ തിരക്ക്‌ കാരണമായി ലഭിക്കാത്തതില്‍ ഈ പണ്‌ഡിതതേജസ്സ്‌ നെടുവീര്‍പ്പിടുന്നു.

നമ്മെയെറെ വേദനപ്പിച്ചുകൊണ്ട്‌ വിട്ട്‌ പിരിഞ്ഞുപോയ മഹാനായ സി.എം. അബ്‌ദുല്ല ഉസ്‌താദിന്റെ (നഃമ) പിന്‍ഗാമിയായി സ്ഥാനമേറ്റെടുക്കുന്ന ഈ പണ്‌ഡിതതേജസ്സിന്‌ മതംവിഭാവനം ചെയ്‌ത സല്‍പ്പാന്താവില്‍കൂടി നമ്മെ നയിക്കാന്‍ നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ അതൊടൊപ്പം അദ്ദേഹത്തിന്‌ ദീര്‍ഘായുസ്സും ആരോഗ്യവും നാഥന്‍ നല്‍കുമാറാകട്ടെ.
(from Kasaragodvartha.com)